Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ചുഴലിക്കാറ്റിൽ നഷ്ടം 25 കോടിയുടേത്; 1126 വീടുകൾ തകർന്നു; കൂടുതൽ നാശനഷ്ടങ്ങൾ തിരുവനന്തപുരത്ത്; കൃഷി മേഖലയിൽ വരുത്തി വെച്ചത് 15 കോടിയുടെ നാശനഷ്ടം; മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല; തീരമേഖലയിലെ 1,258 കുടുംബങ്ങൾ കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രം പരിഗണിച്ചേക്കില്ല

ഓഖി ചുഴലിക്കാറ്റിൽ നഷ്ടം 25 കോടിയുടേത്; 1126 വീടുകൾ തകർന്നു; കൂടുതൽ നാശനഷ്ടങ്ങൾ തിരുവനന്തപുരത്ത്; കൃഷി മേഖലയിൽ വരുത്തി വെച്ചത് 15 കോടിയുടെ നാശനഷ്ടം; മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിക്കില്ല; തീരമേഖലയിലെ 1,258 കുടുംബങ്ങൾ കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പുകളിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രം പരിഗണിച്ചേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലി കേരളംതീരം വിട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന കേരള സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇത് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണ് ഓഖി വിതച്ചത്. അതുകൊണ്ട് തന്നെ ട്രഷറി നിയന്ത്രണത്തിനിടയിലും നഷ്ടപരിഹാരത്തിനും മറ്റുമായി വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കേരള സർക്കാർ. ഓഖി ചുഴലി എട്ടു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും കനത്ത മഴയിലുമായി 1126 വീടുകൾ തകർന്നിട്ടുണ്ട്. അന്തിമനഷ്ടം വിലയിരുത്തുമ്പോഴേക്കും ഇപ്പോഴത്തെ നിലയിൽ നിന്നും നഷ്ടം കൂടാനേ ഇടയുള്ളൂ. 25 കോടിയിലേറെ പ്രഥിമിക വിലയിരുത്തലിൽ നഷ്ടമുണ്ടെന്നാണ് അറിയുന്നത്.

കടലിൽ കാണാതായ ബോട്ടുകൾ, വള്ളങ്ങൾ, വല തുടങ്ങിയവയുടെ നഷ്ടം റവന്യൂ വകുപ്പിന്റെ കണക്കുകളിൽ വരില്ല. ഫിഷറീസ് വകുപ്പ് നഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ. കാർഷികമേഖലയിൽ 15 കോടി രൂപയുടെ നഷ്ടമുണ്ടായി. 938 ഹെക്ടറിലെ കൃഷി നശിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലായി 1138 കർഷകർക്കാണ് നഷ്ടമുണ്ടായത്. കൃത്യമായ നഷ്ടം കണക്കാക്കി സഹായധനം നല്കാൻ കൃഷിമന്ത്രി വി എസ്. സുനിൽകുമാർ നിർദ്ദേശിച്ചു.

തിരുവനന്തപുരം ജില്ലയിൽ 579 വീടുകൾ തകർന്നു. 55 എണ്ണം പൂർണമായും 524 എണ്ണം ഭാഗികമായും. എറണാകുളം-374, കൊല്ലം-138, ആലപ്പുഴ-28, കോട്ടയം-ഒന്ന്, പാലക്കാട്-നാല്, കാസർകോട്-നാല് എന്നിങ്ങനെയാണു തകർന്ന വീടുകളുടെ പ്രാഥമിക കണക്കുകൾ.എറണാകുളം ജില്ലയിൽ നാലു കോടിയിലേറെ രൂപയുടെ നഷ്ടവും തിരുവനന്തപുരം ജില്ലയിൽ രണ്ടരക്കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നാണു വിലയിരുത്തൽ. യഥാർഥ നഷ്ടം ഇതിന്റെ ഇരട്ടിയിലേറെ വരും.

ആലപ്പുഴ, കൊല്ലം, തൃശ്ശൂർ, പത്തനംതിട്ട, മലപ്പുറം, പാലക്കാട് ജില്ലകളിലും കാര്യമായ നഷ്ടമുണ്ട്. സംസ്ഥാനത്താകെ തുറന്ന 32 ദുരിതാശ്വാസക്യാന്പുകളിലായി 6335 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർ- 2648 പേർ. തിരുവനന്തപുരം ജില്ലയിലെ 13 ക്യാന്പുകളിലായി 2671 പേരുണ്ട്. കൊല്ലം-273, ആലപ്പുഴ-220, കോട്ടയം-120, വയനാട്-527, കണ്ണൂർ-49, കാസർകോട്-27 പേർ എന്നിങ്ങനെയാണ് ക്യാന്പുകളിലുള്ളവരുടെ കണക്ക്.

1,258 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

അതേസമയം, 40ഓളം പേരെ നാവിക സേനയും തീരസംരക്ഷണ സേനയും ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. 26 പേർ ജില്ലക്കും സംസ്ഥാനത്തിനും പുറത്തുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ജില്ല ഭരണകൂടം വാഹന സൗകര്യം ഒരുക്കി. തനിയെ നീന്തി രക്ഷപ്പെട്ട് കരക്കെത്തുകയും രക്ഷാപ്രവർത്തകർ കണ്ടെത്തുകയും ചെയ്ത പത്തുപേർ ആശുപ്രതിയിൽ ചികിത്സയിലാണ്. തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തുനിന്ന് നവംബർ 30ന് പുറപ്പെട്ട തോയ അന്തോണിയ എന്ന ബോട്ട് കൊച്ചിയിലെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള അദ്ഭുത മാതാവ് എന്ന ബോട്ട് മുങ്ങുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ബോട്ടിൽ കുടുങ്ങിയ പതിനൊന്ന് പേരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി ജില്ല കലക്ടർ അറിയിച്ചു.

അതേസമയം, കടൽ കയറിയ തീരമേഖലയിൽനിന്ന് 1,258 കുടുംബങ്ങളിലെ 4,674 പേരെ ഏഴിടത്തായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. കൊച്ചി, ചെല്ലാനം, തോപ്പുംപടി, മുനമ്പം എന്നീ നാല് ഹാർബറുകളിൽ രജിസ്റ്റർ ചെയ്ത എല്ലാ ബോട്ടുകളും മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾ ഈ ഹാർബറുകളിൽ വന്നു പോകാറുണ്ടെങ്കിലും വ്യക്തമായ കണക്കുകളില്ല. ചെല്ലാനം, ഫോർട്ട്‌കൊച്ചി, വൈപ്പിൻ, എടവനക്കാട്, ഞാറക്കൽ എന്നിവിടങ്ങളിലാണ് ഓഖി കൂടുതൽ ദുരന്തം വിതച്ചത്. അഞ്ച് വീടുകൾ പൂർണമായും 369 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. 75 ഓളം നാടൻ വള്ളങ്ങളും 200 ഓളം മത്സ്യബന്ധന വലകളും നശിച്ചു.

വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല

ചുഴലിക്കാറ്റിൽ നിന്നും രക്ഷപെടുത്താൻ എത്തിയവരോടും മത്സ്യത്തൊഴിലാളികൾ നോ പറയുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബോട്ട് ഉപേക്ഷിക്കാനുള്ള മടിയാണ് ഇതിന് കാരണമെന്നുമാണ് പുറത്തുവന്ന വാരത്ത. ഇതിന് പ്രധാന കാരണം സംസ്ഥാനത്തെ മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്നതാണ്. യാനങ്ങൾ നഷ്ടപ്പെട്ടാൽ സർക്കാരിൽനിന്ന് നഷ്ടപരിഹാരവും ഇല്ല. അപകടത്തിൽ പരിക്കേൽക്കുന്ന മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല.

ക്ഷേമനിധിയിൽ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളിൽ മരണമടഞ്ഞാൽ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. പത്തുലക്ഷം രൂപയാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളിൽ പകുതിയോളം പേർ ക്ഷേമനിധിയിൽ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്. ഇതിൽ അമ്പതുശതമാനം പേർ തമിഴ്‌നാട്ടുകാരും മറ്റുള്ളവർ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്.

മിക്കവാറും എല്ലാ ബോട്ടുകൾക്കും ഇപ്പോൾ രജിസ്ട്രേഷൻ ഉണ്ട്. എന്നാൽ മണ്ണെണ്ണ സബ്സിഡി ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങൾക്ക് മാത്രമേ രജിസ്ട്രേഷൻ ഉള്ളൂ. അതുകൊണ്ടുതന്നെ എത്ര വള്ളങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു എന്ന് ഫിഷറീസ് വകുപ്പിന്റെ പക്കൽ കണക്കില്ല. കടലിൽ അപകടത്തിൽപ്പെട്ട് ബോട്ടുകളും വള്ളങ്ങളും നശിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നാമമാത്രമായ തുക നൽകാൻ മാത്രമേ ഇപ്പോൾ വ്യവസ്ഥയുള്ളൂ. ഇതാകട്ടെ ഒരിക്കലും കിട്ടാറില്ലെന്ന് ബോട്ടുടമകൾ പറയുന്നു.

ഒരു ബോട്ടിന് 50 ലക്ഷത്തോളം രൂപയാണ് വില. വള്ളങ്ങൾക്ക് അഞ്ചുലക്ഷത്തിനടുത്താകും. സ്വന്തംനിലയിൽ ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വർഷംതോറും ഇത്രയും വലിയതുക അടയ്ക്കാൻ കഴിയില്ലെന്ന് ബോട്ടുടമകളുടെ സംഘടന പറയുന്നു.

മറൈൻ ആംബുലൻസ് എത്തിയില്ലെന്ന് ആക്ഷേപം

രജിസ്ട്രേഷനുള്ള എല്ലാ വള്ളങ്ങൾക്കും സർക്കാർ ബീക്കണുകൾ നൽകിയിട്ടുണ്ട്. എന്നാൽ തൊഴിലാളികൾ ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. വള്ളം അപകടത്തിൽപ്പെട്ട് ബീക്കൺ വെള്ളത്തിൽ വീണാൽ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ജോയിന്റ് ഓപ്പറേഷൻ സെന്ററിൽ സന്ദേശം ലഭിക്കും. ഇതുവഴി അപകടത്തിൽപ്പെട്ട വള്ളം എവിടെയാണെന്നു കൃത്യമായി കണ്ടെത്താനാകും.

കടലിൽ അപകടത്തിൽപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മറൈൻ ആംബുലൻസ് പദ്ധതി നടപ്പായില്ല. നാലുവർഷം മുൻപാണ് സർക്കാർ ഇതു തീരുമാനിച്ചത്. പ്രഥമശുശ്രൂഷാ സൗകര്യവും ഓക്സിജനടക്കമുള്ള സംവിധാനങ്ങളും ആംബുലൻസിലുണ്ടാവും. ടെൻഡറിൽ ഒരെണ്ണത്തിന് എട്ടുകോടി രൂപ ആവശ്യപ്പെട്ടതിനാലാണ് കരാർ ഉറപ്പിക്കാൻ കഴിയാതിരുന്നത്. മറൈൻ ആംബുലൻസ് നിർമ്മിച്ചുനൽകാനായി ഇപ്പോൾ സർക്കാർ കൊച്ചി കപ്പൽശാലയുമായി ധാരണയിലെത്തിയിട്ടുണ്ട്. ആറുകോടിയോളം രൂപ ചെലവുവരും.

കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യബന്ധന യാനങ്ങൾക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. യാനം ഇല്ലാതാകുന്നതോടെ മത്സ്യത്തൊഴിലാളിയുടെ ജീവിതമാർഗമാണ് ഇല്ലാതാകുന്നത്. അപകടത്തിൽപ്പെടുമ്പോഴും യാനം ഉപേക്ഷിച്ചുവരാൻ തൊഴിലാളികൾ മടിക്കുന്നത് അതുകൊണ്ടാണ്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാൻ സാധ്യത കുറവ്

ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിനുള്ള സാധ്യത കുറവാണെന്നാണ് അറിയുന്നത്. ഈ ആവശ്യം തുടക്കത്തിൽ തന്നെ ഉന്നയിക്കാത്തതാണ് കേരളത്തിന് തിരിച്ചടിയായി മാറുന്നത്. അതിനിടെ ഓഖി കാറ്റിൽ കേരളത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. ഇന്ന് മാത്രം ഏഴ് പേർ മരിച്ചു. കടലിൽ നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ലഭിച്ചു. കടലിൽ നിന്ന് നാവികസേന കരയ്ക്ക് എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂരിൽ ഇലക്ട്രിക് പോസ്റ്റ് വീണ് ആയിക്കര പവിത്രൻ (50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടിൽ വീണ് റിക്സൺ (45) എന്നയാളും മരിച്ചു.

കടലിൽ കുടുങ്ങിയ 126 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇനിയും കണ്ടെത്താനുള്ളവരിൽ 120 പേരും തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ്. ആലപ്പുഴയിൽ നിന്ന് അഞ്ച് പേരെയും കാസർഗോഡ് നിന്ന് ഒരാളെയും കണ്ടെത്താനുണ്ടെന്ന് സർക്കാർ അറിയിച്ചു. നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ കെ. നടരാജനും കേരള കമാൻഡൻഡ് നീരജ് തിവാരിയും മുഖ്യമന്ത്രിയെ സന്ദർശിച്ച് രക്ഷാപ്രവർത്തനം സംബന്ധിച്ച് വിവരിച്ചു.

ഇതുവര 450 പേരെ രക്ഷിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്കും സർക്കാർ സഹായം നൽകും. കേരള തീരത്ത് നിന്ന് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലേക്ക് കടന്ന കാറ്റ് നാളെ ഗുജറാത്ത് തീരത്തേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗുജറാത്ത് തീരത്തേക്ക് കടക്കുന്നതോടെ ശക്തി കുറഞ്ഞ് ന്യുനമദർദ്ദം മാത്രമായി മാറുമെന്നാണ് പ്രചവനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP