Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202329Monday

ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ താനും സ്വരാജും പുതുപ്പള്ളിയിൽ ക്യാംപ് ചെയ്തു തന്ത്രങ്ങൾ മെനഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്നതാണ് കണ്ടത്; അത് ഉമ്മൻ ചാണ്ടിയുടെ ജനപ്രിയതയ്ക്കുള്ള തെളിവായിയെന്ന് സ്പീക്കർ ഷംസീർ; അസുഖ ആകുലതകൾ വകവയ്ക്കാതെ വീണ്ടും ഉമ്മൻ ചാണ്ടി നിയമസഭയിലെത്തി; ഉമ്മൻ ചാണ്ടിയെ പോലെ ഉമ്മൻ ചാണ്ടി മാത്രം

ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ താനും സ്വരാജും പുതുപ്പള്ളിയിൽ ക്യാംപ് ചെയ്തു തന്ത്രങ്ങൾ മെനഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്നതാണ് കണ്ടത്; അത് ഉമ്മൻ ചാണ്ടിയുടെ ജനപ്രിയതയ്ക്കുള്ള തെളിവായിയെന്ന് സ്പീക്കർ ഷംസീർ; അസുഖ ആകുലതകൾ വകവയ്ക്കാതെ വീണ്ടും ഉമ്മൻ ചാണ്ടി നിയമസഭയിലെത്തി; ഉമ്മൻ ചാണ്ടിയെ പോലെ ഉമ്മൻ ചാണ്ടി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പരാജയം എന്തെന്നറിയാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 27ാം വയസ്സിൽ എംഎൽഎ ആയതു മുതൽ ഇങ്ങോട്ട് അദ്ദേഹം ആ മണ്ഡലത്തിൽ നിന്നും തോൽവി അറിഞ്ഞിട്ടില്ല. എത്രകഠിനമായ മത്സരം നേരിട്ടാലും വിജയം ഒടുവിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനായിരുന്നു. ഇതായിരുന്നു പതിവ്. തുടർച്ചയായ പതിനൊന്നു വിജയങ്ങൾ നേടിയ ഉമ്മൻ ചാണ്ടി തന്റെ നിയമസഭാ പ്രവർത്തനത്തിൽ അരനൂറ്റാണ്ട് പിന്നീട്ട നേതാവാണ്. ഈ അത്യപൂർവ നേട്ടം സ്വന്തമാക്കുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ ആദ്യത്തെ എംഎൽഎ എന്ന ബഹുമതിയും കുഞ്ഞൂഞ്ഞെന്ന ഓമനപ്പേരിൽ പുതുപ്പള്ളിക്കാർ വിളിക്കുന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തമാണ്.

ഇങ്ങനെയുള്ള പുതുപ്പള്ളിയുടെ ഉമ്മൻ ചാണ്ടിക്ക് പുസ്തസ്‌നേഹികളുടെ സാന്നിധ്യത്തിൽ കേരള നിയമസഭയുടെ സ്‌നേഹത്തിന്റെ ആദരം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ തോൽപിക്കാൻ താനും എം.സ്വരാജും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ക്യാംപ് ചെയ്തു തന്ത്രങ്ങൾ മെനഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുതിച്ചുയരുന്നതാണ് കണ്ടതെന്നു സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ ജനപ്രിയതയ്ക്കുള്ള തെളിവായി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ ഉമ്മൻ ചാണ്ടിയെ നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ആദരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകോത്സവം വായനയ്ക്കു പ്രചോദനം നൽകിയെന്നും ഷംസീറിന്റെ നടപടികൾ നിയമസഭയ്ക്ക് അഭിമാനമുണ്ടാക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 2024 ജനുവരി 8 മുതൽ 14 വരെ നടക്കുന്ന രണ്ടാമതു നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ലോഗോ ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.

ചികിൽസക്ക് ശേഷമുള്ള വിശ്രമത്തിനിടയിലാണ് ഉമ്മൻ ചാണ്ടി സഭയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയത് . . 12 തവണ ഒറ്റ മണ്ഡലത്തിൽ നിന്ന് തുടർച്ചായി ജയിച്ച ഉമ്മൻ ചാണ്ടിയേ പോലെ ഉമ്മൻ ചാണ്ടി മാത്രമെന്ന് സ്പീക്കർ പറഞ്ഞു. വിശ്രമത്തിലായിരുന്നെങ്കിലും സ്പീക്കർ എ.എൻ.ഷംസീറിന്റെ ശ്രമം നിരസിക്കാനായില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മറുപടി. മകളോടൊപ്പമാണ് നിയസഭയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയ ഉമ്മൻ ചാണ്ടി ശങ്കരനാരായണൻ തമ്പി ഹാളിലെത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഇഷ്ടപ്പെടുന്നതാണ് ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വവും പ്രവർത്തനശൈലിയും. കാന്തികശക്തിയാലെന്ന പോലെ ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം.

അത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നല്ല. ജനങ്ങളുടെ സങ്കടങ്ങൾ ശ്രദ്ധാപൂർവം കേൾക്കാനും, അവയ്ക്ക് തന്നാൽക്കഴിയും വിധം പരിഹാരം കാണാനും അദ്ദേഹം നടത്തിയ നിതാന്ത പ്രവർത്തനങ്ങളുടെ ഫലമാണ്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ പോലും ജനങ്ങളുമായി സംവദിക്കാൻ അധികാരത്തിന്റെ പ്രോട്ടോക്കോൾ ഉമ്മൻ ചാണ്ടിക്ക് തടസമായിട്ടില്ല. ഏറ്റവും സാധാരണക്കാരനായ ഒരാൾക്കു പോലും അനായസേന സമീപിക്കാവുന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനകീയനായ നേതാവെന്ന് എല്ലാവരും ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിക്കാറുണ്ട്. ജനങ്ങളുമായി അടുത്തിടപഴകുന്ന നേതാക്കൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് അധികാരത്തിന്റെയോ പദവികളുടെയോ ആടയാഭരണങ്ങളില്ലാതെ, എടുത്തു കെട്ടിവച്ച ഭാവമില്ലാതെ ജനങ്ങളിലൊരാളായി അവർക്കൊപ്പം നിൽക്കാൻ ഉമ്മൻ ചാണ്ടിക്കു കഴിയുന്നു.

ഇത് അത്രയെളുപ്പമുള്ള കാര്യമല്ല. ഒരു ത്യാഗമാണെന്ന് നിസംശയം പറയാം.പുതുപ്പള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ മണ്ഡലമെങ്കിലും കേരളത്തെ മുഴുവൻ തന്റെ കർമ്മമണ്ഡലമായി കണക്കാക്കി പ്രവർത്തിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. നൂറുശതമാനവും പാർലമെന്റേറിയൻ. ഏതൊരു കാര്യത്തെ സമീപിക്കുമ്പോഴും അതിന്റെ ജനകീയ വശമാണ് ഉമ്മൻ ചാണ്ടി നോക്കുന്നത്. അധികാരത്തിലിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും പ്രയോജനകരമാകണമെന്ന് കരുതി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം ജനനന്മയ്ക്കും സംസ്ഥാനത്തിന്റെ വികസനത്തിനും ആവണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഫിലോസഫി. ഉയർന്ന ജനാധിപത്യബോധം പുലർത്തുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവശൈലി. അതിനിശിതമായി വിമർശിച്ചവർക്കെതിരെ പോലും മാന്യമല്ലാത്ത ഒരൊറ്റപ്പദം ആ നാവിൽ നിന്ന് ഉതിരുകയില്ല.

വ്യക്തിഹത്യയും വേട്ടയാടലുമൊക്കെ അഭിമുഖീകരിച്ചപ്പോഴും സവിശേഷമായ ആ സ്വഭാവഗുണത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ രംഗപ്രവേശം . തുടർന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 1970 ലാണ് പുതുപ്പള്ളിയിൽ ആദ്യമായി മത്സരിച്ചത്. കോൺഗ്രസിന് ഒട്ടും ജയസാദ്ധ്യതയില്ലെന്ന് കരുതിയ ആ മണ്ഡലത്തിൽ സിപിഎമ്മിലെ സിറ്റിങ് എംഎൽഎ ഇ.എം.ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടിയുടെ വിജയത്തുടക്കം.അന്ന് 27 വയസാണ് ഉമ്മൻ ചാണ്ടിയുടെ പ്രായം. പിന്നീടെല്ലാം പുതുപ്പള്ളിയുടെ ചരിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP