Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല പിന്നെയല്ലേ പിന്നിൽ നിന്ന് കുത്തിയാൽ`; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും ജയരാജേട്ടനെ കണ്ണൂരിലെ സഖാക്കൾ; മുൻ ജില്ലാ സെക്രട്ടറിയുടെ ആന്തൂരിലെ പരാമർശം പാർട്ടി തള്ളിയതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വലിയ നേതാവ് പിണറായിയെങ്കിലും കണ്ണൂരിൽ ജയരാജൻ തന്നെ; ബിംബത്തെ ഉടയ്ക്കാൻ നോക്കിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന സൂചന നൽകി പിജെ ആർമി

`മുന്നിൽ നിന്ന് വെട്ടിയിട്ട് വീണില്ല പിന്നെയല്ലേ പിന്നിൽ നിന്ന് കുത്തിയാൽ`; കണ്ണിലെ കൃഷ്ണമണി പോലെ കാക്കും ജയരാജേട്ടനെ കണ്ണൂരിലെ സഖാക്കൾ; മുൻ ജില്ലാ സെക്രട്ടറിയുടെ ആന്തൂരിലെ പരാമർശം പാർട്ടി തള്ളിയതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വലിയ നേതാവ് പിണറായിയെങ്കിലും കണ്ണൂരിൽ ജയരാജൻ തന്നെ; ബിംബത്തെ ഉടയ്ക്കാൻ നോക്കിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്ന സൂചന നൽകി പിജെ ആർമി

രഞ്ജിത്ത് ബാബു

കണ്ണൂർ: പി.ജയരാജൻ സിപിഎം. അണികളിൽ വീണ്ടും സജീവ ചർച്ചയാകുന്നു. കേരളത്തിലെ സിപിഎം. ന്റെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂരുകാരാണ്. എന്നാൽ ഈ സമുന്നത നേതാക്കളുടെ മക്കളുടെ പ്രവൃത്തി ദോഷം കൊണ്ട് പാർട്ടി പൊറുതി മുട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഈ സമയങ്ങളിലെല്ലാം പ്രവർത്തകരുടെ പ്രതീക്ഷ പി.ജയരാജനിലായിരുന്നു. പാർട്ടിയുടെ സമുന്നത നേതാക്കൾ ഓരോ തരത്തിലും കളങ്കമുണ്ടാക്കിയെന്ന അഭിപ്രായം അണികൾ തന്നെ പരസ്പരം പങ്കിടുകയാണ്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും അടക്കം കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും പാർട്ടിക്ക് കളങ്കം വരുത്തിവെക്കുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല എന്ന കാര്യം അണികൾ രഹസ്യമായും പരസ്യമായും പറഞ്ഞു തുടങ്ങി.

മക്കൾക്കും മരുമക്കൾക്കും വേണ്ടി ഭരണ സ്വാധീനവും പാർട്ടി സ്വാധീനവും ഉപയോഗിക്കുന്നതിൽ മത്സരിക്കുകയായിരുന്നു നേതാക്കൾ. എന്നാൽ അതിൽ നിന്നെല്ലാം വേറിട്ട് നിന്നത് പി.ജയരാജൻ മാത്രമായിരുന്നു. എതിരാളികൾ രാഷ്ട്രീയ അക്രമത്തിന്റെ നായകൻ എന്ന് മാത്രമേ ജയരാജനെക്കുറിച്ച് ആരോപിച്ചിരുന്നുള്ളൂ. എന്നാൽ അണികളെ സംരക്ഷിക്കാൻ എന്നും മുന്നിട്ടിറങ്ങിയ നേതാവായിരുന്നു ജയരാജൻ. പാർട്ടി പ്രവർത്തകർ ആരോപണം ഉന്നയിക്കാത്ത മറ്റൊരു നേതാവ് എം. വി. ഗോവിന്ദൻ മാസ്റ്ററായിരുന്നു. എന്നാൽ കീഴാറ്റൂർ ആന്തൂർ വിഷയങ്ങളിൽ ഗോവിന്ദന്മാസ്റ്ററുടെ നിലപാടിൽ അണികൾക്ക് അമർഷമുണ്ട്. എന്നാൽ വലിയ ജനകീയ അംഗീകാരമില്ലാത്ത നേതാവായതിനാൽ ജില്ലയിലെ പാർട്ടിയിൽ അതൊന്നും കാര്യമായി ബാധിക്കില്ല.

കേരളത്തിലെ സിപിഎം. ന്റെ ഏറ്റവും വലിയ നേതാവെന്ന ചോദ്യത്തിന് പിണറായി വിജയൻ തന്നെയാണ് ഉത്തരം. എന്നാൽ സിപിഎം. ന്റെ ഏറ്റവും ശക്തമായ കണ്ണൂരിൽ ആരാണ് നേതാവ് എന്ന ചോദ്യത്തിന് പി.ജയരാജൻ എന്നേ മറുപടിയുള്ളൂ. ഇന്നും യുവാക്കളടക്കമുള്ള മഹാഭൂരിപക്ഷം പാർട്ടിക്കാരും ജയരാജനെയാണ് നെഞ്ചേറ്റുന്നത്. പാർട്ടിയെ മാത്രമല്ല പാർട്ടി പോഷക സംഘടനകളേയും ഒട്ടിച്ചേർത്തു നിർത്തുന്നതിൽ പി.ജയരാജന്റെ പങ്ക് വളരെ വലുതാണ്. ഐ. ആർ. പി.സി എന്ന സാന്ത്വന പരിചരണ സംഘടനയുടെ പ്രവർത്തനം മാത്രം നോക്കിയാൽ മതി ജയരാജന്റെ പ്രവർത്തന മികവറിയാം. ഐ. ആർ.പി. സി.യുടെ ഉപദേഷ്ടാവാണ് ജയരാജൻ. സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസിൽ മാസത്തിൽ എത്ര തവണ ഐ. ആർ.പി.സി.യുടെ യോഗം ചേരുന്നുണ്ട് എന്നതും സാന്ത്വന മേഖലയിലെ ജയരാജന്റെ സേവനം എത്രമാത്രമെന്നതിന് തെളിവാണ്.

ഐ. ആർ.പി.സി.യുടെ നേതൃത്വത്തിൽ വൃദ്ധജന പരിചരണം, അത്യാഹിതം സംഭവിച്ചവർക്ക് വളണ്ടിയർമാരുടെ കൈത്താങ്ങ്, സ്ട്രെച്ചർ, വീൽചെയർ, വാക്കർ എന്നിവ ഒരു രൂപ പോലും ഈടാക്കാതെ വീടുകളിലെത്തിച്ച് നൽകുന്നതും ഈ സംഘടനയുടെ വളണ്ടിയർമാരാണ്. ഇതിനൊന്നും പാർട്ടി ഭേദമില്ല. ഐ.ആർ.പി.സി.യുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഇപ്പോൾ ജില്ലയിൽ നടന്നു വരികയാണ്. ലഹരിക്കടിമയായവരും ലഹരി ഉപയോഗിച്ച് തുടങ്ങിയവരേയും ഈ സംഘടനയുടെ വിമുക്തി കേന്ദ്രം വഴി നിരവധി പേരെ ജീവിതം തിരിച്ച് പിടിക്കാൻ സഹായിച്ചതും ശ്രദ്ധേയമാണ്.

ചികിത്സയും കൗൺസിലിങ്ങുമെല്ലാം ഐ.ആർ.പി.സി. വഴി മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു. ദേശീയ-വിദേശ ഫണ്ടിങ് വാങ്ങുന്ന സംഘടനകൾ പേരിന് നടത്തുന്ന സാന്ത്വനമല്ല ഐ.ആർ.പി.സി.യുടേത്. ചികിത്സയും തുടർചികിത്സയും കൗൺസിലിങ്ങുമെല്ലാം ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നു. അതിനാൽ പാർട്ടിയിൽ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവരുടേയും സഹകരണം ഈ സംഘടനക്ക് ലഭിക്കുന്നു. ജില്ലയിലെ ജനമനസ്സുകളിൽ ഐ. ആർ.പി.സി.യുടെ പ്രവർത്തനം അത്രയും വേരൂന്നിക്കഴിഞ്ഞു. എന്നാൽ പാർട്ടിയിൽ പി.ജയരാജന് പരിഗണനക്കുറവുണ്ടെന്ന അഭിപ്രായം പ്രാദേശിക തലത്തിൽ ശക്തിപ്പെടുകയാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജനിൽ നിന്നും തട്ടിമാറ്റി. എന്നാൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച് വി.എൻ. വാസവനെ തൽ സ്ഥാനത്തു നിന്നും മാറ്റിയിരുന്നില്ല. ഇത് രണ്ട് തരം നിലപാടാണെന്ന് അഭിപ്രായമാണ് കണ്ണൂരിലെ പ്രവർത്തകർ നടത്തുന്നത്. വടകരയിൽ പി..ജയരാജൻ പരാജയപ്പെട്ടതോടെ ഫലത്തിൽ അർഹതയുള്ള സ്ഥാനം അദ്ദേഹത്തിനില്ലാതായി. കോട്ടയത്തും കണ്ണൂരിലും പാർട്ടി നേതൃത്വമെടുത്ത നിലപാട് പ്രവർത്തകരിൽ അമർഷമുളവാക്കിയിരുന്നു. നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ജയരാജൻ പരിഗണിക്കപ്പെടുമെന്നായിരുന്നു കണ്ണൂരിലുള്ളവർ കരുതിയിരുന്നത്. എന്നാൽ ആനത്തലവട്ടം ആനന്ദനെ സെക്രട്ടറിയേറ്റിൽ നിയോഗിക്കുകയായിരുന്നു. അടുത്ത കാലത്തായി കണ്ണൂരിലെ സംസ്ഥാന നേതാക്കൾ ജയരാജനെ ബോധപൂർവ്വം മാറ്റിനിർത്തുകയാണെന്ന ആരോപണമാണ് പ്രാദേശിക പ്രവർത്തകരിൽ ശക്തമാവുന്നത്.

എന്നാൽ പാർട്ടി നേതൃത്വം ചിറ്റമ്മ നയം കാണിക്കുന്നുണ്ടെങ്കിലും പക്ഷേ കണ്ണൂരിലെ സാധാരണ പ്രവർത്തകർക്ക് ഇടയിൽ ഇപ്പോഴും ജയരാജേട്ടൻ തന്നെയാണ് താരം. ആന്തൂർ വിഷയത്തിലും നവമാധ്യമ ഫോറങ്ങളിലെ ചർച്ചകളിലും പി ജയരാജനെ പാർട്ടി തിരുത്തിയതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന പോസ്റ്റുകളുമായി പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജ് വീണ്ടും സജീവമായി രംഗ്തത് വന്നിരിക്കുകയാണ്.. മുന്നിൽ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നിൽ നിന്നും കുത്തിയാൽ' എന്ന് പരാമർശിച്ച് പിജെ ആർമി പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 2017 ലെ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു. 'പാർട്ടി ഒരു കുടുംബമാണ്. ആ കുടുംബത്തിൽപ്പെട്ട ഒരാളോട് അൽപ്പം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്. ആ സ്നേഹത്തിന്റെ പേര് പറഞ്ഞ് കുടുംബത്തെ തകർക്കാമെന്ന് ആരും കരുതേണ്ട. നടക്കില്ല നിങ്ങൾക്ക്. പാർട്ടിക്കൊപ്പം'. എന്ന കുറിപ്പും പേജിലുണ്ട്. ചങ്കിലാണ് പിജെയെന്ന പോസ്റ്റും കാണാം. പി ജയരാജനെ സിപിഎം സംസ്ഥാന സമിതി തിരുത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് പിജെ ആർമിയിൽ ഇത്തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ആന്തൂർ നഗരസഭയുടെ ഗുരുതര അനാസ്ഥയിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ചെയർപേഴ്സൺ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജൻ പരാമർശിച്ചിരുന്നു. പി ജയരാജൻ അനുകൂലികൾ കൈകാര്യം ചെയ്തുവന്ന പിജെ എന്ന ചുരുക്കപ്പേരിലുള്ള സോഷ്യൽമീഡിയ പേജുകളിലും ഗ്രൂപ്പുകളിലും ജയരാജനെ യഥാർത്ഥ കമ്മ്യൂണിസ്റ്റാക്കി പ്രചരണവും നടന്നിരുന്നു. ഈ വിഷയങ്ങളിലാണ് പി ജയരാജനെ സംസ്ഥാന സമിതി തിരുത്തിയത്. പി കെ ശ്യാമളയെ വേദിയിലിരുത്തി വിമർശിച്ചത് ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സിതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് നടപടി ഉറപ്പാക്കുന്നത് പോലെയായെന്ന് കോടിയേരി പറഞ്ഞു. വിയോജിപ്പും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ നവമാധ്യമ ഫോറങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് മറ്റൊരു തിരുത്തൽ.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരെ ലൈംഗിക പീഡന കേസ് ഉയർന്നതോടെയാണ് പി ജയരാജനെ 'യഥാർത്ഥ കമ്മ്യൂണിസ്റ്റ്'ആക്കി പിജെ എന്ന ചുരുക്കപ്പേരിലും മറ്റുമുള്ള ജയരാജൻ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും പ്രചരണമുണ്ടായത്. ജയരാജന്റെ ഒരു മകൻ കല്ല് ചുമക്കുന്നതും മറ്റൊരു മകൻ ഹോട്ടലിൽ ജോലി ചെയ്യുന്നതുമായ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു പ്രചരണം. എന്നാൽ ഇതിനെ തള്ളി പി ജയരാജൻ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണം സദുദ്ദേശപരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. പാർട്ടിയുടെ തിരുത്തിന് പിന്നാലെയാണ് പി ജയരാജൻ പിജെ ആർമിയെ തള്ളിപ്പറഞ്ഞതെന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP