Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്‌പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്‌പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്‌പ്രസിനെ അപകടത്തിലാക്കി

മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്‌പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്‌പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്‌പ്രസിനെ അപകടത്തിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിന് വഴിവച്ചത് കോറമണ്ഡൽ എക്സ്‌പ്രസിന്റെ പിഴവെന്ന് കണ്ടെത്തൽ. ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്‌പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മെയിൻ ട്രാക്കിലൂടെ പോകേണ്ട കോറമണ്ഡൽ എക്സ്‌പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

130 കിലോ മീറ്റർ വേഗത്തിലെത്തിയ കോറമണ്ഡൽ എക്സ്‌പ്രസ് ചരക്ക് വണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. മാനുഷികമായ പിഴവാകാം ഈ ട്രാക്ക് മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 130 കിലോ മീറ്റർ വേഗതയിൽ കോറമണ്ഡൽ എക്സ്‌പ്രസ് ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി. ഈ കൂട്ടിയിടിയിൽ കോറമണ്ഡൽ എക്സ്‌പ്രസിന്റെ 22 ബോഗികളും പാളം തെറ്റി.

ഇതിൽ മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന യശ്വന്ത്പുർ-ഹൗറ എക്സ്‌പ്രസിലേക്ക് വീണു. ഇതോടെ, കൃത്യമായ പാതയിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്‌പ്രസിന്റെ നാല് ബോഗികളുടെ പാളം തെറ്റി എന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട് 261 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 1000 ത്തിലേറെ പേർക്ക് പരിക്കേറ്റു.

'കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ബഹാനഗ ബസാർ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ഈ സ്റ്റേഷനിൽ കോറമണ്ഡൽ എക്സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിൻ അതിന്റെ പരമാവധി വേഗതയിലാണ് വന്നിരുന്നത്. ഇതിനിടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു.

കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റിയിരുന്നു. ഇതിൽ മൂന്ന് കോച്ചുകൾ മറ്റൊരു ട്രാക്കിലേക്ക് തെറിച്ചെത്തി. മിനിറ്റുകൾക്കകം ഈ ട്രാക്കിൽ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് എത്തുകയും കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിൽ കൂട്ടിയിടിക്കുകയുമായിരുന്നു. യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിന്റെ പിന്നിലെ രണ്ട് കോച്ചുകളും പാളം തെറ്റി. രണ്ട് ട്രെയിനുകളും നല്ല വേഗതയിലായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ കിടന്ന ഗുഡ്സ് ട്രെയിനിൽ നേരിട്ട് ഇടിച്ചതാണെന്ന സംശയവും ചില റെയിൽവേ വിദഗ്ദ്ധർ ഉന്നയിക്കുന്നുണ്ട്. ഗുഡ്സ് ട്രെയിനിന് മുകളിലാണ് കോറമണ്ഡൽ എക്സ്പ്രസിന്റെ എൻജിൻ കിടക്കുന്നത് എന്നതാണ് ഈ സംശയത്തിന് പിന്നിൽ. വൈകീട്ട് 6.50നും 7.10 നും ഇടയിലുള്ള മിനിറ്റുകൾക്കുള്ളിലാണ് രാജ്യത്തെ നടുക്കിയ വൻദുരന്തം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും വ്യക്തമാക്കുന്നത്.

മരിച്ചവരിൽ പലരേയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു.തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരുടേത് ഉണ്ടെന്ന് റിപ്പോർട്ടില്ലെന്ന് തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ജയന്ത് പറഞ്ഞു. അജ്ഞാത മൃതദേഹങ്ങളുടെ ഒരു വൻനിര തന്നെ ഒഡീഷയിൽ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചതായി റെയിൽവേ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാക്കി ട്രാക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും റെയിൽവേ വ്യക്തമാക്കി. ഗോപാൽപുർ, ഖന്തപറ, ബാലസോർ, ഭദ്രക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റ 900 ത്തോളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

അപകടത്തിൽപ്പെട്ട കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിൽ 1039 റിസർവ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ റിസർവ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരുട്രെയിനുകളിലും ഉണ്ടായിരുന്നു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP