Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർബിഐ നിർദേശമുണ്ടെന്ന് പറഞ്ഞ് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നു; കോവിഡിനോട് പടവെട്ടുന്ന നഴ്‌സുമാർക്ക് ശമ്പളം പകുതി മാത്രം; ആർബിഐയുടെ ഇല്ലാത്ത ഗൈഡ്‌ലൈന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കലുമായി മാനേജ്‌മെന്റ്; ആശുപത്രിയിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നും പരാതി; കണ്ണൂരിലെ ജിം കെയർ ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

ആർബിഐ നിർദേശമുണ്ടെന്ന് പറഞ്ഞ് നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നു; കോവിഡിനോട് പടവെട്ടുന്ന നഴ്‌സുമാർക്ക് ശമ്പളം പകുതി മാത്രം; ആർബിഐയുടെ ഇല്ലാത്ത ഗൈഡ്‌ലൈന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കലുമായി മാനേജ്‌മെന്റ്; ആശുപത്രിയിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലെന്നും പരാതി; കണ്ണൂരിലെ ജിം കെയർ ഹോസ്പിറ്റലിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

കെ വി നിരഞ്ജൻ

കണ്ണൂർ: ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മുഴുവൻ ശമ്പളവും നൽകണമെന്നാണ് സ്വകാര്യ ആശുപത്രികൾക്കുള്ള സർക്കാറിന്റെ കർശന നിർദ്ദേശം. എന്നാൽ ഇത് കാറ്റിൽ പറത്തുകയാണ് പല സ്വകാര്യ ഹോസ്പിറ്റലുകളും. ശമ്പളം കുറച്ചതിന് ആർബിഐ യെ കൂട്ടുപിടിക്കുന്ന കണ്ണൂർ ചാലയിൽ ജിം കെയർ ഹോസ്പിറ്റലിനെതിരെ പ്രതിഷേധം ശക്തമായി. കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയുടെ സാഹചര്യത്തിൽ മുഴുവൻ ശമ്പളവും തരാൻ കഴിയില്ലെന്നാണ് ആശുപത്രി മാനേജ്മെന്റ് ജീവനക്കാരോട് പറഞ്ഞത്.

പകുതി ശമ്പളം തരുമെന്നും ബാക്കി പണം പ്രതിസന്ധികൾ ഒഴിയുമ്പോൾ നൽകുമെന്നുമാണ് എക്സിക്യൂട്ടീവ് ഡയരക്ടർ ആശുപത്രിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ജീവനക്കാരോട് വ്യക്തമാക്കിയത്. ആർ ബി ഐ ഗൈഡ് ലൈൻ അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രശ്നമാണെങ്കിൽ അത് തുറന്നു പറയുന്നതിന് പകരം ആർ ബി ഐ യെ എന്തിന് കൂട്ടുപിടിക്കുന്നു എന്നാണ് ജീവനക്കാരുടെ ചോദ്യം.

ഇത്തരം യാതൊരു ഗൈഡ് ലൈനും ആർ ബി ഐയുടേതായി ഇല്ലെന്നിരിക്കെ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ആശുപത്രി മാനേജ്മന്റ് ക്രിമിനൽ കുറ്റമാണ് ചെയ്യുന്നതെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. ആശുപത്രിയിൽ ഇതുവരെ യാതൊരു പ്രതിസന്ധിയും ഉണ്ടായിട്ടില്ല. രോഗികൾക്കും കുറവില്ല. തന്നെയുമല്ല കൊറോണയുടെ പേരും പറഞ്ഞ് മാർച്ച് മാസത്തെ ശമ്പളത്തിലാണ് കുറവ് വരുത്താൻ മാനേജ്മെന്റ് ശ്രമിക്കുന്നത്.

വിവരം അറിയിച്ചെങ്കിലും ഇതുവരെയും ശമ്പളം പക്ഷേ നൽകിയിട്ടില്ല. ഡോക്ടർമാർ പ്രശ്നമുണ്ടാക്കിയപ്പോൾ അവർക്ക് പകുതി ശമ്പളം നൽകി. നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ഇതുവരെയും ശമ്പളം നൽകിയിട്ടുമില്ല. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് ജീവനക്കാർ വലിയ ഭീതിയിലാണ് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. കൊറോണ ഭീതി നിലനിൽക്കുമ്പോഴായിരുന്നു ആശുപത്രി ജീവനക്കാർക്ക് പരിശീലന പരിപാടി പ്രഖ്യാപിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നു വരുന്ന ജീവനക്കാർ അടച്ചിട്ട മുറിയിൽ വളരെ സമയം ഇരിക്കേണ്ടി വരുന്നത് അപകടമാവുമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും മാനേജ്മെന്റ് പിന്മാറിയില്ല.

ഒടുവിൽ എടക്കാട് പൊലീസ് എത്തിയാണ് പരിശീലന പരിപാടി തടഞ്ഞത്. ജീവനക്കാരെ നോട്ടീസ് നൽകാതെ പിരിച്ചു വിടുക, നിർബന്ധിച്ച് രാജി വെപ്പിക്കുക തുടങ്ങിയ നടപടികളും ഇതിന് മുമ്പ് ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടന്നും ജീവനക്കാർ പറയുന്നു. മാനേജ്മെന്റിന്റെ നടപടികൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് ലേബർ ഓഫീസർക്ക് ഉൾപ്പെടെ ജീവനക്കാർ മെയിലിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP