Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഒരുപാട് വിരട്ടി നോക്കിയിട്ടും സാലറി ചലഞ്ചിൽ പങ്കെടുത്തത് 57 ശതമാനം ഉദ്യോഗസ്ഥർ മാത്രം; പങ്കെടുക്കാത്തതിൽ ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും; 2200 കോടി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചത് 808കോടി മാത്രം; സാലറി ചലഞ്ചിൽ ഒടുവിൽ മുഖ്യമന്ത്രി സത്യങ്ങൾ തുറന്നു പറയുമ്പോൾ

സർക്കാർ ഒരുപാട് വിരട്ടി നോക്കിയിട്ടും സാലറി ചലഞ്ചിൽ പങ്കെടുത്തത് 57 ശതമാനം ഉദ്യോഗസ്ഥർ മാത്രം; പങ്കെടുക്കാത്തതിൽ ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫും; 2200 കോടി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ലഭിച്ചത് 808കോടി മാത്രം; സാലറി ചലഞ്ചിൽ ഒടുവിൽ മുഖ്യമന്ത്രി സത്യങ്ങൾ തുറന്നു പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; സർക്കാർ ഏറെ കൊട്ടിഘോഷിച്ച് ആഹ്വാനം ചെയ്ത പദ്ധതിയായിരുന്നു സാലറി ചലഞ്ച്. പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തുകയാണ് നേരത്തെ അറിയിച്ചിരുന്ന പോലെയുള്ള തുകകളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടില്ലെന്ന്. 10 മാസം കൊണ്ട് 2,200 കോടിയോളം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.

നിലവിൽ 808 കോടി രൂപയാണ് സമാഹരിച്ചത്. 1,500 കോടി രൂപയെങ്കിലും സമാഹരിക്കാമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. കൂടാതെ 57 ശതമാനം സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണ് ചലഞ്ചിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നേരത്തെ സർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയിച്ചിരുന്നത് 90ശതമാനം ഉദ്യോഗസ്ഥരും നവകേരള നിർമ്മിതിക്കായി അണിചേർന്നു എന്നായിരുന്നു. ഇപ്പോൾ അതിലാണ് മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫിൽ ഒരാൾ മാത്രം സാലറി ചാലഞ്ചിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രളയ ബാധിതനായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ പ്രളയബാധിതരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സാലറി ചാലഞ്ചിൽ നിന്നു വിട്ടുനിൽക്കാൻ ഇളവുകളൊന്നും അനുവദിച്ചിരുന്നില്ല. കൂടാതെ മിക്കവരിൽ നിന്നും ഭീഷണി ഉയർത്തി ശമ്പളം പിടിച്ചു വാങ്ങിയെന്നും ആരോപണം ഉയർന്നിരുന്നു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ മൊത്തം 440 പേരാണുള്ളത്.

സാലറി ചാലഞ്ചിന്റെ ഭാഗമായി പെൻഷൻകാരിൽ നിന്ന് 5.31 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരിൽ 56.84 ശതമാനം പേരാണ് ചാലഞ്ചിൽ പങ്കെടുത്തത്. 4,83,733 ജീവനക്കാരിൽ 2,06395പേർ സാലറി ചലഞ്ചിൽ നിന്ന് വിട്ടുനിന്നു. മുഴുവൻ ജീവനക്കാരും സാലറി ചലഞ്ചിന്റെ ഭാഗമായിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് 2211 കോടി രൂപ കിട്ടുമായിരുന്നെന്ന് കഴിഞ്ഞ ഡിസംബറിൽ ധനമന്ത്രി തോമസ് ഐസ്‌ക് നിയമ സഭയിൽ പറഞ്ഞിരുന്നു.

സെക്രട്ടേറിയറ്റിൽ ആകെ 4439 ജീവനക്കാരിൽ 3741 പേരും ചലഞ്ച് ഏറ്റെടുത്തെന്ന് തോമസ് ഐസക് വ്യക്തമാക്കി. 698 പേർ മാത്രമാണ് വിസമ്മതിച്ചതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ധിക്കാരപരമായ സമീപനമാണ് സാലറി ചലഞ്ച് പരാജയപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവകേരളം നിർമ്മിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം സുതാര്യമല്ലാതെ വിനിയോഗം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ അവസ്ഥ അതീവ ഗുരുതരവും ദയനീയവുമാണ്. നഷ്ടത്തിന്റെ വ്യക്തമായ കണക്ക് ഇപ്പോഴും ഇല്ല.ജൂലൈയിൽ നടപ്പാക്കേണ്ട 11ാമത് ശമ്പളകമ്മിഷൻ റിപോർട്ടിന് കമ്മിഷനെ പോലും നിയമിക്കാതെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെ ഹനിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP