Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിൻജിയാങിലുള്ളത് ഒരു കോടി മുസ്ലിങ്ങൾ; പത്ത് ലക്ഷത്തോളം പേർ മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിക്കുകയാണ്‌ തടങ്കൽ പാളയങ്ങളിൽ! സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ളത് ഇരുപത് ലക്ഷത്തോളവും; ഉയിഗൂർ മുസ്ലീങ്ങൾ വംശീയമായി തുർക്കികൾ; വാണിജ്യ രംഗത്തുള്ള സഹകരണം കാരണം തുർക്കിക്ക് മിണ്ടാട്ടമില്ല; അറബ് ലോകവും മൗനത്തിൽ; പാക്കിസ്ഥാനും പ്രതികരണമില്ല; ചൈനയിലെ മുസ്ലിം പീഡനത്തിന്റെ കഥകൾ ഞെട്ടിക്കുന്നത്; കോൺസൻട്രേഷൻ ക്യാമ്പുകൾ ചൈനയ്ക്ക് തൊഴിൽ പരീശീലന കേന്ദ്രങ്ങളും

സിൻജിയാങിലുള്ളത് ഒരു കോടി മുസ്ലിങ്ങൾ; പത്ത് ലക്ഷത്തോളം പേർ മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിക്കുകയാണ്‌ തടങ്കൽ പാളയങ്ങളിൽ! സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ളത് ഇരുപത് ലക്ഷത്തോളവും; ഉയിഗൂർ മുസ്ലീങ്ങൾ വംശീയമായി തുർക്കികൾ; വാണിജ്യ രംഗത്തുള്ള സഹകരണം കാരണം തുർക്കിക്ക് മിണ്ടാട്ടമില്ല; അറബ് ലോകവും മൗനത്തിൽ; പാക്കിസ്ഥാനും പ്രതികരണമില്ല; ചൈനയിലെ മുസ്ലിം പീഡനത്തിന്റെ കഥകൾ ഞെട്ടിക്കുന്നത്; കോൺസൻട്രേഷൻ ക്യാമ്പുകൾ ചൈനയ്ക്ക് തൊഴിൽ പരീശീലന കേന്ദ്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

സിയോൾ: ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജിയാംഗിൽ ഭൂരിപക്ഷ സമൂഹമാണ് ഉയിഗൂർ മുസ്ലിംങ്ങൾ. ഇവരിൽ പത്ത് ലക്ഷത്തോളം പേർ തടങ്കൽ പാളയങ്ങളിലാണ് എന്നാണ് റിപ്പേർട്ടുകൾ. ഉയിഗൂർ മുസ്ലിംങ്ങളെ കൊല്ലാകൊല ചെയ്യുകയാണ് ചൈനീസ് ഭരണകൂടം. ന്യൂനപക്ഷ വിഭാഗങ്ങൾ ഇല്ലാതാകുന്നതിലൂടെ ഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മനുഷ്യാവകാശ സംഘടനകളുടെ വിമർശനം.

ഡിറ്റൻഷൻ ക്യാമ്പുകളിൽ കഴിയുന്നവരിൽ കൂടുതലാണ് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നീരീക്ഷണത്തിൽ കഴിയുന്നവർ എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവ തടവറകളല്ലെന്നും രാഷ്ട്ര പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്നുമാണ് ചൈനയുടെ അവകാശവാദം. മതം ഉപേക്ഷിച്ച് കമ്യൂണിസം പഠിപ്പിക്കുകയാണ് തടങ്കൽ പാളയങ്ങളിൽ. വൻ സൈനിക സാന്നിധ്യമുള്ള സിൻജിയാങ് പ്രവിശ്യയിൽ മാത്രം ഒരു കോടി മുസ്ലിങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഓരോ വ്യക്തിയും പാർട്ടിയുടേയും സൈന്യത്തിന്റെയും പൂർണ്ണ നിരീക്ഷണത്തിലാണ്. ഇത്തരം നിയന്ത്രണങ്ങൾക്കു പിന്നാലെ ഈ വർഷമാദ്യം ഇസ്ലാം മതത്തെ തദ്ദേശവത്കരിക്കുന്ന നിയമവും ചൈന പാസാക്കിയിരുന്നു.

രാഷ്ട്രാന്തരീയ തലത്തിൽ ഉയിഗൂർ പ്രശ്നം സജീവമാകാതെ പോകുന്നത് ചൈനയുടെ തന്ത്രപരമായ നീക്കം കാരണമാണ്. ഉയിഗൂർ മുസ്ലീങ്ങൾ വംശീയമായി തുർക്കികളാണെങ്കിലും അടുത്തകാലംവരെ തുർക്കി ചൈനക്കെതിരെ രംഗത്ത് വരാൻ മടിച്ചു. വാണിജ്യ രംഗത്തുള്ള സഹകരണമാണ് പ്രധാനം. അറബ് ലോകം സ്വന്തം പ്രശ്നങ്ങളിൽ ഉഴലുകയാണ്. അവർക്ക് ഉയിഗൂർ പ്രശ്നത്തിൽ ഇടപെടാൻ കഴിയില്ല. പാക്കിസ്ഥാൻ ചൈനയുടെ അടുത്ത സുഹൃദ് രാജ്യമാണ്. അമേരിക്കയും പാശ്ചാത്യ നാടുകളുമാണ് ഉയിഗൂർ പ്രശ്നം പലപ്പോഴും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കുക. പക്ഷേ, അവയൊക്കെ ജലരേഖകളായി മാറുകയാണ് പതിവ്.

ചൈനയിൽ 30 ലക്ഷത്തോളം മുസ്ലിങ്ങളെ 'കോൺസൻട്രേഷൻ ക്യാമ്പു'കളിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത് വന്നിരുന്നു. ചൈനയിലെ ലക്ഷകണക്കിന് മുസ്ലിങ്ങൾ സർക്കാരിന്റെ കൊടും പീഡനങ്ങൾക്കു വിധേയരാവുകയാണെന്ന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും മറ്റു സ്വതന്ത്ര സന്നദ്ധ സംഘടനകളുടെയും റിപ്പോർട്ടിനു തൊട്ടുപിന്നാലെയാണ് ഔദ്യോഗികമായി ചൈനയ്ക്കെതിരെ പെന്റഗൺ ഗുരുതര ആരോപണം ഉയർത്തിയത്. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മുസ്ലിം വിഭാഗങ്ങൾക്കു ശക്തമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയതെന്നു അമേരിക്ക കുറ്റപ്പെടുത്തി.

സുരക്ഷാസൈനികരെ ഉപയോഗിച്ചാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുസ്ലിങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉയിഗൂർ അടക്കമുള്ള മുസ്ലിം വിഭാഗങ്ങൾ ചൈനയിൽ അതിക്രൂരമായ പീഡനങ്ങൾക്കു വിധേയമാകുന്നതായും ആരോപണം ഉണ്ട്. മുസ്ലിം പീഡനത്തിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നു ചൈന വൻതോതിൽ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കേയാണ് ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക രംഗത്തു വരുന്നത്. എന്നാൽ രാജ്യത്ത് കോൺസൻട്രേഷൻ ക്യാമ്പുകൾ നിലവിൽ ഇല്ലെന്നും തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളതെന്നുമാണു ചൈനയുടെ വിശദീകരണം.

ചൈനയിലെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്ന മുസ്ലിംകൾ തങ്ങളുടെ യാതനകൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു പങ്കുവച്ചതിനെ തുടർന്ന് രാജ്യാന്തര തലത്തിൽ ചൈനയ്ക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ചിലമേഖലകളിലെ തീവ്ര മതമൗലികവാദങ്ങളെയും കലാപങ്ങളെയും നേരിടാനാണ് രാജ്യത്ത് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ തുടങ്ങിയതെന്നായിരുന്നു ചൈനയുടെ വിശദീകരണം.

ചൈനയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ കടുത്ത മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മനുഷ്യത്വത്തിന് നാണക്കേടാണ് ചൈനീസ് സർക്കാരിന്റെ നടപടിയെന്ന് വിമർശിച്ച തുർക്കി കോൺസൻട്രേഷൻ ക്യാംപുകൾ അടച്ചുപൂട്ടാനും ആവശ്യപ്പെട്ടു. ഇതിന് അപ്പുറത്തേക്ക് ഒന്നും തുർക്കിക്കും ചെയ്യാനാകുന്നില്ല. പടിഞ്ഞാറൻ ചൈനയിൽ ടർക്കിഷ് മുസ്ലിങ്ങളും സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്നും മതവിശ്വാസികളെ ചൈനീസ് സർക്കാർ വേട്ടയാടുകയാണെന്നും തുർക്കി ആരോപിച്ചു ചൈന നടത്തുന്നത് വംശഹത്യയാണെന്ന് ടർക്കിഷ് പ്രസിഡന്റ് എർദോഗാനും ആരോപിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാംപുകൾക്ക് പുറമെ ചൈനയുടെ ചിലയിടങ്ങളിൽ വിശ്വാസത്തെ പിന്തുടരാൻ മുസ്ലിങ്ങൾക്ക് അവകാശമില്ല. വ്രതാനുഷ്ടാനത്തിനും പ്രാർത്ഥനയ്ക്കും താടി വെയ്ക്കുന്നതിനും ഹിജാബ് ധരിക്കുന്നതിനും നിരോധനമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ചൈനയിലെ കോൺസൻട്രേഷൻ ക്യാംപുകളിൽ പത്തുലക്ഷത്തിലേറെ മുസ്ലിങ്ങൾ ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചത്. ബീജിങ് യു.എന്നിനെ തള്ളിയെങ്കിലും ക്യാംപിൽ നിന്ന് പുറത്തെത്തിയവരുടെ തുറന്ന് പറച്ചിലുകൾ ചൈനയെ പ്രതിരോധത്തിലാക്കിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP