Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരോട് കയർത്തും ഭീഷണിപ്പെടുത്തിയും പി വി അൻവർ എംഎൽഎ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് കാണാൻ എംഎ‍ൽഎ എത്തിയത് നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ; സുപ്രീംകോടതിയിൽ പോകുമെന്നും മറുപടി പറയേണ്ടി വരുമെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അൻവറിന്റെ മാടമ്പിത്തരം

ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥരോട് കയർത്തും ഭീഷണിപ്പെടുത്തിയും പി വി അൻവർ എംഎൽഎ; ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് കാണാൻ എംഎ‍ൽഎ എത്തിയത് നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ; സുപ്രീംകോടതിയിൽ പോകുമെന്നും മറുപടി പറയേണ്ടി വരുമെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അൻവറിന്റെ മാടമ്പിത്തരം

ജംഷാദ് മലപ്പുറം

മലപ്പുറം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരോട് കയർത്തും ഭീഷണിപ്പെടുത്തിയും പി.വി. അൻവർ, നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ ഇതിൽ പങ്കെടുക്കാതെ ഇന്നലെ ഉച്ചയോടെയാണ് സ്ഥലത്ത് മിന്നൽ സന്ദർശനം നടത്തി റവന്യൂ ഉദ്യോഗസ്ഥരെ എംഎ‍ൽഎ ഭീഷണിപ്പെടുത്തിയത്. തടയണപൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ അൻവർ ഉദ്യോഗസ്ഥർ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവിൽ പൊളിക്കുന്ന ഭാഗത്തുനിന്നല്ല മണ്ണ് നീക്കേണ്ടിയരുന്നതെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് തടണണപൊളിക്കുന്നതെന്നും വിദഗ്ദസമിതി നിർദ്ദേശിച്ച പ്രകാരമാണ് പ്രവൃത്തി തുടരുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെയാണ് സുപ്രീം കോടതിയിൽപോകുമെന്നും ഇതിനെല്ലാം നിങ്ങൾ മറുപടി പറയേണ്ടിവരുമെന്നും എംഎ‍ൽഎ വിരട്ടിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു പ്രകാരം വെള്ളിയാഴ്ച മുതലാണ് തടയണപൊളിക്കാൻ തുടങ്ങിയത്. തടയണപൊളിക്കാനുള്ള ഉത്തരവ് അൻവറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുൽ ലത്തീഫ് നടപ്പാക്കാത്തതിനെ തുടർന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാൻ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. ഇനിയൊരു മനുഷ്യനിർമ്മിത ദുരന്തം താങ്ങാൻ കേരളത്തിനാവില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തടയണപൊളിക്കാൻ ആവശ്യമായി വരുന്ന ചെലവ് അൻവറിന്റെ ഭാര്യാ പിതാവ് സി.കെ അബ്ദുൽലത്തീഫിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

തടയണ പൊളിക്കൽ ആരംഭിച്ച ദിവസം തന്നെ ് നേതൃത്വം നൽകിയ ഏറനാട് തഹസിൽദാർ സി. ശുഭനെ കോഴിക്കോട് ലാന്റ് അക്വിസിഷൻ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. തടയണപൊളിക്കുന്നത് അട്ടിമറിക്കാനുള്ള നീക്കമെന്ന പരാതി ഉയർന്നതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ട് തടയണപൊളിക്കുന്നത് വരെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ തടയണപൊളിക്കുന്ന പ്രവൃത്തി റവന്യൂ സംഘം ഊർജ്ജിതമാക്കിയിരുന്നു. ചൊവ്വാഴ്ച കളക്ടർ ജാഫർ മാലിക് സ്ഥലം സന്ദർശിച്ച് ഹൈക്കോടതിയുടെ സമയപരിധിക്കകം പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാനുള്ള നിർദ്ദേശവും നൽകിയിരുന്നു.

പി.വി അൻവർ കരാർ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടപ്പോൾ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാൻ 2017 ഡിസംബർ എട്ടിന് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ എംഎ‍ൽഎയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. നിമസഭാ സമ്മേളനം നടക്കുന്ന ദിവസമാണ് പി.വി അൻവർ എംഎ‍ൽഎ സഭയിൽ പങ്കെടുക്കാതെ തടയണപൊളിക്കുന്നത് വീക്ഷിക്കാൻ അതീവരഹസ്യമായി ഇന്നലെ ഉച്ചക്ക് ചീങ്കണ്ണിപ്പാലിയിലെത്തിയത്.

നിലമ്പൂർ എംഎ‍ൽഎയും, പൊന്നാനി ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന പി.വി അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച് വെള്ളം തുറന്നുവിടാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് പൊളിക്കാനുള്ള നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ കളക്ടർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നത്. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിവിടണമെന്ന കഴിഞ്ഞ വർഷം ജൂലൈ 10ന് ഹൈക്കോടതി നൽകിയ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി തടയണയിലെ വെള്ളം അടിയന്തിരമായി തുറന്നുവിടാനും കാട്ടരുവിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്താനും ഇക്കഴിഞ്ഞ എപ്രിൽ 10ന് ഉത്തരവിട്ടത്. ഈ ഉത്തരവും പാലിക്കപ്പെടാതായതോടെയാണ് ഹൈക്കോടതി 30തിനകം തന്നെ തടയണപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന കർശന നിർദ്ദേശം നൽകിയത്. ഇതും പാലിക്കപ്പെട്ടില്ല.

മൺസൂൺ മഴക്കുമുമ്പ് തടയണ പൊളിച്ചു നീക്കണമെന്ന് സർക്കാർ വിദഗ്ദസമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും വിവിധ സർക്കാർ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി ഐക്യകണ്ഠേന നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ കരാർ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ്് തടയണകെട്ടിയത്.

ഇത് പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കളക്ടർ ടി ഭാസ്‌ക്കരൻ ഉത്തരവിട്ടപ്പോൾ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാൻ 2017 ഡിസംബർ എട്ടിന് മലപ്പുറം കളക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നത് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ എംഎ‍ൽഎയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ എംപി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസിൽ കക്ഷിചേരുകയായിരുന്നു.

കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് 2003 ലംഘിച്ച് ഒരു അനുമതിയും നേടാതെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ നിയമവിരുദ്ധമായാണ് വനത്തിൽ നിന്നും ഉൽഭവിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയിൽ തടയണകെട്ടിയതെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. തടയണ തകർന്നാൽ കരിമ്പ് ആദിവാസി കോളനിയിലെ 20 കുടുംബങ്ങളുടെ സ്വത്തിനും ജീവനും നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP