Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രേഖകൾ കത്തിച്ചും ജയിൽ ഡയറി തിരുത്തിയും വ്യാജ എഫ് ഐ ആർ എടുത്തും പൊലീസുകാരെ കൊണ്ട് കള്ളസാക്ഷി പറയിച്ചും ആദ്യ ദിവസം മുതൽ അട്ടിമറി ശ്രമം; ഏക സാക്ഷിയെ കാശു കൊടുത്ത് അട്ടിമറിച്ചും തെളിവുകൾ ഇല്ലാതെയാക്കി; എന്നിട്ടും രണ്ട് പേരെ സ്ഥാനക്കയറ്റം നൽകി സർക്കാർ എസ് പിമാരാക്കി; ഒരാൾക്ക് ഐപിഎസ് കൊടുക്കാനും ശുപാർശ ചെയ്തു; കാക്കിയിട്ട നരാധമന്മാർക്ക് വധശിക്ഷ കിട്ടുന്നത് പ്രഭാവതിയമ്മയുടെ കണ്ണൂനീർ കാണാതിരിക്കാൻ ദൈവത്തിന് സാധിക്കാത്തതു കൊണ്ട് മാത്രം

രേഖകൾ കത്തിച്ചും ജയിൽ ഡയറി തിരുത്തിയും വ്യാജ എഫ് ഐ ആർ എടുത്തും പൊലീസുകാരെ കൊണ്ട് കള്ളസാക്ഷി പറയിച്ചും ആദ്യ ദിവസം മുതൽ അട്ടിമറി ശ്രമം; ഏക സാക്ഷിയെ കാശു കൊടുത്ത് അട്ടിമറിച്ചും തെളിവുകൾ ഇല്ലാതെയാക്കി; എന്നിട്ടും രണ്ട് പേരെ സ്ഥാനക്കയറ്റം നൽകി സർക്കാർ എസ് പിമാരാക്കി; ഒരാൾക്ക് ഐപിഎസ് കൊടുക്കാനും ശുപാർശ ചെയ്തു; കാക്കിയിട്ട നരാധമന്മാർക്ക് വധശിക്ഷ കിട്ടുന്നത് പ്രഭാവതിയമ്മയുടെ കണ്ണൂനീർ കാണാതിരിക്കാൻ ദൈവത്തിന് സാധിക്കാത്തതു കൊണ്ട് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ സത്യം കനലായി തെളിഞ്ഞുവന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ തടിബെഞ്ചിൽ ഉദയകുമാറിനെ ഇരുമ്പുദണ്ഡിന് ഉരുട്ടിക്കൊന്നതിലെ സത്യം തെളിഞ്ഞു. അതിന് സിബിഐ എത്തേണ്ടി വന്നു. നടന്നതെല്ലാം അസ്വാഭാവികമാണ്. ഒരു സാധാരണക്കാരനെ കൊലപ്പെടുത്തിയാലും എങ്ങനേയും രക്ഷപ്പെടാൻ കഴിയുമെന്ന പൊലീസുകാരുടെ ആത്മവിശ്വാസത്തെയാണ് പ്രഭാവതിയമ്മ തകർത്തെറിഞ്ഞത്. മകന്റെ ജീവനെടുത്തവർക്കെതിരെ ഒറ്റയാൾ പട്ടാളത്തെ പോലും പോരാട്ടം നടത്തി. ഒടുവിൽ നിയമം അറിയാവുന്ന നിയമ പാലകരായിരുന്നവർക്ക് ശിക്ഷ എത്തുന്നു. എങ്ങനേയും കേസിൽ നിന്ന് രക്ഷപ്പെടാമെന്ന കണക്ക് കൂട്ടലാണ് തെറ്റുന്നത്. ദൃക്‌സാക്ഷിയായ സുരേഷും പൊലീസുകാരും ഒരുഘട്ടത്തിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. എന്നാൽ, ദൈവം അവശേഷിപ്പിച്ചപോലെ ചില തെളിവുകൾ കോടതിയിൽ ഉയിർത്തെഴുന്നേറ്റു. അമ്മയുടെ മനസ്സ് പോലെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു.

ഒന്നും പ്രതി കെ ജിതുകുമാറിനും രണ്ടാ പ്രതി എസ് വി ശ്രികുമാറിനും വധ ശിക്ഷ കിട്ടുമ്പോൾ അത് അമ്മയുടെ കണ്ണിരന്റെ വിലയാണ്. ആരും ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. പൊലീസുകാർക്ക് പരമാവധി ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്. എന്നാൽ സിബിഐ നിരത്തിയ വാദങ്ങൾ സിബിഐ ജഡ്ജിയുടെ കണ്ണുതുറപ്പിച്ചു. മറ്റുള്ളവർക്കും അർഹിക്കപ്പെട്ട ശിക്ഷ കോടതി നൽകി. മറ്റ് പ്രതികൾക്ക് 3 വർഷം കഠന തടവാണ് ശിക്ഷ.  അങ്ങനെ പൊലീസിലെ ക്രിമിനലുകളെ പ്രഭാവതി അമ്മയുടെ ഇടപടൽ എല്ലാ അർത്ഥത്തിലും കുടുക്കി. ഈ അമ്മയുടെ പോരാട്ടം തന്നെയാണ് ഇവിടെ ജയിക്കുന്നത്.

പൊലീസ് കസ്റ്റഡിയിൽ ഉദയകുമാർ എന്ന നിരപരാധിയായ ചെറുപ്പക്കാരനെയാണ് ക്രൂരമായ മർദ്ദനത്തിനും ഉരുട്ടലിനും വിധേയനാക്കി കൊലപ്പെടുത്തിയത്. ജിതകുമാർ, ശ്രീകുമാർ, ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നീ അഞ്ച് പ്രതികളാണ് വിചാരണ പൂർത്തിയാക്കിയത്. പൊലീസുകാർ അഡിഷണൽ കോടതിയിലെ വിചാരണയിൽ കൂട്ടത്തോടെ കൂറുമാറിയതിനെത്തുടർന്ന് അട്ടിമറിക്കപ്പെട്ട കേസിൽ ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് സിബിഐ അന്വേഷണം വന്നതും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതികളായതും. പ്രഭാവതിയമ്മയുടെ കണ്ണീരൊപ്പാൻ ദൈവത്തിന്റെ കൈ എത്തിയതോടെ സിബിഐയുടെ പ്രയത്‌നങ്ങൾ ഫലം കണ്ടു. സാക്ഷികൾ കൂറുമാറിയിട്ടും ഒളിച്ചിരുന്ന തെളിവുകൾ മറനീക്കി പുറത്തുവന്നു. അങ്ങനെ പ്രതികൾക്ക് ശിക്ഷയും എത്തി.

പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയ കേസിൽ ശാസ്ത്രീയ, സാഹചര്യത്തെളിവുകലാണ് കച്ചിതുരുമ്പായത്. ഉദയകുമാറിനെ ആളുമാറിയല്ല പിടിച്ചതെന്ന് വരുത്തിത്തീർക്കാൻ ഉരുട്ടിക്കൊന്നശേഷം മോഷണക്കുറ്റം ചുമത്തി കള്ളക്കേസെടുത്തതും, ഫോർട്ട് സ്റ്റേഷനിലെ ജനറൽഡയറി തിരുത്തിയതും, പൊലീസുകാരെ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ മൊഴിമാറ്റിച്ചതുമെല്ലാം മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ തെളിഞ്ഞു. മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെയും രക്തം കട്ടപിടിച്ചതിന്റെയും പാടുകളുണ്ടായിരുന്നെന്ന് അന്നത്തെ ആർ.ഡി.ഒ കെ.വി. മോഹൻകുമാറും ഉദയകുമാറിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി പി. പ്രഭയും കോടതിയിൽ മൊഴിനൽകിയതോടെ അമ്മയുടെ പ്രാർത്ഥന ഫലിച്ചു. അങ്ങനെ രക്ഷപ്പെടാനായി പൊലീസ് ചെയ്തതെല്ലാം തിരിച്ചു കടിച്ചു. കൊല്ലപ്പെട്ടശേഷം ഉദയകുമാറിനെതിരെ വ്യാജ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ക്രൈം എസ്‌ഐ രവീന്ദ്രൻനായരെ സിബിഐ മാപ്പുസാക്ഷിയാക്കിയതും നിർണ്ണായകമായത്. സ്റ്റേഷനിൽ നടന്നതെല്ലാം ക്രൈംബ്രാഞ്ച് എസ്‌പി കെ. ബാലചന്ദ്രനോട് തുറന്നുപറഞ്ഞിട്ടും രേഖപ്പെടുത്തിയില്ലെന്ന് മറ്റൊരു മാപ്പുസാക്ഷി ഹീരാലാലും മൊഴിനൽകി.

പൊലീസുകാരി സജിതാകുമാരിയെ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡ്യൂട്ടി ബുക്ക് തിരുത്തി കള്ളമൊഴി രേഖപ്പെടുത്തിയതായിരുന്നു സിബിഐ പൊളിച്ച ആദ്യ കള്ളം. ഇതിന് പിന്നിൽ എസ്‌ഐ അജിത്കുമാറും സിഐ ഇ.കെ. സാബുവും ചേർന്നാണെന്ന് കണ്ടെത്തി. തുടക്കക്കാരിയായതിനാൽ ഭീഷണി ഭയന്ന് ഇക്കാര്യങ്ങൾ ചെയ്തു. ഉദയകുമാറിനെ സ്റ്റേഷനിലെത്തിച്ചത് ഉച്ചയ്ക്ക് രണ്ടിനായിരുന്നെങ്കിലും ജനറൽഡയറിയിൽ രാത്രി എട്ടിനെന്നാക്കി മാറ്റി. ഉദയകുമാറിന്റെ കരച്ചിൽകേട്ട് ആശുപത്രിയിലെത്തിക്കാൻ പറഞ്ഞപ്പോൾ എഎസ്ഐ വിജയകുമാർ ശാസിച്ചെന്നും സജിത കോടതിയിൽ മൊഴി നൽകി. ഇതും കേസിൽ നിർണ്ണായകമായി. സിഐ ഓഫീസിലേക്ക് ചോദ്യംചെയ്യാൻ കൊണ്ടുപോയ ഉദയകുമാറിനെ ജിതകുമാറും ശ്രീകുമാറും തോളിലേറ്റിയാണ് തിരിച്ചെത്തിച്ചതെന്ന മൊ ഴിയും നിർണ്ണായകമായിരുന്നു. ഇതും പൊലീസുകാരന്റെ മൊഴിയായിരുന്നു.

ജിതകുമാറിന്റെ ആവശ്യപ്രകാരം അത്യാസന്നനിലയിലായ ഉദയകുമാറിനെ ലോക്കപ്പിലിട്ടു. അസി. കമ്മിഷണർമാരായ ഷറഫുദ്ദീൻ, ടി.കെ. ഹരിദാസ്, സിഐമാരായ ഇ.കെ. സാബു, മുഹമ്മദ്ഷാഫി എന്നിവർ പിന്നാലെ സ്റ്റേഷനിലേക്ക് കുതിച്ചെത്തി. ഉന്നതരുടെ നിർബന്ധപ്രകാരം ജനറൽഡയറി തിരുത്തി കള്ളം എഴുതിച്ചേർത്തെന്ന് തങ്കമണിയെന്ന പൊലീസുകാരൻ വെളിപ്പെടുത്തി. ഫോർട്ട് സ്റ്റേഷനിലെ ബെഞ്ചിൽ രക്തക്കറ കണ്ടെന്ന് ഫോറൻസിക് അസി. ഡയറക്ടർ തോമസ് അലക്‌സും ഉദയകുമാറിന്റേത് ലോക്കപ്പ് മരണമാണെന്ന് മെഡി. കോളേജിലെ ഫോറൻസിക് പ്രൊഫസർ കെ. ശ്രീകുമാരിയും കണ്ടെത്തി. സിഐ ഓഫീസിലെ ബെഞ്ചിൽനിന്ന് സീറോളജി പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഉരുട്ടാനുപയോഗിച്ച ഇരുമ്പു പൈപ്പിലും രക്തം കണ്ടെടുത്തു. ഇതും ശാസ്ത്രീയ തെളിവായി മാറി. ഇതോടെ കൊലയ്ക്ക് കാരണമായ മർദ്ദനം നടന്നത് സ്‌റ്റേഷനിലായിരുന്നുവെന്ന് വ്യക്തമാകുകയും ചെയ്തു.

ബന്ധുക്കളായി അധികമാരുമില്ലാത്ത പ്രഭാവതിയമ്മയ്ക്ക് സഹോദരൻ മോഹനൻ മാത്രമായിരുന്നു തുണ. നീതി തേടിയുള്ള നിയമ പോരാട്ടത്തിന് തുടക്കം മുതൽ പൊതുപ്രവർത്തകനും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ പി.കെ രാജുവും ഒപ്പം നിന്നു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിവേദനങ്ങൾ നൽകാനും കേസിന്റെ പുരോഗതിയുടെ ഓരോ ഘട്ടത്തിലും രാജു പ്രഭാവതിയെ സഹായിച്ച് കൂടെ നിന്നു. 2005ൽ സംഭവം നടക്കുന്ന സമയത്ത് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റായിരുന്നു രാജു. സംസ്ഥാന പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോൾ സിബിഐയെ സമീപിക്കാനും രാജുവിന്റെ സഹായമുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷമായി നീതി തേടിയുള്ള അലച്ചിലിൽ, കോടതിയിലും സർക്കാർ ഓഫീസുകളിലും പലതവണ ഈ അമ്മ കയറി ഇറങ്ങി. നെഞ്ചു പൊട്ടി ഉറക്കെ കരഞ്ഞു. ഇതൊന്നും വെറുതയായില്ല. ഒടുവിൽ നീതി ദേവത അമ്മയ്ക്ക് മുന്നിൽ കനിഞ്ഞു. അങ്ങനെ ഒന്നും തങ്ങളെ ആർക്കും ചെയ്യാനാകില്ലെന്ന് വീമ്പു പറഞ്ഞവർ തലതാഴ്‌ത്തി കോടതിയിൽ നിന്ന് മടങ്ങുകയാണ്. സിബിഐയുടെ അന്വേഷണ മികവിന് മറ്റൊരു തെളിവ് കൂടിയാണ് ഇത്.

ശിക്ഷ വിധിച്ചിട്ടും പൊലീസുകാരെ പുറത്താക്കാതെ സർക്കാർ

കോടതി പൊലീസുകാർ തെറ്റുകാരാണെന്ന് കണ്ടെത്തിയത് ഇന്നലെയാണ്. അതുകൊണ്ട് തന്നെ അപ്പോൾ ഇവരെ സർവ്വീസിൽ നിന്ന് പുറത്താക്കേണ്ടതുമായിരുന്നു. എന്നിട്ടും സർക്കാർ അത് ചെയ്തില്ല. ക്രിമനലുകളായ പൊലീസുകാർക്ക് വാഴാനുള്ള അവസരം പരമാവധി സർക്കാർ നൽകുന്നുവെന്നതിന് തെളിവാണ് ഇത്. ശിക്ഷ വന്നാൽ ഇവരെ സർവ്വീസിൽ നിന്ന് ഡിസ്മിസ് ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതോ വെറും വകുപ്പു തല നടപടികളിൽ മാത്രമായി ഒതുങ്ങുമോ എന്ന ചർച്ചയും സജീവമാണ്

ഉദയകുമാർ കൊലക്കേസിൽ പ്രതികളായ മൂന്ന് പൊലീസുകാർ സ്ഥാനക്കയറ്റം നേടി ഇപ്പോഴും കാക്കിക്കുള്ളിലാണ്. ഉരുട്ടിക്കൊല സമയത്ത് ഫോർട്ട് സ്റ്റേഷനിലെ എസ്‌ഐയായിരുന്ന ടി. അജിത്കുമാർ ക്രൈംബ്രാഞ്ചിന്റെ സംഘടിത കുറ്റകൃത്യ വിഭാഗത്തിൽ (ഓർഗനൈസ്ഡ് ക്രൈം വിങ്) ഡിവൈ.എസ്‌പിയാണിപ്പോൾ. പ്രതിയായ ശേഷവും രണ്ട് സ്ഥാനക്കയറ്റങ്ങൾ അജിത്കുമാറിന് ലഭിച്ചു. അന്ന് കോൺസ്റ്റബിളായിരുന്ന ജിതകുമാർ ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോയിൽ ഗ്രേഡ് എഎസ്ഐയായി. മറ്റൊരു പ്രതി ശ്രീകുമാർ തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറും. അങ്ങനെ സുഖജീവിതം നയിക്കുമ്പോഴാണ് കേസിൽ വിധി വരുന്നത്. ചെയ്ത തെറ്റിന് ദൈവം നൽകിയ ശിക്ഷ.

കേസിൽ പ്രതിയായ രണ്ടുപേർ എസ്‌പിമാരായി. രണ്ട് എസ്‌പിമാർക്കും ഐ.പി.എസ് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ശുപാർശ ചെയ്തിരുന്നെങ്കിലും കേന്ദ്രം നിരസിച്ചു. എസ്‌പിമാരായിരുന്ന ടി.കെ. ഹരിദാസ്, ഇ.കെ. സാബു എന്നിവരെയാണ് ഐ.പി.എസിനായി ശുപാർശ ചെയ്തത്. സിബിഐ അന്വേഷണം നേരിടുന്ന ടി.കെ. ഹരിദാസിനെ 2011ലെ ഒഴിവുകളിലേക്ക് ശുപാർശ ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഉരുട്ടിക്കൊല നടന്നപ്പോൾ സിഐയായിരുന്ന ഇ.കെ. സാബുവിന് ഡിവൈ.എസ്‌പിയായും എസ്‌പിയായും സ്ഥാനക്കയറ്റം നൽകിയാണ് ഐ.പി.എസിന് ശുപാർശ ചെയ്തത്.

2016ലെ ഒഴിവിൽ ഐ.പി.എസ് നൽകേണ്ടവരുടെ പട്ടികയിൽ സാബുവിനെ ഉൾപ്പെടുത്തി ക്ലീൻചിറ്റ് നൽകിയെങ്കിലും കേന്ദ്രസർക്കാർ ഒഴിവാക്കി. സാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡാണ് ഉദയകുമാറിനെ കസറ്റഡിയിലെടുത്തത്.

ചെയ്തത് കുറ്റകരമായ ഗൂഢാലോചന തന്നെ

ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം, കഠിനമായ ദേഹോപദ്രവം ഏല്പിക്കൽ, കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. കേസിലെ നാലു മുതൽ ആറുവരെ പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ടി. അജിത് കുമാർ, മുൻ എസ്‌പിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ, ഇതിനായി കുറ്റകരമായ ഗൂഢാലോചന നടത്തൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.
പ്രതികൾക്ക് മാതൃകാപരമായ പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്രതികളുടെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ച പ്രോസിക്യൂഷൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കടുത്ത സമീപനമല്ല സ്വീകരിച്ചത്.

2005 സെപ്റ്റംബർ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാർക്കിൽ ഇരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോർട്ട് സിഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേർന്നാണ് ഇവരെ ഫോർട്ട് സ്‌റ്രേഷനിൽ എത്തിച്ചത്. ഉദയകുമാറിന്റെ പക്കൽ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മർദ്ദനത്തിലും ചോദ്യം ചെയ്യലിലുമാണ് ഉദയകുമാർ കൊല്ലപ്പെട്ടത്. ഈ തുക പൊലീസുകാർ തട്ടിയെടുത്തു. ഇത് വേണമെന്ന് പറഞ്ഞതും കൊലയിലേക്ക് കാര്യങ്ങളെത്തിച്ചു. അമ്മയ്ക്ക് ഓണക്കോടി വാങ്ങാൻ സൂക്ഷിച്ചതായിരുന്നു ഈ തുക. അതാണ് ഉദയകുമാറിനെ വൈകാരികമായ ഇടപെടലിന് പ്രേരിപ്പിച്ചത്. ഇത് പൊലീസുകാരുടെ ക്രൂരതയിലേക്ക് കാര്യങ്ങളെത്തിച്ചു.

ഉദയകുമാർ കസ്റ്റഡിയിൽ മരിച്ചു എന്ന് ബോദ്ധ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഉദയകുമാറിനെ രാത്രി മോഷണക്കേസിൽ പിടികൂടി എന്ന് സ്ഥാപിക്കാൻ കള്ള എഫ്.ഐ.ആർ ഉണ്ടാക്കി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പൊലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പ്രതികളിൽ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. സോമൻ അടുത്തിടെ മരണമടഞ്ഞു. അതുകൊണ്ട് മാത്രം കോടതിയുടെ ശിക്ഷയിൽ നിന്ന് സോമൻ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP