Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് കാലം കഴിഞ്ഞാലും കേരളത്തെ കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി; കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 20 ശതമാനം ഇടിയുമെന്ന് കണക്കുകൾ; തൊഴിൽ നഷ്ടപ്പെട്ട് പ്രവാസികൾ നാട്ടിലെത്തുമ്പോൾ നേരിട്ട് ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ; കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങി എത്തുക ഗൾഫ് രാജ്യങ്ങളിൽ നിന്നും; ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാകുക സൗദി അറേബ്യയിലും യുഎഇയിലും; പ്രവാസിപ്പണത്തിന്റെ വരവ് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും അവതാളത്തിലാക്കും

കോവിഡ് കാലം കഴിഞ്ഞാലും കേരളത്തെ കാത്തിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി; കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 20 ശതമാനം ഇടിയുമെന്ന് കണക്കുകൾ; തൊഴിൽ നഷ്ടപ്പെട്ട് പ്രവാസികൾ നാട്ടിലെത്തുമ്പോൾ നേരിട്ട് ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ; കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങി എത്തുക ഗൾഫ് രാജ്യങ്ങളിൽ നിന്നും; ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാകുക സൗദി അറേബ്യയിലും യുഎഇയിലും; പ്രവാസിപ്പണത്തിന്റെ വരവ് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെയും അവതാളത്തിലാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് രോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ അതിന്റെ ആഘാതം സമൂഹത്തിന്റെ എല്ലാ കോണിലും ഉള്ളവരെ നേരിട്ടു ബാധിക്കും. ഇതിന്റെ ആഘാതം ഏറ്റവും സാരമായി ബാധിക്കുക കേരളത്തെ ആയിരിക്കും. ഗൾഫ് മേഖലയിൽ നിന്നും തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ ഒഴുക്കുണ്ടായിരുന്നത് നിലയ്ക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിന്റെ പ്രവാസി വരുമാനത്തിൽ 20 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സർവേകൾ സൂചിപ്പിക്കുന്നത്.

കൊവിഡിന് മുൻപ് തന്നെ 2400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വർധിച്ചാൽ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. മാത്രമല്ല ഗൾഫിൽ നിന്നുള്ള പണമൊഴുക്ക് നിലയ്ക്കുമ്പോൾ അത് കേരളത്തിന്റെ നിർമ്മാണ രംഗത്തെയും സാരമായി ബാധിക്കും. മുൻപ് 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു പ്രവാസി വരുമാനം. ഇന്ത്യയിലേക്കെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19% കേരളത്തിലേക്കാണ്. സൗദി അറേബ്യയിൽ നിന്ന് 39 ശതമാനവും യുഎഇയിൽ നിന്ന് 23 ശതമാനവും ഒമാനിൽ നിന്ന് ഒൻപത് ശതമാനവും കുവൈത്തിൽ നിന്ന് ആറ് ശതമാനവും ബഹ്‌റിനിൽ നിന്ന് നാല് ശതമാനവും ഖത്തറിൽ നിന്ന് ഒൻപത് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്.

കേരള കുടിയേറ്റ സർവ്വെ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതിൽ 89 ശതമാനം പേരും ഗൾഫ് രാജ്യങ്ങിൽ നിന്നുള്ളവരാണ്. കൊവിഡ് പ്രതിസന്ധിയിൽ മടങ്ങി വരാൻ രജിസ്റ്റർ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ ഇരുപത് ശതമാനം നാട്ടിലേക്ക് മടങ്ങിയാൽ കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും. രാജ്യത്തെ പ്രവാസി പണത്തിന്റെ 19 ശതമാനമാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വർഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വർഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാൽ കൊവിഡിന് മുന്നെ തിരിച്ചടിയാണ്.ജനുവരി-ഫെബ്രുവരി മാസത്തിൽ തന്നെ 2400കോടി രൂപ കുറഞ്ഞു. മാർച്ച്,എപ്രിൽ,മെയ് മാസത്തെ കണക്കുകൾ പുറത്തുവന്നിട്ടില്ല. ഒരുലക്ഷം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്.

സർക്കാർ താത്കാലിക സഹായം നീട്ടുമ്പോഴും മുന്നിൽ പ്രതിസന്ധിയുടെ നാളുകളാണ് വരാനിരിക്കുന്നത്. പ്രവാസി പണത്തിന്റെ വരവ് കുറഞ്ഞാൽ 1.25 ലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് ആദ്യ പഠനങ്ങൾ വ്യക്തമാക്കുന്നത്. വ്യവസായം, റിയൽ എസ്റ്റേറ്റ്, സമ്പാദ്യം, നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാന്ദ്യവും തിരിച്ചടിയാകും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്ന് പ്രവാസികൾ അയക്കുന്ന പണമാണ്. ഇക്കാര്യത്തിൽ 2018 ലെ കണക്കുകൾ പ്രകാരം ഇന്ത്യ ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്. കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ വിദേശപണം ഒഴുകുന്നതും.

എറ്റവും കൂടുതൽ പ്രവാസ നിക്ഷേപം വരുന്ന രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ഇന്ത്യയാണ് എന്നതുപോലെ തന്നെ ഏറ്റവും കൂടുതൽ പ്രവാസ നിക്ഷേപം വരുന്ന ഇന്ത്യൻ സംസ്ഥാനം കേരളമാണ്. ലോകബാങ്കിന്റെ 2019 പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 79 ബില്യൺ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയ്ക്കുന്നത്. ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളിൽ കൂടുതൽ പേരും മലയാളികളാണ്. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടാംസ്ഥാനം മഹാരാഷ്ട്രയ്ക്കാണ് 16. 7 ശതമാനാണ് മഹാരാഷ്ട്രയുടെ പ്രവാസികൾ അയക്കുന്ന പണം. മൂന്നാം സ്ഥാനത്ത് 15 ശതമാനവുമായി കർണാടകയാണ്. തമിഴ് നാട് എട്ട് ശതമാനവും ഡൽഹി 5.9 ശതമാനവും, ആന്ധ്രപ്രദേശ് നാല് ശതമാനവും പ്രവാസ നിക്ഷേപമാണ് സംഭവാന ചെയ്യുന്നത്. യു പി 3.1ശതമാനം, ബംഗാൾ 2.7%. ഗുജറാത്ത് 2.1%, പഞ്ചാബ് 1.7, ബീഹാർ 1.3%, രാജസ്ഥാൻ 1.2% മറ്റുള്ള സംസ്ഥാനങ്ങളെല്ലാം കൂടി 19.3 ശതമാനവും പ്രവാസ നിക്ഷേപം 2018 ൽ ലഭിച്ച സംസ്ഥാനങ്ങളാണെന്ന് ആർ ബി യുട കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസ നിക്ഷേപം വരുന്നത് പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് .ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസ നിക്ഷേപം വരുന്നത് യു എ ഇയിൽ നിന്നാണ്. 13,823 മില്യൺ ഡോളറാണ് യു എ ഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസ വരുമാനം. തൊട്ടുപിന്നിൽ യു എസ് ആണ്. യു എസിൽ നിന്നും 11,715 മില്യൺ ഡോളറാണ് 2018 ൽ ഇന്ത്യയിലേക്ക് വന്നത്. മൂന്നാം സ്ഥാനം സൗദി അറേബ്യക്കാണ്. സൗദിയിൽ നിന്നും 11,239 മില്യൺ ഡോളറാണ് ഇന്ത്യയിലേക്ക് 2018ൽ വന്നത്. കുവൈത്ത്( 4,587 മില്യൺ ഡോളർ), ഖത്തർ (4,143 മില്യൺ ഡോളർ),യു കെ ( 3,941 മില്യൺ ഡോളർ) ഒമാൻ (3,250 മില്യൺ ഡോളർ), നേപ്പാൾ ( 3,016 മില്യൺ ഡോളർ), കാനഡ (2,877 മില്യൺ ഡോളർ), ഓസ്ട്രേലിയ (1,977മില്യൺ ഡോളർ) എന്നിങ്ങനെയാണ് ഇന്ത്യയിലേക്കുള്ള പ്രവാസി വരുമാനം.

ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലെ അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്നത് കേരളത്തിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. കേരളത്തിനൊപ്പമോ തൊട്ടുപിന്നിലോ ആയിരുന്നു തമിഴ് നാട്ടിൽ നിന്നും ഗൾഫിലെത്തുന്ന അവിദഗദ്ധ തൊഴിലാളികളുടെ എണ്ണം. എന്നാൽ കഴിഞ്ഞ കുറേക്കാലങ്ങളായി കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ജോലിക്കായി ഗൾഫിലേക്കെത്തുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. പ്രത്യേകിച്ചും അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ നിന്നുള്ള തൊഴിൽ കുടിയേറ്റത്തിൽ അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണത്തിലെ കുറവുണ്ടാകുമ്പോൾ ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവിദ്ഗ്ദ്ധ തൊഴിലാളികളുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. 2018 ലെ കണക്കുകൾ പ്രകാരം ആ വർഷം പ്രവാസികളായ അവിദ്ഗദ്ധ തൊഴിലാളികളുടെ എണ്ണത്തിൽ ഉത്തർ പ്രദേശാണ് മുന്നിൽ. 86, 273 പേരാണ് യു പി യിൽ നിന്നുള്ള പ്രവാസി അവിദഗ്ദ്ധ തൊഴിലാളികൾ. ബീഹാറിൽ നിന്നും 59, 181 പ്രവാസിതൊഴിലാളികളുമാണ് ഈ മേഖലയിലുള്ളത്. തമിഴ്‌നാട് (31,588 പേർ) രാജസ്ഥാൻ(30,272 പേർ) ബംഗാൾ ( 28,648 പേർ) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. 1970 കൾ മുതൽ 90കൾ വരെ ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യാക്കാരായ തൊഴിലാളികൾ ഉണ്ടായിരുന്നത് കേരളത്തിൽ നിന്നായിരുന്നുവെന്നാണ് തൊഴിൽ കുടിയേറ്റം സംബന്ധിച്ച മുൻകാല പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും കൂടുതൽ ഇന്ത്യാക്കാരായ അവിദഗ്ദ്ധ തൊഴിലാളികളും തൊഴിൽ വൈദഗ്ദ്ധ്യം കുറവുള്ള തൊഴിലാളികളും ജോലി ചെയ്യുന്നത് യു എ ഇയിലാണ് 1,12059 പേരാണ് ഇവിടെ ഈ മേഖലയിൽ ജോലി ചെയ്യുന്നത്. സൗദിയിൽ 72, 399പേരും കുവൈത്തിൽ 57, 613 പേരും ഒമാനിൽ 36.037 പേരും ഖത്തറിൽ 34, 471 പേരും ഈ മേഖലയിൽ ജോലി ചെയ്യുന്നതായി 2019 ഫെബ്രുവരിയിൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. 2018 ലെ ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ളത് യു എസ് എയിലാണെന്ന് വിദേശകാര്യമന്ത്രാലയത്തിലെ കണക്കകുൾ പറയുന്നു. 4.46 മില്യൺ പ്രവാസ ഇന്ത്യാക്കാരാണ് യു എസ് എയിലുള്ളത്. 3.1 മില്യൺ ഇന്ത്യാക്കാരാണ് യു എ ഇയിലുള്ളത്. മലേഷ്യയിൽ 2.99 മില്യണും സൗദി അറേബ്യയിൽ 2. 81 മില്യൺ ഇന്ത്യാക്കാരുമാണ് വിദേശകാര്യമന്ത്രാലയത്തിലെ കണക്കുകൾ പ്രകാരമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP