Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നധിക്ഷേപിച്ചു; കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി രാഷ്ട്രീയക്കാരെ പോക്കറ്റിലാക്കി മുക്കി; ഫണ്ട് ധൂർത്തിനും ഗൂണ്ടാവിളയാട്ടത്തിനും ഒത്താശ ചെയ്ത ഒല്ലൂർ ഫൊറോന പള്ളി വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസികളുടെ പ്രക്ഷോഭം കടുക്കുമ്പോൾ അന്വേഷണ കമ്മീഷനെ വച്ച് കൈകഴുകാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നധിക്ഷേപിച്ചു; കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി രാഷ്ട്രീയക്കാരെ പോക്കറ്റിലാക്കി മുക്കി; ഫണ്ട് ധൂർത്തിനും ഗൂണ്ടാവിളയാട്ടത്തിനും ഒത്താശ ചെയ്ത ഒല്ലൂർ ഫൊറോന പള്ളി വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസികളുടെ പ്രക്ഷോഭം കടുക്കുമ്പോൾ അന്വേഷണ കമ്മീഷനെ വച്ച് കൈകഴുകാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഒല്ലൂർ ഫൊറോന പള്ളിയിൽ വികാരിയും വിശ്വാസികളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ആരോപണ-പ്രത്യാരോപണങ്ങൾ രൂക്ഷമായി. തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ പിൻബലത്തിൽ പള്ളി വികാരി ഫാ.ജോൺ അയ്യങ്കാനയിൽ കാട്ടുന്നത് താൻപ്രമാണിത്വവും ധൂർത്തുമാണെന്ന് കേരള കത്തോലിക്ക ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ വി.കെ.ജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഫാദർ ജോൺ അയ്യങ്കാനയിൽ തൃശൂരിലെ കുരിയച്ചിറ പള്ളിവികാരിയായിരുന്ന കാലത്തെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അയ്യങ്കാനയിലിനെതിരെ ഒരു കന്യാസ്ത്രീ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അരമനയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടി പ്രശ്‌നം കുഴിച്ചുമൂടുകയായിരുന്നു. പരാതിക്കാരി പിന്മാറിയതിനെ തുടർന്ന് അയ്യങ്കാനയിൽ രക്ഷപ്പെടുകയായിരുന്നു.

തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപികയായിരുന്ന പ്രൊഫ. റജീനയായിരുന്നു പരാതിക്കാരി. ഫ്രാൻസിസ്‌കൻ ക്ലെയെഴ്‌സ് സഭയുടെ കീഴിൽ കന്യാസ്ത്രീയായിരുന്ന റജീന തന്റെ അദ്ധ്യാപന വൃത്തിയിൽ നിന്നുള്ള ന്യായമായ സമ്പാദ്യം അവകാശപ്പെട്ടപ്പോൾ സഭ റജീനയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് റജീന സഭാവസ്ത്രം അഴിച്ചുമാറ്റിയിരുന്നു.ഏതാണ്ട് സമാന സ്വഭാവമുള്ള സംഭവത്തിൽ നേരത്തെ തൃശൂരിലെ സെന്റ് മേരീസ് കോളജ് അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജെസ്മിയും പ്രതികരിച്ചിരുന്നു. എന്നാൽ സിസ്റ്റർ ജെസ്മിയോളം ചങ്കൂറ്റം കാണിക്കാൻ റജീന തയ്യാറായിരുന്നില്ല. അതുകൊണ്ടുമാത്രമാണ് ഫാദർ അയ്യങ്കാനയിൽ അന്ന് രക്ഷപ്പെട്ടത്.

സന്ന്യാസ ജീവിതം അവസാനിപ്പിച്ച റജീന പിന്നീട് തൃശൂരിലെ കാട്ടൂർ പ്രദേശത്തെ ഇടവകയിലേക്ക് സ്വന്തമായി വീട് വച്ച് താമസം മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പള്ളിരേഖകൾ ആവശ്യപ്പെട്ടപ്പോൾ ഫാദർ അയ്യങ്കാനയിൽ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ തനിക്ക് അവകാശപ്പെട്ട രേഖകൾ കിട്ടിയാലേ താൻ ഫാദർ അയ്യങ്കാനയിലിന്റെ പള്ളിമുറിയിൽ നിന്ന് പോകൂ എന്ന് വാശിപിടിച്ച റജീനയോട് ഒരു വൈദീകന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച പരാതി അന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്തെങ്കിലും അരമനയിലെ ഉന്നതരും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും കൂടി പരാതി മുക്കുകയായിരുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള സഭയുടെ കടന്നുകയറ്റത്തെക്കുറിച്ച് പൊതുവേദികളിൽ റജീന സംസാരിച്ചിരുന്നു. സഭാദ്ധ്യക്ഷന്മാരെ സർവ്വേശ്വരൻ നിയമിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അവരെ അന്ധമായി അനുസരിക്കാനാവില്ലെന്നും റജീന തുറന്നടിച്ചിരുന്നു. ഈശ്വരന്റെ മുമ്പിൽ സർവ്വരും സമന്മാരാണെന്നും വ്യക്തിപരമായും സമൂഹത്തെ സേവിക്കാനും സ്‌നേഹിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സഭ ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും റജീന പൊതുവേദികളിൽ പ്രസംഗിച്ചിരുന്നു.കന്യാസ്ത്രി മഠങ്ങളിലെ ഇപ്പോഴുള്ള ദുരവസ്ഥ മാറണമെന്നും സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ സഭ തയ്യാറാവണമെന്നും റജീന പൊതുവേദികൾ പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ മാറ്റങ്ങൾക്ക് സഭ തയ്യാറാവുന്നില്ലെങ്കിൽ ഭാവിയിൽ കന്യാസ്ത്രീ മഠങ്ങളിൽ പെൺകുട്ടികൾ വരില്ലെന്നും റജീന മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ ഇറച്ചി വിപണിയുടെ സിരാകേന്ദ്രമായ ഒല്ലൂരിലെ വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നുവിളിച്ചുകൊണ്ട് ഫാദർ അയ്യങ്കാനയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ അരമനയിൽ പരാതികൊടുക്കുകയും അയ്യങ്കാനയിലിനെ സ്ഥലം മാറ്റണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷെ ബിഷപ്പ് താഴത്തിലിന്റെ സ്വന്തക്കാരനായ അയ്യങ്കാനയിലിനെ ഒല്ലൂരിൽ തന്നെ വാഴിക്കുകയായിരുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാനയിൽ തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളി ഭരണം കയ്യാളിയതും പള്ളിയുടെ ഫണ്ട് ധൂർത്തടിച്ചതുമാണ് ഒല്ലൂരിലെ വിശ്വാസികളെ ഇപ്പോൾ ചൊടിപ്പിച്ചത്. തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു.പ്രശ്‌നമുണ്ടായാൽ സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്ന ഫാദർ ജോൺ അറിയപ്പെടുന്നത് ഫാദർ കുഴിയാന എന്നത്രെ.

ഇടവകയിലെ പെൺകുട്ടികൾ വിവാഹത്തി്‌ന്റെ മുന്നോടിയായി നമസ്‌കാരം മന:പ്പാഠം ചൊല്ലികേൾപ്പിക്കാൻ വന്നാൽ ഫാദർ ജോൺ യാതൊരു വിട്ടുവീഴ്‌ച്ചയ്ക്കും തയ്യാറാവില്ല. ഇതിൽ സഹികെട്ട ഒരാൾ ഫാദർ ജോണിനോട് ഇങ്ങനെ ചോദിച്ചത്രേ; ' അച്ചൻ ഇപ്പോഴും പ്രാർത്ഥനാപുസ്തകം നോക്കിത്തന്നെയാണല്ലോ കുർബ്ബാന ചെല്ലുന്നത്.'' ഇതുകേട്ട ഫാദർ കുട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും പറയപ്പെടുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് കാര്യങ്ങൾ അവസാനിപ്പിച്ചതത്രേ..

പണമുള്ള വീട്ടിൽ നിന്നാണ് നമസ്‌കാരം ചൊല്ലിക്കേൾക്കാൻ വരുന്നതെങ്കിൽ ഫാദർ ജോണിന് നമസ്‌കാരം തൃപ്തിയാവണമെങ്കിൽ അമ്പതിനായിരം രൂപ കൈക്കൂലിയായി കൊടുക്കണമെന്നും ആരോപണമുണ്ട്. ഫാദർ ജോൺ തുകയിന്മേൽ വില പേശി പേശി നിൽക്കുമത്രെ. അവസാനം പതിനായിരത്തിലോ അയ്യായിരത്തിലോ കച്ചവടം ഉറപ്പിക്കുമെന്നും ആരോപണമുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. ഇക്കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടകൾ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്‌ത്തി. അങ്ങനെയാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്.

പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെയാണ് കാര്യങ്ങൾ തെളിഞ്ഞുവന്നത്.വിശ്വാസികൾ തന്നെ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ ആർച്ച് ബിഷപ് ് ആലപ്പുഴയ്ക്ക് പോകുകയാണെന്നുപറഞ്ഞു തടിതപ്പാൻ നോക്കി. വിശ്വാസികൾ ബിഷപ്പിന്റെ കാർ തടഞ്ഞപ്പോൾ ''തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്നുപറഞ്ഞു ബിഷപ്പ് ആക്രോശിച്ചു.

പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച് ബിഷപ് സ്ഥലം വിടുകയായിരുന്നു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആർച്ച് ബിഷപ് ് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസിനെ കൂട്ടിയായിരുന്നു വരവ്. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല.

ഫാദർ ജോൺ അയ്യങ്കാനയിൽ വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരൻ തന്നെ. പള്ളി ഫണ്ട് വിശ്വാസികളറിയാതെ അടിച്ചുമാറ്റുകയാണ് മുഖ്യ ലക്ഷ്യം. ആരെങ്കിലും ചോദ്യം ചെയ്താൽ ധാർഷ്ട്യത്തോടുകൂടി അവരെ പള്ളി ഗുണ്ടകളെ വച്ച് അടിച്ചമർത്തുകയാണ് അയ്യങ്കാനയിലിന്റെ പണി. എടോ പോടോ വിളികളാണ് അയ്യങ്കാനയിലിന്റെ എപ്പോഴത്തെയും വിശുദ്ധ വിളികൾ.

പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റോ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദർ കുരിയിച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറോട് പറഞ്ഞു; ''എന്നെ ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ആന്റോ എന്ന് വിളിച്ചാൽ മതി.'' അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചു. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കി. എന്നിട്ട് ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദർ ജോൺ അയ്യങ്കാനയിലിന്റെ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചുകൊണ്ട് വിവാഹ കൂദാശ നിർവഹിക്കുകയായിരുന്നു.

ഈ മാസം 14 ന് വിശ്വാസികളുമായുള്ള ചർച്ച അക്ഷരാർഥത്തിൽ അലങ്കോലമായി. ചർച്ച അലങ്കോലമാകുമെന്ന മുൻകരുതലിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പൊലീസിന്റെ സഹായം തേടിയിരുന്നു. ചർച്ചയ്ക്ക് വരുന്നവർ ആദ്യം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിനെ (എ.സി.പി.) കണ്ട് ഹാജർ കൊടുത്തതിനുശേഷമായിരുന്നു അരമനയിൽ ചർച്ച അരങ്ങേറിയത്.

ചർച്ചക്ക് വരാൻ അനുവദിച്ചത് പത്തോളം വിശ്വാസികളെ മാത്രമാണെങ്കിലും ഒട്ടേറെ വിശ്വാസികൾ എ.സി.പി.യുടെ ഓഫീസിലും അരമനയിലും എത്തിയിരുന്നു. ചർച്ച ആരംഭിക്കുന്നതിനുമുമ്പുതന്നെ ബിഷപ്പ് താഴത്ത് നയം വ്യക്തമാക്കി, ''പള്ളി ഭരണം കാനോൻ നിയമം പ്രകാരം നടത്തും. വിശ്വാസികൾ പറയുംപോലെ പള്ളിഭരണം നടത്താൻ പറ്റില്ല. അതുകൊണ്ട് ഒല്ലൂർ പള്ളി പ്രശ്‌നത്തിൽ കാനോൻ നിയമം പ്രകാരം തൽക്കാലം ഒന്നും ചെയ്യാനില്ല. ഫാദർ ജോൺ അയ്യങ്കാനയിൽ ഒല്ലൂർ പള്ളി വികാരിയായി തുടരും.'' ബിഷപ്പിന്റെ ഈ പ്രഖ്യാപനത്തിലൂടെ ചർച്ചകളുടെ വാതിലുകൾ കൊട്ടിയടഞ്ഞു. രോഷാകുലരായ വിശ്വാസികൾ പൊലീസ് വിരട്ടിയതിനെ തുടർന്ന് അരമന വിട്ടു. വിശ്വാസികളുടെ തുടർ നടപടികൾ അണിയറയിൽ ചർച്ച ചെയ്തു വരുന്നു. അതിനിടെ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, ഒല്ലൂർ പള്ളി പരിസരത്ത് ആര്ച്ച് ബിഷപ്പിനും ഫാദർ അയ്യങ്കാനയിലിനുമെതിരെ ഫ്‌ളെക്‌സ് ബോഡുകൾ ഉയർന്നു. കാനോൻ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വിശദാംശങ്ങളാണ് ഫ്‌ളെക്‌സ് ബോഡുകളിൽ എഴുതിയിരിക്കുന്നത്. ഇടവകയിലെ പള്ളി സ്വത്തിന്മേൽ ഇടവകയിലെ വിശ്വാസികൾക്ക് കൂടി അധികാരവും അവകാശവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്െളക്‌സെഴുത്തുകളാണ് കൂടുതലും.

എന്തായാലും വരും നാളുകൾ ഒല്ലൂരിൽ സംഘർഷത്തിന്റെ നാളുകളായിരിക്കും. ഫാദർ അയ്യങ്കാനയിലിനെ ഒല്ലൂരിൽ നിന്ന് മാറ്റുക എന്നുതന്നെയായിരിക്കും വിശ്വാസികളുടെ പ്രധാന അജണ്ട. വരും നാളുകളിൽ വിജയിക്കുന്നത് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ കാനോൻ നിയമമോ ഒല്ലൂരിലെ വിശ്വാസികൾ മുന്നോട്ടുവക്കുന്ന ഇടവക നിയമമോ? കേരളം കാതോർക്കുന്നതും ഇതിന്നുത്തരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP