Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്‌നി ബാധ ഉണ്ടായെന്നത് ചരിത്രം; 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതതും രേഖകളിൽ; ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത് പരമ്പരയുടേതായി തുടരും; പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകുന്നത് നിയമവും ചരിത്രവും ഇഴപിരിച്ച് പരിശോധിച്ച്; സുപ്രീംകോടതി വിധിയിൽ നിറയുന്നത് പരമ്പരയ്ക്കുള്ള അവകാശം

1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്‌നി ബാധ ഉണ്ടായെന്നത് ചരിത്രം; 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതതും രേഖകളിൽ; ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത് പരമ്പരയുടേതായി തുടരും; പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകുന്നത് നിയമവും ചരിത്രവും ഇഴപിരിച്ച് പരിശോധിച്ച്; സുപ്രീംകോടതി വിധിയിൽ നിറയുന്നത് പരമ്പരയ്ക്കുള്ള അവകാശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത്, സ്ഥാപകന്റെ പരമ്പരയുടേതായി തുടരും. അല്ലെങ്കിൽ, ആചാരപരമായോ സ്ഥാപകൻ സ്വമേധയാലോ ഷെബൈത്ത് കൈമാറിയിരിക്കണം. പരമ്പരയിൽ മാറ്റം നിർദ്ദേശിക്കാനോ, പിന്തുടർച്ചാവകാശ പരമ്പര സംബന്ധിച്ചു പുതിയ ചട്ടം കൊണ്ടുവരാനോ കോടതിക്കു സാധിക്കില്ലശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശങ്ങൾ സുപ്രീംകോടതി തിരിച്ചു നൽകുന്നത് ഷെബൈത്ത് എന്ന സാങ്കേതികത്വത്തിലൂടെയാണ്.

ഷെബൈത്ത് എന്ന വാക്കിന്റെ ഉത്ഭഭം ഹീബ്രു ഭാഷയിലെ 'ഷബ' എന്ന വാക്കിൽനിന്നാവാമെന്നാണു ശിശിർ ചക്രവർത്തി കേസിലെ (2009) വിധിയിൽ കൊൽക്കത്ത ഹൈക്കോടതി അനുമാനിച്ചത്. 'ഷബ' എന്നതിന് പ്രതിജ്ഞയാൽ ബന്ധിക്കുക എന്ന് അർഥം ഉണ്ടെന്നായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളെയും എൻഡോവ്‌മെന്റുകളെയും സംബന്ധിച്ച പുസ്തകത്തിൽ, ജൊഗേന്ദ്ര ചന്ദ്ര ഘോഷ്, ഷെബൈത്തിനെ വിശദീകരിക്കുന്നതിങ്ങനെ: 'ഷെബ എന്ന വാക്കിന് സേവനം എന്നർഥം. അങ്ങനെ ഷെബൈത്തിലൂടെ രാജകുടുംബത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അവകാശങ്ങൾ ഉറപ്പിച്ചു കിട്ടുകയാണ്.

1686ലെ വലിയ തീപിടുത്തത്തിനുശേഷം, മാർത്താണ്ഡവർമയാണു ക്ഷേത്രം വീണ്ടും നിർമ്മിച്ചതും പുതിയ പ്രതിഷ്ഠ സ്ഥാപിച്ചതും. കൊച്ചി രാജകുടുംബവുമായി 1949 മേയിൽ ഉടമ്പടി ഒപ്പുവയ്ക്കും വരെയും തിരുവിതാംകൂർ രാജാക്കന്മാരുടെ ഷെബൈത്ത് അവകാശം തുടർന്നു. മരുമക്കത്തായ പ്രകാരമാവും പിന്തുടർച്ചാവകാശമെന്ന് 1947 ഓഗസ്റ്റ് 10നു രാജവിളംബരമുണ്ടായി. ഉടമ്പടിയിലെ 8(എ)വകുപ്പുപ്രകാരം, ക്ഷേത്രത്തിന്റെയും പണ്ടാരവക വസ്തുക്കളുടെയും ക്ഷേത്രത്തിന്റെ മറ്റെല്ലാ സമ്പത്തിന്റെയും അവകാശം തിരുവിതാംകൂർ ഭരണാധികാരിയിൽ നിക്ഷിപ്തമായി. എവിടെയെല്ലാം, തിരുവിതാംകൂർ രാജാവ് തുടർന്നും അധികാരം പ്രയോഗിക്കേണ്ടതുണ്ടോ, അതെല്ലാം ഉടമ്പടിയിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും, ഇത്തരത്തിൽ, ക്ഷേത്രാവകാശം സംബന്ധിച്ച് വ്യക്തമായും പ്രത്യേകമായും പറഞ്ഞിട്ടില്ല-ഇതാണ് നിർണ്ണായകമായത്.

ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഭരണാധികാരി എന്ന് 1949ലെ ഉടമ്പടിയിലുള്ള പരാമർശം, ഷെബൈത്ത് എന്ന നിലയ്ക്കുള്ള വ്യക്തിയെ സംബന്ധിച്ചു വ്യക്തത വരുത്താൻ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജഭരണം അവസാനിച്ചതോടെ രാജകുടുംബത്തിന്റെ അവകാശവും ഇല്ലാതായെന്ന ഹൈക്കോടതിയുടെ വിധിയെ അങ്ങനെ സുപ്രീംകോടതി തള്ളി. ഷെബൈത്ത്, തിരുവിതാംകൂറിലെ അവകാശിയിൽ നിക്ഷിപ്തമെന്നു മാത്രമല്ല, ക്ഷേത്ര ഭരണം നടക്കേണ്ടത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലായിരിക്കണമെന്നും ഉടമ്പടയിൽ പറയുന്നുണ്ട്. ഉടമ്പടി ഒപ്പുവച്ച തിരുവിതാംകൂർ ഭരണാധികാരിയുടെ പദവിയെ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ 363ാം വകുപ്പനുസരിച്ച്, ചില ഉടമ്പടികളിലും കരാറുകളിലും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. 1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്‌നിബാധയുണ്ടായി. 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതു.

1750 ജനുവരി 17-നായിരുന്നു പ്രസിദ്ധമായ 'തൃപ്പടിദാനം'. ഒറ്റക്കൽ മണ്ഡപത്തിൽ ഉടവാൾെവച്ച് രാജ്യം ശ്രീപത്മനാഭന് സമർപ്പിച്ചതോടെ ക്ഷേത്രചരിത്രം മാറി. പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവ് വരെ 12 രാജാക്കന്മാരും രാജ്ഞിമാരും നാടുവാണു. 1936 നവംബർ 12-ന് ചിത്തിരതിരുനാൾ നടത്തിയ ക്ഷേത്രപ്രവേശന വിളംബരവും ചരിത്രമായി. 'തിരു-കൊച്ചി' സംസ്ഥാനം നിലവിൽ വന്നശേഷം തിരുവിതാംകൂറും ഇന്ത്യാഗവൺമെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടി (കവനന്റ്) പ്രകാരം ക്ഷേത്രത്തിന്റെ ഭരണാവകാശവും അധികാരവും രാജാവിന് നൽകി. 'രാജപ്രമുഖൻ' എന്നനിലയിൽ അധികാരത്തിൽ തുടർന്ന ചിത്തിരതിരുനാളിന് ഐക്യകേരളം നിലവിൽവന്നതോടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കവനന്റ് പ്രകാരമുള്ള അവകാശങ്ങൾ നിലനിന്നു.

രാജാക്കന്മാർക്ക് അനുവദിച്ചിരുന്ന അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അവകാശങ്ങളിൽ കുറവ് വന്നിരുന്നില്ല. 1971-ൽ ക്ഷേത്രത്തിലെ ശ്രീപണ്ടാരം വക ഭൂമി വൻതോതിൽ സർക്കാർ ഏറ്റെടുത്തു. 1991 ജൂലായ് 19-ന് ചിത്തിരതിരുനാൾ അന്തരിച്ചതിനെ തുടർന്ന് അനുജൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ശ്രീപത്മനാഭ ദാസനായി. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മൂലം തിരുനാൾ രാമവർമയാണ് രാജകുടുംബത്തിൽനിന്നുള്ള ക്ഷേത്രം സ്ഥാനി.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും പ്രതിഷ്ഠയിലും തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അവകാശം സുപ്രീംകോടതി തിങ്കളാഴ്ച ശരിവെച്ചത് ക്ഷേത്രഭരണം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധി റദ്ദാക്കിക്കൊണ്ടാണ്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബമടക്കം നൽകിയ ഹർജികളിലാണ് വിധി. ക്ഷേത്രത്തിന് അഞ്ചംഗ ഭരണസമിതിയും ഇവർക്ക് മാർഗനിർദ്ദേശം നൽകാൻ ഉപദേശക സമിതിയും വേണമെന്ന രാജകുടുംബാംഗങ്ങളുടെ നിർദ്ദേശം നാമമാത്ര ഭേദഗതിയോടെ സുപ്രീംകോടതി അംഗീകരിച്ചു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവണം ഭരണസമിതിയെന്നായിരുന്നു ആവശ്യം. ഇതിനുപകരം ജില്ലാ ജഡ്ജിയെയാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.

ക്ഷേത്രത്തിന്റെ ആസ്തികൾ കൈകാര്യംചെയ്യേണ്ടത് ഈ സമിതികളാണ്. തന്ത്രിയുടെ നിർദ്ദേശപ്രകാരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുകയുംവേണം. അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. വിവാദമായ ബി നിലവറ തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സമിതികൾക്ക് തീരുമാനിക്കാം. ഭേദഗതി അംഗീകരിച്ചുകൊണ്ട് ഹർജിക്കാരനായ ക്ഷേത്രട്രസ്റ്റി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. അത് രാജകുടുംബത്തിലെ ഇനിവരുന്ന അവകാശികൾക്കും ബാധകമായിരിക്കും. സത്യവാങ്മൂലം ഫയൽചെയ്ത് നാലാഴ്ചയ്ക്കകം രണ്ടു സമിതികളും നിലവിൽവരും. ഇതോടെ, 2014-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം രൂപവത്കരിച്ച ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഒമ്പതുവർഷത്തിനിടെ സുപ്രീംകോടതി ഉത്തരവുപ്രകാരമുണ്ടാക്കിയ മറ്റു കമ്മിറ്റികളുടെയെല്ലാം കാലാവധി നാലുമാസംകൂടി തുടരും. അവ തുടരണമോയെന്ന് ഉപദേശകസമിതിക്ക് തീരുമാനിക്കാം.

ഭരണസമിതി

തിരുവനന്തപുരം ജില്ലാ ജഡ്ജി
ക്ഷേത്ര ട്രസ്റ്റി നിർദ്ദേശിക്കുന്നയാൾ
മുഖ്യ തന്ത്രി,
സംസ്ഥാനസർക്കാർ പ്രതിനിധി,
കേന്ദ്ര സാംസ്‌കാരികവകുപ്പ് പ്രതിനിധി

ഉപദേശക സമിതി

വിരമിച്ച ഹൈക്കോടതി ജഡ്ജി (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ട്രസ്റ്റി നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തി
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ്

ദൈനംദിന ഭരണച്ചുമതല

എക്‌സിക്യുട്ടീവ് ഓഫീസർ (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP