Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറപ്പുകളൊക്കെ വെള്ളത്തിൽ വരച്ച വരകളായി; ഭൂമിയിലെ മാലാഖമാരെന്ന് പുകഴ്‌ത്തിയാൽ വീടുകളിലെ അടുപ്പു പുകയില്ല; ഉണ്ണാനും ഉടുക്കാനും മാന്യമായ ശമ്പളം വേണം; സർക്കാരും മാനേജ്മെന്റുകളും കൈവിട്ടപ്പോൾ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 13 മുതൽ വീണ്ടും സമരത്തിന്

ഉറപ്പുകളൊക്കെ വെള്ളത്തിൽ വരച്ച വരകളായി; ഭൂമിയിലെ മാലാഖമാരെന്ന് പുകഴ്‌ത്തിയാൽ വീടുകളിലെ അടുപ്പു പുകയില്ല; ഉണ്ണാനും ഉടുക്കാനും മാന്യമായ ശമ്പളം വേണം; സർക്കാരും മാനേജ്മെന്റുകളും കൈവിട്ടപ്പോൾ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 13 മുതൽ വീണ്ടും സമരത്തിന്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഭൂമിയിലെ മാലാഖമാരെന്ന് പറഞ്ഞ് പുകഴ്‌ത്തിയാൽ മാത്രം പോരാ, അവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കാനും ഉണ്ണാനും ഉടുക്കാനുമുള്ള വരുമാനം കിട്ടുന്നുണ്ടോ എന്നു കൂടി ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഒരു കാലത്ത് ഇളക്കിമറിച്ച നഴ്സ് സമരം അവസാനിച്ചത് നിരവധി ഉറപ്പുകളോടെയായിരുന്നെന്നും ഓർക്കണം. എന്നാൽ, ഇന്ന് ഒന്നറിയുക. യാതൊരു ഉറപ്പും എവിടെയും പാലിച്ചിട്ടില്ല.

കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടു പ്രകാരം ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോഴും നടപ്പായിട്ടില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. ജീവിക്കാനുള്ള അവകാശത്തിനായി സമരത്തിന് വീണ്ടും ഒരുങ്ങുകയാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ.

സർക്കാർ ആശുപത്രികളിലെ നഴ്സുമാർക്ക് കുറഞ്ഞ ശമ്പളമായി മുപ്പത്തിയയ്യായിരം രൂപ ലഭിക്കുമ്പോൾ മൂവായിരവും നാലായിരവുമൊക്കെ ശമ്പളം വാങ്ങി ഇത് കണ്ട് എന്ത് ചെയ്യാനാണ് എന്ന് അന്തം വിട്ടിരിക്കാനാണ് സ്വകാര്യ ആശുപത്രികളിലെ മാലാഖമാർക്ക് ഇപ്പോഴും വിധി. ഈ നെറികേട് ഇനിയും തുടരാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഈ മാസം 13 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തുക. തുല്യ ജോലിക്ക് തുല്യശമ്പളം നൽകുക, കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർടുകൾ നടപ്പിലാക്കുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ. സർക്കാരിനെയും ആശുപത്രി അധികൃതരേയുമെല്ലാം അറിയിച്ച ശേഷമാണു സമരത്തിന് ഇറങ്ങുന്നതെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു. ബാങ്ക് വഴി ശമ്പളം നൽകുകയെന്നതാണു നഴ്സുമാർ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന കാര്യം. കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കാനോ പുതിയ ജീവനക്കാർ ജോലിക്ക് പ്രവേശിക്കുമ്പോൾ നിയമന ഉത്തരവ് നൽകാനോ പോലും ഇവർ തയ്യാറാകുന്നില്ലെന്നും നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

മാന്യമായ ശമ്പളം നൽകാതിരിക്കുക എന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ മിക്കവാറും എല്ലാ വൻകിട ആശുപത്രികളും ഈ രീതി തന്നെയാണ് വച്ച് പുലർത്തുന്നത്. 2013-ൽ നഴ്സുമാരുടെ സമരം രോഗികളെ വലച്ചതിനെത്തുടർന്നു സമരത്തിന് പോകുന്നതിനു മുൻപ് കോടതിയെയും ആശുപത്രിയേയും അറിയിക്കണമെന്ന് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു.

സമരത്തിലേക്ക് പോകുന്നതിന് മുൻപ് എല്ലാ ആശുപത്രികൾക്കും നഴ്സസ് അസോസയേഷൻ ജില്ലാ ഭാരവാഹികൾ കത്തയച്ചിരുന്നു. ആശുപത്രി അധികൃതർക്ക് അയച്ച പരാതിയുടെ പകർപ്പ് ജില്ലാ ലേബർ ഓഫീസർമാർക്കും അയച്ച് കൊടുത്തിരുന്നു.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് നിയോഗിച്ച കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. ഇതിലെ സുപ്രധനമായ റിപ്പോർടുകളാണ് ഇപ്പോഴും നടപ്പാക്കാതെ തുടരുന്നത്. ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിയൻ പ്രവർത്തനം സജീവമായുള്ള 152 ആശുപത്രികളിലാമ് സമരം നടത്തുക. ഇതിൽ ആദ്യഘട്ടമായി 52 ആശുപത്രികൾക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ശമ്പളവുമായി ബന്ധപ്പെട്ട ഭേദഗതികൾ അംഗീകരിച്ച ശേഷവും വർധിപ്പിച്ച് നൽകാൻതയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

14 ദിവസത്തിനകം തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ സമരമല്ലാതെ മറ്റ് മാർഗമില്ലെന്നും ആശുപത്രികൾക്ക് അയച്ച നോട്ടീസിൽ പറയുന്നു. തലസ്ഥാനത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയുമുൾപ്പടെനിരവധി വൻകിട ആശുപത്രികളിലെ നഴ്സുമാരാണ് സമരം ചെയ്യാനെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP