Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ജനുവരിയിലെ ആ പകലിൽ ഏറ്റ വലിയ മുറിവ് ഇനി നൂർജഹാന് മങ്ങിയ ഓർമ മാത്രം; കാമുകന്റെ കത്തിക്കുത്തേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ 17 കാരിക്ക് പരസഹായമില്ലാതെ നടക്കാം; കോതമംഗലം പീസ് വാലിയിലെ മൂന്നുമാസത്തെ ചികിത്സ പൂർത്തിയായതോടെ മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണക്കി വീട്ടിലേക്ക് മടക്കം; നൂർജഹാൻ പുതിയ ജീവിതത്തിലേക്ക് നീങ്ങുമ്പോൾ ആശ്വാസത്തോടെ കുടുംബവും

ജനുവരിയിലെ ആ പകലിൽ ഏറ്റ വലിയ മുറിവ് ഇനി നൂർജഹാന് മങ്ങിയ ഓർമ മാത്രം; കാമുകന്റെ കത്തിക്കുത്തേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ 17 കാരിക്ക് പരസഹായമില്ലാതെ നടക്കാം; കോതമംഗലം പീസ് വാലിയിലെ മൂന്നുമാസത്തെ ചികിത്സ പൂർത്തിയായതോടെ മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണക്കി വീട്ടിലേക്ക് മടക്കം; നൂർജഹാൻ പുതിയ ജീവിതത്തിലേക്ക് നീങ്ങുമ്പോൾ ആശ്വാസത്തോടെ കുടുംബവും

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: സുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ട് ഇക്കഴിഞ്ഞ മെയ് ആദ്യ വാരത്തിലാണ് എറണാകുളം കാക്കനാട് സ്വദേശിനി നൂർജഹാൻ പീസ് വാലിയിൽ എത്തിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സുഹൃത്തിന്റെ ആക്രമണത്തിൽ 18 കുത്തേറ്റ് നൂർജഹാൻ കിടപ്പിലായത്. എമർജൻസി ആക്ടിവ് ഫോഴ്സ് വാട്‌സാപ്പ് കൂട്ടായ്മയാണ് ഈ പതിനേഴുകാരിയെ പീസ് വാലിയിൽ എത്തിച്ചത്. മൂന്നു മാസം ചികിത്സ പൂർത്തിയാക്കി നൂർജഹാൻ പരസഹായമില്ലാതെ നടക്കാറായതിനെ തുടർന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങി.

കാക്കനാട് ഇൻഫോപാർക്ക് റോഡിൽ വച്ചുണ്ടായ സുഹൃത്തിന്റെ ആക്രമണം മാനസികമായാണ് നൂർജഹാനെ കൂടുതൽ തളർത്തിയത്. പീസ് വാലിയിൽ മനസ്സിന്റെ വീണ്ടെടുപ്പിനായിരുന്നു ആദ്യം ചികിത്സ. ഒപ്പം ഫിസിയോ തെറാപ്പിയും. ഏതായാലും നൂർജഹാന് മുന്നിൽ ഇനി ലോകം വിശാലമാണ്.പീസ് വാലിയുടെ മെഡിക്കൽ പാനലിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം മെയ് ആദ്യ വാരത്തിലാണ് സ്ഥാപനത്തിൽ അഡ്‌മിറ്റ് ആയത്.രോഗിക്കും കൂട്ടിരിപ്പുകാരനും താമസവും ഭക്ഷണവും ഉൾപ്പെടെ പൂർണമായും സൗജന്യമായിട്ടായിരുന്നു പീസ് വാലിയിലെ ചികിത്സ. പ്രതിദിനം ആറു മണിക്കൂർ വരെ പീസ് വാലിയിൽ ഫിസിയോ തെറാപ്പി ചെയ്യാനാവുന്ന വിധത്തിലാണ് ചികിത്സ ക്രമീകരിച്ചിരുന്നത്.

ചികിത്സ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ തനിയെ എഴുന്നേൽക്കാനും സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നിൽക്കാനുമുള്ള അവസ്ഥയിലേക്ക് നൂർജഹാൻ എത്തിചേർന്നു.പ്രായം, ആരോഗ്യം, അപകടത്തിന്റെ കാലപ്പഴക്കം എന്നിവ പരിശോധിക്കുമ്പോൾ നൂർജഹാന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്ന് പീസ് വാലിയിലെ ഫിസിയോതെറാപ്പിസ്റ്റുകളായ ഐറിൻ ജോൺ, പി. തങ്കപാണ്ടി, മെബി തോമസ്, ഫ്രാങ്ക്‌ലിൻ എന്നിവർ പറഞ്ഞു.കോതമംഗലം നെല്ലികുഴിയിലെ വിശാലമായ പത്തേക്കർ ക്യാമ്പസിലാണ് പീസ് വാലി പ്രവർത്തിക്കുന്നത്.

സാമൂഹിക - മാനസിക പുനരധിവാസ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ ഇതര പദ്ധതികൾ.ഒരു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നട്ടെല്ലിന് പരിക്കേറ്റ അൻപതോളം പേരാണ് പീസ് വാലിയിലേ ചികിത്സയിലൂടെ സ്വയം പര്യാപ്തരായി മടങ്ങിയത്. നിലവിൽ മുന്നൂറോളം പേർ അഡ്‌മിഷനായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്.ചികിത്സ പൂർത്തിയാക്കി മടങ്ങുന്ന ചെറുപ്പക്കാർക്ക് ഭിന്ന ശേഷിക്കു അനുസൃതമായി ക്രമീകരണങ്ങൾ വരുത്തിയ ഓട്ടോ റിക്ഷ ഡ്രൈവിങ്, എൽ ഇ ഡി ബൾബ് നിർമ്മാണം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. ഇതിനോടകം നാലു പേർ ഇത്തരത്തിൽ സ്വയം തൊഴിൽ കണ്ടെത്തിയിട്ടുണ്ട്. മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന പതിനേഴുകാരിക്കാണ് പീസ് വാലിയിലെ സൗജന്യ ചികിത്സയിലൂടെ പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്.

നൂർജഹാന് സംഭവിച്ചത്

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡി ഫാം ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു നൂർജഹാൻ. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് കാക്കനാട് അത്താണി സ്വദേശിനിയായ നൂർജഹാന് കാമുകനിൽ നിന്നും ആക്രമണം ഏൽക്കുന്നത്. കാക്കനാട് ഇൻഫോ പാർക്ക് റോഡിൽ കുഴിക്കാട്ടുമൂലയിൽ വച്ചായിരുന്നു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂർജഹാനെ രക്തം വാർന്ന് അബോധാവസ്ഥയിൽ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

അഞ്ചു തവണ കുത്തിയെന്നായിരുന്നു പിന്നീട് പൊലീസ് പിടിയിലായ കാമുകന്റെ മൊഴി. പതിമൂന്നോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ട നൂർജഹാന് വിദഗ്ധരുടെ മേൽനോട്ടത്തിൽ നിരന്തരമായ ഫിസിയോതെറാപ്പി ലഭ്യമാക്കിയാൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. നിർധന കുടുംബത്തിലേ അംഗമായ നൂർജഹാൻ കാക്കനാട് അത്താണിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വാടകക്കാണ് താമസിച്ചിരുന്നത്. പിതാവ് നജീബ് പത്തു വർഷത്തോളമായി ഹൃദ്രോഗിയാണ്. ഹോട്ടൽ ജീവനക്കാരിയായ മാതാവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുടുംബത്തെ സംബന്ധിച്ചിടത്തോളം തുടർചികിത്സ നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.

സാമൂഹിക പ്രവർത്തകരുടെയും മറ്റും സഹകരണത്തോടെയാണ് മരുന്നും മറ്റും ലഭിച്ചിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നൂർജഹാന്റെ ആരോഗ്യവും നാൾക്കുനാൾ കുറഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് കോതമംഗലം പീസ് വാലി യുടെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടർന്നു പൊതു പ്രവർത്തകർ മുഖേന സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു. നൂർജഹാനെ ആക്രമിച്ച കാക്കനാട് പടമുകൾ താണപാടത്ത് അമൽ(19) ജനുവരിയിൽ തന്നെ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP