Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസ്; നിയമലംഘനത്തിന് നാല് വർഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ; 14.7 കോടി രൂപ മാത്രം ട്രഷറിയിൽ അടച്ച് 31.13 കോടി രൂപ വക മാറ്റിയെന്ന് സിഎജിയുടെ കണ്ടെത്തൽ; കാമറകൾ സ്ഥാപിച്ചതിനെന്ന പേരിൽ കെൽട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുകൾ; സിഎജി റിപ്പോർട്ടിന്റെ പുറത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുമ്പോഴും പ്രതികരിക്കാനില്ലെന്ന് ഡിജിപി ബെഹ്‌റ

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസ്; നിയമലംഘനത്തിന് നാല് വർഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ; 14.7 കോടി രൂപ മാത്രം ട്രഷറിയിൽ അടച്ച് 31.13 കോടി രൂപ വക മാറ്റിയെന്ന് സിഎജിയുടെ കണ്ടെത്തൽ; കാമറകൾ സ്ഥാപിച്ചതിനെന്ന പേരിൽ കെൽട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുകൾ; സിഎജി റിപ്പോർട്ടിന്റെ പുറത്ത് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുമ്പോഴും പ്രതികരിക്കാനില്ലെന്ന് ഡിജിപി ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎജി റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ സർക്കാറിനും ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കും എതിരെ രംഗത്തെത്തിയിരിക്കയാണ് പ്രതിപക്ഷം. എന്നാൽ, ഈ വിഷയത്തോട് പ്രതികരിക്കാതെ മൗനം പാലിച്ചു പോകുകയാണ് ബെഹ്‌റ. ഇതിനിടെ പൊലീസ് വകുപ്പിനുള്ളിൽ നടക്കുന്ന കൂടുതൽ തട്ടിപ്പുകളും പുറത്തുവന്നു. വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസിന്റെന്നാണ് സിഎജി റിപ്പോർട്ടിൽ വ്യക്തമക്കുന്നത്. സർക്കാറിലേക്ക് അടക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകൾ സ്ഥാപിച്ചതിനെന്ന പേരിൽ കെൽട്രോണിന് കൈമാറിയ തുകയിലും പൊരുത്തക്കേടുണ്ട്.

Stories you may Like

വാഹനങ്ങൾ അമിതവേഗത്തിലോടുന്നത് കണ്ടെത്താൻ മോട്ടോർവാഹന വകുപ്പിന് പുറമെ പൊലീസും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിയമലംഘനത്തിന് നാല് വർഷത്തിനിടെ പിഴയായി പിരിച്ചെടുത്തത് 45.83 കോടി രൂപ. എന്നാൽ ഇതിൽ നിന്ന് സർക്കാരിലേക്ക് അടച്ചത് 14.7 കോടി മാത്രമാണ്. 31.13 കോടി രൂപ വക മാറ്റി. ഇതിൽ നിയമപ്രകാരം പകുതി തുക അവകാശപ്പെട്ട റോഡ് സുരക്ഷ അഥോറിറ്റിക്കും നയാപൈസ കിട്ടിയില്ല. സർക്കാരിലേക്ക് അടയ്ക്കാതിരുന്ന തുകയിൽ 7.78 കോടി രൂപ പൊലീസിന്റെ എസ്.ബി.ഐ അക്കൗണ്ടിലേക്കും 23.16 കോടി രൂപ കെൽട്രോണിനുമാണ് നൽകിയത്. അമിതവേഗം കണ്ടുപിടിക്കാൻ സ്ഥാപിച്ച 100 കാമറകളുടെ വില, പരിപാലനം എന്നീ ഇനത്തിലാണ് ഇത്രയും വലിയ തുക നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ സി.എ.ജി ഇത് അംഗീകരിക്കുന്നില്ല.

ഇക്കാര്യം പരിശോധിക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ സർക്കാർ അറിയിച്ചിട്ടും പുരോഗതിയുണ്ടായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പിഴത്തുകയിലെ വിഹിതം ലഭിക്കാത്തത് മൂലം റോഡ് സുരക്ഷ അഥോറിറ്റിയുടെ പദ്ധതികൾ മുടങ്ങിയെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സേനയുടെ സാമ്പത്തിക മാനേജ്‌മെന്റിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ.

അതേസമയം കേരള പൊലീസിനെതിരായുള്ള സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പറയാനുള്ളത് വാർത്താ കുറിപ്പിലൂടെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനു വേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറകളും മറ്റും വാങ്ങിയതായുള്ള സി.എ.ജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.ജി.പിയെ മാറ്റി നിർത്തി ആയിരിക്കണം അന്വേഷണം. വെടിയുണ്ടകൾ കാണാതായ സംഭവം എൻ.ഐ.എക്ക് വിടണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അടക്കം വകുപ്പിനെതിരായ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വിഷയത്തിൽ എൻഐഎ, സിബിഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്തു നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കും കത്ത് നൽകാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പൊലീസിനുവേണ്ടി ചട്ടവിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറകളും മറ്റും വാങ്ങിയതായുള്ള സിഎജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോർട്ടിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. നാളെ ഗവർണറെ കണ്ടും ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് നൽകും.

നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മറ്റിയുടെ പരിഗണനയിലാണ് സിഎജി റിപ്പോർട്ടിന്റെ തുടർ നടപടികൾ വരിക. കോൺഗ്രസ് എംഎൽഎ വിഡി സതീശൻ ആണ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷൻ. എൽഡിഎഫിന് ഒരംഗത്തിന്റെ മുൻതൂക്കമുള്ളതാണ് ഈ കമ്മിറ്റി. സിഎജി റിപ്പോർട്ടിന്മേൽ ആവശ്യമെങ്കിൽ ഡിജിപിയെയും ഉന്നതോദ്യോഗസ്ഥരെയും വിളിച്ചുവരുത്തുന്നത് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യാം. പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് സി.എ.ജി. റിപ്പോർട്ടിലുള്ളത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കാണാതായവയിൽ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാൻ ഡമ്മി വെടിയുണ്ടകളിട്ടുവെച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സി.എ.ജി. റിപ്പോർട്ട്.

സെൽഫ് ലോഡിങ് റൈഫിളുകൾക്കായുള്ള 7.62 എം.എം. എം.80 വെടിയുണ്ടകൾ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങൾക്കും കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. കൂടാതെ, വി.ഐ.പി., വി.വി.ഐ.പി. സുരക്ഷയ്ക്ക് വാഹനങ്ങൾ വാങ്ങിയതിന് ഒരു വ്യവസ്ഥയും സംസ്ഥാന പൊലീസ് മേധാവി ബെഹ്റ പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയുള്ള വി.വി.ഐ.പി.കൾക്ക് സുരക്ഷയൊരുക്കാൻ സ്റ്റോർ പർച്ചേഴ്‌സ് മാന്വൽ പാലിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ്പ്രൂഫ് വാഹനങ്ങൾ വാങ്ങിയെന്നും പൊലീസ് സേനയുടെ നവീകരണത്തിനുനൽകിയ പണം ഉപയോഗിച്ച് ആഡംബര കാറുകൾ വാങ്ങിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കാനെന്നപേരിൽ 269 ലൈറ്റ് മോട്ടാർവാഹനങ്ങൾ അനുമതിയില്ലാതെ വാങ്ങി. ഇതിൽ 41 എണ്ണവും ഉന്നത ഉദ്യോഗസ്ഥർക്കായുള്ള ആഡംബര കാറുകളാണ്. എസ്‌ഐ., എഎസ്ഐ.മാർക്ക് ക്വാർട്ടേഴ്‌സ് പണിയാനുള്ള തുക സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ പൊലീസ് മേധാവി വകമാറ്റി. ഈ ഇനത്തിൽ 2.81 കോടി രൂപ ചെലവിട്ടത് പൊലീസ് മേധാവിക്കും എ.ഡി.ജി.പി.ക്കും വില്ലകൾ പണിയാനാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP