Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാ തർക്കം പരിഹരിക്കാനുള്ള അവസാന പ്രതീക്ഷയുമായി ആഗോള ഓർത്തഡോക്‌സ്-മലങ്കര സഭാ നേതൃത്വവും ചർച്ച ആരംഭിച്ചു; ലെബനോണിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ സമ്മേളനത്തിൽ തർക്ക പരിഹാരം അനിവാര്യതയെന്ന് വിലയിരുത്തൽ; ചർച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കാൻ തീരുമാനിച്ച് യാക്കോബായ സഭ; സുപ്രീംകോടതി അവകാശം നൽകിയ ശേഷം ഇനി എന്തിന് ചർച്ചയെന്ന് ചോദിച്ച് ഓർത്തഡോക്‌സ് സഭ; ഓർത്തഡോക്‌സ് സുന്നഹദോസിൽ അന്തിമ തീരുമാനം

സഭാ തർക്കം പരിഹരിക്കാനുള്ള അവസാന പ്രതീക്ഷയുമായി ആഗോള ഓർത്തഡോക്‌സ്-മലങ്കര സഭാ നേതൃത്വവും ചർച്ച ആരംഭിച്ചു; ലെബനോണിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ സമ്മേളനത്തിൽ തർക്ക പരിഹാരം അനിവാര്യതയെന്ന് വിലയിരുത്തൽ; ചർച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കാൻ തീരുമാനിച്ച് യാക്കോബായ സഭ; സുപ്രീംകോടതി അവകാശം നൽകിയ ശേഷം ഇനി എന്തിന് ചർച്ചയെന്ന് ചോദിച്ച് ഓർത്തഡോക്‌സ് സഭ; ഓർത്തഡോക്‌സ് സുന്നഹദോസിൽ അന്തിമ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഉടൻ സാധ്യതയില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്‌ക്കെടുത്തത്. മലങ്കരസഭാ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള രണ്ടാംഘട്ട ചർച്ച സെപ്റ്റംബർ 11-ന് കെയ്‌റോയിലെ സെന്റ് മാർക്ക് സെന്ററിൽ നടക്കും. എന്നാൽ എന്തിനാണ് ചർച്ചയെന്നാണഅ കേരളത്തിലെ ഓർത്തഡോക്‌സ് വിഭാഗത്തിലെ ഒരു വിഭാഗം ചോദിക്കുന്നത്. സുപ്രീംകോടതിയിലെ അന്തിമ പോരാട്ടവും ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ കോടതിയിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.

വിശദമായ ചർച്ചകളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ഇന്ത്യയിലെ മലങ്കര യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗം കാതോലിക്കാ ബാവമാർക്ക് ഓറിയന്റൽ സഭാ സമിതി ക്ഷണക്കത്തയച്ചു. അർമീനിയൻ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ആരാം ഒന്നാമനാണ് കത്തയച്ചത്. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള മൂന്ന് അംഗങ്ങൾ വീതം ചർച്ചയിൽ പങ്കെടുക്കണമെന്ന് കത്തിൽ പറയുന്നു. ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളിലെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് ചർച്ചസ്, സിറിയൻ ഓർത്തഡോക്‌സ് ചർച്ചസ്, അർമീനിയൻ ഓർത്തഡോക്‌സ് ചർച്ചസ് എന്നീ സഭകളിലെ രണ്ട് അംഗങ്ങൾവീതം പങ്കെടുക്കും. മലങ്കര സഭയിൽ സ്ഥിരമായ തർക്കപരിഹാരത്തിന് കളമൊരുക്കുകയാണ് ലക്ഷ്യം. അലക്‌സാൻഡ്രിയൻ പോപ്പ് തോവോദോറസ് രണ്ടാമൻ, അന്ത്യോഖ്യൻ പാത്രിയാർക്കീസ് മോർ അപ്രേം ദ്വിതീയൻ, അർമീനിയൻ പാത്രിയാർക്കീസ് ആരാം ഒന്നാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മലങ്കരസഭാ തർക്കം ചർച്ചചെയ്തത്.

കെയ്‌റോയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതിന് യാക്കോബായ സഭ മൂന്ന് മെത്രാപ്പൊലീത്താമാരുടെ സമിതിയെ തിരഞ്ഞെടുത്തു. ഓർത്തഡോക്‌സ് വിഭാഗം ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച കോട്ടയം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ഓർത്തഡോക്‌സ് സഭാ സുന്നഹദോസ് അർമീനിയൻ പാത്രിയാർക്കീസ് ബാവായുടെ ക്ഷണക്കത്ത് ചർച്ച ചെയ്യും. കെയ്‌റോയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കണമെന്നാണ് ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന മെത്രാപ്പൊലീത്താമാരുടെ അഭിപ്രായം. ഇത് ചൊവ്വാഴ്ച നടക്കുന്ന സുന്നഹദോസിൽ ആവശ്യപ്പെടുമെന്നാണറിയുന്നത്. ന്നൊൽ വിശ്വാസികളിൽ ഒരു വിഭാഗം ഇതിന് എതിരാണ്. കോടതി വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഒരു ഒത്തുതീർപ്പും വേണ്ടെന്ന് അവർ പറയുന്നു. കോടതി വിധിക്ക് മുമ്പ് ഒത്തുതീർപ്പിന് വരാത്തവരാണ് തോറ്റതിന് ശേഷം അതിന് ശ്രമിക്കുന്നതെന്നാണ് അവരുടെ വാദം.

ഓർത്തഡോക്‌സ് സഭയിൽ നിയുക്ത കാതോലിക്കാ ബാവായെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമായി. സഭയുടെ മുൻ സെക്രട്ടറിമാരും മുതിർന്ന വൈദികരുമടക്കം വിശ്വാസികൾ ഒപ്പിട്ട നിവേദനം മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് നൽകി. ചൊവ്വാഴ്ച ചേരുന്ന സഭാ സുന്നഹദോസിൽ നിവേദനം ചർച്ചക്കെടുക്കുമെന്നാണ് വിവരം. സുന്നഹദോസിൽ വൈദികരുടെ കുമ്പസാര പീഡനവും ചർച്ചയാക്കുന്നുണ്ട്. അതുകൊണ്ട് ഏറെ നിർണ്ണായകമാണ് ചർച്ചകൾ. ഇതിൽ സഭാ തർക്കത്തിൽ ആഗോള സഭയുടെ തീരുമാനത്തിന് അനുസരിച്ചുള്ള ഒത്തുതീർപ്പുണ്ടാകുമോ എന്നതാണ് നിർണ്ണായകം. അല്ലാത്ത പക്ഷം നീക്കങ്ങൾ പൊളിയും. പിറവം പള്ളിയിൽ ഉൾപ്പെടെ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിലെ മേൽകോയ്മ കളയരുതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എന്നാൽ വിരുദ്ധ അഭിപ്രായമുള്ളവരാണ് നിയുക്ത കാതോലിക്കാ ബാവയെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. ഇവർ ഐക്യ ശ്രമങ്ങൾക്ക് അനുകൂലമാണ്. അന്ത്യോഖ്യാ പാത്രിയാർക്കീസ് മോർ അപ്രേം ദ്വിതീയൻ ബാവായുടെ സമാധാന ശ്രമങ്ങളോട് സഹകരിക്കാഞ്ഞതിനെതിരേ നിവേദനത്തിൽ സഭാ നേതൃത്വത്തെ വിമർശിച്ചിട്ടുണ്ട്. ഐക്യ ശ്രമങ്ങൾക്കുനേരേ പുറംതിരിഞ്ഞ് നിൽക്കുന്നത് സമൂഹത്തിൽ സഭയുടെ സ്ഥാനം പരിതാപകരമാക്കി. സഭാ നേതൃത്വം കോടതിവിധി നടത്തിപ്പിൽ ഊന്നൽകൊടുത്തു നടത്തിയ മുന്നേറ്റം ജനവികാരത്തെ വ്രണപ്പെടുത്താനേ കഴിഞ്ഞുള്ളൂവെന്നും കാതോലിക്കാ ബാവായ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. സമവായ സാധ്യത അടയുകയാണെങ്കിൽ ഭരണഘടനാബെഞ്ചിനെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യാക്കോബായ സഭാ വക്താവ് കുര്യക്കോസ് മാർ തെയോഫിലോസ് വിശദീകരിച്ചിട്ടുണ്ട്. 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികൾ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓർത്തഡോക്‌സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്.

മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്‌സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നത്. ആഗോളതലത്തിൽ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓർത്തഡോക്‌സ് സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭകളിൽ ഒന്നാണ്. വർഷങ്ങൾക്കു മുൻപ് അർമീനിയൻ കാതോലിക്കാ മലങ്കര ഓർത്തഡോക്‌സ് സഭയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കെയ്‌റോയിൽ സൈഫോ കൂട്ടക്കുരുതിയുടെ ജൂബിലിയിൽ മറ്റു പൗരസ്ത്യ ക്രൈസ്തവ സഭകൾക്കൊപ്പം ഓർത്തഡോക്‌സ് സഭാ നേതൃത്വവും പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായാണു സിറിയൻ ഓർത്തഡോക്‌സ് സഭാ തലവനും കോപ്റ്റിക് പോപ്പും അർമേനിയൻ കാതോലിക്കയും ഒരുമിച്ചു കുർബാനയിൽ പങ്കെടുക്കുന്നത്. ഇത് കേരളത്തിലെ സഭാ തർക്കങ്ങൾ പരിഹരിക്കാനുള്ള അവസരമായി മാറുമെന്നും യാക്കോബായക്കാർ കരുതുന്നു.

കേരളത്തിൽ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് സർക്കാരും മുൻ കൈയെടുത്തിരുന്നു. ഇതിന് പിണറായി സർക്കാരിനോട് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള സന്ദർശനത്തിനിടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാവ സംതൃപ്തി പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച തർക്കം പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ തുടർന്നുള്ള നീക്കങ്ങളിലാണ് ആഗോള തലത്തിൽ പ്രശ്‌ന പരിഹാരത്തിന് ചർച്ചകൾ തുടങ്ങാൻ സാധ്യത തേടിയത്. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞിരുന്നു.

തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്‌കസിൽനിന്ന് ഇവിടെവരെ വന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്നും പാത്രിയാർക്കീസ് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP