Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും

ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും

ആർ പീയൂഷ്

കുവൈറ്റ്: ഭാര്യയുമൊത്ത് യു.കെയിലേക്ക് പൊകാനുള്ള തയ്യാറെടുപ്പിനിടയിലാണ് കൊല്ലകടവ് കിഴക്കേ വട്ടുകുളത്തിൽ കെ.എം സിറിയക്കിന്റെ മകൻ രഞ്ജു സിറിയക്ക്(37) കുവൈറ്റിൽ ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്. രഞ്ജുവും ഭാര്യ ജീനയും കുവൈറ്റിൽ അദാൻ ആശുപത്രിയിൽ നഴ്സുമാരായിരുന്നു. 12 വർഷമായി രഞ്ജു കുവൈറ്റ് മിനിസ്ട്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. പത്ത് വർഷം മുൻപാണ് നഴ്സായ ജീനയുമായുള്ള വിവാഹം കഴിഞ്ഞിട്ട്. അടുത്തിടെ ജീന ഐ.ഇ.എൽ.ടി.എസ് പരീക്ഷ പാസ്സായ ശേഷം കുടുംബവുമൊത്ത് യു.കെയിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടയിലായിരുന്നു രഞ്ജുവിന്റെ വിയോഗം.

Stories you may Like

മംഗലാപുരം യൂണിറ്റ് ഹോസ്പിറ്റലിൽ ബി.എസ്.സി നഴ്സിങ് കഴിഞ്ഞ രഞ്ജു അവിടെ തന്നെയുള്ള മറ്റൊരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതിനിടയിലാണ് കുവൈറ്റ് മിനിസ്ട്രിയിൽ ജോലി ലഭിച്ചത്. അതും പഠിച്ചിറങ്ങി രണ്ട് വർഷത്തിനുള്ളിൽ. ആദ്യ ലീവ് കിട്ടി നാട്ടിൽ എത്തിയപ്പോഴായിരുന്നു ജീനയുമായുള്ള വിവാഹം. പിന്നീട് ഇരുവർക്കും ഒരു മകൾ പിറന്നു, ഇവാൻജെലീന എൽസ.

രണ്ടര വർഷം മുൻപായിരുന്നു രഞ്ജുവും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. രഞ്ജുവിന്റെ പിതാവ് സിറിയക്കിന്റെ ഒരു ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു എത്തിയത്. ഈ ജൂണിൽ കുടംബ സമേതം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ച് മരണപെട്ടത്. അടുത്തിടെയായി സ്ഥിരമായി നെഞ്ചെരിച്ചിൽ പതിവായിരുന്നു. ഗ്യാസിന്റേതാവാം എന്നാണ് കരുതിയത്. ചോറു കഴിക്കുമ്പോഴാണ് കൂടുതൽ പ്രശ്നമെന്ന് വീട്ടിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ 10.45 ന് രഞജു ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നു.

ഭാര്യ ജീന രാവിലെ ഡ്യൂട്ടിക്ക് പോയിരുന്നു. പോകുന്ന സമയം രഞ്ജു നല്ല ഉറക്കമായിരുന്നു. പിന്നീട് വീട്ടു ജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. തുടർന്ന് ഇവർ അടുത്തുള്ള ആളുകളെ വിളിക്കുകയും ജീനയെയും വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് വൈകീട്ട് മൂന്നരയോടെയാണ് മരണവിവരം സുഹൃത്തുക്കൾ കൊല്ലകവിലെ വീട്ടിൽ അറിയിച്ചത്. വിയോഗ വാർത്ത കേട്ടപാടെ ശ്വാസതടസ്സം നേരിട്ട രഞ്ജുവിന്റെ അമ്മ ഏലിയാമ്മ സിറിയക് കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സിനുവാണ് ഏലിയാമ്മയുടെ മകൾ. മരുമകൻ: ജിമ്മി തങ്കച്ചൻ. കൊറോണ മൂലമുള്ള വിമാനയാത്രാ വിലക്ക് കാരണം രഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുക പ്രായോഗികമല്ല. ഏലിയാമ്മയുടെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് കടയിക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും. അതേദിവസം തന്നെ മകന്റെ ശവസംസ്‌കാരം കുവൈറ്റിൽ നടക്കും. അതിനുള്ള അഫിഡവിറ്റ് തയ്യാറാക്കികൊണ്ടിരിക്കുകയാണ് ബന്ധുക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP