Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സകല സമുദായങ്ങളും പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത്; പെരുന്നയിൽ ഇന്നലെ മന്നത്ത് പത്മനാഭന്റെ ശബ്ദം മുഴങ്ങിയത് പൗരത്വ ഭേഗഗതിയിലെ മതേതര നിലപാട് ആവർത്തിക്കാൻ; വിശ്വാസ-വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ കത്തോലിക്കാ സഭയും സഹകരണത്തിന്; ശബരിമല യുവതീപ്രവേശത്തിൽ എൻഎസ്എസ് എടുത്ത ശക്തമായ നിലപാടിന്റെ പ്രാധാന്യം രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും; സുകുമാരൻ നായർ നയം വ്യക്തമാക്കുമ്പോൾ

സകല സമുദായങ്ങളും പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത്; പെരുന്നയിൽ ഇന്നലെ മന്നത്ത് പത്മനാഭന്റെ ശബ്ദം മുഴങ്ങിയത് പൗരത്വ ഭേഗഗതിയിലെ മതേതര നിലപാട് ആവർത്തിക്കാൻ; വിശ്വാസ-വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ കത്തോലിക്കാ സഭയും സഹകരണത്തിന്; ശബരിമല യുവതീപ്രവേശത്തിൽ എൻഎസ്എസ് എടുത്ത ശക്തമായ നിലപാടിന്റെ പ്രാധാന്യം രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും; സുകുമാരൻ നായർ നയം വ്യക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: വിശ്വാസത്തിലും വിദ്യാഭ്യാസത്തിലും ഇനിയും എൻ എസ് എസും കത്തോലിക്കാ സഭയും ഒരുമിച്ച് നീങ്ങും. പെരുന്നയിലെ മന്നം സമാധിയിൽ ഇന്നലെ മന്നത്ത് പത്മനാഭന്റെ ശബ്ദം മുഴങ്ങി ! ശതാഭിഷേക വേളയിൽ മന്നത്ത് പത്മനാഭൻ ആകാശവാണിയിൽ നടത്തിയ പ്രഭാഷണമാണ് ഇന്നലെ പുഷ്പാർച്ചനാ വേളയിൽ കേൾപ്പിച്ചത്. സകല സമുദായങ്ങളും പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത് എന്ന ദർശനം ഉൾക്കൊള്ളുന്ന പ്രഭാഷണത്തിലൂടെ മത മൈത്രിയുടെ സന്ദേശമാണ് പെരുന്ന കഴിഞ്ഞ ദിവസം നൽകിയത്. പൗരത്വ ഭേദഗതിയിലെ നിലപാട് വിശദീകരണം എന്ന നിലയിലാണ് ഈ പ്രഭാഷണം കേൾപ്പിച്ചതിനെ പൊതു സമൂഹം വിലയിരുത്തുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.

പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് 143ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എത്തിയതും ശ്രദ്ധേയമായി. കേരളത്തിൽ വർഗീയത വളരാതിരിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എൻഎസ്എസ് നൽകിയ നേതൃത്വം ആർക്കും മറക്കാനാകില്ലെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മതങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുത്. മതാചാര സംബന്ധമായ മാറ്റങ്ങൾ ആവശ്യമെങ്കിൽ അവ മതങ്ങളുടെ ഉള്ളിൽ തന്നെ രൂപം കൊള്ളണം. ശബരിമല യുവതീപ്രവേശം സംബന്ധിച്ച് എൻഎസ്എസ് എടുത്ത ശക്തമായ നിലപാടിന്റെ പ്രാധാന്യം രാഷ്ട്രീയ കേരളം തിരിച്ചറിഞ്ഞതായും മാർ പെരുന്തോട്ടം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ വളർച്ചയ്ക്കു സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണ്. സ്വകാര്യ മേഖലയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികളാണ് സർക്കാർ എടുക്കുന്നത്. പാർട്ടി രാഷ്ട്രീയം വളർത്താനുള്ള വേദിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റരുത്. സാമ്പത്തിക സംവരണം വിഷയത്തിൽ എൻഎസ്എസ് ശക്തമായ നിലപാടെടുത്തു. കത്തോലിക്കാ സഭയും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപെടുത്തി-അങ്ങനെ ഈ വിഷയങ്ങളിൽ രണ്ട് കൂട്ടർക്കും ഒരേ നിലപാടാണുള്ളതെന്ന് പറഞ്ഞു വയ്ക്കുകയാണ് കത്തോലിക്കാ സഭയും.

ഇപ്പോഴുണ്ടായ സർക്കാർ തീരുമാനം സ്വാഗതാർഹമെങ്കിലും പരിഹരിക്കപ്പെടേണ്ട കാര്യങ്ങൾ ഇനിയുമുണ്ട്. സ്വന്തം സമുദായത്തിന്റെ വളർച്ചയ്‌ക്കൊപ്പം മറ്റു സമുദായങ്ങളുടെ വികസനത്തിനും വേണ്ടി പ്രയത്‌നിച്ച വിപ്‌ളവകാരിയാണ് മന്നത്തു പത്മനാഭൻ എന്നും ആർച്ച് ബിഷപ് പറഞ്ഞു. ചടങ്ങിൽ എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ, എൻഎസ്എസ് ട്രഷറർ ഡോ.എം. ശശികുമാർ എന്നിവർ പ്രസംഗിച്ചു. സമുദായാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെയാണു പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾ നടന്നത്.

മന്നത്തു പത്മനാഭന്റെ 143ാം ജയന്തി ദിനമായിരുന്ന ഇന്നലെ രാവിലെ മുതൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പതിനായിരങ്ങൾ പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പുഷ്പാർച്ചന ഉച്ച വരെ നീണ്ടു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. എൻഎസ്എസ് സ്‌കൂൾ മൈതാനിയിൽ അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ തയാറാക്കിയിരുന്ന കൂറ്റൻ പന്തലും കവിഞ്ഞെത്തിയ ജനസഞ്ചയം സമുദായ ശക്തിയുടെ വിളംബരമായി.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ട്രഷറർ ഡോ.എം. ശശികുമാർ, കരയോഗം രജിസ്റ്റ്രാർ പി.എൻ. സുരേഷ്, വിശിഷ്ടാതിഥികളായ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനുമായ സി. രാധാകൃഷ്ണൻ, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി.നായർ എന്നിവർ രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജയന്തി സമ്മേളന വേദിയിലേക്ക് ആനയിച്ചു. സമ്മേളനത്തിനു മുന്നോടിയായി വെട്ടിക്കവല കെ.എൻ.ശശികുമാറും സംഘവും നാഗസ്വരക്കച്ചേരി അവതരിപ്പിച്ചു. ഉച്ചയോടെ സമ്മേളനം അവസാനിച്ചു.

തന്റെ ശതാഭിഷേക വേളയിൽ ഓൾ ഇന്ത്യ റേഡിയോയിൽ മന്നത്ത് പത്മനാഭൻ നടത്തിയ കാൽ മണിക്കൂർ ദൈർഘ്യമുള്ള പ്രഭാഷണമാണ് ഇന്നലെ കേൾപ്പിച്ചത്. സകല സമുദായങ്ങളും പരസ്പരം സഹകരിച്ചും സഹായിച്ചും സ്‌നേഹിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത് എന്ന മന്നത്തു പത്മനാഭന്റെ മഹത്തായ ദർശനം ഉൾക്കൊള്ളുന്ന പ്രഭാഷണം കേൾപ്പിച്ചത്. പൗരത്വ നിയമം സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ എൻഎസ്എസിനു ദിശാബോധം പകർന്ന മന്നത്ത് പത്മനാഭന്റെ പ്രഭാഷണം പ്രസക്തിയേറുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP