Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് 63 പേർക്ക് കൂടി ഓമിക്രോൺ; 9 പേർക്ക് സമ്പർക്കത്തിലൂടെ; തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് ഓമിക്രോൺ ക്ലസ്റ്റർ; ഓമിക്രോൺ പടരുന്നതോടെ കോവിഡ് വ്യാപനവും ഏറുന്നു; ഇതുവരെ 123 ക്ലസ്റ്ററുകൾ; കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും

സംസ്ഥാനത്ത് 63 പേർക്ക് കൂടി ഓമിക്രോൺ; 9 പേർക്ക് സമ്പർക്കത്തിലൂടെ; തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് ഓമിക്രോൺ ക്ലസ്റ്റർ; ഓമിക്രോൺ പടരുന്നതോടെ കോവിഡ് വ്യാപനവും ഏറുന്നു; ഇതുവരെ 123 ക്ലസ്റ്ററുകൾ; കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് 63 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. 4 പേർ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 9 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്തുള്ള 7 പേർക്കും തൃശൂരിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ ഓമിക്രോൺ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഓമിക്രോൺ സ്ഥിരീകരിച്ചവരിൽ 6 പേർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ്. ടൂർ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റർ ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഓമിക്രോൺ ക്ലസ്റ്ററായിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 591 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 401 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേരാണുള്ളത്.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 123 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. രോഗവ്യാപന മേഖലകൾ കൂടുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഓമിക്രോൺ വകഭേദം പടരുന്നതാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

മന്ത്രിമാരുടെ ഓഫിസുകളിൽ ഉൾപ്പെടെ കോവിഡ് പടർന്നു പിടിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ പല നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തിൽ സജീവമായിരുന്നവർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നോർക്കയിൽ സിഇഒ അടക്കമുള്ള ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു.

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജർ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകൾ രംഗത്തെത്തി. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പൊളിറ്റിക്കൽ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP