Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

കോടതി വിധികളിലെ നീതി നിഷേധം ചൂണ്ടിക്കാട്ടി യാക്കോബായ സഭ; സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഓർത്തഡോക്സ് വിഭാ​ഗവും; മലങ്കരയിലെ തർക്കത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി; ഇനി വേണ്ടത് ഇരു വിഭാ​ഗത്തിനും സ്വീകാര്യമായ നിർദ്ദേശം; പള്ളിത്തർക്കത്തിലൂടെ കേരളത്തിൽ ശക്തി വർധിപ്പിക്കാനൊരുങ്ങി ബിജെപി

കോടതി വിധികളിലെ നീതി നിഷേധം ചൂണ്ടിക്കാട്ടി യാക്കോബായ സഭ; സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഓർത്തഡോക്സ് വിഭാ​ഗവും; മലങ്കരയിലെ തർക്കത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി; ഇനി വേണ്ടത് ഇരു വിഭാ​ഗത്തിനും സ്വീകാര്യമായ നിർദ്ദേശം; പള്ളിത്തർക്കത്തിലൂടെ കേരളത്തിൽ ശക്തി വർധിപ്പിക്കാനൊരുങ്ങി ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ സഭാ തർക്കം സംബന്ധിച്ച് ഇരു പക്ഷത്തിനും പറയാനുള്ളത് കേട്ടു കഴിഞ്ഞതോടെ ഇനി പന്ത് പ്രധാനമന്ത്രിയുടെ കോർട്ടിൽ. എന്നാൽ, പ്രതീക്ഷിച്ച അത്ര ലളിതമായി പരിഹരിക്കാൻ കഴിയുന്ന നിലയിലല്ല ഇരു വിഭാ​ഗങ്ങളും ചർച്ചയിൽ സ്വീകരിച്ച നിലപാട്. ഇന്നലെ ഓർത്തഡോക്സ് സഭാ പ്രതിനിധികളും ഇന്ന് ചർച്ച നടത്തിയ യാക്കോബായ സുറിയാനി സഭ പ്രതിനിധികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ച് നിന്നാണ് പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്. മലങ്കരയിലെ പ്രശ്നങ്ങൾ അത്ര ലളിതമല്ലെന്ന സന്ദേശമാണ് ഇരു വിഭാ​ഗങ്ങളും മോദിക്ക് നൽകിയത്.

കോടതി വിധികളിലെ നീതി നിഷേധം സംബന്ധിച്ചാണ് ഇന്ന് പ്രധാനമന്ത്രിയെ കണ്ട യാക്കോബായ സഭ പ്രതിനിധികൾ സംസാരിച്ചത്. പള്ളി പിടുത്തം നിർത്തലാക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി യാക്കോബായ സുറിയാനി സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. 1991ലെ വർഷിപ്പ് ആക്ട് നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പൊലീത്തമാരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ചർച്ച ഒരു മണിക്കൂറോളം നീണ്ടു.

പ്രധാനമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുള്ളതായും സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗേറിയോസ് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ ഓർത്തഡോക്‌സ് പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. മോദിക്ക് മുന്നിലും കടുംപിടുത്തം തുടരുകയാണ് ഓർത്തഡോക്‌സ് സഭ ചെയ്തത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.

സഭ ഒന്നായി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളാണ് സുപ്രീം കോടതി വിധിയിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. തർക്കപരിഹാരത്തിനു തന്നാലാവുന്നത്ര ശ്രമിക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

സുപ്രീം കോടതി വിധിക്കുള്ളിൽ നിന്നുകൊണ്ടു പരിഹാരം കാണേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയിൽ സഭാ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് എന്നിവരാണ് നിലപാടുകൾ വിശദീകരിച്ചത്. മിസോറം ഗവർണർ പി. എസ്. ശ്രീധരൻപിള്ള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

സഭയുടെ ചരിത്രവും നിലവിലെ തർക്കത്തിന്റെ നാൾവഴിയും കോടതിവിധികളും വിശദീകരിച്ചുള്ള കത്ത് ഓർത്തഡോക്‌സ് സഭാനേതൃത്വം പ്രധാനമന്ത്രിക്കു നൽകി. ആരാധനയിൽ പങ്കെടുക്കാൻ ആർക്കും തടസ്സമില്ലെന്നും സമാധാനാന്തരീക്ഷം നശിപ്പിക്കുന്നതും കോടതിവിധി നടപ്പാക്കൽ തടയുന്നതും അനുവദിക്കാനാവില്ലെന്നും കത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപാകെ അവതരിപ്പിച്ച നിലപാടുകൾ പ്രധാനമന്ത്രിയോടും വിശദീകരിച്ചെന്ന് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. കോടതിവിധി യാക്കോബായ സഭ അംഗീകരിക്കണം. മുൻപത്തെ നിയമങ്ങൾ അംഗീകരിക്കാത്ത സ്ഥിതിയുള്ളപ്പോൾ വീണ്ടും നിയമനിർമ്മാണം നടത്തിയിട്ടു കാര്യമില്ല. എങ്ങനെ മുന്നോട്ടുപോകണമെന്നു കോടതിവിധിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഒത്തുതീർപ്പ് ഫോർമുല

ഓരോ പള്ളിയും ഭൂരിപക്ഷം ആർക്കാണോ അവർക്ക് നൽകുക, ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം എന്നതാണ് ഒത്തുതീർപ്പ് ചർച്ചയിൽ മോദി മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശം. രണ്ടു പേർക്കും യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിതുകൊടുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. യോജിക്കുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും രണ്ടു കൂട്ടരും ധാരണ ഉണ്ടാക്കും വരെ അയോധ്യ പോലെ പൂട്ടിയിടാനുമാണ് ബിജെപിയുടെ ഫോർമുല.

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ മധ്യസ്ഥതയിലാണ് പ്രധാനമന്ത്രി ഒത്തുതീർപ്പ് വ്യവസ്ഥകൾ തയ്യാറാക്കി ഇരു സഭകളെയും ചർച്ചക്ക് വിളിച്ചത്. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയല്ലാതെ ഇരുപക്ഷത്തിനും മുന്നിൽ മറ്റ് മാർഗങ്ങളില്ല. തന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ വന്നാൽ പള്ളികൾ ദീർഘനാൾ പൂട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മോദി സഭകൾക്ക് മുന്നറിയിപ്പ് നൽകും. ഇതോടെ കേരള രാഷ്ട്രീയത്തിൽ ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കോൺഗ്രസിനാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇന്നും നാളെയും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ സമ?ഗ്രമായ ചില മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മിസോറാം ഹൗസിൽ ആണ് ചർച്ചയ്ക്കു വന്ന സഭ അധികാരികൾക്ക് താമസം.വാഹനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സഭാ നേതൃത്വത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. സകലതും ഓർത്തോഡോക്‌സിനു മാത്രം കൊടുക്കാൻ പിണറായിയും കമ്യുണിസ്റ്റ് മെത്രാന്മാരും ഉണ്ടാക്കിയ ധാരണ മുഴുവൻ പൊളിച്ചത് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ്. സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ധാരണ അനുസരിച്ച് പള്ളി വിശ്വാസസികൾക്ക് എന്നതായിരുന്നു. അതായത് എല്ലാവർക്കും ആരാധന സ്വാതന്ത്ര്യം. പള്ളിയുടെ അവകാശം ട്രെസ്റ്റിക്കും എന്നായിരുന്നു. ട്രെസ്റ്റി കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വൈദികൻ ആയിരിക്കും. ഫലത്തിൽ പള്ളി ഓർത്തഡോക്‌സ് കാർക്ക് മാത്രം ആയിരുന്നു.

യാക്കോബായ വിഭാഗം പരാമ്പരാഗതമായി ഇടതു പക്ഷത്തിനൊപ്പമായിരുന്നതിനാൽ സഭാ തർക്കത്തിൽ സിപിഎമ്മിന് യാതൊരു നഷ്ടവും ഇതുവരെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലെ 12 ഓർത്തഡോക്‌സ് വിഭാഗത്തിന് സീറ്റും നൽകിയതോടെ ഓർത്തഡോക്‌സ് സഭയും ഇടതിനോട് അടുത്തിരുന്നു. സഭ തർക്കം പരിഹരിച്ച പിണറായിക്കു രണ്ടു സഭയുടെയും വോട്ട്. എന്നതായിരുന്നു ഇടതുപക്ഷം കണക്ക് കൂട്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് പി എസ് ശ്രീധരൻ പിള്ളയും നരേന്ദ്ര മോദിയും സഭാ പ്രശ്‌നത്തിൽ ഇടപെടുന്നത്. ഇതോടെ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ദീർഘകാല ലക്ഷ്യത്തോടെ പ്രശ്‌നങ്ങളെ നേരിടുന്ന മോദിയുടെ തന്ത്രങ്ങളുടെ ഫലമായി സമീപ ഭാവി ഇടതു പക്ഷത്തിനും മുസ്ലിം ലീഗിനും അനുകൂലമാകും എന്നും നിരീക്ഷകർ കരുതുന്നു.

അതായത്, സഭാ തർക്കത്തിൽ മോദി ഉണ്ടാക്കുന്ന ധാരണയിലും രാഷ്ട്രീയ നേട്ടം പിണറായിക്കു തന്നെയാകും. ധാരണ പ്രകാരം മാവേലിക്കര, ചെങ്ങന്നൂർ, പത്തനത്തിട്ട, പെരുമ്പാവൂർ, തൃപ്പൂണിത്തുറ തുടങ്ങി ബിജെപി ക്കു സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ യാക്കോബായ പക്ഷം ബിജെപി യെ സഹായിക്കും. ബാക്കി മണ്ഡലങ്ങളിൽ.. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. രാഹുൽ ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ കോൺ?ഗ്രസ് ഭരണം ഉണ്ടാകരുത് എന്നാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. കോൺ?ഗ്രസ് യൂ ഡി എഫിൽ രണ്ടാം കക്ഷിയാകണം. പിണറായി മുന്നോട്ടു വയ്ക്കുന്നതും അതെ രാഷ്ട്രീയമാണ്.

മലങ്കരയിലെ തർക്കം

അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയിൽ നിന്ന് 1912ൽ ഒരു വിഭാഗം വിഘടിച്ച് പുറത്ത് പോകുകയും സമാന്തരമായി മലങ്കര ഓർത്തഡോക്‌സ് എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും മാർതോമാശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1934ൽ മലങ്കര ഓർത്തഡോക്‌സ് സഭ ഭരണഘടന നിർമ്മിച്ച് യാക്കോബായ സഭക്കെതിരെ കേസുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1958ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ ഇരു സഭയിലും സമാധാനം സൃഷ്ടിക്കുവാൻ യോജിപ്പിന് നിർദ്ദേശിച്ചു. പക്ഷേ വീണ്ടും വിശ്വാസപരമായ കാര്യത്തിൽ ഇരു വിഭാഗവും വിത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ 1975ൽ ഇരുവിഭാഗമായി. തുടർന്ന് 1995ലും 2002ലും വിവിധ തലത്തിൽ സഭാ തർക്കം അവസാനിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പക്ഷത്തിന്റെയും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പൂർണ്ണതയിലെത്തിയില്ല.

കോലഞ്ചേരിയടക്കം മൂന്ന് പള്ളികളുടെ ഭരണ ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവിലാണ് യാക്കോബായ സുറിയാനി സഭയുടെ പൂർണ്ണ കൈവശത്തിലിരിക്കുന്ന പള്ളികളും മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇതോടെ കോതമംഗലം, പിറവം, മണർകാട് തുടങ്ങി യാക്കോബായ സഭയുടെ പ്രധാന പള്ളികളടക്കം കൈവശപ്പെടുത്തുവാൻ മലങ്കര ഓർത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങി. ഇതിനെ തുടർന്ന് കോതമംഗലത്തും പിറവത്തുമടക്കം പല പള്ളികളും കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്‌സ് വൈദീകർ എത്തിയെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മൂലം ഇത് നടപ്പിലായില്ല. ഇതിനിടയിൽ നിരവധി ചെറിയ യാക്കോബായ പള്ളികൾ ഓർത്തഡോക്‌സ് സഭ കോടതി വഴി കൈവശപ്പെടുത്തി. പിടിച്ചെടുത്ത പള്ളികളിലെല്ലാം യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മലങ്കര ഓർത്തഡോക്‌സ് സഭ യാക്കോബായക്കാരുടെ കൈവശത്തിൽ നിന്ന് പിടിച്ചെടുത്ത പള്ളികളുടെ സെമിത്തേരിയിൽ യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അടക്കുന്നതിന് പോലും മലങ്കര ഓർത്തഡോക്‌സ് സഭ സമ്മതിക്കാത്തതും വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. യാക്കോബായക്കാരുടെ ശവം കത്തിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യട്ടെ എന്ന ഓർത്തഡോക്‌സ് വിഭാഗം കാതോലിക്കയുടെ നിലപാട് സഭയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഈ പ്രസ്താവനക്കെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ശവസംസ്‌ക്കാരത്തിന് സാഹചര്യമൊരുക്കാൻ ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരെ വേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP