Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അയിത്തത്തെ ഇടതുബുദ്ധിജീവികളും പരോക്ഷമായി ന്യായീകരിക്കുന്നുവോ? 'ജാതി കൊണ്ടുള്ള അയിത്തമൊക്കെ പണ്ടേ പോയി, ഇതുകൊറോണ പകരാതിരിക്കാനുള്ള അകന്ന് നിൽപ്പാണ്' എന്നു പറയുന്ന നമ്പൂതിരി; ഷോർട്ട് ഫിലിം 'ഒരു തീണ്ടാപ്പാടകലെ' തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്നതായി വിമർശനം; പ്രചാരണം ശക്തമായപ്പോൾ ചിത്രം യു ട്യൂബിൽനിന്ന് പിൻവലിച്ചു; കോവിഡ് കാലത്ത് പുകസ പുലിവാല് പിടിച്ചത് ഇങ്ങനെ

അയിത്തത്തെ ഇടതുബുദ്ധിജീവികളും പരോക്ഷമായി ന്യായീകരിക്കുന്നുവോ? 'ജാതി കൊണ്ടുള്ള അയിത്തമൊക്കെ പണ്ടേ പോയി, ഇതുകൊറോണ പകരാതിരിക്കാനുള്ള അകന്ന് നിൽപ്പാണ്' എന്നു പറയുന്ന നമ്പൂതിരി; ഷോർട്ട് ഫിലിം 'ഒരു തീണ്ടാപ്പാടകലെ' തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്നതായി വിമർശനം; പ്രചാരണം ശക്തമായപ്പോൾ ചിത്രം യു ട്യൂബിൽനിന്ന് പിൻവലിച്ചു; കോവിഡ് കാലത്ത് പുകസ പുലിവാല് പിടിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തീണ്ടലും അയിത്തവുമൊക്കെ ഇന്നത്തെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് ആണെന്നും അതിന് ചില ഗുണങ്ങൾ ഒക്കെ ഉണ്ടായിരിന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ പ്രചാരണം നടത്തി വന്നത് ഈ കോവിഡ് കാലത്താണ്. എന്നാൽ അയിത്തത്തെ പരോക്ഷമായി ന്യായീകരിക്കുന്നുവെന്ന ആരോപണം സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പുറത്തിറക്കിയ 'ഒരു തീണ്ടാപ്പാടകലെ' എന്ന ഷോർട്ട്ഫിലിമിനുനേരെയും ഉയർന്നിരിക്കയാണ്.

വിമർശനം ശക്തമായതോടെ ചിത്രം യു. ട്യൂബിൽ നിന്നും മററു സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിച്ചു കഴിഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത രാവുണ്ണി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്..ചിത്രം നല്ല അഭിപ്രായമാണ് പൊതുവിൽ കിട്ടിയത്.

എന്നാൽ തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുർവ്യാഖ്യാനവുമായി പലരും ഇന്ന് സോഷ്യൽ മീഡിയയിൽ പുകസ .യെ ആക്ഷേപിക്കാൻ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതിൽ വലിയ ദുഃഖം തോന്നുന്നുവെന്നും രാവുണ്ണി പ്രതികരിച്ചു.

രാവുണ്ണിയുടെ പ്രതികരണം ഇങ്ങനെയാണ്.

കൊറോണക്കാലത്ത് മനുഷ്യർ തമ്മിൽ ശാരീരിക അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം എന്ന, സാമൂഹ്യ നന്മയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള, ആശയം പ്രചരിപ്പിക്കുന്നതിനാണ് 'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രം നിർമ്മിക്കാൻ നാടക പ്രവർത്തകനായ എം.ആർ.ബാലചന്ദ്രൻ മുന്നോട്ടു വന്നത്. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ബാലചന്ദ്രൻ ഹ്രസ്വ ചിത്രത്തിന്റെ ആശയം പങ്കുവെച്ചപ്പോൾ അതൊരു നല്ല കാര്യമാണല്ലൊ എന്നാണ് എനിക്കു തോന്നിയത്.

അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ അഭിനയിക്കുകയും ചെയ്തു. ടൈറ്റിലിൽ ചിത്രത്തിന്റെ നിർമ്മാണം എന്നിടത്ത് തൃശൂർ നാടക സൗഹൃദത്തോടൊപ്പം പുരോഗമന കലാസാഹിത്യത്തിന്റെ പേരു കൂടി വച്ചാൽ ഇത് കാണാനും പ്രചരിപ്പിക്കാനും കൂടുതൽ ആളുണ്ടാവുമല്ലൊ എന്നും ബാലചന്ദ്രൻ കരുതി. സർക്കാർ പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്ന സാമൂഹ്യ അകലം, മാസ്‌ക്ക് ധരിക്കൽ എന്നിവക്കുള്ള പ്രചരണം കൂടിയാവുമല്ലൊ എന്ന നല്ല വിചാരത്തിലാണ് അങ്ങനെയാവട്ടെ എന്ന് ഞാനും കരുതിയത്.ടെലിവിഷൻ ചാനലുകളിലും ഫേസ് ബുക്കിലും യു ട്യൂബിലുമൊക്കെയായി ആയിരക്കണക്കിനാളുകൾ ഈ ഹ്രസ്വചിത്രം ഇതിനകം കണ്ടു കഴിഞ്ഞു. നല്ല അഭിപ്രായമാണ് പൊതുവിൽ കിട്ടിയത്.

എന്നാൽ തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുർവ്യാഖ്യാനവുമായി പലരും ഇന്ന് സോഷ്യൽ മീഡിയയിൽ പുകസ യെ ആക്ഷേപിക്കാൻ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതിൽ വലിയ ദുഃഖം തോന്നുന്നു. തീണ്ടലിനെ ഒരു നിലക്കും പൊറുപ്പിക്കരുത് എന്ന ഉറച്ച നിലപാടാണ് ഞങ്ങൾക്കുള്ളത്. മനുഷ്യനും മനുഷ്യനും തമ്മിൽ ജാതി, മതം, ദേശം, ആചാരം എന്നിവയുടെ പേരിൽ അയിത്തം കൽപ്പിക്കുന്നതിനെ ഉടലിൽ ജീവനുള്ള കാലം വരെ അംഗീകരിക്കുന്ന പ്രശ്‌നമില്ല. ഹ്രസ്വചിത്രത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്,അയിത്തം കൊറോണയോടാണ് എന്ന്. ചിത്രം കാണാത്തവരിലേക്ക് തെറ്റിദ്ധാരണ പുലർത്താനും ദുർവ്യാഖ്യാനം നടത്താനും സിനിമയുടെ പേരും കാരണമായിഎന്നതിൽ വളരെ ഖേദമുണ്ട്. ദുർവ്യാഖ്യാനത്തിന് ഇടയാക്കിയ, പ്രചരണത്തിനു കരുവായിത്തീർന്ന ഈ ഹ്രസ്വചിത്രം, തുടർന്ന് പ്രദർശിപ്പിക്കുന്നില്ല എന്ന വിവരം അറിയിച്ചു കൊള്ളട്ടെ. യു. ട്യൂബിൽ നിന്നും മററു സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിച്ചു കഴിഞ്ഞു.
-രാവുണ്ണി വ്യക്തമാക്കി. എന്നാൽ ചിത്രത്തെ അഭിനന്ദിച്ചും നിരവധി പേർ പ്രതികരിക്കുന്നുണ്ട്.

ഇതേക്കുറിച്ച് നവീൻ എസ് എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസറ്റ് ഇങ്ങനെ എഴുതുന്നു.

സാമൂഹിക അകലപാലനത്തിന്റെ പ്രചരണാർത്ഥം പുകസ തൃശ്ശൂർ ജില്ലാ ഘടകം നിർമ്മിച്ച ഹ്രസ്വ ചിത്രമാണ് - 'ഒരു തീണ്ടാപാടകലെ.'ഞാൻ ആ ചിത്രം കണ്ടത് ഇങ്ങനെയാണ് :കുളിച്ചീറനോടെ അമ്പലത്തിൽ തൊഴാനെത്തിയ നമ്പൂതിരി (പൂണൂലാണ് അടയാളം). പുറകെയെത്തിയ മറ്റൊരാൾ (തൊലിക്കറുപ്പ് ദളിതനെ പ്രതിനിധാനം ചെയ്യുന്നു). ദളിതൻ അടുത്ത് വന്ന് നിന്ന് തൊഴുന്നത് കണ്ട് മുഖം ചുളിച്ച് അകന്ന് നിൽക്കുന്ന നമ്പൂതിരി. അത് കണ്ട്, 'അയിത്തോം തീണ്ടലുമൊക്കെ മാറിയില്ലേ?' എന്ന് നമ്പൂതിരിയോട് ഉറക്കെ വിളിച്ചു ചോദിക്കുന്ന ദളിതൻ. 'ജാതി കൊണ്ടുള്ള അയിത്തമൊക്കെ പണ്ടേ പോയി; ഇതുകൊറോണ പകരാതിരിക്കാനുള്ള അകന്ന് നിൽപ്പാണ്' എന്നു മറുപടി നൽകുന്ന നമ്പൂതിരി. ശ്രീകോവിലിൽ നിന്നും ഇറങ്ങി വന്ന് രണ്ടാൾക്കും ഇലച്ചാർത്തിൽ മാസ്‌ക് നൽകുന്ന ശാന്തിക്കാരൻ.

ഈ ചിത്രത്തിനെതിരെയാണ് സൈബറിടങ്ങളിലെ നവോത്ഥാന പോരാളികൾ വെളിച്ചപ്പെടുന്നത്. പുകസ തൊടലും തീണ്ടലും പ്രോത്സാഹിപ്പിക്കുകയാണത്രേ.

ഒന്ന് ചോദിക്കട്ടെ; തൊടലും തീണ്ടലും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ :
- 'അയിത്തോം തീണ്ടലുമൊക്കെ മാറിയില്ലേ?' എന്ന് ദളിതനെ കൊണ്ട് ഉറച്ച ശബ്ദത്തിൽ ചോദിപ്പിക്കുമോ???
- 'ജാതീയമായ അയിത്തം പണ്ടേ മാറി' എന്ന് നമ്പൂതിരിയെക്കൊണ്ട് പറയിക്കുമോ???
- ദളിതനും നമ്പൂതിരിയുമെന്ന് ഭേദമില്ലാതെ ശാന്തിക്കാരനെ കൊണ്ട് രണ്ടാൾക്കും ഇലച്ചാർത്തിൽ പ്രസാദം കൊടുപ്പിക്കുമോ ???

'തീണ്ടാപ്പാടകലം' എന്ന വാക്കിനല്ല, ആ കെട്ട ആശയത്തിനാണ് അയിത്തം കൽപ്പിക്കേണ്ടതെന്ന് തിരിച്ചറിയാത്തവരേയും പള്ളിയാണെന്ന് കരുതി സിനിമാ സെറ്റ് പൊളിച്ചവരേയും ഒരേ നുകത്തിന് കെട്ടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP