Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്‌സുമാരുടെ ഉത്തരവാദിത്തത്തില്ല; പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്; മെഡിക്കൽ സൂപ്രണ്ടിനോട് പിരിച്ച് വിട്ടത് എന്തിനെന്ന് ചോദിച്ചപ്പോൾ കൂട്ടായ ഉത്തരവാദിത്തമാണ് എന്നാണ് മറുപടി നൽകിയത്; . ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്; വെളിപ്പെടുത്തി പിരിച്ചുവിട്ട നഴ്‌സുമാർ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ രണ്ട് നഴ്‌സുമാർക്കാണ് ജോലി നഷ്ടമായത്. ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പകുതി വഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ഈ നഴ്‌സുമാർ. ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്നാണ് പിരിച്ചുവിട്ട നഴ്‌സായ ആതിര പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫിസറാകട്ടെ എന്തിനു പിരിച്ചു വിടുന്നെന്ന് വിശദീകരിക്കാൻ തയാറാകുന്നില്ലെന്നു മാത്രമല്ല, കാണാൻ പോലും സമയം അനുവദിക്കുന്നില്ലെന്നും നഴ്‌സുമാർ പറയുന്നത്.

മൃതദേഹം മാറിയതിൽ നഴ്‌സുമാർക്ക് നേരിട്ടൊ അല്ലാതെയൊ യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ നടപടി എന്നാണ് ആരോപണം. സംഭവത്തിൽ ഇതിനകം മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് നഴ്‌സുമാർ പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. വരും ദിവസങ്ങളിൽ ഇതു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് പിരിച്ചു വിട്ട നഴ്‌സുമാരുടെ തീരുമാനം.
തെറ്റൊന്നും ചെയ്തിലില.

ഡ്യൂട്ടിയിലുണ്ടായി എന്നതുകൊണ്ടെന്ന് സൂപ്രണ്ടഎന്തു തെറ്റു ചെയ്തിട്ടാണ് പിരിച്ചു വിടുന്നതെന്ന് സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ നിങ്ങൾ തെറ്റു ചെയ്തിട്ടല്ല, നിങ്ങൾ ശരിയായാണ് ചെയ്തത്. പക്ഷെ ആ സമയത്ത് നിങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് കാരണമായി പറയുന്നതെന്നാണ് നഴ്‌സ് രമ്യ പറയുന്നു. പിന്നെ ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ചപ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണ് എന്നു പറഞ്ഞു.

എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ നിങ്ങൾ താൽക്കാലിക ജീവനക്കാരാണ്, അതുകൊണ്ട് പിരിച്ചു വിടാമെന്നുണ്ട് എന്നും പറഞ്ഞു. എന്നാൽ ഇത് എഴുതിത്ത്ത്തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും പറഞ്ഞയച്ചു. കൂടെയുണ്ടായിരുന്ന സിഎംഒയ്‌ക്കെതിരെ അന്വേഷണം വരുമെന്ന് പറയുന്നുണ്ട്. പക്ഷെ ഇപ്പോഴും അവർ അവിടെ ജോലി ചെയ്യുന്നുണ്ട്. സിഎംഒ ഒപ്പിട്ട ശേഷമേ നഴ്‌സിന് എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നിരിക്കെ ഒരു കാരണവുമില്ലാതെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.

ഇതുവരെയും സാഹചര്യം മനസിലാക്കി മാത്രമാണ് അവിടെ അഞ്ചു പേർ വേണ്ടിടത്ത് ജോലി ചെയ്തത്. ഒരു സ്ഥിരം സ്റ്റാഫ് എപ്പോഴും ഡ്യൂട്ടിക്ക് വേണ്ടിടത്ത് അതില്ലാതെയാണ് താൽക്കാലികക്കാരെ ജോലിക്കിടുന്നത്. ഹെഡ്‌നഴ്‌സുമാർ മൂന്നു പേരുണ്ടെങ്കിലും ഉച്ചകഴിഞ്ഞ് ഒരാൾ പോലും ഡ്യൂട്ടിയിലുണ്ടാകില്ല. സ്ഥിരം സ്റ്റാഫില്ലാതെ എന്തിന് ഡ്യൂട്ടിയെടുത്തെന്നാണ് ഇപ്പോൾ ചോദിക്കുന്നത്.

അത് നോക്കേണ്ടത് നഴ്‌സിങ് സൂപ്രണ്ടാണ്. അവരും അത് ചെയ്തില്ല. ഇവർക്കെല്ലാം വേണ്ടിയുള്ള ജോലികൾ കൂടി ചെയ്തിട്ടും അവസാനം ആരോ ചെയ്ത തെറ്റിന് ശിക്ഷയായി പിരിച്ചു വിടുകയാണ്. പിഞ്ചു കുഞ്ഞിനെ ഇട്ടിട്ടാണ് ഈ കോവിഡ് കാലത്ത് ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരുന്നത്. ഇഷ്ടപ്പെട്ടാണ് ഇത്രനാളും ജോലി ചെയ്തത്. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു കുറ്റവും ചെയ്യാതെ കുറ്റക്കാരിയായി ഇറങ്ങിപ്പോരേണ്ടി വരുന്നതിലാണ് വിഷമം. അതുകൊണ്ടു തന്നെയാണ് കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ടവരെ രക്ഷിക്കാൻ

മോർച്ചറിയുടെ നേരിട്ടുള്ള ചുമതല ആർഎംഒയ്ക്കാണ്. അവരില്ലാത്തപ്പോൾ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ)ക്കായിരിക്കും ചുമതല. മൃതദേഹം മാറിയതിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഗ്രേഡ് 2 ജീവനക്കാരെയൊ, ചുമതലയുള്ള മോർച്ചറിയുടെ ചുമതലയുള്ള ആർഎംഒ, സിഎംഒ, സൂപ്രണ്ട് എന്നിവരെയൊ പ്രതികളാക്കാതെയാണ് കാഷ്വാലിറ്റിയിൽ ജോലി ചെയ്ത നഴ്‌സുമാരെ ഒരു അന്വേഷണം പോലും നടത്താതെ പിരിച്ചു വിട്ടിരിക്കുന്നത്.

ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അന്വേഷണം വരാതിരിക്കാനും മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമരക്കാരുടെയും കണ്ണിൽ പൊടിയിടാനുമാണ് ഈ നടപടിയെന്നാണ് നഴ്‌സുമാരുടെ ആരോപണം. എന്തിനാണ് ഞങ്ങളെ പിരിച്ചു വിടുന്നതെന്നു ചോദിച്ചപ്പോൾ ഇത് കൂട്ടായ ഉത്തരവാദിത്തമാണ്, അതുകൊണ്ടാണ് നിങ്ങളെ പിരിച്ചു വിട്ടതെന്ന് സൂപ്രണ്ട് പറഞ്ഞതായി പിരിച്ചു വിടപ്പെട്ട നഴ്‌സുമാർ പറയുന്നു.
കാഷ്വാലിറ്റിയിൽ സാധാരണ നിലയിൽ അഞ്ചു നഴ്‌സുമാരാണ് ഡ്യൂട്ടിയിലുള്ളത്. കോവിഡായതിനാൽ ജീവനക്കാരുടെ കുറവ് മൂലം രണ്ടു പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. അന്ന് യൂത്ത് കോൺഗ്രസ് മാർച്ചായിരുന്നതിനാൽ അടിയുണ്ടായി കുറെ പൊലീസുകാരുൾപ്പടെ ചികിത്സ തേടിയെത്തിയിരുന്നു. ഈ സമയത്താണ് ജാനകിയുടെ ബന്ധുക്കൾ മൃതദേഹം അന്വേഷിച്ചു വരുന്നത്.

എൻഒസി ഇല്ലാത്തിനാൽ ആദ്യം മൃതദേഹം വിട്ടു നൽകില്ലെന്ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ(സിഎംഒ) പറഞ്ഞതോടെ ഇവർ അതിനായി പോയി. വൈകിട്ട് ആറര കഴിഞ്ഞാണ് എൻഒസിയുമായി ഇവർ എത്തിയത്. ഈ സമയം ആർഎംഒയെ വിവരം അറിയിച്ചെന്നും മൃതദേഹം വിട്ടു നൽകാമെന്നും സിഎംഒ എഴുതി നൽകി. മോർച്ചറി ബുക്കിൽ സിഎംഒ ഒപ്പിടുകയും ചെയ്തു. അതിനു ശേഷമാണ് ബോഡി വിട്ടു നൽകുന്നതിനുള്ള പേപ്പർ എഴുതി നൽകുന്നത്. തുടർന്ന് അറ്റെൻഡറാണ് താക്കോലും പേപ്പറുമായി മോർച്ചറിയിൽ പോയി മൃതദേഹം നൽകിയത്. മൃതദേഹം എടുക്കാൻ വന്നവർ ബോഡി കണ്ട ശേഷമാണ് മൃതദേഹം എടുത്ത് നൽകിയതെന്ന് അറ്റെൻഡർമാർ പറയുന്നു. ഇവർ ആവശ്യപ്പെട്ട ജാനകിയമ്മ മരിക്കുമ്പോൾ കോവിഡ് പോസിറ്റീവായിരുന്നു. അതുകൊണ്ടു തന്നെ വന്നവരും ശരിക്ക് നോക്കാതെയായിരിക്കണം എടുത്തത്. നഴ്‌സുമാരെന്ന നിലയിൽ മോർച്ചറിയുമായി ഒരു ബന്ധവുമില്ല എന്നിരിക്കെയാണ് ഈ പിരിച്ചു വിടൽ.

മോർച്ചറിയൊ അതിന്റെ താക്കോലോ നഴ്‌സുമാരുടെ ഉത്തരവാദിത്തത്തില്ല. പകരം മോർച്ചറിയിലെ ജീവനക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആറ് അറ്റൻഡർമാർക്കും രണ്ട് നഴ്‌സുമാർക്കും എതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഐസൊലേഷൻ ഡ്യൂട്ടിയിൽ പിപിഇ ധരിച്ചെത്തിയ അറ്റെൻഡർമാർക്കെതിരെയാണ് നടപടിയുണ്ടായത്. എന്നാൽ പിഴവു പറ്റിയ മോർച്ചറി ജീവനക്കാർക്കെതിരെ അന്വേഷണവുമില്ല നടപടിയുമില്ല, പിരിച്ചു വിടലുമില്ല.

എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയോ, വിശദീകരണം ആവശ്യപ്പെടുകയോ, നടപടിയുണ്ടാകുമെന്നു അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നഴ്‌സുമാർ പറയുന്നു. പിരിച്ചുവിട്ടു എന്നു പോലും അറിയുന്നത് പുറത്തു നിന്ന് പലരും പറഞ്ഞാണ്. ഒരു നോട്ടിസു പോലും തരാതെ പിരിച്ചു വിടുകയാണ് ചെയ്തിരിക്കുന്നത്. വാട്‌സാപ് ഗ്രൂപ്പിൽ ഒരു സന്ദേശം വന്നിരുന്നു. മൃതദേഹം മാറിയ സംഭവത്തിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ജോലിക്കു വരേണ്ടതില്ല എന്ന് ഹെഡ്‌നഴ്‌സ് അറിയിപ്പ് ഇടുകയായിരുന്നു. പിന്നെ വാർത്തകളും മറ്റും വരുമ്പോഴാണ് പിരിച്ചു വിട്ടെന്ന വിവരം അറിയുന്നതെന്ന് ആതിര പറയുന്നു.

പിരിച്ചു വിടപ്പെട്ട ആതിര കോട്ടയം സ്വദേശിനിയാണ്. നാലു വർഷമായി പാലക്കാട് വാടകയ്ക്ക് താമസിച്ച് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്നു. കരാർ ജോലിയാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞതിനാലാണ് ജോലിക്കു കയറിയതെന്നാണ് ഇവർ പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാതെ കഷ്ടപ്പെടുകയാണെന്നും ഇവർ പറയുന്നു. എന്തു കാരണം കൊണ്ടാണെങ്കിലും കോവിഡ് പോലെ ഒരു പ്രതിസന്ധി കാലത്ത് ആരോഗ്യ പ്രവർത്തകരെ പിരിച്ചു വിടുന്നത് അനാരോഗ്യകരമായ നടപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള പ്രതികരണം.
തെറ്റു ചെയ്തവർക്കെതിരെ നടപടി വേണം. എന്നു കരുതി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഷ്ടപ്പെടുന്ന നഴ്‌സുമാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടുന്നതിനോട് വിയോജിപ്പാണെന്നാണ് പ്രതികരണങ്ങളിൽ ഏറെയും. ഒരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ ജില്ല ആശുപത്രിയിലെ നഴ്‌സുമാർ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്.

ഡിഎംഒ ആട്ടിയോടിച്ചെന്ന് പരാതി രണ്ട് നഴ്‌സുമാരെ പിരിച്ചു വിട്ട വിവരം ചോദിക്കാൻ ചെല്ലുന്നവരെ ആട്ടിയോടിക്കുന്നതാണ് ഡിഎംഒയുടെ നിലപാടെന്ന് നഴ്‌സുമാർ പറയുന്നു. നിങ്ങൾ കരാർ ജീവനക്കാരാണ്, എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാമെന്ന് ഡിഎംഒ പറഞ്ഞതായി ഇവർ പറയുന്നു. പിരിച്ചു വിടപ്പെട്ട നഴ്‌സുമാരിൽ ഒരാളുടെ ഭർത്താവിനോടും മോശമായി പെരുമാറുകയും ഇറങ്ങിപ്പോകാൻ ആവശ്യട്ടെന്നും പറയുന്നു.

നഴ്‌സുമാരെ പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിക്കാൻ നഴ്‌സിങ് സൂപ്രണ്ട്, ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ തയാറായില്ലെന്നു മാത്രമല്ല, മുകളിൽ നിന്നുള്ള ഉത്തരവാണ് എന്ന മറുപടി മാത്രം നൽകി. ഡിഎംഒയാണ് തീരുമാനിച്ചത് എന്നും കൂടുതൽ അറിയാൻ ഡിഎംഒയെ വിളിക്കണമെന്നുമായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. ഡിഎംഒ ഫോണെടുക്കാനും തയാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നും സൂപ്രണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP