Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാചകനും ഖദീജയും തമ്മിലെ ഊഷ്മള ബന്ധം വിശദീകരിക്കുന്ന പാട്ടെഴുതിയത് 39 കൊല്ലം മുമ്പ്; ജബ്ബാറിന്റെ പാട്ട് സിനിമയിലാക്കിയത് നയാപൈസ പോലും നൽകാതെ; മാണിക്യമലരായ പൂവി ലോകം കീഴടക്കുമ്പോൾ ആരോടും പരിഭവമില്ലാതെ കവി റിയാദിലെ പെട്ടിക്കടയിലുണ്ട്

പ്രവാചകനും ഖദീജയും തമ്മിലെ ഊഷ്മള ബന്ധം വിശദീകരിക്കുന്ന പാട്ടെഴുതിയത് 39 കൊല്ലം മുമ്പ്; ജബ്ബാറിന്റെ പാട്ട് സിനിമയിലാക്കിയത് നയാപൈസ പോലും നൽകാതെ; മാണിക്യമലരായ പൂവി ലോകം കീഴടക്കുമ്പോൾ ആരോടും പരിഭവമില്ലാതെ കവി റിയാദിലെ പെട്ടിക്കടയിലുണ്ട്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ലോകമെങ്ങുമുള്ള സംഗീത പ്രേമികളായ മലയാളികളും മലയാളികളല്ലാത്ത നിരവധി പേരും 'മാണിക്യ മലരായ പൂവിയെന്ന' പാട്ടിന്റെ താളത്തിലാണിന്ന്. അഡാർ ലൗവിന് വേണ്ടി ഒരുക്കിയ മാണിക്യ മലരായ പൂവി... ന്റെ താളം അങ്ങനെ ജനമനസ്സുകളിലേക്ക് കടക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് കണ്ടത് മുപ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ഇപ്പോഴും യൂ ടൂബിലെ ട്രന്റുകളിൽ മുമ്പിലാണ് ഈ പാട്ട്. ഒപ്പം നബിയെ അപമാനിച്ചുവെന്ന വിവാദവും. അങ്ങനെ പി.എം.എ. ജബ്ബാർ മൗലവി എന്ന മാപ്പിളപ്പാട്ട് രചയിതാവിനെ വർഷങ്ങൾക്കുശേഷം മലയാളികൾ തിരിച്ചറിയുന്നു.

ഇത്ര മനോഹരമായ വരികൾ എഴുതിയ കവി ഇപ്പോൾ സൗദിയിലാണ്. റിയാദിലെ മലസ് ഫോർട്ടീൻ സ്ട്രീറ്റിലെ ആഷിഖ് സ്റ്റോർ ബഖാലയിൽ. പിഎംഎ ജബ്ബാർ കരുപ്പടന്ന എന്ന ഈ പ്രതിഭ അഞ്ഞൂറോളം ഗാനങ്ങൾ എഴുതിയെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മാണിക്യമലരായ പൂവിതന്നെ. ഗാനത്തിൽ ഷാൻ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമർ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്ന് അദ്ദേഹം പറയുന്നു. സന്തോഷം മാത്രം. ആളുകളിലേക്ക് എത്തുന്നത് തന്റെ വരികളാണല്ലോ എന്ന ആശ്വാസവും. 1978ലാണ് ഈ ഗാനം എഴുതുന്നത്. വളരെ പ്രശസ്തനായ റഫീഖ് തലശ്ശേരി ഈ ഗാനം ഈണമിട്ട് പാടി. ജബ്ബാറിന്റെ നിരവധി ഗാനങ്ങൾ റഫീഖ് തലശ്ശേരി ഇതുപോലെ സംഗീതം നൽകി പാടിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ് അനുവാദം ചോദിച്ച് ഷാൻ റഹ്മാൻ ബന്ധപ്പെട്ടിരുന്നു. സന്തോഷം തോന്നി. ഗാനം പുറത്തുവിടുന്ന കാര്യവും ബന്ധപ്പെട്ടവർ അറിയിച്ചിരുന്നുവെന്നും ജബ്ബാർ പറയുന്നു.

മുഹമ്മദ് നബിയുടേയും ഭാര്യ ഖദീജയുടേയും ആഴത്തിലുള്ള പ്രണയമാണ് ഗാനത്തിലൂടെ ജബ്ബാർ ആവിഷ്‌കരിച്ചത്. ഇതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമേയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 16 വയസുമുതൽ ഗാനങ്ങൾ എഴുതുന്ന ജബ്ബാർ നാട്ടിൽ പോയിവരുമ്പോൾ പ്രധാനമായി കൊണ്ടുവരുന്നത് വായിക്കാനുള്ള പുസ്തകങ്ങളാണ്. വായനയാണ് വാക്കുകളുടെ സമ്പത്തുണ്ടായതെന്നും ജബ്ബാർ പറയുന്നു. നീണ്ട കാലത്തെ പ്രവാസത്തിനിടയിൽ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല, മരിക്കാത്ത ചില വരികളല്ലാതെ. പതിനഞ്ച് വർഷമായി പെട്ടിക്കടയിൽ ജീവിതം പച്ചപിടിപ്പിക്കാനുള്ള ജോലിത്തിരക്കിലാണ് അദ്ദേഹം. സാമ്പത്തിക പരാധീനതകൾ ഏറെയുണ്ട്. തന്റെ പാട്ട് സിനിമയിലെത്തുമ്പോഴും അതിൽ നിന്ന് പ്രതിഫലം ജബ്ബാർ മൗലവിക്ക് കിട്ടുന്നില്ല. അരും നൽകാമെന്ന് പറഞ്ഞിട്ടുമില്ല.

ഒന്നരപതിറ്റാണ്ടോളം ഖത്തറിൽ പണി ചെയ്ത ശേഷമാണ് പുത്തൻചിറ ചിലങ്ക സ്വദേശി അബ്ദുൾ റഷീദ് നൽകിയ വിസയിൽ അദ്ദേഹത്തിന്റെ പെട്ടിക്കടയിൽ 15 വർഷമായി പണിയെടുക്കുന്നത്. പ്രണയവും വിവാഹവും സ്‌നേഹവും പാപാമാണോ? ഇപ്പോൾ ഉയരുന്ന വിവാദങ്ങളോട് പാട്ടെഴുത്തുകാരന്റെ ചോദ്യം ഇതാണ്. പാട്ടു കേൾക്കുമ്പോഴും സിനിമ കാണുമ്പോഴും ഉണ്ടാകുന്ന വികാരങ്ങളെ വിവാദങ്ങളാക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിലെടുത്ത പാട്ടിന് പണം കിട്ടിയില്ലെങ്കിലും ഈ മാപ്പിളപ്പാട്ടുക്കാരൻ ആരോടും പരിഭവമില്ലെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

പതിനാറാം വയസ്സുമുതൽ പാട്ടെഴുത്ത് തുടങ്ങിയ ജബ്ബാർ ഇതിനകമെഴുതിയത് നിരവധി പാട്ടുകൾ. മദ്രസയിൽ പഠിപ്പിച്ചിരുന്നതിനാൽ തൃശൂർ ജില്ലയിലെ കരുപ്പടന്നക്കാരനായ ജബ്ബാർ ബഖാലയിലെത്തുന്നവർക്ക് ഉസ്താദാണ്. നവമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയ മാണിക്ക മലർ എന്ന മാപ്പിളപ്പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയതോടെയാണ് യു ട്യൂബിൽ തരംഗമായത്. 1978-ൽ ആകാശവാണിക്കു വേണ്ടിയാണ് ഗാനം എഴുതിയത്. തലശ്ശേരി കെ. റഫീക്കിന്റേതായിരുന്നു അന്നത്തെ സംഗീതം. 1989-ൽ ചെറിയ പെരുന്നാൾ ദിനത്തിൽ ദൂരദർശനിൽ അവതരിപ്പിച്ചിരുന്നു. 92-ൽ 'ഏഴാം ബഹർ' എന്ന ഓഡിയോ കാസറ്റ് ആൽബത്തിലും ഗാനം ഉൾപ്പെടുത്തി. വെള്ളാങ്ങല്ലൂർ മൻസിലുൽ ഹുദാ മദ്രസയിലെ കുട്ടികൾക്ക് പാടാൻ വേണ്ടിയാണ് ജബ്ബാർ എഴുതിത്ത്ത്തുടങ്ങിയത്. കുറഞ്ഞകാലംകൊണ്ട് തൃശ്ശൂരിലെയും പരിസരജില്ലകളിലെയും ഒട്ടുമിക്ക മദ്രസകളിലും ജബ്ബാറിന്റെ പാട്ടുകൾക്ക് വേദിയൊരുങ്ങി.

ജബ്ബാറിന്റെ പാട്ടുപുസ്തകങ്ങൾ പെട്ടെന്ന് വിറ്റഴിഞ്ഞു. 1972-ൽ മാപ്പിളഗാന സാഹിത്യത്തിലേക്ക് തിരിഞ്ഞ ജബ്ബാർ 15 വർഷത്തോളം ആ രംഗത്ത് നിറഞ്ഞുനിന്നു. അഞ്ഞൂറിലധികം മാപ്പിളഗാനങ്ങൾ രചിച്ചു. 25 വർഷം മുമ്പ് തൊഴിൽതേടി സൗദിയിലേക്ക് പോകേണ്ടിവന്നപ്പോഴാണ് ജബ്ബാർ ഈ രംഗത്തുനിന്ന് താത്കാലികമായി പിന്മാറിയത്. അവസരം വരുമ്പോൾ വീണ്ടും എഴുതണം എന്നുതന്നെയാണ് ജബ്ബാർ മൗലവിയുടെ ആഗ്രഹം. മകൻ അമീൻ മുഹമ്മദ് റിയാദിൽ ഗ്രാഫിക് ഡിസൈനറായി അഞ്ച് വർഷം ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ ഇതേ ജോലിയിൽ തുടരുകയാണ്. ഭാര്യ ഐഷാബി മകൾ റഫീദ എന്നിവരാണ് കുടുംബം.
ഭാര്യ ആയിഷ, അമീനും റഫീദയുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP