Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും മലക്കം മറിഞ്ഞത് രക്തസാക്ഷി പരിവേഷം ഉറപ്പിക്കാൻ; അയ്യപ്പന് അനുകൂലമായി ആദ്യം നിലപാടെടുക്കുകയും പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി പിന്നീട് മാറ്റുകയും ചെയ്ത പത്മകുമാർ ഇപ്പോൾ പറയുന്നത് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും വനിതാ പൊലീസിനെ അനുവദിക്കില്ലെന്നും; വെള്ളാപ്പള്ളിയെ ഇറക്കി രൂക്ഷവിമർശനം നടത്തിയ പിണറായി വിജയൻ പത്മകുമാറിന്റെ പദവി തിരിച്ചെടുക്കും; പുറത്താക്കും മുമ്പ് വിശ്വാസ സംരക്ഷകനായി പടിയിറങ്ങാൻ ഉറച്ച് സിപിഎം നേതാവ്; ദേവസ്വം ബോർഡിൽ നേതൃമാറ്റം ഉടൻ

വീണ്ടും മലക്കം മറിഞ്ഞത് രക്തസാക്ഷി പരിവേഷം ഉറപ്പിക്കാൻ; അയ്യപ്പന് അനുകൂലമായി ആദ്യം നിലപാടെടുക്കുകയും പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി പിന്നീട് മാറ്റുകയും ചെയ്ത പത്മകുമാർ ഇപ്പോൾ പറയുന്നത് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും വനിതാ പൊലീസിനെ അനുവദിക്കില്ലെന്നും; വെള്ളാപ്പള്ളിയെ ഇറക്കി രൂക്ഷവിമർശനം നടത്തിയ പിണറായി വിജയൻ പത്മകുമാറിന്റെ പദവി തിരിച്ചെടുക്കും; പുറത്താക്കും മുമ്പ് വിശ്വാസ സംരക്ഷകനായി പടിയിറങ്ങാൻ ഉറച്ച് സിപിഎം നേതാവ്; ദേവസ്വം ബോർഡിൽ നേതൃമാറ്റം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാറിനെ സർക്കാർ മാറ്റുമെന്ന് ഉറപ്പായി. പത്മകുമാറിനോട് രാജിവയ്ക്കാൻ സിപിഎമ്മിലെ പ്രമുഖർ ആവശ്യപ്പെട്ടതായാണ് സൂചന. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിരന്തരം മലക്കം മറിഞ്ഞ് സർക്കാരിന് പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. നിലവാരവും നിലപാടുമില്ലാത്ത വ്യക്തിയാണ് പത്മകുമാറെന്ന് എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് വെള്ളാപ്പള്ളിയിലൂടെ പുറത്തു വന്നതെന്ന് വിലയിരുത്തലുണ്ട്. ഇതോടെ ശബരിമല സ്ത്രീ പ്രവേശനക്കേസിൽ വിശ്വാസികൾക്കൊപ്പം നിൽക്കാൻ പത്മകുമാർ തീരുമാനിക്കുകയും ചെയ്തു. സ്ത്രീകൾക്കായി ദേവസ്വം ബോർഡ് പ്രത്യേക സൗകര്യം ഒരുക്കില്ലെന്നും വ്യക്തമാക്കി. ഇതോടെയാണ് പത്കുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും സർക്കാരും തീരുമാനിച്ചത്. വിവാദം ഒഴിവാക്കാനായി രാജി എഴുതി വാങ്ങാനാണ് നീക്കം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കമ്മ്യൂണിസ്റ്റുകൾ എത്തുന്നത് പതിവില്ലാത്ത രീതിയാണ്. ഇടത് ഭരണമുള്ളപ്പോൾ പാർട്ടി വിശ്വാസമുള്ള സഹയാത്രികരെയാണ് സിപിഎം തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയോഗിക്കലായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇത് മാറി പോയി. സിപിഎമ്മിന്റെ മുൻ എംഎൽഎയും പത്തനംതിട്ടയിലെ പ്രമുഖ നേതാവുമായ എ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി. പത്തനംതിട്ടയിലെ പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു പത്മകുമാർ. ശബരിമലയുമായുള്ള വൈകാരിക ബന്ധമായിരുന്നു ഈ കമ്മ്യൂണിസ്റ്റിനെ പദവിയിലെത്താനുള്ള പ്രേരണയായി മാറിയത്. അയ്യപ്പന്റെ ഉണർത്തുപാട്ടായ ഹരിവരാസനത്തിന്റെ വേരുകൾ ചെന്നെത്തുന്നത് പത്മകുമാറിന്റെ വീട്ടിലേക്കാണ്. പത്മകുമാറിന്റെ മുതുമുത്തശ്ചിയാണ് ഈ പാട്ടി രചിച്ചതെന്നാണ് വിശ്വാസം. അങ്ങനെ കുട്ടിക്കാലം മുതൽ അയ്യപ്പനെ അടുത്തറിഞ്ഞ പത്മകുമാർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് എത്തി. പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ് ഇതിലേക്ക് പത്മകുമാറിനെ എത്തിച്ചത്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ കോടതി വിധി പത്മകുമാറിന് വിനയായി.

ക്ഷേത്ര ഭരണത്തിനായി ഉണ്ടാക്കിയ നിയമ പ്രകാരം പ്രവർത്തിക്കുന്നതാണ് ദേവസ്വം ബോർഡ്. ഇതിന്റെ പ്രസിഡന്റിനെ മാറ്റാൻ സർക്കാരിന് മുമ്പിൽ നൂലാമാലകൾ ഏറെയാണ്. ഈ സാഹചര്യത്തിലാണ് പത്മകുമാറിൽ സമ്മർദ്ദം ചെലുത്തി രാജി എഴുതി വാങ്ങാനുള്ള ശ്രമം. പത്മകുമാറിന്റെ കുടുംബം കടുത്ത വിശ്വാസികളാണ്. ശബരിമലയിൽ വീട്ടിലെ ഓരോ അംഗവും വിശ്വാസത്തിനൊപ്പവും. ഈ സാഹചര്യത്തിൽ സർക്കാരിനെ തള്ളിപ്പറയാനും പത്മകുമാർ തയ്യാറായേക്കുമെന്നാണ് സൂചന. ഈ വിവാദത്തിലൂടെ സിപിഎമ്മിൽ തുടരാനാകില്ലെന്ന തിരിച്ചറിവും പത്മകുമാറിന് വന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ്യ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതീപ്രവേശനത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന നിലപാടിൽനിന്നു മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം നിലപാട് വിശദീകരിച്ചത്.

യുവതീ പ്രവേശനം മുൻനിർത്തി പ്രത്യേക സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലെന്ന് ഇന്നലെ ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്തു. സന്നിധാനത്തു വനിതകൾക്കായി പ്രത്യേക വരി, സ്ത്രീ സുരക്ഷയ്ക്കായി വനിതാ പൊലീസ് എന്നിവ ഉണ്ടാകില്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു നടപടിയും കോടതിവിധിയുടെ അടിസ്ഥാനത്തിൽമാത്രം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. ഇത് അംഗീകരിക്കേണ്ട സ്ഥിതിയിലേക്ക് പത്മകുമാർ സർക്കാരിനെ എത്തിക്കുകയും ചെയ്തു. വിവാദം ഒഴിവാക്കാനായിരുന്നു ഇത്. എങ്കിലും സർക്കാരിന്റെ അതൃപ്തി ദേവസ്വം ബോർഡ് പ്രസിഡന്റിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. ദർശനത്തിനു മുൻകാലങ്ങളിലെ സംവിധാനം തുടരും. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന സമയത്തെ ക്രമീകരണമേ ഇത്തവണയും ഉണ്ടാവൂ. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മുൻപും സ്ത്രീകൾ ശബരിമലയിലെത്തിയിട്ടുണ്ട്. തുലാമാസ പൂജയ്ക്കായി വനിതാജീവനക്കാരെ വിന്യസിക്കില്ല. അതേസമയം വനിതകൾക്കായി പ്രത്യേക ശുചിമുറികൾ ഒരുക്കുമെന്നും പത്മകുമാർ അറിയിച്ചു.

കോടതിവിധി നടപ്പാക്കാൻ ദേവസ്വം ബോർഡിനു പ്രത്യേകതാൽപര്യമോ താൽപര്യമില്ലായ്‌മോ ഇല്ല. നിലവിലെ സാഹചര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും. കോടതി നിർദ്ദേശപ്രകാരമാകും മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുക. ആചാരപരമായ കാര്യങ്ങളെക്കുറിച്ചു തന്ത്രികുടുംബവുമായി കൂടിയാലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്കു തന്ത്രി കുടുംബം എത്തിയില്ലെങ്കിലും ചർച്ചയ്ക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു. സുരക്ഷാകാര്യങ്ങളിൽ പൊലീസുമായി തുടർചർച്ച നടത്തുമെന്നും പത്മകുമാർ പറയുന്നു. ശബരിമല വിധി വന്നപ്പോൾ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകുമെന്ന് പത്മകുമാർ വിശദീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തുടർന്ന് ഇത് മാറ്റി. ഇതിനിടെയാണ് പ്രക്ഷോഭത്തിന് പുതുമാനം നൽകി എൻഎസ്എസ് ഇടപെടൽ ഉണ്ടാകുന്നത്. വിവാദങ്ങളിൽ പിന്തുണ തേടി എൻ എസ് എസിനെ കാണാനും പത്മകുമാർ ശ്രമിച്ചു. എന്നാൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സമയം അനുവദിച്ചില്ല. ഇതും വാർത്തയായത് സിപിഎമ്മിന് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് പത്മകുമാറിനെ ഒഴിവാക്കാനുള്ള ശ്രമം.

ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെകുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കെ വിഷയത്തിൽ പരസ്യമായി അതൃപതി രേപ്പെടുത്തി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. ഉത്തരവിനെതിരെ റിവ്യൂ ഹരജി ഉൾപ്പെടെ സമർപ്പിക്കുന്ന കാര്യം പരിഗണിക്കും. ക്ഷേത്രത്തിൽ വെരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാകൂർ ദേവസ്വ ബോർഡ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കൂടിയായ എ പത്മകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രണ്ട് വ്യത്യസ്ഥ ചിന്തകൾ ഒരിടത്ത് ഒരുമിച്ച് നടപ്പാക്കുക എന്നത് ബുദ്ധിമുട്ടാണ്. വിശ്വാസികളായ സ്ത്രീകൾ പഴയ ആചാരപ്രകാരം മാത്രമെ ശബരിമലയിലേക്ക് എത്തുകയുള്ളൂ എന്നും പത്മകുമാർ മുഖ്യമന്തിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ആദ്യം വ്യക്തമാക്കി. ഇതാണ് പിണറായിയെ ചൊടിപ്പിച്ചത്. ഇതോടെ പത്മകുമാറിനെ അകലത്തിൽ നിർത്താനും തുടങ്ങി. ഈ അകൽച്ചയാണ് പുതിയ സംഭവ വികാസങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. പുറത്താക്കാതിരിക്കാൻ പ്ത്മകുമാർ തന്നെ രാജി നൽകുമെന്നാ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

വെള്ളാപ്പള്ളിക്കും മനംമാറ്റം

ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ അന്തിമതീരുമാനം വ്യാഴാഴ്ച. ഇതിനായി യോഗത്തിന്റെ പ്രത്യേക കൗൺസിൽ യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേർത്തല എസ്.എൻ.കോളേജിൽ ചേരും. യോഗത്തിന്റെ നിലപാടിനെച്ചൊല്ലി ചില വ്യാജപ്രചരണങ്ങൾ നടക്കുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യോഗം വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ, നിയമത്തെ വെല്ലുവിളിച്ച് പരസ്യപ്രതിഷേധത്തിലൂടെ വർഗീയത വളർത്താനില്ല. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. യോഗം കൗൺസിലിനുശേഷം യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കും. വിശ്വാസസംരക്ഷണത്തിനായുള്ള വിപുലമായ കർമപരിപാടിക്ക് കൗൺസിൽ രൂപം നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP