Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഇന്ന് നവതിയുടെ തിരുവോണം; ബിജെപി നേതാവ് ഒ രാജഗോപാലിന് ഇന്ന് തൊണ്ണൂറാം ജന്മദിനം; തൊണ്ണൂറിലെത്തി നിൽക്കുമ്പോഴും പൊതുപ്രവർത്തകന് വേണ്ട സൗമ്യതയും രാഷ്ട്രീയനേതാവിന് വേണ്ട തലയെടുപ്പും കൈവിടാതെ ബിജെപി നേതാവ്

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഇന്ന് നവതിയുടെ തിരുവോണം; ബിജെപി നേതാവ് ഒ രാജഗോപാലിന് ഇന്ന് തൊണ്ണൂറാം ജന്മദിനം; തൊണ്ണൂറിലെത്തി നിൽക്കുമ്പോഴും പൊതുപ്രവർത്തകന് വേണ്ട സൗമ്യതയും രാഷ്ട്രീയനേതാവിന് വേണ്ട തലയെടുപ്പും കൈവിടാതെ ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിനിന്ന് നവതിയുടെ തിരുവോണം. കേരളത്തിൽ വെറുമൊരു ബിജെപി നേതാവല്ല ഒ രാജഗോപാൽ. രാഷ്ട്രീയ എതിരഭിപ്രായങ്ങൾ തുറന്നു പറയുമ്പോഴും ഏവരും രാജേട്ടൻ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന വ്യക്തിത്വം. തെരഞ്ഞെടുപ്പിനെ സ്പോർട്സ് മാൻ സ്പിരിറ്റിൽ കാണുന്ന രാഷ്ട്രീയ നേതാവ്. തൊണ്ണൂറിലെത്തി നിൽക്കുമ്പോഴും പൊതുപ്രവർത്തകന് വേണ്ട സൗമ്യതയും രാഷ്ട്രീയനേതാവിന് വേണ്ട തലയെടുപ്പും കൈമോശം വരാത്ത ബിജെപി നേതാവ്.

1929 സെപ്റ്റംബർ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളിൽ മൂത്തയാൾ. ഒട്ടേറെ ജയപരാജയങ്ങളിലൂടെയുള്ള തേരോട്ടമാണ് രാജഗോപാലിന്റെ ജീവിതയാത്ര. കേരള നിയമസഭയിൽ ആദ്യമായി 'താമര' വിരിയിച്ച ഖ്യാതി രാജഗോപാലിനു സ്വന്തം. 2016ൽ നേമത്തുനിന്നും നിയമസഭയിലേക്കു നേടിയ തിരഞ്ഞെടുപ്പു വിജയം രാജഗോപാലിന്റെ സംശുദ്ധ രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരം കൂടിയാണ്.

അച്ഛൻ കർഷകനാക്കാൻ ആഗ്രഹിച്ച മകൻ പിന്നീട് വക്കീലും ഒടുവിൽ വക്കീൽ കുപ്പായം ഊരിമാറ്റി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനുമായത് വെറും ആകസ്മികതയായിരുന്നില്ല. നാലാം ക്ലാസ് കഴിഞ്ഞ് കൃഷിയിലേക്ക് തിരിയാൻ അച്ഛൻ തീരുമാനിച്ചപ്പോൾ രാജഗോപാലിന്റെ കണക്കിലെ മികവ് കണ്ട് അദ്ധ്യാപകൻ പഠനം തുടരാൻ ഉപദേശിക്കുകയായിരുന്നു. പിന്നീട് മദ്രാസിൽ നിന്നു നിയമബിരുദം കഴിഞ്ഞ ഞാൻ പാലക്കാട്ടെ പ്രഗല്ഭ അഭിഭാഷകനായ പി.എൻ.കൃഷ്ണൻകുട്ടിയച്ഛന്റെ ജൂനിയറായി. ആ സമയത്താണ് രാജഗോപാൽ ആർഎസ്എസുമായി അടുക്കുന്നത്.

1968ൽ ജനസംഘത്തിന്റെ 14ാം ദേശീയ സമ്മേളനം കോഴിക്കോട്ടു സംഘടിപ്പിച്ചു. സംഘാടകസമിതി നേതൃത്വത്തിലായിരുന്ന രാജഗോപാൽ ദീൻ ദയാലുമായി ഏറെ അടുപ്പത്തിലായി. കോഴിക്കോട്ടു നിന്നു യാത്രയായി 41ാം ദിവസം, ഫെബ്രുവരി 11നു ദീൻ ദയാൽ കൊല്ലപ്പെട്ടു. റെയിൽവേ ട്രാക്കിലാണു മൃതദേഹം കണ്ടത്. എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. മരണദിവസം വൈകിട്ടു പാലക്കാട് കോട്ട മൈതാനിയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. അവിടെ വച്ചാണ് താൻ വക്കീൽകുപ്പായം അഴിച്ച് വെച്ച് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനാകുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

പാലക്കാടു നഗരസഭയിലേക്കു ജനസംഘം സ്ഥാനാർത്ഥിയായാണ് രാജഗോപാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. 1965ൽ പാലക്കാട്ടു നിന്ന് ആദ്യ നിയമസഭാ പോരാട്ടം. പിന്നിടു 15 തിരഞ്ഞെടുപ്പുകൾ. നേരത്തേ നേമത്തുനിന്നു നിന്നു നിയമസഭയിലേക്കും തിരുവനന്തപുരത്തുനിന്നു ലോക്‌സഭയിലേക്കും വിജയം വഴുതിപ്പോയതു കപ്പിനും ചുണ്ടിനും ഇടയിൽ. അതിന്റെ കണക്കുതീർക്കുന്നതായി 2016ലെ നേമത്തെ വിജയം. അതു പതിനാറാമത്തെ പോരാട്ടമായിരുന്നു. കേരളത്തിൽ ജനകീയ അംഗീകാരമുള്ള ബിജെപിയുടെ നേതാവിനെ ഇതിനു മുൻപ് പാർട്ടി മധ്യപ്രദേശിൽനിന്നു രണ്ടുതവണ രാജ്യസഭാ അംഗമാക്കി. കേന്ദ്രമന്ത്രി സ്ഥാനവും നൽകി.

റെയിൽവേ സഹമന്ത്രിയായിരുന്ന അദ്ദേഹം കേരളത്തിന് ഏറ്റവുമധികം നേട്ടങ്ങൾ സമ്മാനിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽ വികസനം നടപ്പാക്കിയ മന്ത്രി ഇദ്ദേഹമാണെന്ന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അംഗീകരിക്കും. പ്രതിരോധം, പാർലമെന്ററികാര്യം, നിയമം, നഗര വികസനം, കമ്പനികാര്യ വകുപ്പുകളിലും സഹമന്ത്രിയെന്ന നിലയിൽ കഴിവു തെളിയിച്ചു. സ്വജനപക്ഷപാതത്തിന്റെയോ മക്കൾ രാഷ്ട്രീയത്തിന്റെയോ ആരോപണങ്ങൾക്ക് ഇടനൽകാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ അപൂർവ മാതൃകകളിൽ ഒരാളാണ് ഒ. രാജഗോപാൽ.

ഒരിക്കൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം പട്നയിൽ നടക്കുമ്പോഴായിരുന്നു തിരുവോണം. വിവരമറിഞ്ഞ നേതാക്കളിലാരോ ചടങ്ങിൽ പ്രസംഗത്തിനിടെ അതു വെളിപ്പെടുത്തി; ഇന്ന് ഓണമാണെന്നും രാജഗോപാലിന്റെ ജന്മദിനമാണെന്നും. ഇതുകേട്ട എൽ.കെ. അഡ്വാനി ഉടൻ ഇങ്ങനെ പ്രതികരിച്ചു: 'അങ്ങനെ വരട്ടെ, രാജഗോപാലിന്റെ 'ഒ' വന്നത് എങ്ങനെയെന്നു മനസിലായി; ഓണം രാജഗോപാൽ.

രാവിലെ 5ന് എഴുന്നേൽക്കും. ചെടിക്കു വെള്ളമൊഴിക്കലും കുളിയും കഴിഞ്ഞു പൂജ തുടങ്ങും. വൈകിട്ടു നിലവിളക്കു തെളിച്ചു 15 മിനിറ്റ് പ്രാർത്ഥന. ചെറിയ വ്യായാമങ്ങൾ ചെയ്യാറുണ്ട്, പറ്റുന്നത്ര യോഗയും. വേഷത്തിൽ മാത്രമല്ല, ജീവിതരീതിയിലും സന്ന്യാസത്തോട് ആഭിമുഖ്യം കാണിച്ച അദ്ദേഹം മാതാ അമൃതാനന്ദമയിയിൽനിന്നു ദീക്ഷ സ്വീകരിച്ചിട്ട് 25 വർഷത്തിലേറെയായി. മന്ത്രദീക്ഷ സ്വീകരിച്ചതോടെ പിറന്നാൾ ആഘോഷം കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലായി.അതുവരെ മണപ്പാടത്തെ തറവാട്ടിലായിരുന്നു പിറന്നാൾ ആഘോഷിച്ചിരുന്നത്. ജവഹർനഗറിലെ ഫ്‌ളാറ്റിൽ വായനമുറിയും പൂജാമുറിയും ഒന്നുതന്നെ. മാതാ അമൃതാനന്ദമയിയുടെ ചിത്രങ്ങളാണേറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP