Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഐസിസി ആസ്ഥാനത്ത് വെച്ച് സിബിഐക്ക് ചിദംബരത്തെ നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്; വാർത്താ സമ്മേളനത്തിന് പിന്നാലെ ജോർബാഗിലെ വീട്ടിലേക്ക് പോയ നേതാവിനെ പിന്തുടർന്ന് സിബിഐ; ഗേറ്റ് പൂട്ടി അകത്ത് പോയ ചിദംബരത്തെ പിടിക്കാൻ മതിൽ ചാടിക്കടന്ന് സിബിഐ സംഘം; മുൻ മന്ത്രിയെ പിടികൂടാൻ പൊലീസിന്റെ സഹായം തേടി വാതിലിന് മുന്നിൽ തമ്പടിച്ച് ഉദ്യോഗസ്ഥർ; മുൻ ധനകാര്യമന്ത്രിക്കൊപ്പം കപിൽ സിബലും അഭിഷേക് സിങ്‌വിയും; കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ഇന്ന് തന്നെയെന്ന് സൂചന

എഐസിസി ആസ്ഥാനത്ത് വെച്ച് സിബിഐക്ക് ചിദംബരത്തെ നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്; വാർത്താ സമ്മേളനത്തിന് പിന്നാലെ ജോർബാഗിലെ വീട്ടിലേക്ക് പോയ നേതാവിനെ പിന്തുടർന്ന് സിബിഐ; ഗേറ്റ് പൂട്ടി അകത്ത് പോയ ചിദംബരത്തെ പിടിക്കാൻ മതിൽ ചാടിക്കടന്ന് സിബിഐ സംഘം; മുൻ മന്ത്രിയെ പിടികൂടാൻ പൊലീസിന്റെ സഹായം തേടി വാതിലിന് മുന്നിൽ തമ്പടിച്ച് ഉദ്യോഗസ്ഥർ; മുൻ ധനകാര്യമന്ത്രിക്കൊപ്പം കപിൽ സിബലും അഭിഷേക് സിങ്‌വിയും; കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ഇന്ന് തന്നെയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സൂചന. ഡൽഹിയിൽ ഇപ്പോൾ അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി വെച്ച സാഹചര്യത്തിൽ ഡൽഹി എഐസിസി ആസ്ഥാനത്ത് എത്തി മാധ്യമങ്ങളെ മുൻ മന്ത്രി കാണുന്നു എന്ന വിവരം ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം ഇവിടെ എത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ചിദംബരം ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു. തുടർന്ന് മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം അകത്തേക്ക് പ്രവേശിച്ചത്.

താൻ ഒളിവിൽ പോയിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു പി ചിദംബരത്തിന്റെ വാർത്താസമ്മേളനം. ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും മുൻ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ചിദംബരം ഒളിവിൽ പോയതായുള്ള വാർത്തകൾക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് അദ്ദേഹം എഐസിസി ആസ്ഥാനത്ത് നാടകീയമായി വാർത്താസമ്മേളനം നടത്തിയത്. ഇപ്പോൾ വീട്ടിൽ കപിൽ സിബിൽ , മനു അഭിഷേക് സിങ്‌വി എന്നിവർ ചിദംബരത്തിന് ഒപ്പമുണ്ട്.

നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അന്വേഷണ ഏജൻസിയായ സിബിഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം. വെള്ളിയാഴ്ചയും അതിനു ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു. താൻ ഒളിവിലാണെന്നുള്ള വിമർശനങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ ഒളിച്ചോടിയിട്ടില്ല. ഇന്നു മുഴുവൻ കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിൽനിന്ന് ഒളിച്ചോടുന്നതിനു പകരം നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഉടൻ ഫയലിൽ സ്വീകരിക്കണമെന്ന് തന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച ഹർജി പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതുവരെ സിബിഐയുടെ ഭാഗത്തുനിന്ന് മറിച്ചൊരു നീക്കവും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് നേരത്തെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. എന്നാൽ ചീഫ് ജസ്റ്റിസ് ഇത് തിരികെ രമണയുടെ ബെഞ്ചിലേയ്ക്ക് മടക്കി. തുടർന്ന് ഉച്ച കഴിഞ്ഞാണ് കേസ് സംബന്ധിച്ച് അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി കേസ് ചൊവ്വാഴ്ച പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കിയത്. പിന്നീട് ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കോടതി രജിസ്ട്രാർ വ്യക്തമാക്കുകയായിരുന്നു. ഇതിനിടെ ചിദംബരത്തെ തേടി സിബിഐ സംഘം നിരവധി തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ അദ്ദേഹം എവിടെയാണുള്ളതെന്ന് കണ്ടെത്താനായിരുന്നില്ല.

വാർത്താസമ്മേളനത്തിനു ശേഷം അദ്ദേഹം കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലിനൊപ്പം എഐസിസി ആസ്ഥാനത്തു നിന്നു പുറത്തു പോയതായാണ് സൂചന. ചിദംബരത്തെ അനുകൂലിച്ച് മുദ്രവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്തിനു മുൻപിൽ തമ്പടിച്ചിട്ടുണ്ട്. നേരത്തെ, ചിദംബരത്തിന്റെ ഹർജി അടിയന്തരമായി ഇന്ന് പരിഗണിക്കാൻ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ ഹർജി വെള്ളിയാഴ്ചയാണു ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2017 മെയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തി ചിംദബരവും കേസിൽ അന്വേഷണം നേരിടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP