Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം കുത്തകയിലുള്ള ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർക്ക് പണം കൊടുക്കാനില്ല; പകരം ജപ്തി ചെയ്യുന്ന വസ്തു വകകൾ കൊടുത്ത് കടം വീട്ടും; വൻകിടക്കാർക്ക് സന്തോഷം; ചെറുകിട നിക്ഷേപകർക്ക് ആശങ്ക

സിപിഎം കുത്തകയിലുള്ള ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർക്ക് പണം കൊടുക്കാനില്ല; പകരം ജപ്തി ചെയ്യുന്ന വസ്തു വകകൾ കൊടുത്ത് കടം വീട്ടും; വൻകിടക്കാർക്ക് സന്തോഷം; ചെറുകിട നിക്ഷേപകർക്ക് ആശങ്ക

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം തനിച്ച് ഭരിച്ച് കുളം തോണ്ടിയ ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക പ്രതിസന്ധി. ഇതിനിടയിലും വൻകിട നിക്ഷേപകർക്കും സ്വന്തം പാർട്ടിയിൽപ്പെട്ടവർക്കും വേണ്ടി അധികൃതരുടെ ഒളിച്ചു കളി. സാമ്പത്തിക തിരിമറിയും നിരവധി ക്രമക്കേടുകളും കാരണം 40 കോടിയോളം രൂപയുടെ അറ്റാദായ നഷ്ടമാണ് ബാങ്കിനുള്ളത്. നിലനിൽപ്പ് പോലും അപകടാവസ്ഥയിലായ ബാങ്കിൽ സ്വന്തക്കാരെയും വേണ്ടപ്പെട്ടവരെയും സംരക്ഷിച്ച് നിർത്തി അവരുടെ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാനുള്ള വ്യഗ്രതയിലാണ് ഭരണ സമിതി എന്നാണ് സഹകാരികളുടെ ആക്ഷേപം.

വർഷങ്ങളായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പറയപ്പെടുന്നത്. അടുത്ത കാലത്ത് പ്രതിസന്ധി രൂക്ഷമായി. വായ്പ നൽകാനോ പണയം സ്വീകരിക്കാനോ ജീവനക്കാരുടെ ശമ്പളം നൽകാനോ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. നിക്ഷേപ സമാഹരണ യജ്ഞവും ഇത്തവണ ബാങ്ക് നടത്തിയിട്ടില്ല. വായ്പ എടുത്ത് കുടിശിക വരുത്തിയവരുടെ വസ്തു വകകളുടെ ജപ്തി നടപടികളിലാണ് സ്വജന പക്ഷപാതം അരങ്ങേറുന്നതായി പരാതിയുള്ളത്. കുടിശിക ഈടാക്കാൻ ലേലത്തിൽ വച്ചിരിക്കുന്ന വസ്തുക്കൾ ജീവനക്കാർക്ക് താല്പര്യമുള്ളവരെ കൊണ്ട് വാങ്ങിപ്പിക്കാനുള്ള നീക്കവും നടക്കുന്നുവെന്ന് ആരോപണമുണ്ട്. ബാങ്കിൽ ഇവരുടെ വൻകിട നിക്ഷേപത്തിന് പകരമായി ഈ ഭൂമി നൽകി 'അഡ്ജസ്റ്റ്' ചെയ്യാനാണ് നീക്കം.

അതേ സമയം, 10 ലക്ഷത്തിൽ താഴെ ചെറുകിട നിക്ഷേപമുള്ള സഹകാരികൾ അത് തിരിച്ച് കിട്ടാൻ വേണ്ടി ബാങ്കിൽ ദിവസവും കയറിയിറങ്ങുന്നുണ്ടെങ്കിലും ലഭിക്കാറില്ല. നിക്ഷേപത്തിന് പകരമായി ഇവർക്ക് വസ്തു വേണ്ട. അതു കൊണ്ട് തന്നെ ഇവർക്ക് നിക്ഷേപം തിരിച്ചു കിട്ടാൻ സാധ്യത കുറവാണ്. സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിൽ പണമിട്ട വയോധികരും പ്രതിസന്ധിയിലാണ്. പെൺകുട്ടികളുടെ വിവാഹാവശ്യത്തിനും ആശുപത്രി ചെലവിനും മരുന്ന് വാങ്ങാനും കൂട്ടി വച്ച സമ്പാദ്യമാണ് ഇവർക്ക് നഷ്ടമാകുന്നത്.

സൊസൈറ്റി സർക്കാർ സ്ഥാപനമാണെന്നും നിക്ഷേപകർക്ക് ഗവൺമെന്റ് പരിരക്ഷ ലഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് സാധാരണക്കാരിൽ പലരും. ചെറുകിട നിക്ഷേപകരിൽ പലരോടും 15 നകം നിക്ഷേപ തുക തിരിച്ചു നൽകാം എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 14 ന് കുടിശികക്കാർ 14 പേരുടെ വസ്തുവകകൾ ലേലം ചെയ്യാൻ പത്രപരസ്യം നൽകി, ഫ്ളക്സും വച്ചിട്ടുണ്ട് ലേലം കഴിഞ്ഞാൽ തുക നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ വിറ്റു മാറും എന്ന് പ്രതീക്ഷയുള്ള വസ്തുക്കൾ ബാങ്കിൽ വൻ നിക്ഷേപം ഉള്ളവർ കൈക്കലാക്കുകയും ഫ്ളക്സ് ബോർഡിൽ നിന്ന് കുടിശികക്കാരുടെ പേരുകൾ നീക്കം ചെയ്തുവെന്നും പറയുന്നു. ലേല നടപടികളിൽ നിന്ന് ഒഴിവായി കിട്ടും എന്നതിനാൽ കുടിശികക്കാർക്കും പരാതി ഇല്ല നഷ്ടത്തിന്റെ കണക്കുകൾ പറയുമ്പോഴും ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്ക് കുറവില്ല.

ബാങ്കിന്റെ ഉടമസ്ഥതയിൽ പുത്തൻപീടികയിൽ ഉണ്ടായിരുന്ന സ്ഥലം നിസാര വിലയ്ക്ക് വിൽക്കാൻ ശ്രമം നടന്നിരുന്നു. ഒരു ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം അത് ഇരട്ടിയിലധികം രൂപയ്ക്ക് വിൽക്കാൻ സാധിച്ചുവെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി നഷ്ടത്തിലോടുന്ന ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ച് നിരവധി പോരായ്മകൾ എല്ലാ വർഷവും ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നുണ്ട്.

2018ലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ ബാധ്യത സ്റ്റേറ്റ്മെന്റിൽ 10 കോടി രൂപയുടെ മൂല്യശോഷണം ഉള്ളതായും അത് ജീവനക്കാരുടെ തെറ്റായ പ്രവർത്തനം മൂലം ആണെന്നും വ്യക്തമാക്കുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് നടന്ന ബാങ്കിലെ പണാ പഹരണകേസുകളുടെ അന്വേഷണവും വഴിമുട്ടി നിൽക്കുകയാണ്. 2019 നവംബർ 29ന് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോഴും അന്വേഷണത്തിലാണ്. 1962 ൽപ്രവർത്തനം ആരംഭിച്ച ബാങ്ക് തുടക്കം മുതൽ സിപിഎമ്മിന്റെ ഭരണത്തിലാണ്. ഭരണസമിതിയുടെ ഗുരുതരമായ പല ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് 2013ൽ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.

കുറച്ച് നാളത്തെ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലും സിപിഎം തന്നെ അധികാരത്തിൽ എത്തി. ഇതു കാരണം ചോദ്യം ചെയ്യപ്പെടാതെ പോവുകയാണ് ഭരണം. തങ്ങൾക്ക് ഇഷ്ടമുള്ളത് ഇവിടെ നടത്തും ആരുണ്ട് ചോദിക്കാൻ എന്ന മനോഭാവമാണ്. അപകടം മണത്തറിഞ്ഞ നിക്ഷേപകരിൽ പലരും നേരത്തേ തന്നെ പണം പിൻവലിച്ച് രക്ഷപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP