- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയുമെന്ന് ചാണ്ടി ഉമ്മന്‍; ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്‌കാരം തന്നെ കോണ്‍ഗ്രസില്‍ വന്നു കൊണ്ടിരിക്കുന്നുവെന്ന് മറിയാമ്മ; കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ ഗാന്ധി; അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
മരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി
കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് സ്മൃതിസംഗമം. മരണത്തില്‍ പോലും ഒരാള്‍ക്ക് വിജയം ഉണ്ടാകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയെന്ന് മകനും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിന്റെയും രാജ്യത്തിന്റെയും എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തലപ്പാടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. നിലവില്‍ ഔട്ട് പേഷ്യന്റ് മാത്രമാണുള്ളത്. അതിന് ഒരു തുടര്‍ച്ച ഉണ്ടായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ എളുപ്പമുള്ള വഴിയാണ് പാറേക്കടവ് പാലം. ആ പാലത്തിന്റെ പൂര്‍ത്തീകരണവും നടക്കണമെന്നാണ് ആഗ്രഹം. പാമ്പാടി വില്ലേജ് ഓഫിസും യാഥാര്‍ഥ്യമാകേണ്ടതാണ്.
പുതുപ്പള്ളിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഉമ്മന്‍ചാണ്ടിയുടെ ആദരവ് നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ച് നിര്‍മാണം ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇക്കാര്യം നടന്നിട്ടില്ല. സമയം വളരെ കുറവാണെന്നും നിര്‍മാണ പ്രവര്‍ത്തനം അടുത്ത മാസം തന്നെ ആരംഭിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി എന്ന ഒരു സംസ്‌കാരം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്നു കൊണ്ടിരിക്കുന്നുവെന്നാണ് ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടി ഒരിക്കലും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. കുറഞ്ഞ സംസാരവും കൂടുതല്‍ പ്രവൃത്തിയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. 51 വര്‍ഷത്തെ അനുസ്മരിക്കാന്‍ 51 വീട് നിര്‍മിക്കുക എന്നത് ചാണ്ടി ഉമ്മന്റെ സ്‌നേഹമാണ്. വീടില്ലാത്തവര്‍ക്ക് വീട് എന്നത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്നമാണ്. വേര്‍തിരിവില്ലാതെ ഞങ്ങള്‍ മനുഷ്യരെ സ്‌നേഹിക്കുമെന്നും മറിയാമ്മ ഉമ്മന്‍ വ്യക്തമാക്കി.
അതേസമയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഏഴുമണിയോടെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു. തുടര്‍ന്ന് കെപിസിസി നടത്തുന്ന അനുസ്മരണ സംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനവും ഇന്ന് നടക്കും.