Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ ബില്ലിനെ കുറിച്ച് പ്രസംഗിക്കാൻ പി ജയരാജന് വാഫി സെന്ററിൽ അവസരം നൽകിയ സംഭവം; കാളികാവിലെ വാഫി സെന്റർ പ്രിൻസപ്പിലിനേയും ഡയറക്ടറിനേയും പുറത്താക്കി സമസ്ത വിഭാഗത്തിന്റെ നടപടി; ലുക്മാൻ വാഫിയേയും ഫൈസിയേയും പുറത്താക്കിയത് നടപടിയുടെ ഭാഗമായെന്ന് സൂചനകൾ; പൗരത്വം എന്ന വിഷയത്തിൽ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചത്? പത്ത് വർഷം എംഎ‍ൽഎയായിരുന്ന പൊതുപ്രവർത്തകനോട് കുട്ടികൾ സംസാരിച്ചത് കുറ്റമാണോ എന്ന് വിമർശിച്ച് പി ജയരാജന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പൗരത്വത്തെക്കുറിച്ചു പ്രസംഗിക്കാൻ സിപിഎം നേതാവ് പി. ജയരാജന് അവസരം നൽകിയതിന് നിലമ്പൂർ കാളികാവിലെ വാഫിസെന്റർ പ്രിൻസിപ്പൽ ഡോ. ലുക്മാൻ വാഫി ഫൈസി അസ്ഹരിയെയും ഡയറക്ടർ ഇബ്രാഹിം ഫൈസിയെയും പുറത്താക്കി. ഇക്കാര്യം പി. ജയരാജൻ തന്നെയാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. സമസ്ത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് വാഫി സെന്റർ.അതേസമയം ഇവരെ പുറത്താക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് വാഫി സെന്റർ വ്യക്തമാക്കുന്നതത്. ജയരാജന് വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് തന്നെ കാമ്പസിൽ നിന്നും ഒഴിവാക്കിയെന്ന് ലുക്മാൻ വാഫി ഫൈസിയും സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജയരാജന്റ് ഫേസ്‌ബുക്ക് പോസ്റ്റ്:

'2020 ഫെബ്രുവരി പത്താം തിയ്യതി നിലമ്പൂർ കാളികാവ് എന്ന സ്ഥലത്ത് ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ, അവിടെയുള്ള വാഫി സെന്റർ സന്ദർശിച്ചത് ഞാൻ ഫെയ്‌സ് ബുക്കിൽ ഫോട്ടോ സഹിതംകുറിച്ചിരുന്നല്ലൊ. എന്റെ ഒരു പ്രിയ സുഹൃത്ത് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് അവിടെ സന്ദർശിച്ചത്.ഞങ്ങൾ നടത്തുന്ന കണ്ണൂരിലെ സാന്ത്വന പരിപാലനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ഏറെ മതിപ്പുള്ള ആ സുഹൃത്ത്, നിലമ്പൂരിൽ അതേ പോലെ പ്രവർത്തിക്കുന്ന വാഫി സെന്റർ സന്ദർശിക്കുന്നത് നന്നായിരിക്കും എന്നഭിപ്രായപ്പെട്ടു.

രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള താരതമ്യം ഗുണപരമായിരിക്കുമല്ലൊ എന്നൊരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അവിടെ സന്ദർശിച്ചപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അവരുടെ ജീവകാരുണ്യ സ്ഥാപനങ്ങളും മത പൊതുവിദ്യാഭ്യാസ സ്ഥാപനവും ഞാൻ സന്ദർശിച്ചത് വിലപ്പെട്ട അനുഭവമായിരുന്നു. അവിടെ പഠിക്കുന്ന കുട്ടികളുമായി ഇന്ന് സമൂഹത്തിൽ ഏറെ വൈകാരികമായി ചർച്ച ചെയ്യുന്ന പൗരത്വം എന്ന വിഷയത്തെക്കുറിച്ചും ഐ.ആർ.പി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തെക്കുറിച്ചും ഹ്രസ്വമായി സംസാരിച്ചു. കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു.ആ സന്ദർശനം ഏറെ ഹൃദയസ്പർശിയായ അനുഭവമായിട്ടാണ് അവരിൽ നിന്ന് എനിക്ക് മനസ്സിലായത്. എന്നാൽ, എന്റെ സന്ദർശനം ചിലരെ അസ്വസ്ഥപ്പെടുത്തി എന്ന് പിന്നീട് മനസ്സിലായി.

എന്നെ അവിടേക്ക് ക്ഷണിച്ച സുഹൃത്തിലേക്ക് തന്നെ യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിമാരിൽ ഒരാൾ വിളിച്ച് അപ്പോൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.എന്റെ ഫെയ്‌സ് ബുക്ക് പേജിൽ എല്ലാ കാര്യങ്ങളും നെഗറ്റീവായി കാണുന്ന ചിലർ ആ വിഷയത്തിൽ കമന്റിടുകയും ചെയ്തിരുന്നു. ഈ കമന്റുകളിൽ ചില പേരുകകളും കേസുകളുമാണ് പ്രതിപാദിച്ചിരുന്നത്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.എന്നാൽ ഒരു കാര്യം അടിവരയിട്ട് പറയേണ്ടതുണ്ട്, ആത്യന്തികമായി എന്റെ മേലെയുള്ള കരിനിഴലുകൾ പൂർണമായും മാറുമെന്ന് ഉറപ്പുണ്ട്.കാരണം, ഇക്കഴിഞ്ഞ ദിവസമാണ് 29 വർഷം മുമ്പുള്ള ഒരു കുറ്റാരോപണത്തിൽ നിന്ന് ഹൈക്കോടതി എന്നെ മോചിപ്പിച്ചത്.കുത്തുപറമ്പിലെ അവറോത്ത് മറിയം എന്ന കുടികിടപ്പുകാരിയോട് അവിടെയുള്ള ജന്മികുടുംബം കാണിച്ച അക്രമത്തോടും അതോടനുബന്ധിച്ച ഒരു വിധിയോടും വിയോജിച്ചതിന്റെ പേരിൽ ആണ് ഒരു കേസിൽ ഞാൻ മാത്രം ശിക്ഷിക്കപ്പെട്ടത്.അതിലാണ്ഇപ്പോൾ കുറ്റവിമുക്തനായത്. അതേപോലെ കമന്റുകളിൽ സൂചിപ്പിച്ച കേസുകളിലും സത്യം പുറത്തു വരുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്.

ഇതൊക്കെ പറയാനുണ്ടായ കാരണം ,വാഫി സെന്ററിൽ എനിക്കു നൽകിയ സ്വീകരണത്തിന് കുറ്റം ചാർത്തി അവിടെയുള്ള പ്രിൻസിപ്പാൾ ഡോ .ലുക്മാൻ വാഫി ഫൈസി അസ്ഹരിയേയും ഡയരക്ടർ ഇബ്രാഹിം ഫൈസി റിപ്പണേയും തൽസ്ഥാനത്ത് നിന്ന് മാനേജ്‌മെന്റ് പുറത്താക്കിയ വിവരം ഞാനിപ്പോൾ അറിഞ്ഞു. പൗരത്വം എന്ന വിഷയത്തിൽ സംസാരിച്ചതാണോ ചിലരെ ചൊടിപ്പിച്ചത്?പൗരത്വം എന്ന വിഷയത്തിൽ കുട്ടികളുമായി സംസാരിക്കാൻ പത്ത് വർഷം എം.എൽ എയായിരുന്ന , പൊതു പ്രവർത്തകന് അവസരം നൽകിയതാണോ അവർ ചെയ്ത കുറ്റം? 'പൗരന്മാരോടു, 'ള്ള എല്ലാ തരത്തിലുമുള്ള പുറത്താക്കാലിനെയും എതിർക്കുന്ന സമസ്തയെ പോലെയുള്ള സംഘടനയ്ക്ക് ഈ സാരഥികളെ പുറത്താക്കിയത് ഉചിതമായി തോന്നുന്നുണ്ടോ?ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ആതിഥ്യ മര്യാദ കാണിച്ചു എന്നതാണോ അവർ ചെയ്ത കുറ്റം? മതനിരപേക്ഷ വിഭാഗങ്ങളെയാകെ ചേർത്തു നിർത്തേണ്ട ഈ സഹനസമരങ്ങളുടെ കാലത്ത് ഒപ്പമുള്ളവരെ തന്നെ പുറത്താക്കുന്ന സമസ്തയുടെ ആദർശ പാപ്പരത്തം നിങ്ങളുടെ അണികളിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടും.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പ് തലശ്ശേരി മലബാർ കാൻസർ സെന്റർ പരിസരത്ത് സി.എച്ച് സെന്റർ നടത്തുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയിരുന്നു. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തങ്ങൾ വേദിയിലിരിക്കേ, ആശംസ പ്രസംഗം നടത്തിയ കാര്യം ഞാൻ ഓർക്കുന്നു. ആ ചടങ്ങിൽ എന്നെ പങ്കെടുക്കാൻ ക്ഷണിച്ച അതേ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയിലെ ചിലർക്ക് ഇപ്പോൾ ഞാൻ വാഫി സന്ദർശിച്ചതിനു ഹാലിളകുന്നതിനു എന്താണ് കാരണം? വാഫിയിലെ രണ്ടു ജീവനക്കാരോട് കാണിച്ച നീതി കേട്, സമുദായത്തെ കൂടെ നിർത്തും എന്ന നിങ്ങളുടെ അവകാശ വാദത്തെ കൂടി ചോദ്യം ചെയ്യുന്നതാണ്. എന്തായാലും., ആ സാരഥികൾക്കും എന്നെ സ്വീകരിച്ച വിദ്യാർത്ഥികൾക്കും എന്റെ മനസ്സിൽ എപ്പോഴും സ്ഥാനമുണ്ടാവും. ഇരട്ടത്താപ്പില്ലാതെ പൗരത്വം എന്ന വിഷയത്തിലും സമരത്തിലും നമുക്ക് അണി ചേരാം...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP