Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്‌ളാറ്റുകൾ ഇടിച്ചുനിരത്തിയ പോലെ തലസ്ഥാനത്തെ ഐഎൻടിയുസിയുടെ ബഹുനില മന്ദിരവും പൊളിക്കേണ്ടി വരുമോ? കോർപറേഷൻ, കെട്ടിടത്തിന് നമ്പർ നൽകിയത് വഴിവിട്ട്; ചട്ടങ്ങൾ വഴിമാറിയത് ആർ.ചന്ദ്രശേഖരന് വേണ്ടി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്നും ആക്ഷേപം; കെട്ടിടം പൊളിക്കണമെന്ന ഹർജിയിൽ ഓംബുഡ്‌സ്മാന്റെ നിർണായക ഇടപെടൽ

മരടിലെ ഫ്‌ളാറ്റുകൾ ഇടിച്ചുനിരത്തിയ പോലെ തലസ്ഥാനത്തെ ഐഎൻടിയുസിയുടെ ബഹുനില മന്ദിരവും പൊളിക്കേണ്ടി വരുമോ? കോർപറേഷൻ, കെട്ടിടത്തിന് നമ്പർ നൽകിയത് വഴിവിട്ട്; ചട്ടങ്ങൾ വഴിമാറിയത് ആർ.ചന്ദ്രശേഖരന് വേണ്ടി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലെന്നും ആക്ഷേപം; കെട്ടിടം പൊളിക്കണമെന്ന ഹർജിയിൽ ഓംബുഡ്‌സ്മാന്റെ നിർണായക ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോടികൾ മുടക്കി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പണിത ബഹുനില മന്ദിരം പൊളിക്കേണ്ടി വന്നേക്കും. കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നുമുൾപ്പെടെ യാതൊരു അനുമതിയും വാങ്ങാതെയാണ് ഈഞ്ചയ്ക്കലിലെ കെട്ടിട നിർമ്മാണമെന്ന് മറുനാടൻ മാസങ്ങൾക്ക് മുമ്പ് വാർത്ത നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ തദ്ദേശ ഓബുഡ്സ്മാൻ നിർണ്ണായക ഇടപെടൽ നടത്തുകയാണ്. കെട്ടിടം പൊളിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട പരാതിയിൽ രേഖകൾ ഹാജരാക്കാൻ ഐഎൻടിയുസി നേതാക്കളോട് ഓബുഡ്സ്മാൻ ആവശ്യപ്പെട്ടു.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും, കോർപറേഷൻ സെക്രട്ടറിക്കുമാണ് ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചത്. പരശുവയ്ക്കൽ സ്വദേശി അടുമാൻകാട് വിജയൻ ആണ് അനുമതിയില്ലാത്ത കെടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും കോർപ്പറഷൻ ഓഫീസുകളിലെ എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കും ഇതുസംബന്ധിച്ച പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനുവേണ്ടി നിയമങ്ങളെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപമാണ് ഉയർന്നിരുന്നു. പ്‌ളാൻ സമർപ്പണം മുതലുള്ള യാതൊരു അപേക്ഷയും നൽകാതെ കോർപ്പറേഷനിൽ നിന്ന് പുതിയ കെട്ടിട നമ്പർവരെ കെട്ടിടത്തിന് നൽകിയെന്നാണ് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

സാധാരണക്കാരനായ ഒരാൾ വീടുവയ്ക്കുമ്പോഴോ മറ്റെന്തെങ്കിലും കെട്ടിടം നിർമ്മിക്കുമ്പോഴോ റോഡിൽ നിന്നുള്ള ദൂരപരിധി മുതൽ സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും വരെ അളന്നും കുഴിച്ചും നൂറുനൂറ് നുലാമാലകൾ തീർക്കുന്നതിൽ കുപ്രസിദ്ധമാണ് തിരുവനന്തപുരം കോർപ്പറേഷൻ. സിപിഎമ്മിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഭരിക്കുന്ന കോർപ്പറേഷൻ ഇപ്പോൾ മുഖ്യ എതിരാളികളായ കോൺഗ്രസിന്റെ തൊഴിലാളി വിഭാഗത്തിന് വേണ്ടി ആസ്ഥാന മന്ദിരം നിർമ്മിച്ചതിന് വഴിവിട്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയർന്നത്. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുപ്പം ഇതിനുമുമ്പും പലകുറി ചർച്ചയായതാണ്.

അടുത്തകാലത്ത് ദേശീയ പണിമുടക്ക് നടന്ന വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം വഴിതടയാനും കടകൾ അടപ്പിക്കാനും ഐഎൻടിയുസിയേയും തോളോടുതോൾ ചന്ദ്രശേഖരൻ അണിനിരത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ പലയിടത്തും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും അരങ്ങേറി.ഇതെല്ലാം ചർച്ചയായെങ്കിലും, കെട്ടിട നിർമ്മാണവുമായി മുന്നോട്ടുപോവുകയായിരുന്നു.

ഒരുനില പൂർത്തിയായ, രണ്ടുനില പില്ലറോട് കൂടിയ കെട്ടിടം 2016 ൽ ഐഎൻടിയുസി വാങ്ങുകയായിരുന്നു. പണി തീർത്ത ഒരുനിലയുടെ നികുതിയായി 1.37 ലക്ഷം രൂപയുടെ കുടിശിക ഉണ്ടായിട്ടും, രണ്ടും മൂന്നും നിലകൾ പണിതപ്പോൾ കോർപറേഷൻ ടിസി നമ്പർ അനുവദിച്ചു. വിമാനത്താവളത്തിന് സമീപം രണ്ടുനിലയിൽ കൂടുതൽ ഉയരത്തിൽ നിലകൾ പണിയുമ്പോൾ എയർപോർട്ട് അഥോറിറ്റിയുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പരിശോധിക്കാതെയാണ് കോർപറേഷൻ കെട്ടിട നമ്പർ അനുവദിച്ചതെന്നും പരാതി ഉയർന്നു. ഇതുകൂടാതെ ലിഫ്റ്റ് നിർമ്മാണത്തിന് ഇലക്ട്രിക്കൽ ഇൻസപക്ടറേറ്റിന്റെ അനുമതിയും വാങ്ങിയില്ല. നിശ്ചിത സ്ഥലം പാർക്കിങ്ങിന് വേണമെന്ന വ്യവസ്ഥയും ലംഘിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു.

പ്രമാണം അനുസരിച്ച് 6.50 സെന്റും കെട്ടിടവും, വാങ്ങുന്നതിന് 60 ലക്ഷമാണ് നൽകിയത്. എന്നാൽ, 1.10 കോടി ചെലവായെന്ന് ഭാരവാഹികൾ സംഘടനയിൽ വ്യക്തമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കെട്ടിടം വാങ്ങാൻ 8.59 കോടി പിരിച്ചെന്നും, അവശേഷിക്കുന്ന തുകയുടെ കണക്ക് കാണിച്ചിട്ടില്ലെന്നും ആക്ഷപമുണ്ട്.

കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായും പണാപഹരണവുമായും മറ്റ് കൃത്രിമങ്ങളുമായും ബന്ധപ്പെട്ട് വിവിധ സോണൽ ഓഫീസുകളിലെ ജീവനക്കാർ അറസ്റ്റിലാവുകയും സസ്‌പെൻഷനിലാവുകയും ചെയ്തത് അടുത്തിടെയാണ്. ഇതിൽ ചിലരുടെ സഹായത്തോടെ തന്നെയാണ് ഐഎൻടിയുസി സ്മാരകമന്ദിരത്തിന് പ്‌ളാൻപോലും നൽകാതെ പുതിയ ടിസി നമ്പർ നൽകിയതെന്നാണ് ആക്ഷേപം. മുട്ടത്തറ വാർഡിലെ ബിൽഡിങ് ഇൻസ്‌പെക്ടർക്ക് എതിരെയുൾപ്പെടെ ഇതുസംബന്ധിച്ച് ആക്ഷേപം ഉയരുകയും പരാതികൾ കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും നൽകുകയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

കോർപ്പറേഷനിൽ നിന്ന് ചില ഉദ്യോഗസ്ഥർ യാതൊരു രേഖയും വാങ്ങാതെ അമിതമായി പണം കൈക്കൂലിയായി വാങ്ങി കെട്ടിടത്തിന് ഔദ്യോഗികമായി വ്യാജ നമ്പരുകൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ സസ്‌പെൻഷനിലും അന്വേഷണപരിധിയിലുമാണ്.

നികുതി കുടിശ്ശിക അടയ്ക്കാതെ പുതിയ നമ്പർ

മുട്ടത്തറ വാർഡിൽ ഈഞ്ചക്കലിൽ നിന്ന് പൂന്തുറയിലേക്ക് പോകുന്ന വഴി ദേശീയപാതയുടെ വലതുവശത്താണ് പരുത്തിക്കുഴിയിൽ പുതിയ ഐഎൻടിയുസി മന്ദിരം. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ വാർഷിക നികുതി 18,055 രൂപയായിരുന്നു. ഇത് 2014-15 വർഷംവരെ ഒടുക്കിയിട്ടുണ്ട്. അതായത് ഐഎൻടിയുസിക്കായി വാങ്ങുന്നത് വരെ മാത്രം. അതിന് ശേഷം നികുതി അടക്കാതായതോടെ 1,39,751 രൂപ കുടിശ്ശികയായി. അതിനാൽ തന്നെ ബാധ്യതാ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നികുതി കുടിശ്ശികയുള്ള കെട്ടിടത്തിന് മുകളിൽ നിലകൾ പണിയുന്നതിന് അനുമതി ലഭിക്കണമെങ്കിൽ ബാധ്യത തീർത്ത് അപേക്ഷ നൽകണമെന്നാണ് ചട്ടം. എന്നാൽ അപേക്ഷ പോലും നൽകാതെ പണിത കെട്ടിടത്തിന് പുതിയ ടിസി നമ്പർ നൽകുകയായിരുന്നു കോർപ്പറേഷൻ.

സമാനമായ രീതിയിലാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്ന് ലിഫ്റ്റിന് അനുമതി നേടിയെടുത്തതെന്നും അതിനും ലിഫ്റ്റ് സ്ഥാപിക്കാനുമെല്ലാം സർക്കാരിലെ അടുപ്പം മുതലെടുത്ത് ഇടപെടലുകൾ നടത്തിയെന്നുമാണ് ആക്ഷേപം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വിവിധ വകുപ്പുകളിൽ മുഖ്യമന്ത്രി പിണറായിയുമായുള്ള ബന്ധം ഉപയോഗിച്ച് വഴിവിട്ട ഇടപെടലുകൾ നടത്തിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലിഫ്റ്റിന് ഉൾപ്പെടെ അനുമതി നൽകാൻ വിസമ്മതിച്ച ഒരു കെഎസ്ഇബി ഓഫീസറെ സ്ഥലംമാറ്റിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിന് പുറമെ പാർക്കിങ്് ഏരിയ അനുവദിച്ചതിലെ ക്രമക്കേടും സൈഡ് യാർഡ്, റിയർ യാർഡ് എന്നിവയൊന്നും പാലിക്കാതെ കെട്ടിടം ഉയർത്തിയെന്ന പരാതിയും ഉയർന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP