Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടന്നത് മാവേലിക്കര മോഡൽ അട്ടിമറി! ലക്ഷ്യമിട്ടത് സംഗീത് കുമാറിനെ പുറത്താക്കി താലൂക്ക് യൂണിയൻ പിടിക്കാനുള്ള ഗൂഢാലോചന; ശശി തരൂരിന് എൻ എസ് എസ് പിന്തുണയെന്ന ഡെക്കാൺ ക്രോണിക്കിൾ വാർത്തയിൽ ദുരൂഹത കണ്ട് സമുദായ നേതൃത്വം; ബിജെപിക്ക് പിന്നാലെ വാർത്തയ്ക്ക് എതിരെ എൻ എസ് എസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയേക്കും; സമദൂരത്തിൽ കരുതലോടെ നീങ്ങാൻ നിർദ്ദേശിച്ച് ജനറൽ സെക്രട്ടറി; കപ്പലിനുള്ളിലെ കള്ളനെ കണ്ടെത്താനുറച്ച് സുകുമാരൻ നായർ

നടന്നത് മാവേലിക്കര മോഡൽ അട്ടിമറി! ലക്ഷ്യമിട്ടത് സംഗീത് കുമാറിനെ പുറത്താക്കി താലൂക്ക് യൂണിയൻ പിടിക്കാനുള്ള ഗൂഢാലോചന; ശശി തരൂരിന് എൻ എസ് എസ് പിന്തുണയെന്ന ഡെക്കാൺ ക്രോണിക്കിൾ വാർത്തയിൽ ദുരൂഹത കണ്ട് സമുദായ നേതൃത്വം; ബിജെപിക്ക് പിന്നാലെ വാർത്തയ്ക്ക് എതിരെ എൻ എസ് എസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയേക്കും; സമദൂരത്തിൽ കരുതലോടെ നീങ്ങാൻ നിർദ്ദേശിച്ച് ജനറൽ സെക്രട്ടറി; കപ്പലിനുള്ളിലെ കള്ളനെ കണ്ടെത്താനുറച്ച് സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തിരുവനന്തപുരത്ത് ശശി തരൂരിന് എൻ എസ് എസ് പിന്തുണയെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. പിന്നീട് ഇത്തരത്തിലൊരു നിർദ്ദേശം ആർക്കും നൽകിയിട്ടില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിശദീകരിക്കുകയും ചെയ്തു. നേരത്തെ മാവേലിക്കരയിൽ സിപിഐ സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന് താലൂക് യൂണിയൻ സുകുമാരൻ നായർ പിരിച്ചു വിട്ടിരുന്നു. ഇത്തരത്തിൽ തിരുവനന്തപുരത്തും പെരുന്നയുടെ ഇടപെടൽ പ്രതീക്ഷിച്ചാണ് വ്യാജ വാർത്ത വന്നതെന്നാണ് എൻ എസ് എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എൻ എസ് എസ് താലൂക് യൂണിയൻ പ്രസിഡന്റ് സ്ഥാനം മോഹിക്കുന്ന ചില കോൺഗ്രസുകാരാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. ഇതോടെ തെരഞ്ഞെടുപ്പിൽ സമദൂരം നിലനിർത്താൻ കൂടുതൽ കരുതൽ വേണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സുകുമാരൻ നായർ.

അയ്യപ്പ വിശ്വാസികൾക്കൊപ്പമാണ് എൻ എസ് എസ് എന്നും ആചാര സംരക്ഷണത്തിന് ഒപ്പം നിന്നവരെ പിന്തുണയ്ക്കുമ്പോഴും സമദൂരമാണ് എൻ എസ് എസ് തിരിഞ്ഞെടുപ്പിൽ സ്വീകരിക്കുന്നത്. ഇതിന് വിരുദ്ധമായിരുന്നു പത്രവാർത്തിയിലെ പരാമർശങ്ങൾ. എല്ലാം സംഗീത് കുമാറുമായി പറഞ്ഞ് തരൂർ ഉറപ്പിച്ചുവെന്ന തരത്തിൽ കോൺഗ്രസ് നേതാവിന്റെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു വാർത്ത. എന്നാൽ ആരാണ് ഈ കോൺഗ്രസ് നേതാവെന്ന് പത്രം വെളിപ്പെടുത്തിയുമില്ല. ഈ വാർത്ത കോൺഗ്രസുകാർ അതിവേഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് പെരുന്നയിലെ ശ്രദ്ധയിൽ ഇത് പെട്ടത്. മാവേലിക്കരയിലെ രാഷ്ട്രീയ ഇടപെടലിന് സമാനമായത് തിരുവനന്തപുരത്തും സംഭവിച്ചുവെന്ന് വിലയിരുത്തലെത്തി. എന്നാൽ അന്വേഷണത്തിൽ സംഗീത് കുമാറിനെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് വാർത്തയ്ക്ക് പിന്നിലെന്ന് വ്യക്തമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ വ്യാജ വാർത്തയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ എൻ എസ് എസും സമീപിക്കും.

ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വാർത്ത പെയ്ഡ് ന്യൂസ് ഗണത്തിൽ പെടുന്നതാണെന്നാണ് പരാതി. കുമ്മനം രാജശേഖരന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ എസ് സുരേഷാണ് പരാതി നൽകിയത്. ശശി തരൂരിന് അനുകൂലമായി വ്യാജ വാർത്ത നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ഉണ്ട്. ഇതിന് പിന്നാലെയാണ് കമ്മീഷനെ സമീപിക്കാൻ എൻ എസ് എസും നീക്കം നടത്തുന്നത്. അങ്ങനെ വന്നാൽ പത്രത്തിന് വിശദീകരണം നൽകേണ്ടിയും വരും. ഇതിലൂടെ വാർത്ത നൽകിയ കള്ളനെ പുറത്തുകൊണ്ടു വരാനാണ് നീക്കം. തരൂരും സംഗീത് കുമാറും യോജിപ്പില്ലെത്തിയെന്ന വ്യാജ പ്രചരണത്തിലൂടെ താലൂക്ക് യൂണിയൻ അധ്യക്ഷൻ സ്ഥാനം കൈക്കലാക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് എൻ എസ് എസിന്റെ പ്രാഥമിക വിലയിരുത്തൽ. അതിനിടെ വാർത്ത നൽകിയത് സംഗീത് കുമാറാണെന്ന വ്യാജ പ്രചരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് കപ്പലിലെ കള്ളനെ കണ്ടെത്താനുള്ള നീക്കം.

ശബരിമല വിഷയത്തിൽ വിവാദം ആളിക്കത്തുന്നതിനാൽ വളരെ കരുതലോടെ നീങ്ങണമെന്ന് എല്ലാ യൂണിയനുകൾക്കും സുകുമാരൻ നായർ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കരുതൽ വേണമെന്നും രാഷ്ട്രീയ പിന്തുണ ആർക്കും പരസ്യമായി നൽകരുതെന്നും വ്യക്തമാക്കിയിരുന്നു. സമദൂരത്തിലുള്ള മനസാക്ഷി വോട്ടിനാണ് എൻ എസ് എസ് നിലപാട് എടുത്തത്. ഇതിനെ തള്ളി പറയുന്നതായിരുന്നു ഡെക്കാൺ ക്രോണിക്കളിന്റെ വാർത്ത. ഈ സാഹചര്യത്തിലാണ് നിഷേധക്കുറുപ്പുമായി സുകുമാരൻ നായർ എത്തിയത്. ആചാര ലംഘന നടത്തിയ ഇടത് സർക്കാരിനെതിരെ വികാരം പ്രതിഫലിപ്പിക്കുക മാത്രമാണ് എൻ എസ് എസ് ഈ തിരിഞ്ഞെടുപ്പിൽ നടത്തുക. പത്തനംതിട്ടയിൽ ബിജെപിയുടെ കെ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയസാധ്യത ഉള്ള സാഹചര്യത്തിലാണ് ഇത്. ഇതെല്ലാം മനസ്സിലാക്കിയാണ് സംഗീത് കുമാറിനെ കുടുക്കാൻ കരുനീക്കം ചിലർ നടത്തിയത്.

ശബരിമല വിഷയത്തിൽ വളരെ ശക്തമായ നിലപാടുകളാണ് സംഗീത് കുമാർ എടുത്തത്. അയ്യപ്പ ജ്യോതിയിലും ശബരിമല കർമ്മ സമിതിയ നടത്തിയ പരിപാടികളിലും സജീവമായി. സുകുമാരൻ നായരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെല്ലാം. യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് മാർച്ചും നടത്തി. വിശ്വാസികളുടെ വികാരം ആളിക്കത്തിക്കുന്നതിൽ മുമ്പിൽ നിന്നതോടെ സംഗീത് കുമാറിന് പിന്തുണയും കൂടി. ഇതെല്ലാം മനസ്സിലാക്കിയാണ് ശത്രുക്കൾ സംഗീത് കുമാറിനെതിരെ കരുനീക്കം തുടങ്ങിയത്. ശശി തരൂരിന്റെ പിന്തുണ വാർത്ത വന്നതോടെ ബിജെപി നേതൃത്വവും സംഗീത് കുമാരിനെ ശത്രുപക്ഷത്ത് കണ്ടു. ഇതിനിടെയാണ് സത്യം മറനീക്കി പുറത്തു വന്നത്. അപ്പോഴും സംഗീത് കുമാറിനെതിരെയാണ് നീക്കമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളെത്തിയത്. ഈ സാഹചര്യത്തിലാണ് പരാതി നൽകുന്നതിലേക്ക് പെരുന്നയിൽ ആലോചനയെത്തിയത്.

തിരുവനന്തപുരത്ത് ശശി തരൂരിനെ പിന്തുണയ്ക്കാൻ എൻഎസ്എസ് തീരുമാനിച്ചെന്ന പ്രസ്താവനയിൽ നടപടിയുണ്ടാകുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരണം. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് സംഗീത് കുമാറിനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടുവെന്നും വാർത്ത എത്തി. എൻഎസ്എസ് നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ പ്രസ്താവന ഇറക്കിയതിനെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. മറുപടി തൃപ്തികരമല്ലെങ്കിൽ തൽസ്ഥാനത്ത് നിന്നും നീക്കുമെന്ന മുന്നറിയിപ്പ് സംഗീത് കുമാറിന് നൽകിയിട്ടുണ്ടെന്നായിരുന്നു വ്യാജ വാർത്ത. ഇതേ തുടർന്ന് നടത്തി അന്വേഷണത്തിൽ സംഗീത് കുമാറിനെതിരെ എൻ എസ് എസ് നേതൃത്വം ഒരു നീക്കവും നടത്തുന്നില്ലെന്ന് വ്യക്തമായി.

താലൂക്ക് യൂണിയൻ യോഗങ്ങളിൽ തരൂരിന് അനുകൂല നിലപാട് എടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനറൽ സെക്രട്ടറിയുടേതാണ് അന്തിമ തീരുമാനമെന്ന് സംഗീത് കുമാർ വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഈ നീക്കം പൊളിഞ്ഞു. ഇവരാണ് ഡെക്കാൺ ക്രോണിക്കളിൽ വാർത്ത നൽകിയെന്നാണ് പുറത്തു വരുന്ന സൂചന. തിരുവനന്തപുരത്ത് എൻ എസ് എസിന്റെ പിന്തുണ ശശി തരൂരിനാണെന്ന് ഡെക്കാൺ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വാർത്തയിലെ സത്യം സംഗീത് കുമാറിനോട് മറുനാടൻ തേടിയത്. ശബരിമലയിലെ വിശ്വാസ സംരക്ഷകർക്കൊപ്പമാകും എൻ എസ് എസ് എന്ന സൂചനയാണ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ അപ്പോൾ തന്നെ മറുനാടന് നൽകിയതും. പത്ത് ദിവസം മുൻപ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വാർത്താകുറിപ്പ് ഇറക്കിയിട്ടുണ്ട്. അതാണ് എൻഎസ്എസിന്റെ തീരുമാനം. ആ നിലപാടിൽ എൻഎസ്എസ് ഉറച്ചു നിൽക്കുന്നു. ആർക്കൊപ്പം എന്ന നിലപാട് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് എൻഎസ്എസ് ആർക്കൊപ്പം എന്ന കാര്യത്തിൽ വിശദീകരണം നൽകുന്നില്ല-ഇതായിരുന്നു സംഗീത് കുമാറിന്റെ പ്രതികരണം.

വിശ്വാസ സംരക്ഷകർക്കൊപ്പമാണ് എൻഎസ്എസ് എന്നാണ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. ആളുകൾക്കറിയാം എവിടെ വോട്ടു ചെയ്യണം എന്നുള്ളത്. വിശ്വാസ സംരക്ഷകർക്കൊപ്പം നിലകൊള്ളും എന്ന് പറയുമ്പോൾ അതിനകത്ത് എല്ലാ സൂചനകളും വരുന്നുണ്ട്. ഏതെങ്കിലും കരയോഗത്തിനു ആർക്ക് പിന്തുണ എന്ന് വ്യക്തമാക്കി എൻഎസ്എസ് കുറിപ്പ് നൽകിയിട്ടുണ്ടെങ്കിൽ ആ സർക്കുലർ ആരെങ്കിലും ഒന്ന് പുറത്ത് കാണിക്കട്ടെ. ആർക്കും ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പിന്തുണ പ്രഖ്യാപിക്കണം എന്നുണ്ടെങ്കിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പിന്തുണ പ്രഖ്യാപിച്ചേനെ- എൻ എസ് എസ് വൃത്തങ്ങൾ ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ശബരിമലയുടെ പേരിൽ ഇല്ലാതാക്കാനുള്ള അവസരമായി കണ്ട് ഏകപക്ഷീയമായ നടപടികളാണു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

ബിജെപിയും യുഡിഎഫും ആകട്ടെ, യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എൻഎസ്എസിന് വിശ്വാസസംരക്ഷണത്തിനായി ഉറച്ചു നിൽക്കേണ്ടിവന്നത്-സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നാണ് എൻ എസ് എസ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP