Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ നിർമ്മിത വിദേശ മദ്യം ബീവറേജസ് വഴി വിൽക്കാനുള്ള അനുമതിയിൽ വൻ അഴിമതി; ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ ധൃതിപിടിച്ചുള്ള തീരുമാനത്തിൽ അന്വേഷണം വേണം; ബാറുകൾക്ക് അനുമതി നൽകിയതിലും നടന്നത് വലിയ ക്രമക്കേട്; പ്രളയത്തിന്റെ മറപിടിച്ചുള്ള നീക്കമെന്നും വിമർശനം; 'ബ്രൂവറി ചലഞ്ചിൽ' പിണറായിയെ മുട്ടുകുത്തിച്ച പ്രതിപക്ഷം എക്‌സൈസ് വകുപ്പിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി രംഗത്ത്; ഇത്തവണ രംഗത്തുവന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിദേശ നിർമ്മിത വിദേശ മദ്യം ബീവറേജസ് വഴി വിൽക്കാനുള്ള അനുമതിയിൽ വൻ അഴിമതി; ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ ധൃതിപിടിച്ചുള്ള തീരുമാനത്തിൽ അന്വേഷണം വേണം; ബാറുകൾക്ക് അനുമതി നൽകിയതിലും നടന്നത് വലിയ ക്രമക്കേട്; പ്രളയത്തിന്റെ മറപിടിച്ചുള്ള നീക്കമെന്നും വിമർശനം; 'ബ്രൂവറി ചലഞ്ചിൽ' പിണറായിയെ മുട്ടുകുത്തിച്ച പ്രതിപക്ഷം എക്‌സൈസ് വകുപ്പിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി രംഗത്ത്; ഇത്തവണ രംഗത്തുവന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബ്രൂവറി ചലഞ്ചിൽ പിണറായി സർക്കാറിനെ മുട്ടുകുത്തിച്ച പ്രതിപക്ഷം മറ്റൊരു അഴിമതി ആരോപണവുമായി രംഗത്ത്. എക്‌സൈസ് വകുപ്പിനെതിരെയാണ് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയത്. സർക്കാറിന്റെ ബ്രൂവറി ഇടപാടിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നെങ്കിൽ ഇത്തവണ ആരോപണവുമായി രംഗത്തെത്തിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.

വിദേശ നിർമ്മിത വിദേശ മദ്യം ബിവറേജസ് വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയുണ്ടെന്നാണ് തിരുവഞ്ചൂർ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇത് കൂടാ മറ്റ് ആരോപണങ്ങളും അദ്ദേഹം സർക്കാറിനെതരെ ഉന്നയിച്ചു. ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിർമ്മിത വിദേശ മദ്യം ബിയർ പാർലറുകൾ വഴിയും ബിവറേജസ് ഔട്ടലറ്റുകൾ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം.

ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. കേരളത്തെ മദ്യത്തിൽ മുക്കാനാണ് ശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതിൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. സഭയ്ക്കുള്ളിൽ ഉന്നയിച്ച ആരോപണം അദ്ദേഹം പുറത്ത് വാർത്താസമ്മേളനം നടത്തിയും ഉന്നയിച്ചു. സംസ്ഥാനത്ത് ബാറുകൾക്ക് അടക്കം അനുമതി നൽകിയതിൽ വൻ അഴിമതി നടന്നെന്നാണ് തിരുവഞ്ചൂർ ആരോപിച്ചത്.

സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നാണ് തിരുവഞ്ചൂർ സഭയിൽ ആരോപിച്ചത്. 'ഒരു റേഷൻ കട അനുവദിക്കണമെങ്കിൽ പോലും നിരവധി നിബന്ധനകൾ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരുതരത്തിലുള്ള മാർഗ നിർദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്റ്റലറി നടത്തിപ്പിനായി സർക്കാർ നേരിട്ട് അനുമതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളും നടന്നിട്ടില്ല'. പ്രളയത്തിന്റെ മറപിടിച്ചായിരുന്നു സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ബ്രൂവറി ഇടപാടിലെ അഴിമതി നടന്നത് സമാനമായ വിധത്തിലായിരുന്നു. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബാറുകൾ വഴിയും ബിയർ പാർലറുകൾ വഴിയും വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നിലാണ് അഴിമതി ഉണ്ടെന്ന ആരോപണം ശക്തമായിരിക്കുന്നകത്. നേരത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റ് വഴി വിൽപ്പനക്ക് അനുമതി നൽകിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഉത്തരവിൽ വ്യക്തത വരുത്തി എക്‌സൈസ് കമ്മീഷണർ പുതിയ ഉത്തരവ് ഒരാഴ്‌ച്ച മുമ്പ് പുറത്തിറക്കിയിരുന്നു.

ബിവറേജസ് ഔട്ട്‌ലറ്റുകൾ വഴി വിദേശ നിർമ്മിത വിദേശമദ്യം വിൽക്കാൻ അനുമതി ലഭ്യമാക്കിയതിന് പിന്നാലെയാണ് ബാറുകൾക്കും അനുമതി നൽകിയിരിക്കുന്നത്. ബാർ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ പുതിയ ഉത്തരവ് ഇറക്കിയത്. വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ വിൽപ്പനയിലൂടെ 60 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്ക്. നികുതി വരുമാനം വഴി സർക്കാർ ഖജനാവിലും കൂടുതൽ തുക എത്തുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 20 മുതൽ ബീവറേജസ് കോർപ്പറേഷനിൽ വിൽപന ആരംഭിച്ചിട്ടുണ്ട്. 4 വിതരണക്കാരുടെ 30 ബ്രാന്റുകളാണ് ഇപ്പോൾ വിൽക്കുന്നത്. ഇതുവരെ 6 കോടിയുടെ വിൽപനയാണ് നടന്നത്.

കരാർ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാൻഡുകളും വൈകാതെ വിപണിയിൽ എത്താനിരിക്കെയാണ് ബാറുകൾക്കും വിദേശ മദ്യം വിൽക്കാൻ അനുമതി നൽകിയത്. വിദേശ നിർമ്മിത വിദേശ മദ്യം അനധികൃതമായി കച്ചവടം നടത്തുന്നതിനാൽ സർക്കാരിനു വരുമാന നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് വിദേശനിർമ്മിത വിദേശമദ്യം ബിവറേജസ് കോർപ്പറേഷൻ വഴി ഇറക്കുമതി ചെയ്യുന്നതെന്നു സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

2018 - 19ലെ ബജറ്റ് നിർദ്ദേശം അനുസരിച്ച് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിന്റെ ഇ ടെണ്ടർ പോർട്ടൽ വഴി മദ്യ കമ്പനികളിൽനിന്നും ഡീലർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി 28നാണ്. പരിശോധനകൾക്കുശേഷം 17 സ്ഥാപനങ്ങൾക്ക് വിദേശനിർമ്മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. 227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്.

ബവ്‌റിജസ് കോർപ്പറേഷൻ ഔട്ട്‌ലറ്റുകൾക്ക് പുറമേ(എഫ്എൽ 1 ലൈസൻസ്) ബാറുകൾക്കും (എഫ്എൽ 3), മറൈൻ ഓഫിസേഴ്‌സ് ക്ലബിനും(എഫ്എൽ4), ക്ലബ്ബുകൾക്കും (എഫ്എൽ 4 എ), എയർപോർട്ട് ലോഞ്ചുകളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കും (എഫ്എൽ 7), ബിയർ വൈൻ പാർലറുകൾക്കും (എഫ്എൽ11), ബിയർ ഔട്ട്‌ലറ്റുകൾക്കും (എഫ്എൽ 12) വിദേശ നിർമ്മിത വിദേശ മദ്യവും വൈനും ബവ്‌റിജസ് ഗോഡൗണുകളിൽനിന്ന് വാങ്ങി വിൽപ്പന നടത്തുന്നതിനാണ് സർക്കാർ അനുമതി നൽകിയത്.

നേരത്തെ വിദേശനിർമ്മിത മദ്യം ബാറുകൾ വാങ്ങിയിരുന്നത് കസ്റ്റംസിൽനിന്നായിരുന്നു. 25,000 രൂപയായിരുന്നു വാർഷിക ഫീസ്. വിദേശമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സർക്കാർ ഭേദഗതി ഉത്തരവിറങ്ങിയതോടെ നികുതി ഇനത്തിൽ വലിയ തുക സർക്കാരിനു ലഭിക്കും. 2018- 19 ബജറ്റ് പ്രസംഗത്തിലെ നിർദ്ദേശം അനുസരിച്ച് വിദേശ നിർമ്മിത വിദേശമദ്യത്തിന് 78 ശതമാനവും, വിദേശ നിർമ്മിത വൈനിന് 25 ശതമാനവുമാണ് വിൽപ്പന നികുതി. കൂടാതെ ഒരു പ്രൂഫ് ലീറ്ററിന് 87.70 രൂപ ക്രമത്തിൽ വിദേശനിർമ്മിത വിദേശ മദ്യത്തിനു പ്രത്യേക ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച തീരുമാനം റദ്ദാക്കികൊണ്ടുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. അഴിതി ആരോഫണം ഉയർന്നപ്പോഴാണ് അനുമതി റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP