Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാവപ്പെട്ടവർ പത്ത് സെന്റ് മക്കൾക്ക് വീതിക്കുമ്പോൾ പിടിച്ചു പറിക്കുന്ന തോമസ് ഐസക് വൻകിട കമ്പനികളുടെ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുന്നു; കമ്പനികൾക്ക് ഭൂമി വാങ്ങാനും വിൽക്കാനും നയാപൈസ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; രജിസ്‌ട്രേഷൻ ഫീസുമില്ല; ഒരു നിയമം നിർമ്മിച്ചാൽ ഖജനാവിലെത്തുക കോടികൾ

പാവപ്പെട്ടവർ പത്ത് സെന്റ് മക്കൾക്ക് വീതിക്കുമ്പോൾ പിടിച്ചു പറിക്കുന്ന തോമസ് ഐസക് വൻകിട കമ്പനികളുടെ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുന്നു; കമ്പനികൾക്ക് ഭൂമി വാങ്ങാനും വിൽക്കാനും നയാപൈസ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; രജിസ്‌ട്രേഷൻ ഫീസുമില്ല; ഒരു നിയമം നിർമ്മിച്ചാൽ ഖജനാവിലെത്തുക കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന് മുൻ സർക്കാർ പരമാവധി പരിധി നിശ്ചയിച്ചത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ 2500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെറു സമ്പന്ന വിഭാഗത്തിന് മാത്രമാണ് ഈ ഇളവ് ഗുണം ചെയ്തത്. ചെറിയ കുടുംബങ്ങൾക്ക് ബാധകമായിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് മുദ്രവില 3 ശതമാനമാക്കി പരിഷ്‌കരിക്കാനുള്ള ബഡ്ജറ്റിലെ നിർദ്ദേശം പിൻവലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്. കുടുംബാംഗങ്ങൾ തമ്മിൽ എത്രയേറെ ഭൂമി കൈമാറ്റം ചെയ്താലും മുദ്രപ്പത്രത്തിന് പരമാവധി 1000 രൂപ ചെലവിട്ടാൽ മതിയായിരുന്നു. ഇതാണിപ്പോൾ മൂന്ന് ശതമാനമാക്കിയത്. ഇതോടെ 30,000 രൂപയ്ക്ക് മേൽ ന്യായവില കാട്ടുന്ന ഭാഗപത്ര, ഒഴിമുറി ഇടപാടുകൾക്ക് ചെലവേറും. ഇത് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്.

ഇതൊക്കെ ചെയ്യുന്ന സർക്കാർ ഒരു നയാപൈസ പോലും ചെലവാകാതെ നടക്കുന്ന കമ്പനികളുടെ ഭൂമി കൈമാറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. കമ്പനികാര്യ നിയമത്തിലെ പഴതുപയോഗിച്ചാണ് കോടികളുടെ നേട്ടം വൻകിടക്കാർ നേടുന്നത്. ഹാരിസണും ടാറ്റയും യുണിലിവറുമൊക്കെയാണ് നേട്ടം കൊയ്യുന്നത്. ചെറിയൊരു നിയമനിർമ്മാണത്തിലൂടെ 7000 കോടിയോളം രൂപ സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്താവുന്ന അവസ്ഥയുണ്ട്. എന്നാൽ വൻകിടക്കാരെ തൊടാനോ നോവിക്കാനോ തയ്യാറാകാതെയാണ് പാവപ്പെട്ടവരുടെ ഭാഗാധാരത്തിൽ നിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്ത് 3000 കോടി രൂപയുടെ അധിക വിഭവ സമാഹരണം തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഈ കള്ളക്കളിയെ മഹാരാഷ്ട്ര നിയമം മൂലം തടഞ്ഞപ്പോൾ സുപ്രീംകോടതി പോലും അതിനെ അംഗീകരിക്കുകയായിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും വൻകിട തോട്ട ഉടമകളെ തൊടാൻ തോമസ് ഐസക് തയ്യാറല്ല.

കമ്പനികാര്യനിയമത്തിൽ കമ്പനികളുടെ ലയനവും പുനഃസംഘടനയും കോടതികളുടെ അംഗീകരാരത്തോടെ വേണമെന്നാണ് വ്യവസ്ഥ. വകുപ്പ് 394 അനുസരിച്ചാണ് ഇത്. തോട്ടം മേഖലയിലെ വമ്പൻ കമ്പനികൾ ഭൂമി വിൽപ്പന ഇതുവഴി നടപ്പിലാക്കുന്നു. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ നേട്ടവും ഉണ്ടാക്കുന്നു. വിൽക്കുന്നവരും വാങ്ങുന്നവരും ഓരോ കമ്പനികൾ രജിസ്റ്റർ ചെയ്യും. ഇവ തമ്മിൽ ലയനം, ഷെയർ കൈമാറ്റം എന്നിവ നടത്തുന്നതിന് അനുമതി തേടി ഏതെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകും. ഇതോടൊപ്പം ഇവരുടെ കൈവശഭൂമിയുടെ കൈമാറ്റം അംഗീകരിക്കുന്നതിന് തണ്ടപ്പേരുകൾ മാറ്റി നൽകണമെന്ന ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കും. കോടതി ഹർജി അംഗീകരിക്കുന്നതോടെ തണ്ട പേര് മാറ്റികിട്ടാൻ ബന്ധപ്പെട്ട വകുപ്പുകളിലെത്തും. വകുപ്പുകൾ തണ്ട പേര് മാറ്റിനൽകാൻ നിർബന്ധിതമാവുകയും ചെയ്യും.

സംസ്ഥാന സർക്കാറിന് നിയമ നിർമ്മാണം വഴി ഈ തട്ടിപ്പ് തടയാമെങ്കിലും അതിന് ശ്രമിച്ചിട്ടില്ല. ഇത്തരം തട്ടിപ്പ് തടഞ്ഞ് മഹാരാഷ്ട്ര സർക്കാർ നിയമനിർമ്മാണം നടത്തിയിട്ടുമുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന മോഡേൺ ബ്രഡ് കമ്പനിയുടെ കൊച്ചിയിലെ കോടികൾ വിലവരുന്ന ഏക്കർ കണക്കിന് ഭൂമി ഹന്ദുസ്ഥാൻ യൂണിലിവറിന് കൈമാറിയത് ഈ വിധത്തിലായിരുന്നു. മുംബൈ ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു അത്. പിന്നീട് എച്ച് യു എൽ മോഡേൺ ബ്രഡ് എവർസ്‌റ്റോൺ എന്ന കമ്പനിക്ക് കൈമാറി. പീരുമേടിലെ ഹോപ്‌സ് പ്ലാന്റേഷന്റെ 6000 ഏക്കർ ഭൂമി കൈമാറ്റം ചെയ്തതുകൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു. 6000 ഏക്കർ ഭൂമി കൈമാറ്റത്തിലൂടെ 45 കോടിയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഇനത്തിൽ സർക്കാരിന് കിട്ടേണ്ടതാണ്.

എന്നാൽ ഈ ഇടപാടൊന്നും സംസ്ഥാന സർക്കാർ അറിയുന്നതുപോലുമില്ല. ടാറ്റയും ഹിന്ദുസ്ഥാൻ ലിവറും തമ്മിൽ സമാനമായ ഭൂമി ഇടപാട് മഹാരാഷ്ട്രയിൽ നടന്നു. അപ്പോഴാണ് അവിടെ പ്രത്യേക നിയമ നിർമ്മാണം നടത്തിയത്. കമ്പനികളുടെ ലയനവും പുനഃസംഘടനയും വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമസാധുത ലഭിക്കണമെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും അടച്ച് തണ്ടപ്പേരുകൾ മാറ്റണമെന്നതായിരുന്നു വ്യവസ്ഥ. അതിനെതിരെ കമ്പനികൾ സുപ്രീംകോടതിയിൽ വരെ നിയമ പോരാട്ടം നടത്തി. ഹാരിസണിന്റെ ഭൂമി ഇടപാടിനുള്ള ശ്രമം നടന്നിരുന്നില്ല. അത് സംഭവിച്ചിരുന്നുവെങ്കിൽ ആയിരക്കണക്കിന് രൂപ സർക്കാരിന് നഷ്ടമാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഇനിയെങ്കിലും മഹാരാഷ്ട്ര മോഡൽ നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം.

ഇഷ്ടദാനത്തിനുള്ള രജിസ്‌ട്രേഷൻ ഫീസ് കൂട്ടിയതിലെ പ്രതിഷേധം തുടരുമ്പോഴാണ് വൻകിടക്കാർ ഈ ലാഭം കൊയ്യുന്നതെന്നതാണ് ശ്രദ്ധേയം. സെന്റിന് 50000 മാർക്കറ്റ് വിലയും സർക്കാർ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കൾക്ക് നൽകാൻ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടി വരുക നാലു ലക്ഷം രൂപയാണ് പുറമേ, മറ്റു ചെലവുകളും. ഇത് സാധാരണക്കാരായ നിരവധിപേരെ വെട്ടിലാക്കുന്നുണ്ട്. ഗ്രമാങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്‌ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്നു. ഇതിനാണ് ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു ഇത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗഇഷ്ടദാന ആധാരങ്ങൾക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി നിശ്ചയിച്ചു. ഈ ഭൂമി വിറ്റാൽ യഥാർഥത്തിൽ കിട്ടുക 50 ലക്ഷമാണെങ്കിൽ സർക്കാർ കണക്കിൽ അത് ഒരു കോടിയാണ്.

2010ൽ നിശ്ചയിച്ച ന്യായവിലയെക്കാൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വസ്തു വിൽപന നടക്കാതിരിക്കുമ്പോഴാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള 'അന്യായ'വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വർഷത്തിനിടെ വസ്തു കൈമാറ്റ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തിൽ കൂട്ടിയത് നൂറുമുതൽ 500ശതമാനത്തിലേറെയാണ്. 2010ൽ നിലവിൽ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാൽ, ന്യായവിലയെക്കുറിച്ച പരാതികൾ ആറുവർഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കൾ ന്യായവില രജിസ്റ്ററിൽ സർക്കാർ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. വില നിശ്ചയിക്കാതിരിക്കുക, മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും.

ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറിൽ ഓർഡിനൻസിൽകൂടി ഉയർത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ൽ ന്യായവില വർധിപ്പിച്ചെങ്കിലും മക്കൾക്ക് ഭൂമി നൽകുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്‌ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമായി നിലനിർത്തിയിരുന്നു. ഇതിനാണ് മാറ്റമുണ്ടായത്. അപ്പോഴും മഹാരാഷ്ട്ര മോഡലിൽ തോട്ടം മേഖലയിൽ നിയമം ഉണ്ടാക്കാൻ തോമസ് ഐസക് മറക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP