Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യാക്കോബായ സഭയെ ഇല്ലാത്താക്കുകയെന്ന ലക്ഷ്യം നേടിയ ആവേശത്തിൽ ഓർത്തഡോക്സ് സഭ; 2017 ജൂലൈയിലെ വിധിക്ക് എതിരായുള്ള വിശദീകരണ ഹർജി ചെലവു സഹിതം തള്ളിയ സുപ്രീം കോടതി തീരുമാനം യാക്കോബായക്കാർക്ക് നൽകുന്നത് സമ്പൂർണ്ണ നിരാശ; പള്ളികൾ തിരിച്ചു പിടിച്ചു നൽകാൻ ഇനി സർക്കാരും നിർബന്ധിതരാകും; സഭാ തർക്കം ക്ലൈമാക്‌സിലേക്ക്; 1971ന് ശേഷം യാക്കോബായക്കാർ സ്ഥാപിച്ച 367 പള്ളികളും പിടിക്കാൻ പുതു തന്ത്രങ്ങളൊരുക്കാനും ഓർത്തഡോക്‌സ് നീക്കം

യാക്കോബായ സഭയെ ഇല്ലാത്താക്കുകയെന്ന ലക്ഷ്യം നേടിയ ആവേശത്തിൽ ഓർത്തഡോക്സ് സഭ; 2017 ജൂലൈയിലെ വിധിക്ക് എതിരായുള്ള വിശദീകരണ ഹർജി ചെലവു സഹിതം തള്ളിയ സുപ്രീം കോടതി തീരുമാനം യാക്കോബായക്കാർക്ക് നൽകുന്നത് സമ്പൂർണ്ണ നിരാശ; പള്ളികൾ തിരിച്ചു പിടിച്ചു നൽകാൻ ഇനി സർക്കാരും നിർബന്ധിതരാകും; സഭാ തർക്കം ക്ലൈമാക്‌സിലേക്ക്; 1971ന് ശേഷം യാക്കോബായക്കാർ സ്ഥാപിച്ച 367 പള്ളികളും പിടിക്കാൻ പുതു തന്ത്രങ്ങളൊരുക്കാനും ഓർത്തഡോക്‌സ് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സഭാ കേസിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ മുഖ്യവിധിയിൽ വ്യക്തതതേടി യാക്കോബായക്കാർ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതോടെ എല്ലാം ഇനി ഓർത്തഡോക്‌സുകാർക്ക് സ്വന്തം. പലതവണ വ്യക്തമാക്കിയിട്ടും വീണ്ടും കേസുമായിവന്നാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇതോടെ യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും കൈവിട്ടു പോകുകയാണ്. അവർ പ്രാർത്ഥിച്ചിരുന്ന പള്ളികളിൽ മിക്കതും അവർക്ക് നഷ്ടമാകും. ഇതോടെ മലങ്കര പ്രശ്‌നം വീണ്ടും തെരുവിലെത്താനും സാധ്യതയുണ്ട്. പള്ളികളിൽ ആധിപത്യം സ്ഥാപിക്കാൻ യാക്കോബയക്കാർ എത്തിയാൽ അതിന് ഓർത്തഡോക്‌സുകാർ എങ്ങനെ നേരിടുമെന്നതാണ് പ്രധാനം. ഇനി സർക്കാരിനും പള്ളികൾ യാക്കോബായ സഭയ്ക്ക് നൽകേണ്ട നടപടികളിലേക്ക് കടക്കേണ്ടി വരും.

2017-ലെ വിധിയിൽ തങ്ങൾക്കനുകൂലമായ ഒട്ടേറെ പരാമർശങ്ങളുണ്ടെന്ന് യാക്കോബായ വിഭാഗം നൽകിയ അഞ്ഞൂറിലേറെ പേജുള്ള ഹർജിയിൽ കുറ്റപ്പെടുത്തി. വിധി മൊത്തമായി നടപ്പാക്കുകയാണെങ്കിൽ തങ്ങൾക്കനുകൂലമായ കാര്യങ്ങൾകൂടി നടപ്പാക്കണം. മലങ്കര സഭയുടെ മേധാവി പാത്രിയാർക്കീസാണെന്ന് വിധിയിലുണ്ട്. പാത്രിയാർക്കീസിൽ വിശ്വസിക്കുന്നവരെ അടിച്ചമർത്തരുത്, സെമിത്തേരിയും പള്ളിയും പിടിച്ചെടുക്കരുത്, പ്രശ്‌നങ്ങൾ ഇരുവിഭാഗവും രമ്യമായി ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങൾ വിധിയിലുണ്ടായിരുന്നു. കേരളത്തിലെ വിവിധ മതമേധാവികൾ ഇരുകൂട്ടരെയും വിളിച്ചിരുത്തി ചർച്ചചെയ്യാമെന്ന് പറഞ്ഞെങ്കിലും ഓർത്തഡോക്‌സ് വിഭാഗം തയ്യാറായില്ല. വിധി നടപ്പാക്കിയില്ലെന്ന ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കോടതിയലക്ഷ്യ ഹർജി നിലവിലുണ്ടെന്നും യാക്കോബായ വിശ്വാസികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പിനാകി മിശ്ര, അഡ്വ. അഡോൾഫ് മാത്യു എന്നിവർ വാദിച്ചു. എന്നാൽ, പലതവണ വ്യക്തമാക്കിയ കാര്യം വീണ്ടും തുറക്കാനാണ് ഹർജിക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ് സുപ്രീംകോടതി പരാതി തള്ളി.

യാക്കോബായ സഭയ്ക്കുവേണ്ടി കെ.എസ്.വർഗീസ് നൽകിയ വിശദീകരണ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. കേസ് ആദ്യം മുതൽ പരിഗണിപ്പിക്കാനാണ് അപേക്ഷകന്റെ ശ്രമമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകി. വീണ്ടും വീണ്ടും ഹർജികൾ നൽകി സ്ഥിതി വഷളാക്കാനാണ് യാക്കോബായ സഭയുടെ ശ്രമം. 2017ലെ വിധി നടപ്പാക്കുന്നതിന് സഹകരിക്കുന്നുമില്ലെന്നും കോടതി കുറ്റപ്പെടുത്തി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതിൽ കോടതിയലക്ഷ്യം ആരോപിച്ച് ഓർത്തഡോക്‌സ് സഭ നൽകിയ ഹർജികൾ നിലവിലുണ്ട്. തങ്ങളുടെ അപേക്ഷയും അതിനൊപ്പം പരിഗണിക്കണമെന്ന് ഹർജിക്കാരനുവേണ്ടി പിനാകി മിശ്രയും അഡോൾഫ് മാത്യുവും വാദിച്ചു. അപ്പോഴാണ് കോടതിയുടെ കടുത്ത വിമർശനമുണ്ടായത്.

2017ലെ വിധിയുടെ ചില ഭാഗങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു നടപ്പാക്കുകയാണെന്നും പൂർണമായി നടപ്പാക്കണമെന്നാണ് ആവശ്യമെന്നും പിനാകി മിശ്ര വിശദീകരിച്ചു. എന്നാൽ, 1958ലും 1995ലും 2017ലും സഭാതർക്ക കേസുകളിൽ വിധി നൽകിയതാണ്. പിന്നീടും പല ഉത്തരവുകളും നൽകിയിട്ടുണ്ട്. അപ്പോൾ, ഇനി വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഓർത്തഡോക്‌സ് സഭയ്ക്കുവേണ്ടി സി.യു.സിങ് ഹാജരായി. അതിനിടെ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി യാക്കോബായ സഭ സമർപ്പിച്ച വിശദീകരണ ഹർജി ചെലവു സഹിതം തള്ളിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രതികരിച്ചു.

1958 മുതൽ ഇന്നുവരെ മുപ്പതിലേറെ സുപ്രീം കോടതി ജഡ്ജിമാർ ഏകാഭിപ്രായമായി നൽകിയ വിധികൾ അംഗീകരിക്കാൻ ഏവരും തയാറാകണമെന്നും അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് സഭയിൽ ശാശ്വതസമാധാനം സ്ഥാപിക്കാനും നിയമവാഴ്ച നിലനിർത്താനും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1934ലെ ഭരണഘടനയുടെ സാധുതയും അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തേണ്ടത് ആരാണെന്നതും കോടതി ആവർത്തിച്ച് പ്രഖ്യാപിച്ചുകഴിഞ്ഞതാണ്. ഒന്നിലധികം പ്രാവശ്യം സുപ്രീം കോടതിയിൽ തന്നെ ഈ പ്രശ്നങ്ങൾ വരികയും കോടതി അസന്ദിഗ്ധമായി തീർപ്പുകൽപിക്കുകയും ചെയ്തിട്ട് വീണ്ടും ഈ പ്രശ്‌നം നിയമപരമായി നേരിടാൻ ശ്രമിക്കുന്നതു ദുഃഖകരമാണെന്ന് ബാവാ പറഞ്ഞു.

യാക്കോബായ സഭയെ ഇല്ലാത്താക്കുകയാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ ലക്ഷ്യം. രണ്ടാം പിളർപ്പ് മുതൽ ആരംഭിച്ച തർക്കം പുതിയ തലത്തിലെത്തുകയാണ്. ഈ തർക്കത്തിൽ പാത്രിയർക്കീസ് ബാവയെ അനുകൂലിച്ചവരെ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്തയെ അനുകൂലിച്ചവരെ മെത്രാൻ കക്ഷി എന്നും വിളിച്ചു വന്നു. ഇവരിൽ ബാവ കക്ഷി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായും പരിണമിച്ചു. ഇവർ തമ്മിലുള്ള പോരിനാണ് സുപ്രീംകോടതിയുടെ തീർപ്പ് പുതിയ തലം നൽകിയ ശേഷം അതിനിടെ തർക്കം തുടങ്ങിയ ശേഷം ഉണ്ടാക്കിയ പള്ളികളും വേണമെന്ന വിചിത്ര ന്യായം ഓർത്തഡോക്സുകാർ ഉന്നയിക്കുന്നുണ്ട്.

1995-ലേതടക്കം വിവിധ കോടതിവിധികളിൽ പരാമർശിച്ചിട്ടുള്ള 1064 പള്ളികളുടെ പട്ടികയിൽപ്പെടാത്തതും 1971 നുശേഷം യാക്കോബായ വിശ്വാസികൾക്കുമാത്രമായി സ്ഥാപിച്ചതുമായ 357 പള്ളികളും വിട്ടുകിട്ടണമെന്ന ആവശ്യം ചർച്ചയാക്കാൻ നീക്കമുണ്ട്. യാക്കോബായ സഭയെ ഇല്ലാതാക്കുകയാണ് ഓർത്തഡോക്സുകാരുടെ ലക്ഷ്യമെന്ന് വ്യക്തമാകുകയാണ്. തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രൽ, കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ എന്നിവയടക്കമുള്ള പള്ളികളിലാണു പുതിയ അവകാശവാദം. ഇരുപക്ഷത്തുമുള്ള 1064 പള്ളികളുടെ അവകാശമാണ് 1971-ൽ രണ്ടാം സമുദായക്കേസിനൊപ്പം ഫയൽ ചെയ്ത പട്ടികയിൽപ്പെടുത്തി ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചു. ഇതിനൊപ്പമുള്ള വിധിന്യായം ഉയർത്തിയാണ് കൂടുതൽ പള്ളികൾക്ക് വേണ്ടി വാദം ഉയർത്തുന്നത്.

2017 ലെ സുപ്രീം കോടതി വിധിയോടെ മലങ്കര സഭയിൽ രണ്ടു വിഭാഗമില്ലെന്നും സഭ ഒന്നാണെന്നുമാണ് വാദം. യാക്കോബായ വിശ്വാസികളും ഇപ്പോൾ മലങ്കര സഭാംഗങ്ങളാണെന്നും അവർ നിർമ്മിച്ച പള്ളികളും മലങ്കര സഭയുടേതാണെന്നും അവർ വാദിക്കുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി ഈ പള്ളികളിലും നടപ്പാക്കിക്കിട്ടാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്നാണ് ആവശ്യം. അതേസമയം, ഈ പള്ളികൾ മലങ്കര സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ട്രസ്റ്റുകളാണെന്നും യാക്കോബായ സഭ വാദിക്കുന്നു. പാത്രിയർക്കീസ് ബാവയുമായി ആത്മീയബന്ധമുള്ള യാക്കോബായ സഭയിലെ വൈദികർമാത്രമേ ഈ പള്ളികളിൽ ശുശ്രൂഷ നടത്തിയിട്ടുള്ളൂ. ഇവയൊന്നും മലങ്കര സഭയിലെ മുൻ കേസുകളിൽ പ്രതിപാദിച്ചിട്ടുള്ള പള്ളികളല്ലെന്നും ഇവ ഒരു കാലത്തും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിട്ടില്ലെന്നും മലങ്കര അസോസിയേഷനിൽ പങ്കെടുത്തിട്ടില്ലെന്നും അവർ പറയുന്നു.

1934ലെ മലങ്കര സഭ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള 24 ഇടവകകളാണ് യാക്കോബയക്കാർക്ക് കൈവിട്ട് പോകുന്നത്. മലങ്കര സഭയിലെ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് സുപ്രീം കോടതി 2017 ജൂലായ് മൂന്നിന് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓർത്തഡോക്‌സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓർത്തഡോക്‌സും. 1959 ൽ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാൽ, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്.

പിളർപ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളിൽ അവകാശം സ്ഥാപിച്ചെടുക്കാൻ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി. രണ്ടാം പിളർപ്പിന് ശേഷം യാക്കോബായക്കാർ സ്വന്തമായി നിരവധി പള്ളികൾ കെട്ടി. ഇതാണ് വേണമെന്ന് ഓർത്തഡോക്സുകാരുടെ പുതിയ ആവശ്യം. 1,064 ദേവാലയങ്ങളാണ് സഭാ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പതിനഞ്ച് ദേവാലയങ്ങൾ തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP