Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവ്വ കുഴപ്പങ്ങൾക്കും കാരണം ബംഗ്ലാദേശിൽ നിന്നെത്തുന്ന മുസ്ലിംങ്ങളെന്ന് പ്രഖ്യാപിച്ചു പൗരത്വ രജിസ്റ്ററുമായി മുൻപോട്ടു പോയി; അന്തിമ ലിസ്റ്റ് വന്നപ്പോൾ പണി കിട്ടുന്നത് ബംഗ്ലാദേശിലെ പീഡനം സഹിക്കാനാവാതെ ഓടിവന്ന ഹിന്ദുക്കൾക്ക്; പുറത്താക്കുന്ന 19 ലക്ഷം പേരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ എന്നറിഞ്ഞതോടെ പൗരത്വ രജിസ്റ്ററിന്റെ പേരിൽ വമ്പൻ വിവാദം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാറുകൾ കേന്ദ്രസർക്കാറിനെതിരെ രംഗത്തെത്തിയതോടെ തിരക്കിട്ട ഒത്തു തീർപ്പു ശ്രമങ്ങൾ പുരോഗമിക്കുന്നു

സർവ്വ കുഴപ്പങ്ങൾക്കും കാരണം ബംഗ്ലാദേശിൽ നിന്നെത്തുന്ന മുസ്ലിംങ്ങളെന്ന് പ്രഖ്യാപിച്ചു പൗരത്വ രജിസ്റ്ററുമായി മുൻപോട്ടു പോയി; അന്തിമ ലിസ്റ്റ് വന്നപ്പോൾ പണി കിട്ടുന്നത് ബംഗ്ലാദേശിലെ പീഡനം സഹിക്കാനാവാതെ ഓടിവന്ന ഹിന്ദുക്കൾക്ക്; പുറത്താക്കുന്ന 19 ലക്ഷം പേരിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ എന്നറിഞ്ഞതോടെ പൗരത്വ രജിസ്റ്ററിന്റെ പേരിൽ വമ്പൻ വിവാദം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാറുകൾ കേന്ദ്രസർക്കാറിനെതിരെ രംഗത്തെത്തിയതോടെ തിരക്കിട്ട ഒത്തു തീർപ്പു ശ്രമങ്ങൾ പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിംങ്ങളുടെ കുടിയേറ്റമാണ് അസമിലെ പ്രധാന പ്രശ്‌നമെന്ന് പറഞ്ഞാണ് അസമിൽ ദേശീയപൗര രജിസ്റ്റർ (എൻആർസി) പുതുക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപി സർക്കാർ എത്തിയത്. മുസ്ലിംങ്ങളെ ഒഴിവാക്കാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ ഒടുവിൽ വെട്ടിലായത് ബിജെപി തന്നെയാണ്. എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ടു കൊണ്ടു രംഗത്തെത്തിയ ബിജെപി അന്തിമ പട്ടിക വന്നതോടെ ശരിക്കും വെട്ടിലായത് ഹിന്ദുക്കൾ ലിസ്റ്റിൽ നിന്നും പുറത്തായതോടെയാണ്. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്നും പുറത്തായത്. ഇവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ് എന്നതോടെയാണ് ബിജെപി തന്നെ പൗരത്വ രജിസ്റ്ററിനെതിരെ രംഗത്തിറങ്ങിയത്. അസം ബിജെപി ഘടകത്തിൽ ഈ വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.

പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമ്മാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. ബംഗ്ലാദേശിലെ പീഡനങ്ങളെ തുടർന്നാണ് ഹിന്ദുക്കൾ അസമിലെ അഭയാർത്ഥികളായത്. ഇവരാണ് മതിയായ രേഖകൾ നൽകാനില്ലാതെ പട്ടികയ്ക്ക് പുറത്തായത്. അസമിൽ മുഴുവൻ ബംഗ്ലാദേശി മുസ്ലിംങ്ങളാണെന്ന് പറഞ്ഞു കൊണ്ടും പ്രചരിപ്പിച്ചു കൊണ്ടും രാഷ്ട്രീയം നടത്തിയ ബിജെപിക്ക് തന്നെ തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവന്ന ലിസ്റ്റ്. അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഒടുവിൽ ലിസ്റ്റ് വന്നതോടെ നോട്ടു നിരോധനത്തിന്റെ അതേ അവസ്ഥയിലായി കാര്യങ്ങൾ.

അസമിലെ ബിജെപി വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾ പട്ടികയിൽ നിന്നു പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് ഈ വിഷയത്തിൽ ബിജെപി നിലപാട് മാറ്റുന്നത്. ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാർ. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർക്ക് അപ്പീൽ പോവാൻ അവസരമുണ്ട്. ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്.

ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോൾ അവസാന എൻആർസി പട്ടികയിൽ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്. ദക്ഷിണേഷ്യയിൽ നിന്ന് കുടിയേറിയ ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യൻ, പാർസി കുടിയേറ്റക്കാരെ പൗരന്മാരായി അംഗീകരിക്കുകയും മുസ്ലിം കുടിയേറ്റങ്ങൾ നിയമവിരുദ്ധമാക്കുകയുമാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്. ബംഗ്ലാദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയിലെ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു. യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും പറഞ്ഞിരുന്നു. പുറത്തായവരിൽ 25 % പേരേ അപ്പീലിലൂടെ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്നാണു ബിജെപി കരുതുന്നത്. ഇതിലേറെയും 1971 മാർച്ച് 24നു മുൻപ് എത്തിയ ബംഗാളി ഹിന്ദുക്കളാണ്. പുറത്താകുമെന്നു കരുതിയ 2 ലക്ഷം പേരെങ്കിലും വ്യാജരേഖകൾ നൽകി കടന്നുകൂടിയതായും പാർട്ടി കരുതുന്നു.

ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബിജെപി പടയൊരുക്കം നടത്തുന്നത്. പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (ആസു) നേതാവായിരുന്ന സോനോവാൾ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര രജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. പിന്നീടാണ് മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേശ കുടിയേറ്റക്കാരെ തുരത്തുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്.

തെറ്റുകളുടെയും അബദ്ധങ്ങളുടെയും നീണ്ട നിരയാണ് പൗരത്വ രജിസ്റ്ററിൽ. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. കൈ പൊള്ളിയിരിക്കുകയാണ് ബിജെപി. അസമിൽ ബിജെപി അധികാരത്തിൽ എത്തിയത് കുടിയേറ്റക്കാരോടുള്ള കോൺഗ്രസ് പ്രീണനം പ്രചരണായുധമാക്കിയാണ്. പട്ടികയിൽ നിന്ന് പുറത്തായവരിൽ എഴുപത്തിയഞ്ചു ശതമാനവും ഹിന്ദുക്കളാണെന്നിരിക്കെ പാർട്ടി വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുമോ എന്ന ഭയവും ബിജെപിക്കുണ്ട്. സംസ്ഥാന കോൺഗ്രസിന് ഇത് തിരിച്ചുവരവിന് പിടിവള്ളിയാകും.

പശ്ചിമബംഗാളിലും ബീഹാറിലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ് ബിജെപി നിലപാട്. എന്നാൽ ഈ സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങൾ പുതിയ പശ്ചാത്തലത്തിൽ കണക്കെടുപ്പിന് അനുകൂലിച്ചേക്കില്ല. വിദേശികളെ കണ്ടെത്താൻ അസംമാതൃക രജിസ്റ്റർ രാജ്യത്താകെ വേണമെന്ന വാദത്തിനും അസം തിരിച്ചടിയാകുന്നു. അതിനിടെ അസമിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകൾക്ക് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 200 ട്രിബ്യൂണലുകളെ സമീപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 120 ദിവസമാണ് അപ്പീൽ നൽകാനുള്ള സമയം.

സുപ്രീംകോടതി വിധി പ്രകാരം, ഒരാൾക്ക് തന്റെ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്നത് 15 രേഖകളാണ്. അസമിൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, അതായത് 1971-ന് മുമ്പ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതാവണം രേഖ. 1971 മാർച്ച് 24-ന് ശേഷമുള്ള വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക, പൗരത്വ സർട്ടിഫിക്കറ്റുണ്ടാവുക, 1971 മാർച്ച് 24-ന് മുമ്പുള്ള റേഷൻ കാർഡുണ്ടാവുക എന്നതാണ് ഇവയിൽ ചിലത്. ഭൂരേഖകളോ, പാസ്‌പോർട്ടോ, കേന്ദ്രസർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളോ, സർക്കാർ സർവീസിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ, ബാങ്ക്/ പോസ്റ്റോഫീസ് രേഖകളോ, ജനനസർട്ടിഫിക്കറ്റോ ഹാജരാക്കാം.

എന്നാൽ, ഈ രേഖകളുടെയൊക്കെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയില്ലെങ്കിൽ മിക്കവാറും ആർക്കും പുതിയ അംഗീകൃതരേഖ ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചില രേഖകളുടെ അസ്സൽ പകർപ്പ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകേണ്ടി വരും. അതിന് 120 ദിവസം മതിയാകില്ല. രേഖ നൽകിയ ഉദ്യോഗസ്ഥർ കോടതിയിൽ വന്ന് ഹാജരായി സാക്ഷി പറയണം. 19 ലക്ഷം പേരുടെയൊക്കെ രേഖകൾ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി പരിശോധിക്കണം. എളുപ്പമല്ല അത്. എന്തൊരു ഭീമാകാരമായ പ്രക്രിയയാകും അതെന്ന് നിയമവിദഗ്ദ്ധർ ആശങ്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP