Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യനേക്കാൾ മൃഗത്തെ മഹത്തരമായി കാണുന്ന സമീപനത്തോട് നിഷ്പക്ഷ നിശബ്ദത പുലർത്തില്ല; ക്രൈസ്തവികതയുടെ ആത്മാവിനെ വിറ്റുതുലയ്ക്കുന്ന നടപടികൾക്കു കൂട്ടു നിൽക്കില്ല; ബിജെപിയുമായി ക്രൈസ്തവ സഭകൾക്കു കൈകോർക്കാൻ സാധ്യമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ഫാ. പോൾ തേലക്കാട്ട്; ബിജെപി ബാന്ധവത്തിൽ കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുന്നു

മനുഷ്യനേക്കാൾ മൃഗത്തെ മഹത്തരമായി കാണുന്ന സമീപനത്തോട് നിഷ്പക്ഷ നിശബ്ദത പുലർത്തില്ല; ക്രൈസ്തവികതയുടെ ആത്മാവിനെ വിറ്റുതുലയ്ക്കുന്ന നടപടികൾക്കു കൂട്ടു നിൽക്കില്ല; ബിജെപിയുമായി ക്രൈസ്തവ സഭകൾക്കു കൈകോർക്കാൻ സാധ്യമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് ഫാ. പോൾ തേലക്കാട്ട്; ബിജെപി ബാന്ധവത്തിൽ കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുന്നു

കൊച്ചി: ബിജെപിയുമായി ക്രൈസ്തവ സഭകൾക്ക് യാതൊരു വിധത്തിലും കൈകോർക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി സിറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ട്. മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ബിജെപിയുമായുള്ള സഹകരണത്തെ തള്ളി കേരളത്തിലെ തലമുതിർന്ന ക്രൈസ്തവ പണ്ഡിതൻ കൂടിയായ ഫാ. തേലക്കാട്ട് നിലപാടു വ്യക്തമാക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തിയപ്പോൾ കൊച്ചി കലൂരിലെ റിന്യൂവൽ സെന്ററിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള ബിജെപി ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു അത്. എന്നാൽ, സിറോ മലബാർ സഭ അമിത് ഷായുടെ ആഗ്രഹത്തിനൊപ്പം നിൽക്കില്ലെന്ന വ്യക്തമായ തുറന്നുപറച്ചിലാണ് ഫാ. തേലക്കാട്ടിന്റെ ലേഖനം.

ബിജെപിയുടെ ദേശീയ തലത്തിലെ നിലപാടുകൾക്കു വിരുദ്ധമായി കേരളത്തിൽ പാർട്ടി സ്വീകരിക്കുന്ന തന്ത്രത്തെയും ഫാ. തേലക്കാട്ട് വിമർശിക്കുന്നുണ്ട്. റിന്യൂവൽ സെന്ററിലെ കൂടിക്കാഴ്ചയെത്തുടർന്നു ബിജെപിയുമായി ക്രൈസ്തവ സഭകൾ സഹകരിക്കുമെന്ന ഊഹാപോഹം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ കാര്യ കാരണ സഹിതം വെട്ടിത്തുറന്നുള്ള ഫാ. തേലക്കാട്ടിന്റെ ലേഖനം. കേരളത്തിൽ ബിജെപിക്കു വളരാൻ ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും സഹകരണം കൂടിയേ തീരൂ എന്ന അമിത് ഷായുടെ നിരീക്ഷണം ശരിയാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

എന്നാൽ, ഇതു കേരളത്തെക്കുറിച്ചു മാത്രം പരിഗണിക്കേണ്ട യാഥാർഥ്യ ബോധമാണോ എന്നാണ് അമിത് ഷായോട് ഫാ. തേലക്കാട്ട് ചോദിക്കുന്നത്. കേരളത്തിൽ ന്യൂനപക്ഷങ്ങളും ദളിതുകളും ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും എല്ലാം നല്ല ബന്ധത്തിൽ കഴിയുകയാണ്. അതുകൊണ്ടാണ് ഇവിടെ എല്ലാവരെയും ഒന്നായിക്കണ്ടു പ്രവർത്തിക്കാൻ അമിത് ഷാ ആഹ്വാനം ചെയ്യുന്നത്. ഇവിടെ വിഭാഗീയതയുടെ രാഷ്ട്രീയം എളുപ്പമല്ല. ഇന്ത്യയിലുടനീളം എല്ലാ മതങ്ങളെയും ഒന്നായി കാണാതെ ഭൂരിപക്ഷ മതത്തിന്റെ ഏകീകരണം ലക്ഷ്യമായി ഭീകരതയുടെ രാഷ്ട്രീയം ബിജെപി പയറ്റുകയാണെന്നും ഫാ. തേലക്കാട്ട് പറയുന്നു.

പണ്ട് ബിജെപി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരായി നടത്തിയ ഏറ്റവും വലിയ ആരോപണം ന്യൂനപക്ഷപ്രീണനം എന്നായിരുന്നു. ഇപ്പോൾ നിലപാടു മാറ്റിയോ എന്നും ലേഖനത്തിൽ ചോദിക്കുന്നുണ്ട്. പാർട്ടി നേതാക്കൾ അരമനതോറും കയറിഇറങ്ങിനടന്നു വോട്ടുപിടിക്കുന്നു, സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ബിജെപി ഇപ്പോൾ വിഴുങ്ങിയോ? ബിജെപിക്കു കേരളത്തിലെ മുഴുവൻ ഹിന്ദുക്കളുടെ പിൻബലമുണ്ടെന്നു കരുതാമോ? ഹിന്ദുമതത്തെ മലിനവും വർഗീയവുമാക്കി എന്നു കരുതുന്ന ഹിന്ദുക്കൾ ഇവിടെയില്ലേ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഫാ. തേലക്കാട്ട് ക്രൈസ്തവ സഭയും ബിജെപിയും തമ്മിൽ ഒരിക്കലും ചേരില്ലെന്നു വ്യക്തമാക്കുന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു: പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽനിന്നു വിട്ടുമാറി സമുദായ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ട് ബിജെപി ഉണ്ടാക്കുന്ന വർഗീയതയുടെ കെണിയിൽ ക്രൈസ്തവസഭകൾ വീഴും എന്നു കരുതുന്നില്ല. രാജ്യത്തിന്റെ ഭരണഘടന ഉൾക്കൊള്ളുന്ന മതജാതി വർഗ വ്യത്യാസങ്ങളില്ലാതെ സമത്വ സാഹോദര്യസ്വാതന്ത്ര്യങ്ങൾക്കു നേരെ കണ്ണടച്ചു നിൽക്കാൻ ക്രൈസ്തവ സഭയ്ക്കാവില്ല. മനുഷ്യനേക്കാൾ മൃഗത്തെ മഹത്തരമായി കാണുന്ന സമീപനത്തിന്റെ പ്രാചീന മാമൂലുകൾ നിയമമാക്കുന്നതിനോടു നിഷ്പക്ഷ നിശബ്ദത പുലർത്തില്ല.

ദളിത് സമൂഹങ്ങളോട് അയിത്തം പുലർത്തുന്ന പുതിയ പ്രാകൃത നിലപാടുകൾ സ്വീകരിക്കുന്നതു കാണാതെയും ഉത്തരേന്ത്യയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ അരക്ഷിതത്വം അവഗണിച്ചും ക്രൈസ്തവ സഭയ്ക്കു ബിജെപിയുമായി കൈകോർക്കാൻ സാധ്യമല്ല. സമുദായ താൽപര്യങ്ങൾ പറഞ്ഞു ക്രൈസ്തവികതയുടെ ആത്മാവിനെ വിറ്റുതുലയ്ക്കുന്ന നടപടികൾക്കു ക്രൈസ്തവ വിശ്വാസികൾ കൂട്ടുനിൽക്കില്ല. ഹിറ്റലറിന്റെ ആദ്യകാലങ്ങളിൽ ബെൽജിയം, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ് എന്നിവിടങ്ങളിലെ ചില ക്രൈസ്തവ നേതാക്കൾ ഹിറ്റ്‌ലറിന് ഓശാന പാടിയ ചരിത്രം ക്രൈസ്തവർ ആവർത്തിക്കുമെന്നു കരുതുന്നില്ലെന്നു പറഞ്ഞാണ് ഫാ. തേലക്കാട്ട് ലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP