Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഉള്ളി വിലയിൽ രാജ്യത്തിന്റെ കണ്ണെരിയുമ്പോൾ പണമെണ്ണി ചിരിക്കുന്നത് മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു കർഷകൻ; കർണാടകയിലെ മല്ലികാർജ്ജുനക്ക് ഈ വിളപ്പെടുപ്പിൽ കിട്ടിയ ലാഭം ഒരുകോടി രൂപയിലധികം; ഇത് ആത്മഹത്യ മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകന്റെ വിജയഗാഥ

ഉള്ളി വിലയിൽ രാജ്യത്തിന്റെ കണ്ണെരിയുമ്പോൾ പണമെണ്ണി ചിരിക്കുന്നത് മണ്ണിൽ വിയർപ്പൊഴുക്കിയ ഒരു കർഷകൻ; കർണാടകയിലെ മല്ലികാർജ്ജുനക്ക് ഈ വിളപ്പെടുപ്പിൽ കിട്ടിയ ലാഭം ഒരുകോടി രൂപയിലധികം; ഇത് ആത്മഹത്യ മുന്നിൽ കണ്ട് കൃഷിയിറക്കിയ കർഷകന്റെ വിജയഗാഥ

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: ഒരു വിള മുഴുവൻ നഷ്ടമായതോടെ മല്ലികാർജ്ജുന 15 ലക്ഷം രൂപ മുടക്കി വീണ്ടും ഉള്ളി തന്നെ കൃഷി ചെയ്തത് ഈ വിളകൂടി നഷ്ടമായാൽ മുന്നിൽ ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് തന്നെയായിരുന്നു. എന്നാൽ വിധി ഈ കർഷകന് കാത്ത് വെച്ചത് മറ്റൊന്നായിരുന്നു. ഉള്ളി വിലയിൽ രാജ്യമാകെ കണ്ണ് നീറുമ്പോൾ പണമെണ്ണി ചിരിക്കുകയാണ് കർണാടകക്കാരനായ ഈ കർഷകൻ. ഇത്തവണത്തെ വിളവെടുപ്പിൽ മല്ലികാർജ്ജുനക്ക് കിട്ടിയ ലാഭം ഒരു കോടി രൂപയിലേറെയാണ്.

Stories you may Like

കർണാടക ചിത്രദുർഗയിലെ ദോഡ്ഡസിദ്ധവന ഹള്ളിയിലെ 42കാരനായ മല്ലികാർജുനയാണ് ഒരുമാസം കൊണ്ട് കോടിപതിയായത്. വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി. വീണ്ടും ബാങ്ക് ലോണെടുത്താണ് ഉള്ളി കൃഷി ചെയ്യാൻ തീരുമാനിച്ചത്. ഈ വിളകൂടി നശിച്ചാൽ ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഈ കർഷകന് മുന്നിലുണ്ടായിരുന്നില്ല.

എന്നാൽ, റോക്കറ്റ് പോലെ കുതിച്ച ഉള്ളിവില ഇയാളുടെ ജീവിതം മാറ്റിമറിച്ചു. ഉള്ളി വില കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടൺ ഉള്ളി വിളവെടുത്തത്. 15 ലക്ഷം മുതൽമുടക്കിയാണ് കൃഷി ഇറക്കിയത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ ഒരു കോടിയിലേറെ ലാഭം കിട്ടി. കടമെല്ലാം വീട്ടണം. പിന്നെ വീടു പണിയണം. കൃഷി വ്യാപിപ്പിക്കുന്നതിനായി കുറച്ച് ഭൂമിയും വാങ്ങണമെന്ന് മല്ലികാർജുന പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

10 ഏക്കറാണ് മല്ലികാർജുനക്ക് സ്വന്തമായുള്ളത്. 10 ഏക്കർ കൂടി പാട്ടത്തിനെടുത്താണ് ഉള്ളികൃഷിയിറക്കിയത്. 50ഓളം തൊഴിലാളികളെയും ജോലിക്കുവെച്ചു. മഴ കുറഞ്ഞ പ്രദേശമായതിനാൽ ഭൂഗർഭ ജലത്തെ ആശ്രയിച്ചാണ് കൃഷി. വെള്ളമില്ലാത്തതിനാൽ നിരവധി കർഷകർ കൃഷി ഉപേക്ഷിച്ചു. മഴ സമയത്ത് മാത്രമായിരുന്നു മല്ലികാർജുനയും കൃഷിയിറക്കിയിരുന്നത്. 2004മുതൽ ഉള്ളി തന്നെയാണ് പ്രധാനകൃഷി. അഞ്ച് ലക്ഷത്തിലധികം ലാഭം ഇതിന് മുമ്പ് കിട്ടിയിട്ടില്ലെന്നും മല്ലികാർജുന പറഞ്ഞു.

ഒക്ടോബർ വരെ ഉള്ളിക്ക് വില താഴ്ന്നത് ആശങ്കയുണ്ടാക്കി. വീണ്ടും നഷ്ടമുണ്ടാകുമെന്ന് കരുതി. നവംബർ ആദ്യം ക്വിന്റിലിന് 7000 രൂപ നിരക്കിലാണ് ഉള്ളി വിറ്റത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ക്വിന്റലിന് 12,000 രൂപയായി. പിന്നീട് 2,0000 രൂപവരെ ലഭിച്ചു. കുടുംബാംഗങ്ങളും മല്ലികാർജുനയും രാപ്പകൽ കാവലിരുന്നാണ് വിള മോഷ്ടാക്കളിൽ നിന്ന് രക്ഷിച്ചത്.

രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തിനിടയിൽ ഉള്ളിവിലയിൽ 81 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഉള്ളിവില വർധനവിന് പിന്നാലെ രാജ്യത്ത് പലയിടങ്ങളിൽ നിന്നും ഉള്ളി മോഷണം പോയ വാർത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം യുപിയിൽ നിന്ന് 50 കിലോ ഉള്ളിയായിരുന്നു മോഷണം പോയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്ന ഉള്ളിച്ചാക്കുമായി കടന്ന് കളയുകയായിരുന്നു. ഉന്തുവണ്ടിയിൽ ഉള്ളിച്ചാക്കുകൾ കൊണ്ടുപോകവെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ചാക്ക് തട്ടിയെടുക്കുകയായിരുന്നു. സമാനമായ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP