Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഓണം ബംപറിലെ ഒന്നാം സമ്മാനം തനിക്കാണെന്ന് രാവിലെ സുഹൃത്തുക്കളോട് തമാശ പറഞ്ഞു; വൈകുന്നേരം ഫലം വന്നപ്പോൾ സ്വപ്‌നം യാഥാർത്ഥ്യമായപ്പോൾ അനന്തുവിന് ഞെട്ടൽ; ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു; 12 കോടിയുടെ ലോട്ടറിഭാഗ്യം കടന്നു ചെന്നത് കട്ടപ്പന ഇരട്ടയാറിലെ പെയിന്റിങ് തൊഴിലാളിയുടെ മകന്; എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലെ ജീവനക്കാരനായ അനന്തുവിന്റെ ആഗ്രഹത്തിലുള്ളത് ലൈഫ് ഭവന പദ്ധതിയിലൂടെ ശ്രമിച്ചു പരാജയപ്പെട്ട പുതിയ വീട്

ഓണം ബംപറിലെ ഒന്നാം സമ്മാനം തനിക്കാണെന്ന് രാവിലെ സുഹൃത്തുക്കളോട് തമാശ പറഞ്ഞു; വൈകുന്നേരം ഫലം വന്നപ്പോൾ സ്വപ്‌നം യാഥാർത്ഥ്യമായപ്പോൾ അനന്തുവിന് ഞെട്ടൽ; ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു; 12 കോടിയുടെ ലോട്ടറിഭാഗ്യം കടന്നു ചെന്നത് കട്ടപ്പന ഇരട്ടയാറിലെ പെയിന്റിങ് തൊഴിലാളിയുടെ മകന്; എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലെ ജീവനക്കാരനായ അനന്തുവിന്റെ ആഗ്രഹത്തിലുള്ളത് ലൈഫ് ഭവന പദ്ധതിയിലൂടെ ശ്രമിച്ചു പരാജയപ്പെട്ട പുതിയ വീട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളത്തു ജോലി ചെയ്യുന്ന ക്ഷേത്ര ജീവനക്കാരനായ 24കാരൻ അനന്തു വിജയനാണ് ഓണം ബംപറായ 12 കോടിയുടെ ഭാഗ്യത്തിന് അർഹനായത്. ഇടുക്കിയെ സാധാരണ കുടുംബത്തിലെ അംഗമായ അനന്തുവിനെ ഭാര്യം തേടി എത്തിയത് അയ്യപ്പൻ കാവിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസീസിൽ നിന്നുമെടുത്ത ടിക്കറ്റിലായിരുന്നു. ടിബി 173964 നമ്പർ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനെ കാത്തിരിക്കുന്നത്.

ഓണം ബംപർ എടുത്ത ശേഷം സുഹൃത്തുക്കളോട് തമാശയായി ഒന്നാം സമ്മാനം തനിക്കായിരിക്കും എന്ന് അനന്തു കളി പറഞ്ഞിരുന്നു. ഇത് വൈകുന്നേരമായപ്പോഴേക്കും യാഥാർത്ഥ്യമാകുകയും ചെയ്തു. ലോട്ടറിയിലെ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് യുവാവ് സന്തോഷം അടക്കാനാവാതെ പ്രതികരിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. ഇതിന് മുമ്പും ലോട്ടറി എടുത്തു ശീലമുള്ള അനന്തുവിന് മുമ്പ് 5000 രൂപവരെ ലോട്ടറി അടിച്ചിട്ടുണ്ട്.

പെയിന്റിങ് തൊഴിലാളിയായ പിതാവ് വിജയന്റെ ശീലമാണ് ലോട്ടറിയെടുക്കുന്നത്. ആ ശീലത്തിലാണ് മകനും ഭാഗ്യം പരീക്ഷിച്ചത്. ഭാഗ്യദേവത മകനെ കടാക്ഷിക്കുകയായിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയപ്പോൾ മകൻ ടിക്കറ്റെടുത്തത് എറണാകുളത്തു നിന്ന്. കട്ടപ്പന ഇരട്ടയാർ വലിയ തോവാളയിലെ 55 വർഷം പഴക്കമുള്ള വീട്ടിലേക്കാണ് ഇത്തവണ ഭാഗ്യദേവത വലതുകാൽ വച്ചു കടന്നുവന്നത്. വലിയ തോവാളയിലെ ഉയർന്ന പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സ്ഥലത്താണ് അനന്തുവും കുടുംബവും താമസിക്കുന്നത്.

ലോട്ടറിയുടെ ഭാഗ്യം എത്തിയതോടെ കുടുംബത്തിന്റെ ആഗ്രഹം പുതുതായി ഒരു വീടാണ്. നേരത്തെ ലൈഫ് ഭവന പദ്ധതിയിലൂടെ പുതിയ വീടിനു ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ശുദ്ധജലവും നല്ല വഴിയുമുള്ളിടത്തു വീടു വയ്ക്കണമെന്നാണ് ഇവരുടെ ആഗ്രഹം. മറ്റൊന്നും തൽക്കാലം ഇവരുടെ ചിന്തയിൽ പോലുമില്ല. അനന്തു ഡിഗ്രി പഠനം കഴിഞ്ഞതു മുതൽ ലോട്ടറിയെടുക്കാറുണ്ട്. പെയ്ന്റിങ് തൊഴിലാളിയായ അച്ഛൻ വിജയനെ കണ്ടു പഠിച്ചതാണ് ഈ ശീലം. ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിൽ സെയിൽസ് വുമൺ ആണ് അമ്മ സുമാ വിജയൻ. ലോട്ടറി തനിക്കാണെന്ന് ഉറപ്പിച്ചപ്പോൾ അനന്തു വീട്ടുകാരെ സന്തോഷം വിളിച്ചറിയിച്ചു. ആതിര വിജയനും അരവിന്ദ് വിജയനും സഹോദരങ്ങളാണ്.

കണ്ണൂർ പെരളശേരിക്കാരനായ എൻ.അജേഷ് കുമാറാണു ഒന്നാം സമ്മാനം അടിച്ച വിഘ്‌നേശ്വര ഏജൻസീസിന്റെ ഉടമ. ലോട്ടറി വിൽപനയ്ക്കിറങ്ങി കാൽ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപർ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വർഷം മുൻപാണു കൊച്ചിയിലെത്തിയത്. വിഘ്‌നേശ്വര ഏജൻസി തുറന്നിട്ട് 15 വർഷം. കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ തട്ടിൽ ലോട്ടറി നിരത്തി വിൽപന നടത്തുന്ന തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി അഴകച്ചാമി അജേഷിൽ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളിൽ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേർക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിൻകര), ടിബി 474761 (പയ്യന്നൂർ), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ ഇത്തവണ വൻ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടിപിശകു കാരണം 20 ടിക്കറ്റുകൾ വിറ്റില്ല. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകൾ പ്രവർത്തിച്ചാണു ടിക്കറ്റുകൾ വിറ്റത്. ലോട്ടറിയുടെ ജിഎസ്ടി തീരുവ 28 ശതമാനമായി ഉയർത്തിയതിനാൽ ഇത്തവണത്തെ ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 38.28 കോടി രൂപയാണ് സർക്കാരിന് ഓണം ബംപറിലൂടെ ലാഭം കിട്ടിയത്. അന്ന് 12 ശതമാനം മാത്രമായിരുന്നു ജിഎസ്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP