Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊറോണയുടെ ഭീതിയിലാണ് രാജ്യം മുഴുവൻ. എന്നാൽ അതിനൊപ്പം പലയിടങ്ങളിലും ഇപ്പോൾ മറ്റ് ചില ഭീതികളുമുണ്ട്. കൊറോണക്കാലത്ത് കുന്നംകുളത്തെ ഭീതിയിലാക്കി അജ്ഞാത ജീവി സഞ്ചരിക്കുന്നതായി കേട്ടതിന് പിന്നാലെയിതാ കോഴിക്കോട്ടും വിചിത്ര മനുഷ്യന്റെ സഞ്ചാരം. കോഴിക്കോട് മാറാട്, ബേപ്പൂർ, പന്നിയങ്കര, കല്ലായി, കണ്ണഞ്ചേരി, മാത്തോട്ടം, നടുവട്ടം, അരക്കിണർ, വട്ടക്കിണർ പ്രദേശങ്ങളിലാണ് എട്ടടിയോളം ഉയരമുള്ള മനുഷ്യന്റെ സഞ്ചാരം. കോവിഡ് ഭീതിയിലായ മനുഷ്യരുടെ സങ്കൽപ്പമെന്നായിരുന്നു ആദ്യമെല്ലാവരും കരുതിയത്. എന്നാൽ വിചിത്ര മനുഷ്യനെ നേരിൽ കണ്ടുവെന്ന് വരെ ആളുകൾ അവകാശപ്പെട്ടു രംഗത്തുവന്നു. പിന്നീട് സി സി ടി വിയിലും ഈ മനുഷ്യന്റെ രൂപം പതിഞ്ഞു. ഉയരം കൂടിയ ഒരു രൂപം നടന്നുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇതോടെ നാട്ടുകാർ സംഘടിച്ച് രാത്രി കാവലിരിക്കാനും ആരംഭിച്ചു. കൊറോണക്കാലത്ത് കൂട്ടം കൂടി നിൽക്കരുതെന്ന് ഉപദേശിക്കുന്ന പൊലീസും ഇതോടെ പ്രയാസത്തിലായി. വിചിത്ര മനുഷ്യനെ പിടിക്കാനെന്ന പേരിൽ നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങി സ്‌ക്വാഡ് രൂപീകരിച്ച് കാവലിരിക്കുകയാണ് ഇപ്പോൾ.

സാധാരണ കള്ളനിൽ നിന്ന് മാറി ഒടിയൻ, എട്ടടി മനുഷ്യൻ, സ്പ്രിങ് മാൻ എന്നൊക്കെയാണ് പുതിയ മനുഷ്യനെക്കുറിച്ചുള്ള നാട്ടിലെ സംസാരം ഇപ്പോൾ. ഒടിവിദ്യകളറിയാവുന്ന വ്യക്തിയാണ് അയാളെന്നും ഏത് മതിലിനപ്പുറത്തേക്കുമെത്താൻ അയാൾക്ക് എളുപ്പം കഴിയുമെന്നുമെല്ലാം കഥകൾ പ്രചരിക്കുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം വലിയ ഭയത്തിലാണ്. കൊറോണ വിതച്ച ഭീതിക്ക് പുറമെയാണ് പുതിയ ഭയവും പ്രദേശവാസികൾക്ക് പേറേണ്ടിവന്നിട്ടുള്ളത്.

നാട്ടുകാർ സ്‌ക്വാഡായി നിൽക്കുമ്പോൾ ഈ മനുഷ്യനെ നേരിട്ടു കണ്ടെന്നാണ് സംസാരം. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും അതി വേഗത്തിൽ അയാൾ ഓടി മറഞ്ഞത്രെ. വലിയ അഭ്യാസിയാണ് ആളെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. ഇതിനിടെ അരക്കിണറിൽ വെച്ച് ഒരു സ്ത്രീയുടെ കാലിൽ കല്ലെടുത്തിട്ട് വിചിത്ര മനുഷ്യൻ ഓടിയെന്നും ഒരു കഥ പ്രചരിച്ചിരുന്നു.

പ്രദേശത്തെ തെരുവു വിളക്കുകളൊന്നും ശരിക്കും കത്താത്ത അവസ്ഥയുണ്ട്. രാത്രിയായാൽ വഴികളെല്ലാം പൂർണ്ണമായും ഇരുട്ടിലാണ്. കൊറോണക്കാലമായതുകൊണ്ട് പ്രദേശങ്ങളിൽ പലയിടങ്ങളിലും ആളനക്കവുമുണ്ടാവില്ല. ഇത്തരം സന്ദർഭം മുതലെടുത്ത് ആരെങ്കിലും നടത്തുന്ന തട്ടിപ്പാണിതെന്നാണ് പൊലീസ് കരുതുന്നത്. നേരത്തെയും ഇത്തരം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പ് ഇതുപോലൊരു മനുഷ്യൻ ഇറങ്ങി നടന്ന സ്ഥിതിയുണ്ടായിരുന്നു. പിന്നീട് ഇയാളെ പിടികൂടിയപ്പോൾ അയാൾ ഒരു സ്ത്രീയുടെ വീട്ടിൽ പോകാൻ വന്നിരുന്നതാണെന്ന് വ്യക്തമായി.

പ്രത്യേക സ്പ്രിങ് ഷൂ ധരിച്ചെത്തിയാൽ എളുപ്പും കുുതറി മാറാനും മതിലുകൾ എളുപ്പം ചാടാനും സാധിക്കും. ഇത്തരമെന്തെങ്കിലും വിദ്യ ഉപയോഗിച്ചെത്തിയ ആളെയാണ് ഒടിയനെന്നൊക്കെ സംശയിക്കുന്നതെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഏതായാലും ഈ മനുഷ്യനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല തരം കഥകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം നിറം പിടിപ്പിച്ച കഥകൾ ഒരു പ്രദേശത്തെ പൂർണ്ണമായും ഭീതിയിലേക്ക് തള്ളിവിടുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആളുകളുടെ ഭീതിയകറ്റാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെരുവു വിളക്കുകൾ ശരിയായി കത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP