Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒക്ടോബറിൽ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പരാമർശം; നിയമം പാസായ ശേഷം രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചതോടെ വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവും ഇല്ലെന്ന് നിലപാട്; എൻപിആർ-എൻആർസി വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യം വ്യക്തം; എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തുന്നത് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ

ഒക്ടോബറിൽ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പരാമർശം; നിയമം പാസായ ശേഷം രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചതോടെ വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവും ഇല്ലെന്ന് നിലപാട്; എൻപിആർ-എൻആർസി വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യം വ്യക്തം; എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തുന്നത് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അടുത്തവർഷം ഇതിനായുള്ള പദ്ധതികൾ തുടങ്ങും. എന്നാൽ, എൻപിആർ ദേശീയ പൗരത്വ രജിസ്റ്ററു(എൻആർസി)മായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന പ്രചരണം ശക്തമായതോടെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ രണ്ടു തട്ടിലായിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും ആഭ്യന്തര വകുപ്പിന്റെ രേഖകളിൽ തന്നെ വ്യത്യസ്ത നിലപാടുകളാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറക്കിയ രണ്ട് രേഖകളിൽ തമ്മിലാണ് വൈരുദ്ധ്യം ശക്തമായിരിക്കുന്നത്. ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമത്തേതിൽ അത്തരമൊരു നിർദ്ദേശം ഇല്ലെന്നതും ശ്രദ്ധേയമാണ്. സിഎഎ വന്നതിന് ശേഷമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം പ്രതിഷേധം ഉടലെടുത്തത്. ഇതോടെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. മുസ്ലിം ജനവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ വേണമെന്ന ബോധ്യം കേന്ദ്രത്തിലും ഉടലെടുത്തിട്ടുണ്ട്. ഇതോടെയാണ് രണ്ടാമത് പുറത്തിറക്കിയ രേഖയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.

ഒക്ടോബറിലാണ് ആദ്യ രേഖ പുറത്ത് വന്നത്. ഇതിലാണ് എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലെന്റിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ അസം മോഡലിൽ മുസ്ലിംങ്ങളെ പിന്തള്ളാനുള്ള നീക്കമാണെന്ന വികാരം ഉയർന്നതോടെ ഇതിനെതിരെ വ്യാപക പ്രക്ഷോഭം ഉയർന്നുവന്നു. ഇതോടെ രണ്ടാമത്തെ സർക്കുലറിൽ കേന്ദ്രം ഈ നിർദ്ദേശത്തിൽ നിന്ന് പിൻവലിഞ്ഞു. എൻപിആർ. വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവുമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്.

ഒക്ടോബറിൽ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ 15-ാം അധ്യായത്തിന്റെ 273-ാം പേജിൽ പറയുന്നത് ഇങ്ങനെയാണ്. 'എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള എൻപിആറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷനുള്ള ആദ്യ പടിയാണ്.'ഹൗസിങ് ആൻഡ് പോപുലേഷൻ സിസ്റ്റം, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്ന വരുന്നുവെന്നും റിപ്പോർട്ടിന്റെ 262-ാം പേജിൽ പറയുന്നു.

എന്നാൽ ഏറ്റവും അവസാനമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയിൽ പറയുന്നത് എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്നാണ്. ഗ്രാമം, പട്ടണം, ഉപജില്ല, സംസ്ഥാനം എന്നിവപോലുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന താമസക്കാരുടെ രജിസ്റ്ററാണ് ഇത്, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്'. എൻപിആർ ഡാറ്റയെ അടിസ്ഥാനമാക്കി രാജ്യത്ത് എൻആർസി സൃഷ്ടിക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ ഇല്ലെന്നും പറയുന്നു.

എൻപിആറിലെ എൻആർസി ആശങ്കയ്ക്ക് കാരണം എന്ത്?

അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കി 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷം ആളുകൾ പുറത്തായിരുന്നു. അപേക്ഷയിൽ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടാത്തവർ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ൽ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും ആണെന്നത് പേരുകൾ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്ക്. പട്ടികയിൽ ഇടംപിടിക്കാത്തവർ വിദേശികൾക്കുവേണ്ടി രൂപവത്കരിച്ച ട്രിബ്യൂണലുകളെ സമീപിക്കണം. അസമിൽ പുതുതായി 200 ട്രിബ്യൂണലുകൾ തുറന്നു. ട്രിബ്യൂണൽ വിധിക്കെതിരേ അപ്പിൽപോകാം. പൗരത്വമില്ലാത്തവരെ പാർപ്പിക്കാൻ ആറുകേന്ദ്രങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ട്രിബ്യൂണലിനെ സമീപിച്ചശേഷവും പൗരത്വം തെളിയിക്കാനാവാത്ത 800-ലധികംപേരെ ഈ തടവുകേന്ദ്രങ്ങളിൽ താമസിപ്പിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിബിൽ നിയമമായത്. ഇതനുസരിച്ച് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള മുസ്ലിം ഇതരർക്ക് പൗരത്വം ലഭിക്കും. ഇപ്പോൾ എൻ.ആർ.സി.യിൽനിന്ന് പുറത്തായ വലിയൊരു വിഭാഗം(മുഖ്യമായും ഹിന്ദുക്കൾ)പട്ടികയിൽ ഇടംപിടിക്കും. ഇതേ തുടർന്നാണ് രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രിയും പലപ്പോഴായി വെളിപ്പെടുത്തിയതോടെ അസമിലേപോലെ ഓരോ ഇന്ത്യക്കാരനും പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടിവരുമെന്നും അതിൽ പരാജയപ്പെടുന്ന മുസ്ലീങ്ങൾ തടവുകേന്ദ്രങ്ങളിൽ അടക്കപ്പെടുമെന്നും വ്യാപക പ്രചാരണമുണ്ടായി.

ആളുകൾ തങ്ങളുടേതായ രീതിയിലും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച സന്ദേശങ്ങളും പ്രശ്നങ്ങൾ ആളിക്കത്തിച്ചു. രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കിയാൽ പട്ടികയിൽ ഉൾപ്പെടാത്ത മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന് അർഹതയുണ്ടാകുന്ന തരത്തിലാണ് പൗരത്വ നിയമ ഭേദഗതി നിലനിൽക്കുന്നത്. അതും പ്രതിഷേധം ആളിക്കത്താൻ കാരണമായി. ഇതിന് പിന്നാലെയാണ് എൻപിആർ പുതുക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. എൻ.ആർ.സി.യും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. ജനസംഖ്യാപട്ടിക മാത്രമാണ് എൻ.പി.ആർ. സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളു. തുടങ്ങിയവയാണ് സർക്കാരിന്റെ വാദങ്ങൾ. എന്നാൽ എൻ.ആർ.സി.ക്ക് അടിസ്ഥാനമാക്കുക എൻ.പി.ആർ. ആണെന്ന് മുൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു 2014-ൽ പർലമെന്റിൽ രേഖാമൂലം മറുപടി നൽകിയിട്ടുമുണ്ട്.

യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ എൻആർസി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2012ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എൻപിആർ കൊണ്ടുവരുന്നത് എൻആർസി നടപ്പിലാക്കാനാണെന്ന് സർക്കാർ അന്ന് ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതാണ് മോദി സർക്കാർ ഇപ്പോൾ പ്രതിരോധത്തിനായി ഉയർത്തിക്കാണിക്കുന്നത്. അതായത് എല്ലാം തുടങ്ങിവെച്ചത് കോൺഗ്രസ് ആണെന്നും തങ്ങളത് നടപ്പിലാക്കുന്നുവെന്നുമുള്ള വിധേയത്വം. പൗരത്വ നിയമ ഭേദഗതി വന്നപ്പോഴും അവർ ഇങ്ങനെയാണ് പ്രതികരിച്ചത്. രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും വരുന്നതല്ല പ്രശ്നം. പക്ഷെ ആശങ്കകൾക്ക് അടിസ്ഥാനം പൗരത്വ നിയമ ഭേദഗതിയാണ്. എൻആർസിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവരിൽ മതവിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗം മാത്രം പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് വിമർശകർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴും സർക്കാർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതാണ് പ്രതിഷേധാർഹമായിരിക്കുന്നത്.

രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്സഭയിൽ പറയുമ്പോഴും എൻആർസിയേപ്പറ്റി സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് എന്നു തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ രേഖകളിലും വ്യക്തമാക്കുന്നത്. രാജ്യമൊട്ടുക്കും എൻ.ആർ.സി. കൊണ്ടുവരുമ്പോൾ അടിസ്ഥാനവർഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. അസമിൽ അടിസ്ഥാനമാക്കാൻ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തിൽ പട്ടികയില്ല. 2021-ലെ സെൻസസ് പൂർത്തിയാവുമ്പോൾ ദേശീയ ജനസംഖ്യാരജിസ്റ്റർ നിലവിൽവരും. എൻ.ആർ.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കാൻ കാരണങ്ങളുണ്ടുതാനും. ഇതല്ലെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോമിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇപ്പോൾ എൻപിആറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ലേക്കുള്ള എൻപിആറിനായി മാതാപിതാക്കളുടെ ജനന സ്ഥലം,അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ,വോട്ടർ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നത് ഫലത്തിൽ എൻആർസി നടപടികൾക്കുള്ള വിവര ശേഖരണമായാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രസർക്കാരും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP