Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭയെ അടിവേരോടെ വിഴുങ്ങാൻ രണ്ടും കൽപ്പിച്ച് ഓർത്തഡോക്‌സ് സഭ; ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിന് ശേഷം യാക്കോബായക്കാർ സ്ഥാപിച്ച മുന്നൂറ്റി അമ്പത്തിയേഴ് പള്ളികളും വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലേക്ക്; ഉന്നയിക്കുന്നത് മലങ്കര സഭയിൽ രണ്ട് വിഭാഗം ഇല്ലെന്ന കോടതി വിധി അനുസരിച്ച് യാക്കോബായക്കാരുടെ മുഴുവൻ സ്വത്തും വേണമെന്ന വിചിത്ര ആവശ്യം; അവകാശം ഉന്നയിക്കുന്നത് തിരുവനന്തപുരത്തേയും കോട്ടയത്തേയും കത്തീഡ്രൽ അടക്കം പ്രധാനപ്പെട്ട പള്ളികൾക്ക്

യാക്കോബായ സഭയെ അടിവേരോടെ വിഴുങ്ങാൻ രണ്ടും കൽപ്പിച്ച് ഓർത്തഡോക്‌സ് സഭ; ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിന് ശേഷം യാക്കോബായക്കാർ സ്ഥാപിച്ച മുന്നൂറ്റി അമ്പത്തിയേഴ് പള്ളികളും വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലേക്ക്; ഉന്നയിക്കുന്നത് മലങ്കര സഭയിൽ രണ്ട് വിഭാഗം ഇല്ലെന്ന കോടതി വിധി അനുസരിച്ച് യാക്കോബായക്കാരുടെ മുഴുവൻ സ്വത്തും വേണമെന്ന വിചിത്ര ആവശ്യം; അവകാശം ഉന്നയിക്കുന്നത് തിരുവനന്തപുരത്തേയും കോട്ടയത്തേയും കത്തീഡ്രൽ അടക്കം പ്രധാനപ്പെട്ട പള്ളികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : യാക്കോബായ സഭയെ ഇല്ലാത്താക്കുകയാണ് ഓർത്തഡോക്‌സ് പക്ഷത്തിന്റെ ലക്ഷ്യം. രണ്ടാം പിളർപ്പ് മുതൽ ആരംഭിച്ച തർക്കം പുതിയ തലത്തിലെത്തുകയാണ്. ഈ തർക്കത്തിൽ പാത്രിയർക്കീസ് ബാവയെ അനുകൂലിച്ചവരെ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്തയെ അനുകൂലിച്ചവരെ മെത്രാൻ കക്ഷി എന്നും വിളിച്ചു വന്നു. ഇവരിൽ ബാവ കക്ഷി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷി മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയായും പരിണമിച്ചു. ഇവർ തമ്മിലുള്ള പോരിന് പുതിയ തലം വരികയാണ്. തർക്കം തുടങ്ങിയ ശേഷം ഉണ്ടാക്കിയ പള്ളികളും വേണമെന്ന വിചിത്ര ന്യായമാണ് ഓർത്തഡോക്‌സുകാർ ഇപ്പോൾ ഉന്നയിക്കുന്നത്.

കേസില്ലാത്ത യാക്കോബായ പള്ളികളിലും അവകാശമുന്നയിച്ച് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ എത്തുമ്പോൾ സഭാ തർക്കം പുതിയ തലത്തിലെത്തും. 1995-ലേതടക്കം വിവിധ കോടതിവിധികളിൽ പരാമർശിച്ചിട്ടുള്ള 1064 പള്ളികളുടെ പട്ടികയിൽപ്പെടാത്തതും 1971 നുശേഷം യാക്കോബായ വിശ്വാസികൾക്കുമാത്രമായി സ്ഥാപിച്ചതുമായ 357 പള്ളികളും വിട്ടുകിട്ടണമെന്നാണ് ആവശ്യം. ഈ പള്ളികളുടെ പേരുകളും നിരത്തിയാണ് ഇടക്കാല ഹർജി സമർപ്പിച്ചത്. ഇതോടെ യാക്കോബായ സഭയെ ഇല്ലാതാക്കുകയാണ് ഓർത്തഡോക്‌സുകാരുടെ ലക്ഷ്യമെന്ന് വ്യക്തമാകുകയാണ്. ഈ ക്രിസ്മസുകാലത്ത് സഭാ തർക്കം പുതിയ തലത്തിലെത്തും. ഒത്തുതീർപ്പിനുള്ള സർക്കാർ നീക്കവും പൊളിയും. പുതിയ സംഘർഷങ്ങൾക്ക് കാരണമാകും. തിരുവനന്തപുരത്തും കോട്ടയത്തും പ്രശ്‌നം സങ്കീർണ്ണമാക്കുന്നതാണ് യാക്കോബായ സഭയ്‌ക്കെതിരായ ഓർത്തഡോക്‌സുകാരുടെ അപ്രതീക്ഷിത നീക്കം.

വിധി അനുകൂലമായാൽ, യാക്കോബായ സഭയുടേതുമാത്രമായ ഈ പള്ളികളും ഓർത്തഡോക്സ് വിഭാഗത്തിനു സ്വന്തമാകും. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രൽ എന്നിവയടക്കമുള്ള പള്ളികളിലാണു പുതിയ അവകാശവാദം.
ഇരുപക്ഷത്തുമുള്ള 1064 പള്ളികളുടെ അവകാശമാണ് 1971-ൽ രണ്ടാം സമുദായക്കേസിനൊപ്പം ഫയൽ ചെയ്ത പട്ടികയിൽപ്പെടുത്തി ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചു. ഇതിനൊപ്പമുള്ള വിധിന്യായം ഉയർത്തിയാണ് കൂടുതൽ പള്ളികൾക്ക് വേണ്ടി കേസ് നടത്തുന്നത്. കോടതി വിധി അനുകൂലമായാൽ യാക്കോബായ സഭയുടെ കേരളത്തിലെ അസ്തിത്വം തന്നെ ഇല്ലാതാകും. ഇതിന് വേണ്ടിയുള്ള പകയാണ് പുതിയ ഹർജിയിലുള്ളതെന്നും വ്യക്തമാണ്.

2017 ലെ സുപ്രീം കോടതി വിധിയോടെ മലങ്കര സഭയിൽ രണ്ടു വിഭാഗമില്ലെന്നും സഭ ഒന്നാണെന്നുമാണ് പുതിയ വാദം. യാക്കോബായ വിശ്വാസികളും ഇപ്പോൾ മലങ്കര സഭാംഗങ്ങളാണെന്നും അവർ നിർമ്മിച്ച പള്ളികളും മലങ്കര സഭയുടേതാണെന്നും അവർ വാദിക്കുന്നു. 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി ഈ പള്ളികളിലും നടപ്പാക്കിക്കിട്ടാൻ സംസ്ഥാന സർക്കാരിനോടു നിർദേശിക്കണമെന്നാണ് ആവശ്യം. അതേസമയം, ഈ പള്ളികൾ മലങ്കര സഭയുടെ ഭാഗമല്ലെന്നും സ്വതന്ത്ര ട്രസ്റ്റുകളാണെന്നും യാക്കോബായ സഭ വാദിക്കുന്നു. ഇതു തെളിയിക്കുന്ന രേഖകൾ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്ന് അവരും പറയുന്നു.

ഈ പള്ളികളുടെ ആധാരം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയെത്തിക്കാൻ യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് നിർദേശിച്ചിട്ടുണ്ട്. ട്രസ്റ്റുകളുടേയും സൊസൈറ്റികളുടേയും കീഴിലാണ് പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ബൈലോയും സമർപ്പിക്കും. ഓർത്തഡോക്സ് വിഭാഗം പുതുതായി അവകാശവാദമുന്നയിക്കുന്ന 357 പള്ളികളും അന്തോഖ്യാ സിംഹാസനത്തിനു കീഴിലുള്ളതാണെന്നു ജോസഫ് മോർ ഗ്രിഗോറിയോസ് പറഞ്ഞു.

പാത്രിയർക്കീസ് ബാവയുമായി ആത്മീയബന്ധമുള്ള യാക്കോബായ സഭയിലെ വൈദികർമാത്രമേ ഈ പള്ളികളിൽ ശുശ്രൂഷ നടത്തിയിട്ടുള്ളൂ. ഇവയൊന്നും മലങ്കര സഭയിലെ മുൻ കേസുകളിൽ പ്രതിപാദിച്ചിട്ടുള്ള പള്ളികളല്ലെന്നും ഇവ ഒരു കാലത്തും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിട്ടില്ലെന്നും മലങ്കര അസോസിയേഷനിൽ പങ്കെടുത്തിട്ടില്ലെന്നും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്‌സുകാരുടെ പുതി നീക്കത്തെ വിവാദം ആളിക്കത്തിക്കാനുള്ള തന്ത്രമായാണ് യാക്കോബായക്കാർ കാണുന്നത്. ഒത്തുതീർപ്പ് ശ്രമങ്ങളെ തകർക്കാനുള്ള നീക്കം. അതുകൊണ്ട് തന്നെ കുരതലോടെ നീങ്ങും.

വിഷയം ചർച്ച ചെയ്യാൻ 27-ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ യോഗം വിളിച്ചിട്ടുണ്ട്. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും പങ്കെടുക്കണമെന്നാണ് നിർദ്ദേശം.1934ലെ മലങ്കര സഭ ഭരണഘടനയനുസരിച്ച് മലങ്കരയിലെ 1064 പള്ളികളും ഭരിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള 24 ഇടവകകൾ കൈവിട്ടു പോയതിൽ അവർ വലിയ അമർഷത്തിലും വേദനയിലുമാണ്. ഇതിനിടെയാണ് പുതിയ നീക്കം. മലങ്കര സഭയിലെ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിലാണ് സുപ്രീം കോടതി 2017 ജൂലായ് മൂന്നിന് വിധി പുറപ്പെടുവിച്ചത്. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ പ്രബലരായ രണ്ട് വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓർത്തഡോക്സ് വിഭാഗവും. മലങ്കര സഭയിലാണ് രണ്ട് വിഭാഗങ്ങളും ഉൾപ്പെടുന്നത്. 1912 ലാണ് മലങ്കര സഭ രണ്ട് വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓർത്തഡോക്സും. 1959 ൽ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാൽ, ഈ യോജിപ്പ് 1972-73 വരെയാണ് നിലനിന്നത്.

പിളർപ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളിൽ അവകാശം സ്ഥാപിച്ചെടുക്കാൻ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്ക് നീങ്ങി. രണ്ടാം പിളർപ്പിന് ശേഷം യാക്കോബായക്കാർ സ്വന്തമായി നിരവധി പള്ളികൾ കെട്ടി. ഇതാണ് വേണമെന്ന് ഓർത്തഡോക്‌സുകാരുടെ പുതിയ ആവശ്യം. 1,064 ദേവാലയങ്ങളാണ് സഭാ തർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പതിനഞ്ച് ദേവാലയങ്ങൾ തർക്കത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. 200 ഓളം ദേവാലയങ്ങൾക്ക് വേണ്ടിയുള്ള തർക്കം വളരെ രൂക്ഷമാണ്. ഇരു വിഭാഗങ്ങളും ഈ സ്ഥലങ്ങളിൽ ശക്തരായ സാന്നിധ്യമാണ്. ഓർത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനം കോട്ടയത്താണ്.

ബസേലിയോസ് മാർ തോമസ് പൗലോസ് ദ്വിതീയനാണ് ഓർത്തഡോക്സ് വിഭാഗം തലവൻ. അന്ത്യോക്യയിലെ പാട്രിയാക്കീസ് ആണ് യാക്കോബായ വിഭാഗം തലവൻ. കേരളത്തിലെ യാക്കോബായ വിഭാഗം തലവൻ മാർ ബസേലിയോസ് തോമസ് ഒന്നാമനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP