Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ സ്‌കൂളിലേക്ക് പോകാൻ ഭയന്ന് വിദ്യാർത്ഥികൾ; മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന് രക്ഷിതാക്കൾക്കും ഭയം; ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച ബാലാസോറിലെ സ്‌കൂൾ കെട്ടിടം പൊളിക്കും; അന്ധവിശ്വാസം പ്രചരിപ്പിക്കരുതെന്ന് കളക്ടർ

ആ സ്‌കൂളിലേക്ക് പോകാൻ ഭയന്ന് വിദ്യാർത്ഥികൾ; മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന് രക്ഷിതാക്കൾക്കും ഭയം; ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ച ബാലാസോറിലെ സ്‌കൂൾ കെട്ടിടം പൊളിക്കും; അന്ധവിശ്വാസം പ്രചരിപ്പിക്കരുതെന്ന് കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികൾ പൊളിച്ചുനീക്കാനൊരുങ്ങി അധികൃതർ. വേനൽ അവധി കഴിഞ്ഞ് സ്‌കൂൾ തുറന്നുവെങ്കിലും വിദ്യാർത്ഥികളും ജീവനക്കാരും ഭയംമൂലം സ്‌കൂളിലേക്ക് പ്രവേശിക്കാൻ തയ്യാറാകാത്തതാണ് സ്‌കൂൾ പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ.

ബഹനഗ സർക്കാർ നോഡൽ ഹൈസ്‌കൂളിലേക്കു കുട്ടികളെ അയയ്ക്കാനാണു മാതാപിതാക്കൾ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കളുടെ ഭയം. രക്ഷിതാക്കളടക്കം ആശങ്ക അറിയിച്ചതോടെയാണ് സ്‌കൂൾ കെട്ടിടം പൊളിക്കാൻ അധികൃതർ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സ്‌കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിന് പിന്നാലെ കുട്ടികൾ സ്‌കൂളിൽ വരില്ലെന്ന് അറിയിച്ചിരുന്നു. സ്‌കൂളിൽ മൃതദേങ്ങൾ സൂക്ഷിച്ചതിനാൽ പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർത്ഥികൾ അറിയിച്ചു. ജൂൺ 16നാണ് വേനൽക്കാല അവധിക്ക് ശേഷം സ്‌കൂൾ തുറക്കുക. ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ബഹനാഗ നോഡൽ ഹൈസ്‌കൂളിലാണ് ആദ്യം സൂക്ഷിച്ചത്.

അപകടസ്ഥലത്തിന്റെ 500 മീറ്റർ അകലെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. 250-ഓളം മൃതദേഹങ്ങൾ സൂക്ഷിക്കാൻ താൽക്കാലിക കേന്ദ്രമായി സ്‌കൂൾ തെരഞ്ഞെടുക്കുകയായിരുന്നു. ആറ് ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങൾ കിടത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു.

എന്നാൽ, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്‌കൂളിലെത്തില്ലെന്ന് അറിയിച്ചത്. ബാലസോർ ജില്ലാ കളക്ടർ ദത്താത്രേയ ഭാവുസാഹെബ് ഷിൻഡെ കഴിഞ്ഞ ദിവസം സ്‌കൂൾ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂൾ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിർമ്മിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം അധികൃതർ അംഗീകരിക്കുകയാണ് ഉണ്ടായത്. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കളക്ടർ സ്‌കൂൾ സന്ദർശന വേളയിൽ അഭ്യർത്ഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ചു.

65 വർഷമായി സ്‌കൂൾ ഇവിടെ പ്രവർത്തിക്കുന്നു. അന്ധവിശ്വാസത്തിനല്ല, ശാസ്ത്രീയ ചിന്താഗതിക്കാണ് വഴികാട്ടേണ്ടത്. ഒരു സയൻസ് ലബോറട്ടറി കാമ്പസിലുണ്ട്. എന്നിരുന്നാലും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ച് സ്‌കൂൾ കെട്ടിടം പൊളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.

ഓഫീസർമാരുടെയും സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷമായിരിക്കും നടപടി. യാഥാർത്ഥ്യം ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിദഗ്ധ കൗൺസിലിങ് നൽകാനും തീരുമാനമുണ്ട്. അപകടത്തിന്റെ ആഘാതം വലിയ രീതിയിലാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ക്ലാസ് മുറികൾ പൊളിച്ച് പുതിയവ നിർമ്മിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് പ്രധാനാധ്യാപിക പ്രമീള സ്വയിൻ പറഞ്ഞു. പുതിയ കെട്ടിടം വരുന്നതുവരെ സമീപത്ത് മറ്റൊരു സ്ഥലത്ത് ക്ലാസുകൾ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്‌കൂൾ അധികൃതർ.

തീവണ്ടി ദുരന്തമുണ്ടായ സ്ഥലത്തിന് 500 മീറ്റർമാത്രം അകലെയാണ് ബഹാനംഗ നോഡൽ ഹൈസ്‌കൂൾ. മൃതദേഹങ്ങൾ ബാലസോറിലെയും ഭുവനേശ്വറിലേയും ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റുന്നതിനുമുമ്പ് ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയെത്തിയാണ് പലരും ബന്ധുക്കളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. സ്‌കൂളിലെ ആറ് ക്ലാസ് മുറികളാണ് മൃതദേങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചത്. അതിനിടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും കൗൺസിലിങ് നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂൾ വെള്ളിയാഴ്ചതന്നെ പൊളിച്ചുതുടങ്ങും.

ജൂൺ രണ്ടിനാണ് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപമുള്ള ബഹനഗ സ്‌കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്ററേ സ്‌കൂളിലേക്ക് ഉള്ളൂ. പിന്നീട് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. ജൂൺ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങൾ ഭുവനേശ്വറിലെ വിവിധ മോർച്ചറികളിലേക്കു മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP