Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയം; അതു കൊണ്ട് നീ കാത്തിരിക്കേണ്ടത് ക്ഷമയോടെ എന്ന് അലനോട് അമ്മ; നിരപരാധികളെ തടവിലാക്കുന്നത് ഭരണകൂടം സൃഷ്ടിക്കുന്ന സ്വേച്ഛാധിപതികളുടെ ഈഗോകൾ; മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട അലൻ ഷുഹൈബിന് പുതുവർഷ ദിനത്തിൽ തുറന്ന കത്തുമായി സബിത ശേഖർ; സ്വയം വിശേഷിപ്പിച്ചത് അർബൻ സെക്കുലർ അമ്മയെന്നും

എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയം; അതു കൊണ്ട് നീ കാത്തിരിക്കേണ്ടത് ക്ഷമയോടെ എന്ന് അലനോട് അമ്മ; നിരപരാധികളെ തടവിലാക്കുന്നത് ഭരണകൂടം സൃഷ്ടിക്കുന്ന സ്വേച്ഛാധിപതികളുടെ ഈഗോകൾ; മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവിലാക്കപ്പെട്ട അലൻ ഷുഹൈബിന് പുതുവർഷ ദിനത്തിൽ തുറന്ന കത്തുമായി സബിത ശേഖർ; സ്വയം വിശേഷിപ്പിച്ചത് അർബൻ സെക്കുലർ അമ്മയെന്നും

മറുനാടൻ ഡെസ്‌ക്‌

ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കണമെന്നും സബിത ശേഖർ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട മകൻ അലന് എഴുതിയ തുറന്ന കത്തിലാണ് സബിത മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും സബിത പറയുന്നു. പുതുവർഷദിനത്തിൽ മകൻ അലനുള്ള കത്ത് എന്ന നിലയ്ക്കാണ് സബിതാ ശേഖറിന്റെ കുറിപ്പ്. നിന്റെ അർബൻ സെക്കുലർ അമ്മ എന്ന് സ്വയം വിശേഷിപ്പിച്ചാണ് സബിത ശേഖർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സബിത ശേഖറിന്റെ കുറിപ്പ്

അലാ ... നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു. മോനെ ... അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു - നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികൾ പരീക്ഷിക്കണം .... ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ ...നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല ... നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു ... ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മൾ കാത്തിരിക്കുക ക്ഷമയോടെ ... നമ്മുടെ സമയം വരും ...പ്രതീക്ഷയോടെനിന്റെ അർബൻ സെക്കുലർ അമ്മ..
                                                                                                       സബിത ശേഖർ

കോഴിക്കോട് യുഎപിഎ കേസ് ചുമത്തിയ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകൾ തന്നെയാണെന്ന് ജനുവരി ഒന്നിന് ബുധനാഴ്ചയും മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. ഇരുവരും പരിശുദ്ധരാണെന്ന് ധാരണ വേണ്ട. കേസ് എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചായ കുടിക്കാൻ പോയപ്പോൾ പിടിച്ചതാണെന്ന് ധാരണ വേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎപിഎയുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് നേരത്തെ അമ്മ സബിതാ ശേഖർ ആരോപിച്ചിരുന്നു. അലന് സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അവരും നിസഹായരായി. സിപിഎം പ്രാദേശിക ഘടകം കണ്ടെത്താത്ത കാര്യമാണ് അലൻ മാവോയിസ്റ്റ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നും സബിതാ ശേഖർ. ഭരണകൂടത്തിലും പാർട്ടിയിലും വിശ്വാസം നഷ്ടമായെന്നും സബിതാ ശേഖർ പറഞ്ഞിരുന്നു.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അലനെ മാവോയിസ്റ്റ് എന്ന് വിളിച്ചത്. കോടതി പോലും പറഞ്ഞിട്ടില്ല അവർ മാവോയിസ്റ്റുകളാണെന്ന്, പിന്നെ എങ്ങനെയാണ് ഇത്രയും ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രി വളരെ നിസാരമായി അവർ മാവോയിസ്റ്റുകളല്ലേ എന്ന് പരിഹാസഭാവത്തിൽ അത് പറയുന്നത്. എന്തിനാണ് ആ കുട്ടിയോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് മുഖ്യമന്ത്രിയോ ചോദിക്കാനുള്ളത് എന്നായിരുന്നു സബിതാ ശേഖർ, ഡിസംബർ 23ന് പറഞ്ഞത്.

സിപിഎം പ്രവർത്തകരായ അലൻ, താഹ എന്നിവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ ഇക്കഴിഞ്ഞ നവംബർ 1നാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. റെയ്ഡിനിടെ മാവോയിസ്റ്റ് ലഘുലേഖകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. ആദ്യ ഘട്ടത്തിൽ സിപിഐഎം ഇവർക്ക് പിന്തുണ നൽകിയെങ്കിലും പിന്നീട് ഇരുവർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാർട്ടി ഘടകങ്ങളിൽ വിശദീകരിക്കുകയുണ്ടായി.

അതിനിടെ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏകപക്ഷീയമായി ഏറ്റെടുക്കുകയായിരുന്നെന്ന സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദവും പൊളിഞ്ഞിരുന്നു. ഇരുവർക്കുമെതിരെ നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യുഎപിഎ) ചുമത്തിയതാണ് കേസ് എൻഐഎ ഏറ്റെടുക്കാൻ പ്രധാന കാരണമായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറി ടോം ജോസിനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും അയച്ച കത്തിൽ വ്യക്തമാക്കുന്നു.

യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ നിയമത്തിന്റെ പരിധിയിൽ വരുമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി കഴിഞ്ഞ 16ന് കത്തയച്ചത്. സംസ്ഥാന പൊലീസ് യുഎപിഎ ചുമത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണെന്നും കേസ് ഏറ്റെടുക്കണമെന്നും മന്ത്രാലയം എൻഐഎയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നു നേരിട്ടു ലഭിച്ച വിവരങ്ങളും പരിഗണിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

കേസ് എൻഐഎ ഏറ്റെടുത്തത് 'അപ്രതീക്ഷിതം' എന്നായിരുന്നു നേരത്തേ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തൽ എന്ന് സിപിഎം നേതൃത്വവും വിമർശിച്ചിരുന്നു. അതേസമയം, യുഎപിഎ ചുമത്തുമ്പോൾത്തന്നെ കേസ് എൻഐഎയുടെ പരിഗണനയിൽ വരുമെന്ന് അറിയാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല.

യുഎപിഎ അറസ്റ്റ് സംബന്ധിച്ച് സംസ്ഥാനം വിവരം നൽകിയാൽ 15 ദിവസത്തിനകം കേസ് ഏറ്റെടുക്കണോ എന്ന് എൻഐഎ തീരുമാനമെടുക്കണമെന്നാണ് ചട്ടം. അറസ്റ്റിനു തൊട്ടുപിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾ സമാന്തര അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. നവംബർ ഒന്നിന് വൈകിട്ട് പന്തീരാങ്കാവിൽനിന്ന് അറസ്റ്റിലായ അലനും താഹയ്ക്കുമെതിരെ മണിക്കൂറുകൾക്കകം യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP