Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടതിൽ അശങ്ക; എം.കെ.സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ആവശ്യം; ജലനിരപ്പ് ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നു

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ടതിൽ അശങ്ക; എം.കെ.സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കണമെന്ന് ആവശ്യം; ജലനിരപ്പ് ഉയർന്നതോടെ ഏഴു ഷട്ടറുകൾ തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്‌നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രി ആശങ്കയറിച്ചത്.

മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിത്തിലാക്കി. വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പകൽ മാത്രമേ ഷട്ടറുകൾ തുറക്കാവൂ. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽ ക്രമീകരിക്കുന്ന തമിഴ്‌നാടിന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേരളം സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയെ നേരത്തെ സമീപിച്ചിരുന്നു. മഴമേഖലയിലെ കനത്ത മഴ ആശങ്കപ്പെടുത്തുന്നതിനാൽ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്‌ത്താൻ തമിഴ്‌നാടിനു നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി മേൽനോട്ട സമിതി ചെയർമാനു കത്തു നൽകിയിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ന് പുലർച്ചെയും ഇതേ രീതിയിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടിരുന്നു. സെക്കൻഡിൽ 8000 ഘനയടിയിലധികം വെള്ളമാണ് രാത്രിയുടെ മറവിൽ തമിഴ്‌നാട് പെരിയാറിലേക്ക് ഒഴുക്കിയത്. ഈ സീസണിൽ ഏറ്റവും കുടുതൽ വെള്ളം തുറന്നു വിട്ടത് കഴിഞ്ഞ രാത്രിയിലാണ്. ഇത് പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറാൻ കാരണമായി. വൻ പ്രതിഷേധവുമായി ജനങ്ങൾ റോഡിലിറങ്ങുകയും ചെയ്തു.

പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ അളുകൾ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്‌നാട് എട്ടു ഷട്ടറുകൾ അറുപത് സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി.

മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൗൺസ്‌മെന്റുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൊട്ടാരക്കര ദിണ്ടുക്കൾ ദേശീയ പാതയും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനും നാട്ടുകാർ ഉപരോധിച്ചു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യാൻ കേന്ദ്രത്തിന് സാധിക്കില്ലെന്ന് കേന്ദ്ര ജൽശക്തി മന്ത്രാലയം. അണക്കെട്ടുകൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണന്ന് കേന്ദ്രം ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

ലോക്‌സഭയിൽ ആന്റോ ആന്റണി, ഹൈബി ഈഡൻ എന്നിവർക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മുല്ലപ്പെരിയാർ ഉൾപ്പടെ കേരളത്തിലെ ഏതെങ്കിലും അണക്കെട്ട് ഡീകമ്മീഷൻ ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ജൽശക്തി സഹമന്ത്രി ബിശ്വേശ്വർ തുഡു വ്യക്തമാക്കിയത്. അണക്കെട്ടുകൾ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. അതിനാൽ അണക്കെട്ട് നിർമ്മാണവും ഡീകമ്മീഷൻ ചെയ്യലും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി പാർലമെന്റിന് അകത്തും പുറത്തും ഇന്നും കേരളത്തിലെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. എൻ.കെ.പ്രേമചന്ദ്രനൻ ആന്റോ ആന്റണി ഡീൻ കുര്യാക്കോസ് എന്നിവർ സഭക്കുള്ളിലും വിഷയം ഉന്നയിച്ചു. രാജ്യസഭയിൽ ഡാം സുരക്ഷ ബില്ലിന്മേലുള്ള ചർച്ചയിൽ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് വികാരഭരിതനായി അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെട്ടു.

നിങ്ങൾ എത്ര വെള്ളം വേണമെങ്കിലും എടുത്തോളു, എത്ര വൈദ്യുതി വേണമെങ്കിലും ഉല്പാദിപ്പിച്ചോളു, എന്തുവേണമെങ്കിലും എടുത്തോളു, കേരളത്തെ സമാധാനപരമായി ഉറങ്ങാൻ അനുവദിക്കണം - വിഷയം പാർലമെന്റിൽ ഉന്നയിച്ചു കൊണ്ട് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കേരളത്തിനും തമിഴ്‌നാടിനും ഇടയിൽ തുടരുന്ന തർക്കത്തിൽ ഇടപെടാതെ മാറിനിൽക്കാനാണ് ഇന്നത്തെ പ്രതികരണത്തിലൂടെ തൽക്കാലം കേന്ദ്രം ശ്രമിക്കുന്നത്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏഴു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറന്നു. 2944 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ തുടരുകയാണ്. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ തീരവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP