Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഡാമിലെ ജലനിരപ്പ് 2395 അടിയായി; പുഴയിലൂടെ കനത്ത ജലപ്രവാഹം എത്തുമെന്നതിന്റെ രണ്ടാം ജാഗ്രത പ്രഖ്യാപിച്ച് അധികൃതർ; തീരങ്ങളിലുള്ളവർ ഇനി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; തുറന്നുവിടുമ്പോൾ കൊച്ചിവരെ മണിക്കൂറുകൾക്കകം വെള്ളം എത്തും; അടിയന്തിര ഘട്ടം നേരിടാൻ എല്ലാ ഒരുക്കങ്ങളും; ചെറുതോണി മുതൽ ആലുവ തീരവും കൊച്ചി എയർപോർട്ടും വരെ ജാഗ്രതയിൽ

ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഡാമിലെ ജലനിരപ്പ് 2395 അടിയായി; പുഴയിലൂടെ കനത്ത ജലപ്രവാഹം എത്തുമെന്നതിന്റെ രണ്ടാം ജാഗ്രത പ്രഖ്യാപിച്ച് അധികൃതർ; തീരങ്ങളിലുള്ളവർ ഇനി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; തുറന്നുവിടുമ്പോൾ കൊച്ചിവരെ മണിക്കൂറുകൾക്കകം വെള്ളം എത്തും; അടിയന്തിര ഘട്ടം നേരിടാൻ എല്ലാ ഒരുക്കങ്ങളും; ചെറുതോണി മുതൽ ആലുവ തീരവും കൊച്ചി എയർപോർട്ടും വരെ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കിയിൽ ജലനിരപ്പ് 2395 അടിയായി ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി നാട്ടുകാരോട് ജാഗ്രതയായിരിക്കാൻ മാത്രമാണ് ആവശ്യപ്പെടുക. അടിയന്തിര ഘട്ടങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകൾ നേരത്തേ തന്നെ ചെറുതോണി ഡാം തുറന്നാൽ വെ്ള്ളം ഒഴുകിയെത്തുന്ന മേഖലകളിൽ നൽകിയിട്ടുണ്ട്. ജലനിരപ്പ് 2399 അടിയാകുമ്പോൾ റെഡ് അലർട്ട് പുറപ്പെടുവിക്കും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എങ്കിലും ഇന്ന് വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ ജലനിരപ്പ് ഉയർന്നതോടെ അധികൃതർ കരുതൽ ശക്തമാക്കി. നേരത്തെ തന്നെ ചെറുതോണി അണക്കെട്ട് തുറന്നാൽ വെള്ളം ഒഴുകുന്ന പുഴയുടെ വഴികളിൽ തടസ്സങ്ങൾ നീക്കിയിരുന്നു.

ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നത്

ഓറഞ്ച് അലെർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശം) നൽകി എന്നതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഓറഞ്ച് അലേർട്ട് നൽകിയതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം (റെഡ് അലെർട്ട്) ജനങ്ങളെ വ്യക്തമായി അറിയിച്ച ശേഷം മാത്രമേ ഷട്ടർ തുറക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂ. മുന്നറിയിപ്പ് നൽകിയ ശേഷം പകൽ സമയം മാത്രമേ ഷട്ടർ തുറക്കുകയുള്ളൂ.

പുഴയുടെ തീരങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത മുൻനിർത്തി ആയിരത്തിലേറെ വീട്ടുകാരേയും അതുപോലെ സ്ഥാപനങ്ങളിലേയും സ്‌കൂളുകളിലേയും ഉൾപ്പെടെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ 2,394.58 അടിയായിരുന്ന ജലനിരപ്പ് ഇപ്പോൾ 2,394.64 അടിയിലെത്തിയത് മൂന്നു മണിയോടെയാണ്. 2,395 അടിയായി ജലനിരപ്പ് ഉയരുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പകൽ മാത്രമേ ഡാം തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയ ശേഷമാവും ഡാം തുറക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതരും അറിയിച്ചു. അണക്കെട്ടിനു മുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. എല്ലാ വിഭാഗം അധികൃതരുടേയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സംവിധാനമായി.  ജലനിരപ്പ് ഇനിയും ഉയർന്ന് 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് റെഡ് അലർട്ട് ഘട്ടത്തിലാണ്.

തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ട്രയൽ റണ്ണും നടത്തും. നാലു മണിക്കൂർ വരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ അണക്കെട്ടിൽനിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ തീരുമാനിക്കുക.

വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെ ജലനിരപ്പ് ഉയർന്ന് ഒമ്പതോടെ 2395 അടിയിലെത്തി. ഇതോടെ കെഎസ്ഇബി അതിജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണം.

അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്.

മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് പഞ്ചായത്തകളിലെ വിനോദ സഞ്ചാരം വിലക്കിയിരുന്നു. തീരങ്ങളിലെ താമസക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഷർട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ സേന സേന കർശന നിർദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് രാവിലെമുതൽ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്കിന് മുൻ ദിവസങ്ങളുടെ അത്ര ശക്തിയില്ലായിരുന്നു. എന്നാൽ വൈകീട്ട് മഴയുടെ നില മാറി. നീരൊഴുക്ക് കൂടുന്ന സാഹചര്യമുണ്ട്.

ചെറുതോണി അണക്കെട്ട് തുറന്നാൽ 4,500 കെട്ടിടങ്ങളെ ബാധിക്കും എന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ വിലയിരുത്തൽ. പുഴയുടെ 100 മീറ്ററിനുള്ളിൽ വീടുകളും സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെയാണ് 4,500 കെട്ടിടങ്ങളുള്ളത്. അതിനാൽ ഒഴുകിയെത്തുന്ന വെള്ളം ഇരുകരകളിലും കനത്ത നാശം വിതയ്ക്കാൻ സാധ്യതയേറെയാണെന്ന വിലയിരുത്തലും അധികൃതർ നടത്തുന്നു. ഇവിടെയെല്ലാം ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.

ഇതിനു മുൻപ് 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. അന്ന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പുഴയുടെ സ്വാഭാവിക വിസ്തൃതി നിലനിന്നതായിരുന്നു അതിന് കാരണം. എന്നാൽ, 26 വർഷത്തിനിപ്പുറം ജനവാസമേറുകയും പെരിയാറിന്റെ വിസ്തൃതി കുറയുകയും ചെയ്തു. അതിനാൽ അണക്കെട്ട് തുറക്കേണ്ടിവന്നാൽ വലിയ ദുരന്തത്തെയാവും നേരിടേണ്ടിവരിക.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉച്ചക്ക് മൂന്നു മണിക്കുള്ള കണക്ക് പ്രകാരം 2394.80 അടിയായിരുന്നു ജലനിരപ്പ്. വെള്ളം ഏതു നിമിഷവും തുറന്നു വിട്ടേക്കാമെന്ന മുന്നറിയിപ്പ് ഇന്ന് പകൽ തന്നെ പെരിയാറിൻ തീരത്തുള്ളവർക്ക് നൽകിക്കഴിഞ്ഞു. തീരദേശത്ത് താമസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർക്കൊപ്പം ജനപ്രതിനിധികളും ചേർന്ന സംഘങ്ങൾ ബോധവൽക്കരണവും നടത്തുന്നു.

വെള്ളം ഒഴുകിയെത്താവുന്ന വഴികൾ

ചെറുതോണിയിൽ നിന്നും 90 കിലോമീറ്റർ പിന്നിട്ട് ജനവാസ മേഖലയും വനവും താണ്ടിയാണ് വെള്ളം ആലുവയിലെത്തുക. ചെറുതോണി അണക്കെട്ടിന് അഞ്ച് ഷട്ടറുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നു വിടാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തുറന്നാൽ വെള്ളം സ്പിൽവേയിലൂടെ ഒഴിക ചെറുതോണി ടൗൺ പിന്നിട്ട് തടിയമ്പാടി, കരിമ്പൻ വഴി ലോവർ പെരിയാറിലെത്തും. ചെറുതോണിയിൽ നിന്നും വെള്ളമൊഴുകി 24 കിലോമീറ്റർ അകലേയുള്ള ലോവർ പെരിയാർ ഡാമിലെത്താൻ ഒരു മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ജലനിരപ്പ് ഉയർന്നതു കാരണം ലോവർ പെരിയാർ അണക്കെട്ട് ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. പിന്നീട് നേര്യമംഗലം കടന്ന് ഭൂതത്താൻ കെട്ടിലെത്തും. കല്ലാർകുട്ടി ഡാം നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർ പെരിയാറിൽ നിന്നും പിന്നീട് മലയാറ്റൂർ, പെരുമ്പാവൂർ, കാലടി, നെടുമ്പാശ്ശേരി വഴി ആലുവയിലെത്തും. ആലുവയിൽ നിന്നും രണ്ടായി പിരിയും. ഒരു കൈവഴി ഏലൂർ വഴി വരാപ്പുഴ കായലിൽ പതിക്കും. രണ്ടാമത് കൈവഴി കോട്ടപ്പുറം വഴി മുനമ്പത്ത് കടലിൽ പതിക്കും.

പെരിയാറിലൂം കൈവഴികളിലും എത്രത്തോളം ജലനിരപ്പുയരുമെന്ന് കൃത്യമായി നിശ്ചയിക്കാനാകില്ല. 26 വർഷത്തിനുള്ളിൽ എക്കലും പാറക്കല്ലുകളും അടിഞ്ഞ് പുഴയിൽ വന്ന മാറ്റങ്ങൾ പലയിടത്തും വെള്ളക്കെട്ടുണ്ടാക്കും. നേര്യമംഗലം മുതൽ വരാപ്പുഴ വരെ വെള്ളം തുറന്നുവിടുന്നത് ജനവാസ മേഖലയെ കൂടുതൽ ബാധിച്ചേക്കും. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം.

സജ്ജീകരണങ്ങൾ നേരത്തേ ഏർപ്പെടുത്തി അധികൃതർ

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമാക്കി. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായി. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും.

നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണമെന്നും മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.

സഹായം തേടണ്ട നമ്പരുകൾ

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: എറണാകുളം -04841077 (7902200300, 7902200400), ഇടുക്കി -048621077 (9061566111, 9383463036), തൃശ്ശൂർ -04871077, 2363424 (9447074424)

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇടുക്കി, ജില്ലാ എമർജൻസി ഓപ്പറേഷൻസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP