Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃതയിൽ തല്ലിച്ചതച്ചിട്ടും തോറ്റ് തുന്നം പാടിയ ചരിത്രം മറന്ന് ആശുപത്രി മുതലാളിമാർ; എറണാകുളത്തെ നഴ്‌സുമാരുടെ സമരപ്പന്തലിൽ എത്തി ബാനറുകളും കൊടികളും നശിപ്പിച്ചു: സമരം ശക്തമാക്കി തിരിച്ചടിക്കുമെന്ന് യുഎൻഎ

അമൃതയിൽ തല്ലിച്ചതച്ചിട്ടും തോറ്റ് തുന്നം പാടിയ ചരിത്രം മറന്ന് ആശുപത്രി മുതലാളിമാർ; എറണാകുളത്തെ നഴ്‌സുമാരുടെ സമരപ്പന്തലിൽ എത്തി ബാനറുകളും കൊടികളും നശിപ്പിച്ചു: സമരം ശക്തമാക്കി തിരിച്ചടിക്കുമെന്ന് യുഎൻഎ

കൊച്ചി: വേതന വർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരം ചെയ്യുമ്പോൾ കാര്യങ്ങളൊന്നും ശരിയാകുന്നില്ലെന്ന് മാത്രമല്ല ആക്രമണ മുറകളുമായും രംഗത്തെത്തിയിരിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റുകൾ. സമരപന്തൽ അലങ്കോലമാക്കിയും കൊടിതോരണങ്ങൾ നശിപ്പിച്ചും ഭീഷണിപ്പെടുത്തി നഴ്‌സുമാരെ ഒതുക്കാനാണ് മാനേജ്‌മെന്റുകളുടെ ഇപ്പോഴത്തെ ശ്രമം.

എറണാകുളം ജില്ലയിൽ നഴ്‌സുമാർ നടത്തുന്ന സമര പന്തലിലെ കൊടികളും ബാനറുകളും നശിപ്പിച്ച നിലയിൽ കണ്ടെത്തി. നഴ്‌സുമാർ ശക്തമായ സമരവുമായി മുന്നോട്ട് പോകുമ്പോൾ ഗുണ്ടായിസവുമായി ആശുപത്രി മാനേജ്‌മെന്റുകളും രംഗത്ത് എത്തിയിരിക്കുകയാണെന്നാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പറയുന്നത്.

യുഎൻഎയുടെ എറണാകുളത്തെ ഹൈക്കോർട്ട് ജങ്ഷനിലുള്ള സമരപ്പന്തലാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സമരം ശക്തമാക്കി എറണാകുളത്തെ ആശുപത്രികളിലെ നഴ്‌സുമാർ കൂട്ടത്തോടെ പന്തലിൽ എത്തിയതോടെ മാനേജ്‌മെന്റുകൾ ആക്രമണ മാർഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രി സമരപ്പന്തലിൽ നിന്ന് പോയ നഴ്‌സുമാർ രാവിലെ എത്തിയപ്പോഴാണ് കൊടി തോരണങ്ങളും ബാനറുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സമര പന്തൽ ആകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു. എന്നാൽ മാനേജ്‌മെന്റുകൾ എന്തൊക്കെ ആക്രമ മുറകൾ അഴിച്ച് വിട്ടാലും സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് യുഎൻയെയുടെ എറണാകുളം ജനറൽ സെക്രട്ടറി ഹാരിസ് പറഞ്ഞു. മാനേജ്‌മെന്റുകൾ എന്തൊക്കെ മർദ്ധന മുറകൾ ഇറക്കിയാലും തങ്ങളുടെ ആവശ്യം നേടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകും. എറണാകുളത്തും തിരുവനന്തപുരത്തും ശക്തമായ സമരമാണ് യുഎൻഎയുടെ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ നഴ്‌സുമാർക്ക് അനുകൂലമായ ഒരു തീരുമാനം എടുക്കാനും മാനേജ്‌മെന്റുകൾ തയ്യാറായിട്ടില്ല. ഇതോടെയാണ് മാനേജ്‌മെന്റുകൾ നഴ്‌സുമാർക്കെതിരെ ആക്രമണ മാർഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നഴ്‌സുമാരെ തോൽപ്പിക്കാനാണെങ്കിൽ 2011ൽ അമൃതാ ഹോസ്പിറ്റലിൽ ഗുണ്ടകളെ വെച്ച് തല്ലിയപ്പോൾ തന്നെ ഈ സംഘടനയെ നിങ്ങൾ കുഴിച്ച് മൂടേണ്ടതായിരുന്നെന്ന് യുഎൻഎ വ്യക്തമാക്കി. ഇന്ന് ലോകം മുഴുവനുള്ള നഴ്‌സിങ് സമൂഹത്തിന്റെ പിന്തുണ ഈ മുന്നേറ്റം നേടി എടുത്ത് കഴിഞ്ഞു. നാല് ഗുണ്ടകളെ കണ്ട് പോരാട്ടം അവസാനിപ്പിച്ച് വീട്ടിലിരിക്കുമെന്ന് കരുതിയെങ്കിൽ കോർപ്പറേറ്റ് ഗുണ്ടകളെ നിങ്ങൾക്ക് തെറ്റി. സമരം ചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങളെ നിശ്ശബ്ദമാക്കാനാവില്ലെന്നും യുഎൻഎ ഭാരവാഹികൾ പറഞ്ഞു.

എന്നാൽ അങ്ങിനെയൊന്നും മാനേജ്‌മെന്റുകൾക്ക് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്ന് തന്നെയാണ് യുഎൻഎയുടെ കീഴിൽ അണി നിരക്കുന്ന നഴ്‌സുമാർ ഒറ്റക്കെട്ടായി പറയുന്നത്. രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാർ ന്യായമായ ആവശ്യമായി രംഗത്ത് എത്തുമ്പോൾ അവർക്കെതിരെ ആശുപത്രി മാനേജ്‌മെന്റുകളും സർക്കാരും എടുക്കുന്ന നിലപാടിൽ ലോക മെമ്പാടുമുള്ള നഴ്‌സുമാർ ഒറ്റക്കെട്ടായാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള നഴ്‌സുമാർ സമൂഹ മാധ്യമങ്ങളിലൂടെ വൻ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP