Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ആദ്യം വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ കൊന്നുതള്ളി തണ്ടർബോൾട്ട്; അഗളി വനമേഖലയിൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ തോക്കിനിരയായത് കാർത്തി, ശ്രീമതി, സുരേഷ് എന്നിവർ; ഇടത് തീവ്രവാദികൾക്ക് വൻ തിരിച്ചടി നേരിട്ടത് ശിരുവാണിദളം രൂപീകരിക്കാനുള്ള ശ്രമത്തിനിടെ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനും ഏറ്റുമുട്ടലാണോ വെടിവെയ്‌പ്പാണോ എന്നറിയില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദനും

ആദ്യം വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ കൊന്നുതള്ളി തണ്ടർബോൾട്ട്; അഗളി വനമേഖലയിൽ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ തോക്കിനിരയായത് കാർത്തി, ശ്രീമതി, സുരേഷ് എന്നിവർ; ഇടത് തീവ്രവാദികൾക്ക് വൻ തിരിച്ചടി നേരിട്ടത് ശിരുവാണിദളം രൂപീകരിക്കാനുള്ള ശ്രമത്തിനിടെ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠനും ഏറ്റുമുട്ടലാണോ വെടിവെയ്‌പ്പാണോ എന്നറിയില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദനും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരു സ്ത്രീയും. കാർത്തി, ശ്രീമതി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തിൽ ഉൾപ്പെട്ട മാവോവാദികളുടെ ക്യാമ്പ് നടക്കുന്നെന്ന വിവരത്തെ തുടർന്നാണ് തണ്ടർ ബോൾട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചിൽ നടത്തിയത്. അഗളി മേഖലയിലെ ഉൾവനത്തിലാണ് മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയത്.

Stories you may Like

തിരച്ചിലിനിടെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് തണ്ടർ ബോൾട്ട് തിരിച്ചടിക്കുകയായിരുന്നു. തണ്ടർ ബോൾട്ട് സംഘങ്ങളിൽ ആർക്കും പരിക്കില്ല. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് സംഘങ്ങളായി പിരിഞ്ഞ് തണ്ടർ ബോൾട്ട് വനമേഖലയുടെ ഇരുഭാഗങ്ങളിൽനിന്നുമായി തിരച്ചിൽ നടത്തുകയായിരുന്നു. പെട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നും തിരിച്ചുള്ള ആക്രമണത്തിൽ മൂന്നുപേർ മരിച്ചെന്നുമാണ് പൊലീസ് അറിയിച്ചത്.തണ്ടർബോൾട്ട് അസി.കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകൾ ലഭിച്ചിട്ടുണ്ട്.

പാലക്കാട് എസ്‌പി ടി വിക്രം, ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് കമാണ്ടന്റ് ചൈത്ര തേരേസ ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്. പൊലീസുകാർക്ക് പരിക്കുപറ്റിയതായി വിവരമില്ല. ഏറ്റുമുട്ടലിനു പിന്നാലെ മാവോവാദികൾ ചിതറിപ്പോയിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തണ്ടർബോൾട്ട് മേഖലയിൽ വീണ്ടും തിരച്ചിൽ നടത്തി. പൊലീസ് ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾക്കായി റവന്യൂ-പൊലീസ് അധികൃതർ സ്ഥലത്തെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കോ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കോ ആകും കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോവുക.

ഭവാനിദളം, നാടുകാണിദളം, കബനിദളം എന്നിങ്ങനെ മൂന്നുദളങ്ങളായാണ് മാവോയിസ്റ്റുകൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നത്. നാലാമതായി ശിരുവാണിദളം കൂടി രൂപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. ഈയടുത്ത് തണ്ടർ ബോൾട്ടുമായി മാവോവാദികൾ നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കരുളായി, വയനാട് ലക്കിടി ഉപവൻ റിസോർട്ടിനു സമീപത്തുണ്ടായ ഏറ്റുമുട്ടൽ എന്നിവയാണ് ആദ്യത്തേത്. കരുളായിയിൽ രണ്ട് മാവോവാദികളും വയനാട്ടിൽ ഒരു മാവോവാദിയുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ,ശ്രീകണ്ഠൻ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവെയ്പാണോ എന്ന് വ്യക്തമായി അറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ പ്രതികരണം.

കേരളത്തിലെ മൂന്നു ജില്ലകളിൽ മാവോയിസ്റ്റുകൾക്കെതിരെ മുൻകരുതൽ എടുക്കണമെന്ന കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് പാലക്കാട് ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്. പാലക്കാട്, മലപ്പുറം, വയനാടു ജില്ലകളിലാണു കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം പ്രകടമായുള്ളത്. ഇവരുടെ ആക്രമണം പ്രതിരോധിക്കാൻ സജ്ജമായ ഹൈടെക് പൊലീസ് സ്റ്റേഷനുകൾ ഈ ജില്ലകളിൽ കൊണ്ടുവരും. ഇതിനായി 580 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. പൊലീസിന്റെ ആയുധങ്ങളടക്കം മാവായിസ്റ്റുകൾ തട്ടിയെടുക്കുന്നതു തടയാനാണു പ്രത്യേക സുരക്ഷാ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. പാലക്കാട് അട്ടപ്പാടി, മലപ്പുറത്തെ നിലമ്പൂർ, വയനാട്ടിലെ മാനന്തവാടി, വൈത്തിരി പ്രദേശങ്ങളിൽ സംഘടനയുടെ സജീവ സാന്നിധ്യമുണ്ടെങ്കിലും രണ്ടുമാസമായി സാന്നിധ്യം കുറവാണെന്ന് പൊലീസ് പറയുന്നു.

അട്ടപ്പാടിയിൽ കരുവാരക്കുണ്ട് പ്രദേശം കേന്ദ്രീകരിച്ചാണു വർഷങ്ങളായി മാവോയിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. 2015 നവംബറിൽ മണ്ണർക്കാട് അമ്പലപ്പാറയിൽ പൊലീസും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും മരണമുണ്ടായില്ല. പശ്ചിമഘട്ടം കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് നീക്കങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണെങ്കിലും പാലക്കാട് മേഖലയിൽ ആദ്യമാണ് പൊലീസ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ വനമേഖലയോടു ചേർന്നുള്ള മുഴുവൻ സ്റ്റേഷനുകളുടെയും സുരക്ഷ ശക്തമാക്കി. ഏറ്റുമുട്ടലുണ്ടായെന്നു പറയുന്ന മേലെ മഞ്ചിക്കട്ടി ഊരിനു സമീപത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞിരിക്കുകയാണ്.

കേരളത്തിനു പുറമേ ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഒഡിഷ, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളിലെ മൊത്തം 25 ജില്ലകളാണു മാവോയിസ്റ്റ് ബാധിത പട്ടികയിലുള്ളത്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവുമധികമുള്ളത് ഝാർഖണ്ഡിലാണ്. ഛത്തീസ്‌ഗഡ്, ബിഹാർ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP