Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൊഴിലുറപ്പ് മേഖലയിലെ സുരക്ഷയില്ലായ്മ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടും ധനമന്ത്രി ഉറച്ച് നിന്നത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുമെന്ന നിലപാടിൽ; തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിന് മണിക്കൂർ ഒന്നിന്റെ ആയുസ്സ് പോലും നൽകാതെ എ സി മൊയ്തീൻ; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകിയത് മാർച്ച് 31 വരെ

തൊഴിലുറപ്പ് മേഖലയിലെ സുരക്ഷയില്ലായ്മ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടും ധനമന്ത്രി ഉറച്ച് നിന്നത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുമെന്ന നിലപാടിൽ; തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിന് മണിക്കൂർ ഒന്നിന്റെ ആയുസ്സ് പോലും നൽകാതെ എ സി മൊയ്തീൻ; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകിയത് മാർച്ച് 31 വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ്19 സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതി നിർത്തില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമെത്തി മണിക്കൂർ തികയുന്നതിന് മുമ്പ് നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തൊഴിലുറപ്പും നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയാണ് ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നത് എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിന് ശേഷവും തൊഴിലുറപ്പ് പദ്ധതി നിർത്തിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്ക്.

നിലവിൽ കാസർഗോഡ് മാത്രമാണ് തൊഴിലുറപ്പ് നിർത്തിയത്., മറ്റ് ജില്ലകളിൽ തൊഴിൽ ക്രമീകരണം ഏർപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരും എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇവർക്ക് കേന്ദ്രം പണം തന്നെ പറ്റൂ. വലിയ വായിൽ കൊട്ടുപാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ സംസ്ഥാനങ്ങൾക്ക് യാതൊരു സഹായവും നൽകുന്നില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രം​ഗത്തെത്തി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം എന്നും അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം എന്നും അദ്ദദേഹം ആവശ്യപ്പെട്ടു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

കൊറോണ വ്യാപനകാലത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുപോലും വീട്ടിലിരുന്നാൽ ശമ്പളം നിഷേധിക്കരുതെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം തൊഴിലുടമകൾക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഇന്നും സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തൊഴിലുറപ്പുപദ്ധതിയിൽ പണി എടുക്കുന്നത്. അതും ഒരു സുരക്ഷിതത്വവുമില്ലാതെ. ഒരുമിച്ചു പണിയെടുക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ്. അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം. അവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം

നൂറുകണക്കിന് ആളുകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലെടുക്കുന്നത് സംസ്ഥാനത്തുകൊറോണയുടെ സമൂഹ വ്യാപനത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയും ഉയർന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ തൊഴിലുറപ്പ് മാർച്ച് 31 വരെ നിർത്തി വെച്ചതായി പ്രഖ്യാപിച്ചത്.

ഇന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് ജോലികൾ നടക്കുന്നിരുന്നു. ഓരൊറ്റ പേന കൊണ്ട് നൂറോളം പേരാണ് അന്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത്. സാനിറ്റൈസറോ, ഹാൻഡ് വാഷോ ഹാൻഡ് ​ഗ്ലൗസോ മാസ്കോ ഒന്നും ഈ തൊഴിലാളികൾക്ക് നൽകിയില്ല. സർക്കാർ ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അവധി നൽകി വീട്ടിലിരുത്തുമ്പോഴാണ് രാജ്യത്ത് പട്ടിണി മാറ്റാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളോട് ഭരണകൂടം കണ്ണിൽ ചോരയില്ലാതെ പെരുമാറിയത്.

പൊതുജനാരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊതുബോധം കുറവുള്ളവരാണ് തൊഴിലാളികളിൽ കൂടതലും. പണ്ട് മുതലേ ഒരേ ​ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ. ഇപ്പോൾ വിവിധ ഇടങ്ങളിൽ നടക്കുന്നത് പറമ്പ് ഒരുക്കലാണ്. ഓരോ പഞ്ചായത്തിലെയും സ്വകാര്യ വ്യക്തികളുടെ ഭൂമി വൃത്തിയാക്കുകയും നീർത്തടങ്ങളും കനാലുകളും വൃത്തിയാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവർത്തി. മാങ്ങയുടെയും ചക്കയുടെയും കശുമാങ്ങയുടെയും സീസണാണിത്. പറമ്പിൽ പണിക്കെത്തുന്ന തൊഴിലാളികൾ ഇവ പങ്ക് വെച്ച് കഴിക്കുന്നതും പതിവാണ്. ഇതെല്ലാം തന്നെ രോ​​ഗാണു ബാധ പടരുന്നതിന് അവസരം ഒരുക്കുന്നവയുമാണ്.

നടക്കുന്നത് ധാർഷ്ട്യം

പഞ്ചായത്ത് ഭരണ സമിതികളുടെയും ഇംപ്ലിമെന്റിം​ഗ് ഓഫീസർമാരുടെയും ധാർഷ്ട്യമാണ് ഈ ക്രൂരതക്ക് പിന്നിൽ. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് അവധി നൽകിയത് പോലെ ഈപാവങ്ങളെയും വേതനം നൽകി വീട്ടിലിരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാവുന്നതേയുള്ളൂ. എന്നാൽ തങ്ങളുടെ അധികാരം പ്രതികരണ ശേഷി ഇല്ലാത്ത ജനവിഭാ​ഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. പല പഞ്ചായത്തുകളിലേയും ഇംപ്ലിെന്റിം​ഗ് ഓഫീസർമാർ പഴയകാല ജന്മിമാരെ പോലെയാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്നും ആക്ഷേപമുണ്ട്.

ജാ​ഗ്രത നിർദ്ദേശങ്ങളും ജലരേഖ

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി സ്ഥലങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ മാർച്ച്18ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ പുറപ്പെടുവിച്ചിരുന്നു. ഇന്നാൽ ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുന്നതിന് പോലും സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണ നൽകുന്നപോലെ ഒരു നിർദ്ദേശത്തിൽ ഇത് ഒതുങ്ങി.

തൊഴിൽ തുടങ്ങുന്നതിന് മുന്നേയും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികൾ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സോപ്പും കൈ കഴുകാനുള്ള വെള്ളവും പ്രവൃത്തിയിടങ്ങളിൽ കരുതണം. ഇതിനുള്ള ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. വീട്ടിൽ തിരികെ എത്തിയ ശേഷവും തൊഴിലാളികൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം.

വിയർപ്പ് തുടക്കാൻ തോർത്ത് ഓരോരുത്തരും കയ്യിൽ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോർത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പരസ്പരം നിശ്ചിത അകലം കഴിയുന്നത്ര പാലിക്കണം (കുറഞ്ഞത് ഒരു മീറ്റർ). പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുള്ളവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണം. കോവിഡ് 19 രോഗബാധയുള്ള വ്യക്തിയുമായി ബന്ധം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ അവർ പ്രവൃത്തിയിൽ നിന്നും മാറി നിൽക്കണം. തൊഴിലാളികൾ പണിയായുധങ്ങൾ പരസ്പരം കൈമാറരുത് എന്നൊക്കെ ആയിരുന്നു നിർദ്ദേശങ്ങൾ.

മാർച്ച് 18ലെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ. സംസ്ഥാനം അതീവ ​ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോകുകയാണ്. അപ്പോഴും പാവങ്ങളായ തൊഴിലുറപ്പ് തൊഴിലാളികൾ പൊരിവെയിലിൽ പണിയെടുക്കുകയാണ്. കൂട്ടംകൂടുകയാണ്. കൊറോണയെ പേടിച്ച് വീട്ടിലിരുന്നാൽ കൂലി കിട്ടില്ലെന്ന ഭീതിയോടെ. തദ്ദേശ സ്ഥാപനങ്ങളും ഈ പാവങ്ങളെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പണിയെടുപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP