Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം; ന്യൂമോണിയ രോഗികളെ കൂടി പരിശോധിക്കാൻ നിർദ്ദേശം; പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ; അതിർത്തികൾ ഭാഗികമായി അടച്ചതോടെ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ നിറുത്തിവെച്ചു; രാജ്യം അതീവ ജാഗ്രതയിൽ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം; ന്യൂമോണിയ രോഗികളെ കൂടി പരിശോധിക്കാൻ നിർദ്ദേശം; പത്തനംതിട്ടയിൽ മൂന്ന് പേർകൂടി ആശുപത്രി ഐസൊലേഷനിൽ; അതിർത്തികൾ ഭാഗികമായി അടച്ചതോടെ അന്തർ സംസ്ഥാന ബസ് സർവ്വീസുകൾ നിറുത്തിവെച്ചു; രാജ്യം അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇതുവരെ 258 പേർക്കായിരുന്നു കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ 39 പേർ വിദേശികൾ ആണ്. 271 രോഗികളിൽ നാലുപേരാണ് മരണപ്പെട്ടത്. 

ഡൽഹി, കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി ഓരോ രോഗികളാണ് മരണപ്പെട്ടത്. ഇതിൽ 22 രോഗികളെ അസുഖം ഭേദമായ ശേഷം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ വിദേശിയാണ്. ഇതുപ്രകാരം ഇന്ത്യയിലുടനീളം ഇതുവരെ കൊവിഡ് -19 കേസുകളുടെ എണ്ണം 231 ആണെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ ന്യൂമോണിയ കേസുകളും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം പശ്ചിമബംഗാളിൽ ഇന്ന് പുതിയ കേസുകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്‌കോട്ട്ലന്റിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഇത്. രാജസ്ഥാനിൽ ഇതുവരെ 23 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് 19 വൈറസ് രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാൾ അമേരിക്കയിൽ നിന്നെത്തിയതും മാറ്റൊരാൾ പൂണെയിൽ നിന്ന് വന്നതുമാണ്. ഇതോടെ മൊത്തം 19 പേരാണ് ആശുപത്രി ഐസൊലേഷനിൽ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കുന്നില്ല. സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ ക്ലബുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകൾ രാവിലെ 11 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കു.

കേരളത്തിന്റെ അതിർത്തികൾ അടയ്ക്കുന്നു

വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളഞ്ഞുതുടങ്ങി. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക . കാസർഗോഡ് നിന്നു കർണാടകയിലേക്കും അവിടെ നിന്നു തിരിച്ചും വാഹനങ്ങൾ കടത്തിവിടുന്നതിനു നിയന്ത്രണമേർപ്പെടുത്തി. കേരളത്തിലേക്കുള്ള കർണാടക ആർടിസി ബസുകൾ സർവീസ് റദ്ദാക്കി. കുമളിയിലേക്കുള്ള മുഴുവൻ തമിഴ്‌നാട് ബസ് സർവീസുകളും ഉച്ചയോടെ റദ്ദാക്കും. കുടകിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വയനാട് കലക്ടർ അറിയിച്ചു. കർണാടക ചാമരാജ് നഗർ ജില്ലയിലേക്കും, തമിഴ്‌നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. കെഎസ്ആർടിസി തമിഴ്‌നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്. കേരളത്തിലെ അതിർത്തികളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്.

തമിഴ്‌നാട്ടിലേക്കുള്ള കേരളത്തിന്റെ പ്രവേശന കവാടമായ വാളയാറിലും അതീവജാഗ്രതയും പരിശോധനയുമാണ് രണ്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും നടത്തുന്നു. ഇന്നലെ രാത്രി തന്നെ പാലക്കാട് നിന്നുള്ള അന്തർസംസ്ഥാന സർവ്വീസുകൾ കെഎസ്ആർടിസി അവസാനിപ്പിച്ചിരുന്നു. കാർഷിക ആവശ്യങ്ങൾക്കും ആശുപത്രി കേസുകൾ അടക്കമുള്ള അടിയന്തര ആവശ്യങ്ങളും ഉള്ളവരെ മാത്രമാണ് ഇപ്പോൾ വാളയാർ വഴി കടത്തി വിടുന്നത്. അതേസമയം ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചയിൽ ചരക്കുഗതാഗതം ഒരു തരത്തിലും നിർത്തി വയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ ചരക്കുവണ്ടികൾ ചെക്ക് പോസ്റ്റുകൾ വഴി സാധാരണ പോലെ കടന്നു പോകുന്നുണ്ട്.

ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റിലും അതീവ ജാഗ്രതയും പരിശോധനയും ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് എസ്ടിസി ഇപ്പോൾ ചെക്ക് പോസ്റ്റ് വരെ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇന്ന് ഉച്ചയോടെ ഈ സർവ്വീസുകളും അവർ അവസാനിപ്പിക്കും എന്നാണ് സൂചന. അതേസമയം കെഎസ്ആർടിസി പതിവ് പോലെ കുമളി വഴിയുള്ള സർവ്വീസുകൾ തുടരുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്ന് ഇരുവിഭാഗത്തും ജോലിക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. തെർമൽ പരിശോധനയടക്കം നടത്തിയാണ് ആളുകളെ ചെക്ക് പോസ്റ്റിലൂടെ കടത്തി വിടുന്നത്.

തെക്കൻ കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റായ അമരവിളയിലും കളിയക്കാവിളയിലും കർശന നിരീക്ഷണവും പരിശോധനയുമാണ് തമിഴ്‌നാട് അധികൃതർ നടത്തുന്നത്. തിരുവനന്തപുരത്തേക്ക് സർവ്വീസ് ടിഎൻഎസ്ടിസി- കെഎസ്ആർടിസി ബസുകളെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്. എപ്പോൾ വേണമെങ്കിലും ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ സർവ്വീസുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ട്. മരണം, ആശുപത്രി തുടങ്ങി അത്യാവശ്യ കാര്യങ്ങൾക്ക് വരുന്നവരെ മാത്രമാണ് അതിർത്തി കടന്ന് വരാൻ തമിഴ്‌നാട് അധികൃതർ അനുവദിക്കുന്നത്.

കോവിഡ് ബാധിതനെതിരെ കലക്ടർ

കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ യാത്രകളിൽ ദുരൂഹതയെന്ന് കലക്ടർ ഡി.സജിത് ബാബു. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രോഗി മറച്ചുവച്ചെന്ന് കലക്ടർ പറഞ്ഞു. യാത്രകളുടെ കൃത്യമായ വിവരങ്ങൾ ഇയാൾ നൽകാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാൻ കാരണം. മംഗലാപുരത്ത് രക്തസാംപിൾ പരിശോധിച്ച കാര്യമുൾപ്പെടെ പല കാര്യങ്ങളും രോഗി മറച്ചുവച്ചതായി കലക്ടർ പറഞ്ഞു.

അതിനിടെ യു.പിയിലെ മന്ത്രിമാരോട് വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് ക്വാറന്റൈനിൽ പോയ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിമാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ നിർേദശം നൽകിയത്. അതിനിടെ യു.എ.ഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു. രാജ്യത്തെ ആദ്യ മരണമാണിത്. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രഈലും ആദ്യമരണം റിപ്പോർട്ട് ചെയ്തു.കൊവിഡ്19 മൂലം ജറുസലേമിൽ 85കാരൻ മരിച്ചതായി ഇസ്രഈൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇറ്റയിൽ മരണസംഖ്യ 4000 കടന്നു. ഇറ്റലിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 627 കേസുകളാണ്. ഒരോ രണ്ടര മിനുട്ടിലും ഒരാളെന്ന കണക്കിലാണ് ഇറ്റലിയിലെ മരണ നിരക്ക്. ഇറ്റലിയിലെ മരണ സംഖ്യ ചൈനയെ മറികടന്നിട്ടുണ്ട്. സ്പെയിനിൽ 24 മണിക്കൂറിനിടെ 193 പേരാണ് മരിച്ചത്. ഇറാനിൽ 149 പേരും ഫ്രാൻസിൽ 108 പേരും മരിച്ചു. ഇറ്റലിയിൽ മരുന്നുകൾക്കും വൈദ്യ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ലോകത്തുകൊവിഡ് പിടിപെട്ട് രണ്ടുലക്ഷത്തിലേറെ പേരാണ് മരണമടഞ്ഞത്. ആയിരത്തിലേറെ കൊവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്ത നാലാമത്തെ രാജ്യമായി സ്പെയിൻ മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP