Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടി മറിഞ്ഞു വീണപ്പോൾ വളരെ സാവധാനം കാൽ കവച്ച് വച്ച് സ്‌കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ചതെല്ലാം പഴയ കഥ; കൂട്ടുകാരനെ കിട്ടിയപ്പോൾ 'പടയപ്പയും' ആളാകെ മാറി; പാപ്പുഞ്ഞിയുടെ കടയിലെത്തി പച്ചക്കറിയും പഴങ്ങളും തിന്ന് കട തകർത്ത് മടങ്ങിയത് ആ പഴയ ശാന്തസ്വഭാവി; ഇതേ കട ആനകൾ ആക്രമിക്കുന്നത് മൂന്നാം തവണ; മൂന്നാർ ടൗണിൽ ഭീതിവിതച്ച് കാട്ടാനകളുടെ തേർവാഴ്ച

അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടി മറിഞ്ഞു വീണപ്പോൾ വളരെ സാവധാനം കാൽ കവച്ച് വച്ച് സ്‌കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ചതെല്ലാം പഴയ കഥ; കൂട്ടുകാരനെ കിട്ടിയപ്പോൾ 'പടയപ്പയും' ആളാകെ മാറി; പാപ്പുഞ്ഞിയുടെ കടയിലെത്തി പച്ചക്കറിയും പഴങ്ങളും തിന്ന് കട തകർത്ത് മടങ്ങിയത് ആ പഴയ ശാന്തസ്വഭാവി; ഇതേ കട ആനകൾ ആക്രമിക്കുന്നത് മൂന്നാം തവണ; മൂന്നാർ ടൗണിൽ ഭീതിവിതച്ച് കാട്ടാനകളുടെ തേർവാഴ്ച

എം മനോജ് കുമാർ

മൂന്നാർ: മൂന്നാർ ടൗണിൽ അടിക്കടി പ്രത്യക്ഷപ്പെടുന്ന കാട്ടാനകളുടെ സ്വൈരവിഹാരം ജനജീവിതത്തിനു ഭീഷണിയാകുന്നു. ആനകൾ ടൗണിൽ തന്നെ ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. രണ്ടു ആനകളാണ് ഇന്നലെ മൂന്നാർ ടൗണിൽ ഇന്നലെ അർദ്ധരാത്രി ഇറങ്ങിയത്. ടൗണിലെ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ കടയിലെ പച്ചക്കറികളും മറ്റും ആനകൾ ഭക്ഷിക്കുകയും കട നശിപ്പിക്കുകയും ചെയ്തു. പടയപ്പ എന്ന അറിയുന്ന ആനയും മറ്റൊരു ആനയുമാണ് അക്രമങ്ങൾ നടക്കുന്നത്. ഉപദ്രവകാരിയായിരുന്നില്ല മുമ്പ് പടയപ്പ എന്ന ആന. എന്നാൽ ഇപ്പോൾ അതും മാറുകയാണ്.

പെരുമ്പാവൂർകാരനായ പാപ്പുഞ്ഞിയുടെ വെജിറ്റബിൾ കട ലക്ഷ്യമാക്കിയാണ് ആനകൾ വന്നത്. ഈ ലോക്ക്‌ഡൗൺ കാലത്ത് ഇതേ കടയുടെ നേരെ കാട്ടാനകൾ നടത്തുന്ന മൂന്നാമത് ആക്രമണമാണിത്. കാട്ടാനകൾ തിരഞ്ഞുപിടിച്ച് വന്നാണ് പാപ്പുഞ്ഞിയുടെ കട നശിപ്പിക്കുന്നത്. വീഡിയോ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും. ആനകൾ നടന്നു വന്നു വളവ് തിരിഞ്ഞു വന്നു ഈ കടയുടെ നേരെ മാത്രമാണ് ആക്രമണം നടത്തുന്നത്. പച്ചക്കറികളും ഫ്രൂട്ട്‌സുമാണ് ആനകൾ ലക്ഷ്യമാക്കിയത്. കടയും പൂർണമായി ഈ ആക്രമണത്തിൽ തകർന്നിട്ടുമുണ്ട്.

മുന്നാർ ലോക്ക് ഡൗണിൽ തുടരവേ കൊറോണയെ മാത്രമല്ല ആനയെയും പേടിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും വ്യാപാരികൾ ഉൾപ്പെടെയുള്ളവരും. തേയില തോട്ടങ്ങളിൽ കാട്ടാനകൾ ഇപ്പോൾ നിത്യ സന്ദർശകരാണ്. മനുഷ്യസാന്നിധ്യം കുറവായതും വരൾച്ചയുമാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്താൻ കാരണം. ഇതുവരെ മൂന്നാർ ടൗൺ കാണാത്ത ആക്രമണമാണ് കാട്ടാനകൾ നടത്തുന്നത്. പെരുമ്പാവൂരുകാരനായ പാപ്പുഞ്ഞി ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലാണ് ഉള്ളത്. ജീവനക്കാരാണ് ഷോപ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. പാപ്പുഞ്ഞി കടയിൽ ഉള്ളപ്പോൾ ഇവിടെ തന്നെയാണ് കിടക്കുന്നത്. ഷട്ടർ ഇല്ലാത്ത കടമുറിയാണ് ഇത്. ടാർപോളിനും മറ്റും വലിച്ച് കെട്ടുകയാണ് ചെയ്യുന്നത്. പാപ്പുഞ്ഞിയുണ്ടെങ്കിൽ പാപ്പുഞ്ഞിയെ ആനകൾ അപായപ്പെടുത്തിയേനെ.

മൂന്നു വർഷം മുൻപ് മറയൂരിൽ ഒരു കടയ്ക്ക് നേരെ ആന ആക്രമണം നടത്തിയപ്പോൾ കട നശിപ്പിക്കുകയും കടക്കാരനെ കൊല്ലുകയും ചെയ്തിരുന്നു. പപ്പുഞ്ഞിയുണ്ടെങ്കിൽ ഇതേ അവസ്ഥ പാപ്പുണ്ണിക്കും വന്നേനെയെന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. മുന്നാർ ടൗണിൽ ആന ശല്യം ഇല്ലാത്തതാണ്. സഞ്ചാരികളുടെ ബഹളവും വാഹനങ്ങളും ആളുകളുമൊക്കെയായി അർദ്ധരാത്രിയും സജീവമായി നിൽക്കുന്നതാണ് മൂന്നാർ ടൗൺ. ലോക്ക് ഡൗൺ ആയതിനാൽ സഞ്ചാരികളും വാഹനങ്ങളുമില്ല. അതാണ് ആനകൾ സ്വൈരവിഹാരത്തിനു ഇറങ്ങുന്നത്. എന്തായാലും കാട്ടാനകളുടെ വരവ് നാട്ടുകാരിൽ ഭീതി വളർത്തിയിട്ടുണ്ട്. മൂന്നാമത് ആക്രമണമാണ് നടന്നത് എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കണ്ണൻ ദേവൻ എസ്റ്റേറ്റിൽ കാട്ടാനയുണ്ട്. കണ്ണൻ ദേവനിലെ ആനകളാണ് പാപ്പുഞ്ഞിയുടെ കട തേടി വന്നത്. ലോക്ക് ഡൗണിലേ അനുകൂല സാഹചര്യമാണ് ആനകൾ ഉപയോഗപ്പെടുത്തുന്നത്. ആനകളെ ഇപ്പോൾ രാത്രിയിൽ ഇറങ്ങി. ഇനി പകൽ ഇറങ്ങിയാൽ തങ്ങളുടെ കാര്യം എന്താണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവം ഇന്നു രാവിലെ അറിഞ്ഞെന്നും എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും എന്ന കാര്യം ആലോചിക്കുമെന്നും മൂന്നാർ ഡിഎഫ്ഒ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം ആളുകളും വാഹനങ്ങളും ഇല്ലാത്ത അവസ്ഥയാണ് മൂന്നാറിൽ ആനകൾ എത്താൻ കാരണം. പച്ചക്കറികൾ കടക്കാർ റോഡിൽ തന്നെ തള്ളിപോകുന്ന അവസ്ഥയും മൂന്നാർ ടൗണിലുണ്ട്. ഇതെല്ലാം കഴിക്കാൻ വേണ്ടിയാണ് ആനകൾ ഇറങ്ങുന്നത്. ആളും ബഹളവും ഇല്ലാത്തതും ആനകൾക്ക് അനുകൂല സാഹചര്യമാവുന്നു. അന്വേഷിച്ച് നടപടികൾ കൈക്കൊള്ളുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫോറസ്റ്റ് വിഭാഗത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആർഡിഒ പ്രേം മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം നിലനിൽക്കുന്ന വിജനതയാണ് ആനകൾ ഇറങ്ങാൻ കാരണം. ഒന്ന് രണ്ടു ആനകളുടെ സാന്നിധ്യം മൂന്നാർ ടൗണിലുണ്ട് എന്ന കാര്യം ഫോറസ്റ്റ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഈ കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കും. കട നശിച്ച കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹമായ നഷ്ടംപരിഹാരം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫോറസ്റ്റിനെ അറിയിച്ചാൽ അവർ വന്നു ആനകളെ ഓടിച്ചു വിടും. അവർക്കും ചെയ്യാൻ കഴിയുന്ന കാര്യം ഇതാണ്. വേറെ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ കഴിയുമെങ്കിൽ അത് ഫോറസ്റ്റ് വിഭാഗവുമായി ആലോചിച്ച് നടപ്പാക്കും-ആർഡിഒ പറയുന്നു.

കാട്ടാന ശല്യം മാത്രമല്ല മറ്റു മൃഗങ്ങളും മൂന്നാറിൽ എത്തിത്തുടങ്ങിയത് നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നാർ ടൗണിൽ അന്തോണിയർ കോളനിയിൽ എത്തിയ കാട്ടുപോത്ത് വീടുകളുടെ മുറ്റത്ത് വരെ എത്തിയിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി, സിംഗുകണ്ടം എന്നിവിടങ്ങളിൽ കാട്ടാനശല്യമുള്ളതായി പരാതിയുണ്ട്. സിംഗുകണ്ടം മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ ഏലക്കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനവകുപ്പ് വാച്ചർമാർ എത്തിയാണ് കാട്ടാനയെ തുരത്തിയത്.

കൊറോണ നിയന്ത്രണങ്ങളൊന്നും ബാധകമല്ലത്തിനാൽ പടയപ്പ സർവ്വസ്വതന്ത്രനാണ്. കാടാണ് വീടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ അവൻ തോന്നുന്നിടത്തെല്ലാം കറങ്ങി നടക്കും. ഒരു കൂസലുമില്ലാതെ. കുറച്ചു കാലം മുമ്പ് ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും ഇവൻ പ്രിയപ്പെട്ടവനായിരുന്നു. കുറച്ചു ദിവസം മുമ്പ് മൂന്നാറിലെ എൽ എഫ് എച്ച് എസ് സ്‌കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട ഇവൻ രാത്രി 10 മണിയോടടുത്തുവരെ സമീപത്തെ വീടുകളിലും മൂന്നാർ മാർക്കറ്റ് പരിസരത്തുമായി ചുറ്റിനടന്നു. സ്‌കൂൾ പരിസരത്തെത്തിയപ്പോൾ അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടി മറിഞ്ഞു വീണു. അവൻ ഇപ്പോൾ സ്‌കൂട്ടി ചവിട്ടി തകർക്കുമെന്ന് കരുതി വീട്ടുകാർ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വളരെ സാവധാനം കാൽ കവച്ച് വച്ച് സ്‌കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ച് അവൻ നടന്നകന്നു. അപ്പോഴാണ് വീട്ടുകാർക്ക് ആശ്വാസമായത്.

രാത്രി 8.30 തോടടുത്ത് മൂന്നാർ പട്ടണത്തോടുചേർന്ന് നല്ലതണ്ണി റോഡിലെ വീട്ടുമുറ്റത്തെത്തി , പിണ്ഡമിട്ടും മൂത്രമൊഴിച്ചും അല്പം പരിസരമലിനീകരണം സൃഷ്ടിച്ചെങ്കിലും ഷെഡിൽക്കിടന്ന വാഹനങ്ങളിലും മുറ്റത്തിരുന്ന ബൈക്കളിലും ഒരു പോറൽ പോലും ഏൽപ്പിച്ചില്ല. അടുത്തവീട്ടുകാർ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഈ വീട്ടുകാർ പടയപ്പ വന്നുപോയത് അറിഞ്ഞതുതന്നെ. അബദ്ധത്തിൽ മുമ്പിപ്പെടുമ്പോൾ ഭയന്നിട്ടോ അകാരണമായി പ്രകോപിപ്പിക്കുമ്പോഴോ മാത്രമാണ് ഇവൻ പേരിനെങ്കിലും ആക്രമണകാരിയാവാറുള്ളു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ആക്രണ ചെയ്തില്ലങ്കിൽ ആൾ ശാന്ത സ്വഭാവക്കാരനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോൾ പടയപ്പയും കൂട്ടുകാരനും തെറ്റിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP